ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ന്(ഞായറാഴ്ച്ച) ആശുപത്രി വിട്ടേക്കുമെന്ന് വത്തിക്കാന്‍. ഇരട്ട ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിതനായി റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുകയായിരുന്ന മാര്‍പാപ്പ സുഖം പ്രാപിച്ചുവെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്നാണ് ഞായറാഴ്ച്ച അദ്ദേഹത്തെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്.
88 കാരനായ ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാന്‍ സിറ്റിയിലെ കാസ സാന്താ മാര്‍ട്ടയിലേക്കായിരിക്കും ആശുപത്രിയില്‍ നിന്നും മടങ്ങിയെത്തുക. ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ ആരോഗ്യകാര്യത്തില്‍ കടുത്ത മുന്‍കരുതലുകള്‍ നിര്‍ദേശിച്ചിട്ടുണ്ട്. രണ്ടുമാസത്തോളം അദ്ദേഹത്തിന് പൂര്‍ണ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് ജെമെല്ലി ആശുപത്രിയിലെ ജനറല്‍ സര്‍ജനായ സെര്‍ജിയോ ആല്‍ഫിയേരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
ഫെബ്രുവരി 14 ന് ശ്വാസകോശ അണുബാധയും ഇരട്ട ന്യുമോണിയയും ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മാര്‍പാപ്പയുടെ ആരോഗ്യനില കഴിഞ്ഞ രണ്ടാഴ്ചയായി പടിപടിയായി മെച്ചപ്പെട്ടുവരുന്നുണ്ടെന്നാണ് ഡോക്ടര്‍ സെര്‍ജിയോ ആല്‍ഫിയേരി പറഞ്ഞത്.
മാര്‍പാപ്പയെ എപ്പോള്‍ ഡിസ്ചാര്‍ജ് ചെയ്യുമെന്ന കാര്യം വ്യക്തമല്ല. എന്നാല്‍ ഞായറാഴ്ച ഉച്ചയ്ക്ക് പ്രാര്‍ത്ഥനയ്ക്ക് ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ ആശുപത്രി മുറിയുടെ ജനാലയ്ക്കരികില്‍ വന്ന് ആശംസയും അനുഗ്രഹവും നല്‍കുമെന്ന വിവരം വത്തിക്കാന്‍ നേരത്തെ തന്നെ പങ്കുവച്ചിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനുശേഷം ഫ്രാന്‍സിസ് മാര്‍പാപ്പയുടെതായി ഒരു ഫോട്ടോ മാത്രമാണ് പുറത്തു വിട്ടിട്ടുള്ളത്. മാര്‍പാപ്പ ആശുപത്രിയുടെ ചാപ്പലില്‍ പ്രാര്‍ത്ഥിക്കുന്നതായിരുന്നു കഴിഞ്ഞ ആഴ്ച വത്തിക്കാന്‍ പങ്കുവച്ച ആ ഫോട്ടോ.
കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ മാര്‍പാപ്പയെ അലട്ടിയിരുന്നു. അദ്ദേഹത്തിന്റെ ശ്വസനപ്രക്രിയ അതീവ അപകടാവസ്ഥയിലായിരുന്നു. മാര്‍പാപ്പ ഗുരുതരാവസ്ഥയിലാണെന്ന വിവരം കോടിക്കണക്കിനായ വിശ്വാസി സമൂഹത്തെ പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു. എന്നാല്‍ മാര്‍ച്ച് പത്തോടെ, ഡോക്ടര്‍മാര്‍ പങ്കുവച്ചത് ആശ്വാസത്തിന്റെ വാര്‍ത്തകളായിരുന്നു. മാര്‍പാപ്പ അപകടാവസ്ഥ തരണം ചെയ്‌തെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്നുമായിരുന്നു ജെമെല്ലി ആശുപത്രിയില്‍ നിന്നും പുറത്തുവന്ന വാര്‍ത്തകള്‍. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നാണ് ശനിയാഴ്ച്ച വത്തിക്കാന്‍ റിപ്പോര്‍ട്ട് ചെയ്തത്. അദ്ദേഹത്തിന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിനായി ശ്വസന, ശാരീരിക തെറാപ്പി ചികിത്സകള്‍ തുടരുകയാണെന്നും വത്തിക്കാന്‍ പറയുന്നു.
ഫ്രാന്‍സിസ് മാര്‍പാപ്പ സുഖം പ്രാപിക്കുന്നുണ്ടെന്നാണ് കര്‍ദ്ദിനാള്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസ് അറിയിച്ചത്. എന്നാല്‍ ഇപ്പോള്‍ നടത്തിവരുന്ന ശ്വാസകോശ സംബന്ധിയായ ചികിത്സ അദ്ദേഹത്തിന് ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. മാര്‍പാപ്പയുടെ സംസാരശേഷിയെ ബാധിച്ചിട്ടുണ്ടെന്നും, പോപ്പ് അദ്ദേഹത്തിന്റെ സംസാരശേഷി വീണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്നും കര്‍ദിനാള്‍ അറിയിച്ചു. മാര്‍ച്ച് ആദ്യം ഫ്രാന്‍സിസ് പാപ്പ വിശ്വാസികള്‍ക്ക് നന്ദി പറയുന്ന ഒരു ഹ്രസ്വ ഓഡിയോ വത്തിക്കാന്‍ പുറത്തിറക്കിയിരുന്നു. ആ ഓഡിയോയില്‍ അദ്ദേഹത്തിന്റെ ശബ്ദത്തില്‍ ശ്വാസംമുട്ടലിന്റെ പ്രശ്‌നം ഉണ്ടായിരുന്നു. ഓഡിയോയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശബ്ദം മനസ്സിലാക്കാന്‍ പ്രയാസമുള്ളതുമായിരുന്നു.
ആശുപത്രി ജീവിതം അവസാനിപ്പിച്ച് തിരിച്ചു വന്നാലും ഉടനെയൊന്നും വിശ്വാസികളെയോ സന്ദര്‍ശകരെയോ കാണാന്‍ മാര്‍പാപ്പയ്ക്ക് കഴിയില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഏപ്രില്‍ 8 ന് നിശ്ചയിച്ചിരിക്കുന്ന ചാള്‍സ് രാജാവിനും കാമില രാജ്ഞിക്കും പങ്കെടുക്കുന്ന പരിപാടി അതുകൊണ്ട് തന്നെ നടക്കുമോ എന്നതും വ്യക്തമല്ല. Pope Francis is being discharged from the hospital
Content Summary; Pope Francis is being discharged from the hospital