April 28, 2025 |
Share on

മാര്‍പാപ്പ ഗുരുതരാവസ്ഥയിലാണെന്നു വത്തിക്കാന്‍

ഗുരുതരമായ ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ

ന്യുമോണിയയ്ക്കും സങ്കീര്‍ണ്ണമായ ശ്വാസകോശ അണുബാധയ്ക്കും ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില ശനിയാഴ്ചയോടെ ഗുരുതരമായി മാറിയെന്ന് വത്തിക്കാന്‍. 88കാരനായ പോപ്പിന് ശ്വസന സംബന്ധമായ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ശ്വാസകോശത്തിലെ അണുബാധ കാരണം മാര്‍പാപ്പയ്ക്ക് ശരിയായ രീതിയില്‍ ശ്വസിക്കുന്നതിന് ഓക്‌സിജന്‍ അളവ് വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യം വരുന്നുണ്ട്. ഉയര്‍ന്ന പ്രവാഹത്തിലുള്ള ഓക്‌സിജന്‍ ശരീരത്തിലേക്ക് എത്തിച്ചാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ശ്വസനപ്രക്രിയ തടസമില്ലാതെ നിലനിര്‍ത്തുന്നത്. രക്തം കട്ടപിടിക്കുന്നതിന് ആവശ്യമായ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറഞ്ഞതായി പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അദ്ദേഹത്തിന് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍(രക്തപ്പകര്‍ച്ച) നടത്തിയതായും വത്തിക്കാന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.

ശ്വാസകോശ സംബന്ധമായ ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ച്ചയായ പോപ് ഫ്രാന്‍സിസ് ആശുപത്രിയിലാണ്. ആരോഗ്യസ്ഥിതി മോശമാണെങ്കിലും പരിശുദ്ധ പിതാവ് പൂര്‍ണ ബോധവാനാണെന്നാണ് വത്തിക്കാന്‍ പറയുന്നത്. ഒരു ചാരകസേരയിലാണ് ഇന്നലത്തെ ദിവസം അദ്ദേഹം കഴിഞ്ഞു കൂടിയത്. അദ്ദേഹത്തിന്റെ അവസ്ഥയെക്കുറിച്ച് ഇപ്പോള്‍ പ്രവചനം നടത്താന്‍ സാധ്യമല്ലെന്നുമാണ് ശനിയാഴ്ച്ച ഇറക്കിയ പ്രസ്താവനയില്‍ വത്തിക്കാന്‍ പറയുന്നത്. പോപ്പിന്റെ ആരോഗ്യാവസ്ഥ തൃപ്തികരമാണെങ്കിലും ഒരാഴ്ച്ച കൂടി ആശുപത്രിയില്‍ തുടരേണ്ടി വരുമെന്നായിരുന്നു കഴിഞ്ഞ ദിവസം ഡോക്ടര്‍മാര്‍ അറിയിച്ചത്. ന്യുമോണിയ വഷളായാല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഗുരുതരമായ രക്ത അണുബാധ (സെപ്‌സിസ്) ബാധിച്ചേക്കുമെന്നതാണ് ഡോക്ടര്‍മാര്‍ ഇപ്പോള്‍ നേരിടുന്ന ഭീഷണി. എന്നാല്‍ വെള്ളിയാഴ്ച്ച നടത്തിയ പരിശോധനയില്‍ വരെ സെപ്‌സിസിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. കഴിക്കുന്ന മരുന്നുകളോട് പോപ്പിന്റെ ശരീരം പ്രതികരിക്കുന്നുണ്ടെന്നും മെഡിക്കല്‍ സംഘം അറിയിച്ചിട്ടുണ്ട്.

അതേസമയം ശനിയാഴ്ച്ച നടത്തിയ പരിശോധനയില്‍ പോപ്പിന്റെ പ്ലേറ്റ്‌ലെറ്റ് കൗണ്ടുകള്‍ കുറവാണെന്ന് കണ്ടെത്തിയിരുന്നു. കുറഞ്ഞ പ്ലേറ്റ്‌ലെറ്റുകള്‍ ത്രോംബോസൈറ്റോപീനിയയ്ക്ക് കാരണമാകുമെന്നാണ് ഡോക്ടര്‍മാരുടെ ആശങ്ക. രക്തസ്രാവത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഒരു രോഗാവസ്ഥയാണ് ത്രോംബോസൈറ്റോപീനിയ. രക്തം കട്ടപിടിക്കാതിരിക്കുക, മുറിവുകള്‍ ഉണങ്ങാതെ നില്‍ക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇതുമൂലം ഉണ്ടാകും. യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് പറയുന്നതനുസരിച്ച്, അണുബാധയ്ക്കുള്ള മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ കൊണ്ട് പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയാമെന്നാണ്.

ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ അലട്ടിയിരുന്ന മാര്‍പാപ്പയെ ബ്രോങ്കൈറ്റിസ് മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്നാണു ഫെബ്രുവരി 14 ന് റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പ്രാഥമിക രോഗനിര്‍ണയത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശ്വാസകോശത്തില്‍ ഗുരുതരമായ അണുബാധയുണ്ടെന്ന് കണ്ടെത്തിയിരുന്നു. വൈകാതെ ശ്വാസകോശ അണുബാധ ന്യുമോണിയയായി മാറി. ഇത് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാക്കി. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ രണ്ട് ശ്വാസകോശങ്ങളിലും ന്യുമോണിയ(ഇരട്ട ന്യുമോണിയ)ബാധിച്ചിട്ടുണ്ട്.  Pope Francis is critical condition says Vatican 

Content Summary; Pope Francis is critical condition says Vatican

Leave a Reply

Your email address will not be published. Required fields are marked *

×