June 05, 2026 |
Share on

ഉര്‍ബി എറ്റ് ഓര്‍ബി: അഭയാര്‍ത്ഥിയും കുടിയേറ്റക്കാരനുമായിരുന്നു നിന്റെ ദൈവം

യു.എസിലെ ബിഷപ്പുമാര്‍ക്ക് മാര്‍പ്പാപ്പ അയച്ച കത്ത്

പോപ് ഫ്രാന്‍സിസിന്റെ അവസാന കാലത്തെ ഏറ്റവും പ്രധാനപ്പെട്ട ഇടപെടലുകളിലൊന്നായി കണക്കാക്കുന്നത് അമേരിക്കയിലെ ബിഷപ്പുമാര്‍ക്ക് അദ്ദേഹം അയയ്ക്കുന്ന കത്താണ്. 2025 ഫെബ്രുവരി പത്തിന്. കുടിയേറ്റക്കാരെ അപമാനിച്ചും വേദനിപ്പിച്ചും ക്രൂരമായി പുറം തള്ളിക്കൊണ്ടിരിക്കുന്ന പ്രസിഡന്റ് ട്രംപിന്റെ നടപടികളുടെ പശ്ചാത്തലത്തിലായിരുന്നു ആ കത്ത്. ഉര്‍ബി എറ്റ് ഓര്‍ബി അഥവാ റോമില്‍ നിന്ന് ലോകത്തിലേയ്ക്ക് എന്നുള്ള തരത്തിലുള്ള പോപ്പിന്റെ അവസാനത്തെ സന്ദേശങ്ങളിലൊന്നായിരിക്കുമത്. കത്തോലിക്ക സഭയുടേയും ദൈവത്തിന്റേയും പേരില്‍ അമേരിക്കയില്‍ ട്രംപ് നടത്തുന്ന ഭരണം ഇത്തരത്തില്‍ മനുഷ്യരെ പുറം തള്ളുമ്പോള്‍ സഭ എടുക്കേണ്ട നിലപാടുകള്‍ എന്തായിരിക്കണം എന്നതായിരുന്നു കത്തിന്റെ ഉള്ളടക്കം. pope’s letter to us bishops

”രൂപതകളിലുള്ള എന്റെ സഹോദരങ്ങളെ, അമേരിക്കയില്‍ ജീവിക്കുന്ന, ദൈവമക്കളുടെ അജപാലകരെന്ന നിലയില്‍ കഴിയുന്ന നിങ്ങളോട് വളരെ സൂക്ഷ്മതയോടെ നാം നേരിടേണ്ട ഈ സന്ദര്‍ഭങ്ങളെ കുറിച്ച് ചിലത് പറയാനാണ് ഞാനിത് എഴുതുന്നത്.”- മാര്‍പ്പാപ്പയുടെ കത്ത് ആരംഭിക്കുന്നു.

”പുറപ്പാടിന്റെ പുസ്തകത്തില്‍ വിവരിച്ചിരിക്കുന്ന, അടിമത്തത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേയ്ക്ക് ഇസ്രയേലിന്റെ മക്കളുടെ യാത്ര, നമ്മുടെ കാലത്തിന്റെ യാഥാര്‍ത്ഥ്യത്തിലേയ്ക്ക് നോക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നതാണ്. പാലായനം എന്ന പ്രതിഭാസത്തെ ചരിത്രത്തിലെ നിര്‍ണായകമായ ഒരു മുഹൂര്‍ത്തം എന്ന നിലയില്‍ മനസിലാക്കാനും എല്ലാക്കാലത്തും നമുക്കൊപ്പമുള്ള, ഉയര്‍ത്തെഴുന്നേറ്റ, അഭയാര്‍ത്ഥിയും കുടിയേറ്റക്കാരനുമായ നമ്മുടെ ദൈവത്തിലുള്ള വിശ്വാസം വീണ്ടും ഉറപ്പിക്കാനും എല്ലാ മനുഷ്യരിലുമുള്ള അപരിമേയവും അത്യുത്കര്‍ഷവുമായ മഹാത്മ്യം തിരിച്ചറിയാനും നമുക്ക് കഴിയണം.”-അദ്ദേഹം എഴുതി. ഞാനീ വാക്കുകളോടെ ആരംഭിക്കുന്നത് കൃത്രിമമായ ഒരു സാഹചര്യമുണ്ടാക്കി പറയുകയല്ലെന്നും സ്വന്തം ഭൂമിയില്‍ നിന്നും പുറത്താക്കപ്പെട്ടതിന്റെ കഠിനമായ അനുഭവത്തിലൂടെ കടന്നുപോയ ആളാണ് യേശുക്രിസ്തുവെന്ന് ഓര്‍മ്മിക്കണമെന്നും മാര്‍പാപ്പ പറഞ്ഞു. അപകടകരമായ ജീവിതസന്ദര്‍ഭങ്ങള്‍ നേരിട്ട്, തന്റേതല്ലാത്ത സമൂഹത്തിലും സംസ്‌കാരത്തിലും ജീവിക്കേണ്ടി വന്നിട്ടുണ്ട് ദൈവപുത്രന്. ദൈവപുത്രന്‍ മനുഷ്യനാകുന്നതിന്റെ പ്രക്രിയയില്‍ പാലായനത്തിന്റെ നാടകത്തില്‍ പെട്ട് ജീവിക്കാനാണ് തെരഞ്ഞെടുത്തത് -മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.

അഭയാർത്ഥികളെ സംബന്ധിച്ച് പയസ് പന്ത്രണ്ടാമൻ മാർപ്പാപ്പ പറയുന്നത് ഈ വിഷയത്തിലെ ‘മാഗ്ന കാർട്ട’യാണെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. ‘യേശുവും മേരിയും ജോസഫും അടങ്ങുന്ന നസ്രേത്തിലെ കുടുംബം, പാപിയായ രാജാവിന്റെ ശത്രുതയ്ക്ക് ഇരയായി, ഈജിപ്തിലേയ്ക്ക് കുടിയേറിയത് ലോകത്തെവിടേയും എല്ലാകാലത്തും വേട്ടയാടലുകളിൽ നിന്ന് രക്ഷപ്പെടാൻ പാലായനം ചെയ്യുന്ന മനുഷ്യരുടെ ഉദാഹരണമാണ്’. കുടുംബത്തേയും മാതൃരാജ്യത്തേയും സുഹൃത്തുക്കളേയും ഉപേക്ഷിച്ച് വിദേശരാജ്യങ്ങളിൽ കുടിയേറ്റക്കാരാവുന്ന മനുഷ്യരുടെ കഥ തന്നെയാണ് യേശുവിന്റെ കുടുംബത്തിന്റേതും- അദ്ദേഹം ചൂണ്ടിക്കാണിച്ചു.

മാത്രമല്ല, ലോകത്തെ സര്‍വ്വമനുഷ്യരേയും സ്നേഹിക്കുന്ന യേശുക്രിസ്തു ഓരോ മനുഷ്യരുടേയും അന്തസിനെ എല്ലാക്കാലത്തും അംഗീകരിക്കണമെന്ന് നമ്മളെ പഠിപ്പിച്ച ആളുമാണ്- പോപ് ഫ്രാന്‍സിസ് അമേരിക്കയിലെ ബിഷപ്പുമാരെ ഓര്‍മ്മിപ്പിച്ചു. കാലില്‍ ചങ്ങലയിട്ടും ഭക്ഷണം നല്‍കാതെയും വലിച്ചിഴച്ച് സൈനിക വിമാനങ്ങളില്‍ കുടിയേറ്റക്കാരെ ട്രംപ് ഭരണകൂടം അപമാനിച്ച ദിവസങ്ങളിലായിരുന്നു ഈ കത്ത്. അമേരിക്കയിലെ ഈ സംഭവവികാസങ്ങള്‍ അതീവ വ്യാകുലതയോടെ താന്‍ നിരീക്ഷിച്ച് വരികയാണെന്ന് മാര്‍പ്പാപ്പ എഴുതുന്നു. തങ്ങളുടെ നാട്ടിലെ ജനങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഒരു ഭരണകൂടത്തിനുണ്ട് എന്ന് മനസിലാക്കുന്നുവെങ്കിലും കടുത്ത ദാരിദ്ര്യം, അരക്ഷിതാവസ്ഥ, ചൂഷണം, വേട്ടയാടലുകള്‍, പരിസ്ഥിതി നാശം, മനുഷ്യാന്തസിനുള്ള ക്ഷതം എന്നിവകൊണ്ട് സ്വന്തം നാടുപേക്ഷിച്ച് വരുന്ന മനുഷ്യര്‍ സഹായിക്കാന്‍ ആരുമില്ലാത്തവരാണ് എന്ന് ഓര്‍ക്കേണ്ടതാണ്-അദ്ദേഹം എഴുതുന്നു.

സഹോദര നിര്‍വ്വിശേഷമായ സ്നേഹത്തോടെ, ഫ്രാന്‍സിസ് എന്നവസാനിപ്പിക്കുന്ന കത്തില്‍ പത്ത് പോയിന്റുകളായാണ് ട്രംപ് ഭരണകൂടത്തിന്റെ ക്രൂരതയെ കത്തോലിക്ക സഭ എങ്ങനെയാണ് കാണേണ്ടത് എന്ന് വൈകാരികമായ ഭാഷയിലും ക്രിസ്തുവിന്റെ ജീവിതം ഉദാഹരിച്ചും അദ്ദേഹം എഴുതുന്നത്. pope’s letter to us bishops

Content Summary: pope’s letter to us bishops

Leave a Reply

Your email address will not be published. Required fields are marked *

×