June 05, 2026 |
Share on

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ബമ്പര്‍ അടിച്ചത് മലയാളികള്‍ക്ക്

തിങ്കളാഴ്ച നടന്ന നറുക്കെടുപ്പില്‍ മുഴുവന്‍ സമ്മാനങ്ങളും സ്വന്തമാക്കിയത് ഇന്ത്യക്കാരാണ്.

 

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഭാഗ്യം തുണച്ചത് ആറു മലയാളികള്‍ക്ക്. തൊടുപുഴ സ്വദേശി ജോര്‍ജ് മാത്യുവും സുഹൃത്തുക്കളും ചേര്‍ന്നെടുത്ത 175342 എന്ന കൂപ്പണിനാണ് തിങ്കളാഴ്ച അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ചത്. ദുബായ് ഗള്‍ഫ് ന്യൂസ് പത്രത്തിന്റെ പ്രിന്റിങ് വിഭാഗത്തില്‍ പ്രൊഡക്ഷന്‍ ഓഫീസറായി പ്രവര്‍ത്തിക്കുകയാണ് ജോര്‍ജ് മാത്യു. 23 കോടി രൂപയിലേറെയാണ്(12 മില്യണ്‍ ഡോളര്‍)സമ്മാന തുക.

യു.എ.ഇ.യിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ലിജോ (കോട്ടയം), കൃഷ്ണരാജ് (കോട്ടയ്ക്കല്‍), ദിലീപ് (എറണാകുളം), റിജേഷ് (മലപ്പുറം), സതീഷ് (തിരുവനന്തപുരം) എന്നിവരാണ് മറ്റ് ഭാഗ്യവാന്മാര്‍. കഴിഞ്ഞമാസം 30-ന് ഓണ്‍ലൈന്‍ വഴിയാണ് ഇവര്‍ ടിക്കറ്റെടുത്തത്. സുഹൃത്തുക്കളായ ഇവര്‍ ഒരുമിച്ച് നേരത്തെയും ടിക്കറ്റെടുത്തിരുന്നു. എന്നാല്‍ ആദ്യമായാണ് സമ്മാനം ലഭിക്കുന്നത്.

തിങ്കളാഴ്ച നടന്ന നറുക്കെടുപ്പില്‍ മുഴുവന്‍ സമ്മാനങ്ങളും സ്വന്തമാക്കിയത് ഇന്ത്യക്കാരാണ്. ദുബായ്, അബുദാബി ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളില്‍ ചരിത്രത്തില്‍ ഏറ്റവുമധികം സമ്മാനം ലഭിച്ചത് ഇന്ത്യക്കാര്‍ക്കാണ്. അതില്‍ ഭൂരിഭാഗവും മലയാളികള്‍ക്കാണ്. കഴിഞ്ഞമാസത്തെ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ പത്ത് മില്യണ്‍ ദിര്‍ഹം (18 കോടി 75 ലക്ഷം രൂപ) ത്തിന് അര്‍ഹനായത് മലയാളിയായ കുണ്ടറ സ്വദേശി വാഴപ്പള്ളി യോഹന്നാന്‍ സൈമണിനാണ്.

Leave a Reply

Your email address will not be published. Required fields are marked *

×