June 26, 2026 |
Share on

രോഗിയായ മലപ്പുറം സ്വദേശിയെ കാണുവാന്‍ അബുദാബി ഭരണാധികാരി എത്തി

മൂന്നു പതിറ്റാണ്ടിലേറെയായി അബുദാബി കൊട്ടാരത്തിലെ ജോലിക്കാരനാണ് അലി

സങ്കീര്‍ണമായ ശസ്ത്രക്രിയക്ക് വിധേയനായി ആശുപത്രിയില്‍ വിശ്രമിക്കുന്ന മലപ്പുറം സ്വദേശിയായ 56കാരനെ കാണുവാന്‍ അബുദാബി ഭരണാധികാരി എത്തി. വിശ്രമിക്കുന്ന മലപ്പുറം കുറുവ പഴമുള്ളൂര്‍ മുല്ലപ്പള്ളി അലിയെ കാണാനാണ് അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപ സര്‍വ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍ നേരിട്ട് എത്തിയത്.അബൂദാബി ക്ലീവ്‌ലാന്റ് ആശുപത്രിയിലാണ് അലി ചികിത്സയില്‍ കഴിയുന്നത്.

ചെണ്ടക്കോട് മുല്ലപ്പള്ളി കോമുക്കുട്ടിയുടെ മകനായ അലി 16-മത്തെ വയസില്‍ അബുദാബിയില്‍ എത്തിയതാണ്. മൂന്നു പതിറ്റാണ്ടിലേറെയായി അബുദാബി കൊട്ടാരത്തിലെ ജോലിക്കാരനാണ്.അടുത്തിടെ ഇദ്ദേഹത്തിന് തലവേദനയും ക്ഷീണവും ശക്തമായി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് തലച്ചോറില്‍ രക്തം കട്ടപിടിച്ചിരിക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയ നടത്തുകയായിരുന്നു.

ഇദ്ദേഹത്തിന്റെ അനാരോഗ്യം മനസിലാക്കിയ അബുദാബി ഭരണാധികാരിയുടെ ഓഫീസ് അലിയുടെ കുടുംബാംഗങ്ങളെ വിളിച്ച് എല്ലാ സഹായങ്ങളും ഉറപ്പു നല്‍കി. ശസ്ത്രക്രിയക്കു ശേഷം കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിനായി റോയല്‍ കോര്‍ട്ട് ഓഫീസ് തന്നെയാണ് ക്ലീവ്‌ലാന്റ് ആശുപത്രിയിലേക്ക് അലിയെ മാറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *

×