June 06, 2026 |
Share on

ആഗോള നിക്ഷേപ സമ്മേളനം ;സൗദിയില്‍ വന്‍ തൊഴിലവസരങ്ങള്‍ക്ക് സാധ്യത

കാല്‍ ലക്ഷത്തിലേറെ തൊഴിലവസരങ്ങളാണ് സൗദിയില്‍ ആഗോള നിക്ഷേപ സമ്മേളനം വഴി ലക്ഷ്യമിടുന്നത്.

കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്ന പുതിയ കരാറുകള്‍ ഒപ്പു വെച്ച് സൗദി അറേബ്യ. ആരോഗ്യ മേഖലയിലും പാര്‍പ്പിട മേഖലയിലുമായി അറുപത് ബില്യണ്‍ ഡോളറിന്റെ കരാറുകളാണ് ആഗോള നിക്ഷേപ സംഗമത്തില്‍ സൗദി കഴിഞ്ഞ ദിവസം ഒപ്പ് വെച്ചത്. പുതിയ കരാറുകള്‍ കാല്‍ ലക്ഷത്തിലേറെ തൊഴിലുകള്‍ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.

നേരത്തെ പ്രകൃതി വാതകം, പശ്ചാത്തല വികസനം എന്നീ മേഖലകളില്‍ 5,000 കോടിയിലേറെ ഡോളറിന്റെ കരാറുകള്‍ ഊര്‍ജ, ധനമന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് ഒപ്പിട്ടിരുന്നു. ഇതിന് പുറമെയാണ് ആരോഗ്യ-പാര്‍പ്പിട മേഖലയിലെ വികസനം ലക്ഷ്യമാക്കി പുത്തന്‍ പദ്ധതികളുടെ ഭാഗമായി കരാറില്‍ ഏര്‍പ്പെട്ടത്. ആറ് മില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് അഞ്ച് വര്‍ഷത്തിനകം സൗദിയിലെ ആരോഗ്യ മേഖലയില്‍ ലക്ഷ്യമിടുന്നത്. സ്വകാര്യ നിക്ഷേപമാണ് ഈ മേഖയില്‍ രാജ്യം സ്വീകരിച്ചിരിക്കുന്നത്. എന്‍എംസി, ഹസാന എന്നീ കമ്പനികളുടേതാണ് നിക്ഷേപം. പതിനായിരം ജോലികളാണ് ഇതു വഴി സൃഷ്ടിക്കുക. ആദ്യ ഘട്ടത്തില്‍ മുന്നൂറ് ബെഡുകളുള്ള ആശുപത്രിക്കാണ് കരാര്‍.

4.4 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് പാര്‍പ്പിട മേഖലയില്‍ ഉണ്ടാവുക. യുഎസ്, ചൈന കമ്പനികളാണ് ഈ മേഖലയില്‍ നിക്ഷേപമിറക്കുക. പതിനയ്യായായിരം ജോലികള്‍ ഇതു വഴിയും സൃഷ്ടിക്കപ്പെടുമെന്നാണ് കണക്ക്. അഞ്ച് വര്‍ഷത്തിനകമാണ് ഇത്രയും ജോലി സാധ്യതകള്‍. 3400 കോടി ഡോളറിന്റെ സംയുക്ത പദ്ധതികള്‍ക്കുള്ള ധാരണാ പത്രങ്ങളാണ് സൗദി അറാംകൊ ഒപ്പുവെച്ചിരുന്നു. കാല്‍ ലക്ഷത്തിലേറെ തൊഴിലവസരങ്ങളാണ് സൗദിയില്‍ ആഗോള നിക്ഷേപ സമ്മേളനം വഴി ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×