UPDATES

പ്രവാസം

വനിത സഞ്ചാരികള്‍ക്ക് ഏറ്റവും സുരക്ഷിതമായ അറബ് രാജ്യം ഒമാന്‍

എക്‌സ്പാറ്റ് ഇന്‍സൈഡര്‍ നടത്തിയ സര്‍വേയില്‍ ലക്‌സംബര്‍ഗിനാണ് ആഗോള തലത്തില്‍ ഒന്നാം സ്ഥാനം

                       

വനിതാ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിതമായ അറബ് രാജ്യമെന്ന ബഹുമതി സ്വന്തമാക്കി ഒമാന്‍. സ്ത്രീകളുടെ സുരക്ഷിതത്വത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ സര്‍വേയിലാണ് ഒമാന്‍ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിതമായ ഇടമെന്ന് കണ്ടെത്തിയത്. രാഷ്ട്രീയ ഭദ്രതയാണ് ഒമാന്റെ ഏറ്റവും വലിയ ആകര്‍ഷണമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 61 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത്. 94 ശതമാനം പേരും പ്രകൃതിദത്തമായ മനോഹാരിതയും സൗഹൃദത്തോടെ പെരുമാറുന്ന ജനങ്ങളുമുള്ള ശാന്തവും, സമാധാനപൂര്‍ണവുമായ രാഷ്ട്രമാണ് ഒമാന്‍ എന്ന് ചൂണ്ടികാട്ടി.

ലോകത്തിലെ ഏറ്റവും സമഗ്രമായ റിപ്പോര്‍ട്ടുകളില്‍ ഒന്നായാണ് ഈ വാര്‍ഷിക സര്‍വേ ഫലത്തെ കണക്കിലെടുക്കുന്നത്. ഒമാനി സമൂഹത്തില്‍ നില നില്‍ക്കുന്ന സഹിഷ്ണുതയ്ക്കും സമവായത്തിനും ലഭിച്ച അംഗീകാരമാണ് ഈ ബഹുമതി. ജീവിത നിലവാരം, ജീവിത ചെലവ്, സമാധാനം, രാഷ്ട്രീയ ഭദ്രത തുടങ്ങി നിരവധി ഘടകങ്ങള്‍ കണക്കിലെടുത്താണ് സര്‍വേ ഫലം തയാറാക്കിയത്. അതേസമയം ആഗോള തലത്തില്‍ രണ്ടാം സ്ഥാനമാണ് ഒമാന് ലഭിച്ചത്. എക്‌സ്പാറ്റ് ഇന്‍സൈഡര്‍ നടത്തിയ സര്‍വേയില്‍ ലക്‌സംബര്‍ഗിനാണ് ആഗോള തലത്തില്‍ ഒന്നാം സ്ഥാനം.

നേരത്തെ ഒമാനില്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വിസാ ചട്ടങ്ങളില്‍ ഭേദഗതി ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ നടപ്പില്‍ വരുത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ഓണ്‍ അറൈവല്‍ വിസയടക്കമുള്ള സംവിധാനങ്ങള്‍ ഫലവത്താകുന്നതോടെ ഓമാനിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടായേക്കും. നിലവിലെ സാഹചര്യത്തില്‍ ഒമാനില്‍ എത്തുന്ന ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിച്ചുവരുകയാണ്. രാജ്യത്തേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുവാനായി  ഒമാന്‍ ടൂറിസം മന്ത്രാലയം ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ വ്യാപക പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍