ലോക്‌സഭാ തെരഞ്ഞെടുപ്പും ആഘോഷങ്ങള്‍ക്കുമായി പ്രവാസി വോട്ടര്‍മാര്‍ ഗള്‍ഫില്‍ നിന്ന് യാത്ര തിരിച്ചു തുടങ്ങി. ഇത്തവണ എണ്‍പതിനായിരത്തിലേറെ മലയാളി പ്രവാസികള്‍ക്കാണ് വോട്ടവകാശമുള്ളത്. ഇന്ത്യയിലെ പ്രവാസി വോട്ടര്‍മാരില്‍ ബഹുഭൂരിപക്ഷവും മലയാളികള്‍ തന്നെയാണ്. 2012-ല്‍ പതിനായിരം പേരായിരുന്നു ഇന്ത്യയിലെ മൊത്തം പ്രവാസി വോട്ടര്‍മാര്‍. ഇതില്‍ 9838 വോട്ടര്‍മാരും കേരളത്തില്‍ നിന്നുള്ളവരായിരുന്നു. ഈ വര്‍ഷം ജനുവരി 30 വരെയുള്ള പ്രവാസിവോട്ടര്‍മാര്‍ 66,564 ആയിരുന്നത് ഇപ്പോള്‍ 87,000 കവിഞ്ഞിട്ടുണ്ട്. 2018 ഒക്ടോബറിനും 2019 ജനുവരിയ്ക്കും ഇടയില്‍മാത്രം നാല്‍പ്പതിനായിരത്തോളം പേരാണ് വോട്ടവകാശം നേടിയത്. പ്രവാസികള്‍ക്ക് മുക്ത്യാര്‍ വോട്ടവകാശം കിട്ടിയേക്കുമെന്ന പ്രതീക്ഷയിലാണ് ആയിരങ്ങള്‍ ഇത്തവണ പുതുതായി വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ത്തത്.
പ്രവാസി വോട്ടര്‍മാരെ ചേര്‍ക്കാന്‍ ഗള്‍ഫ് നാടുകളിലെ വിവിധ സംഘടനാ പ്രവര്‍ത്തകരാണ് മുന്‍കൈ എടുത്തത്. അവര്‍തന്നെയാണ് ഉറപ്പുള്ള വോട്ടര്‍മാരെ മണ്ഡലത്തിലെത്തിക്കാനും പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. സൗജന്യമായും വലിയ ഇളവോടെയുമാണ് വിവിധ സംഘടനകള്‍ വിമാനടിക്കറ്റുകള്‍ വാഗ്ദാനം ചെയ്യുന്നത്. വോട്ടവകാശമുള്ള പ്രവാസികളില്‍തന്നെ വലിയൊരു ഭാഗം മലബാറുകാരാണ്.
വോട്ട് വിമാനം എന്ന പരിപാടി തിരഞ്ഞെടുപ്പ് ചട്ടലംഘനമാവുമെന്ന സംശയത്താല്‍ ഇത്തവണ ആരും അത്തരത്തില്‍ വിമാനം ചാര്‍ട്ടര്‍ ചെയ്തിട്ടില്ല. മുസ്ലിംലീഗിന്റെ പോഷക സംഘടനയായ കെ.എം.സി.സി.യാണ് വോട്ടര്‍മാരെ കണ്ടെത്തി അയയ്ക്കുന്നതില്‍ മുന്നില്‍. ഇടതുപക്ഷത്തിന്റെയും ബിജെപിയുടെയും അനുഭാവികളും വോട്ടര്‍മാരെ നാട്ടിലേക്ക് അയക്കുന്നുണ്ട്.