മോവിഡ നൈറ്റ് ക്ലബിലെ ജീവനക്കാരി എന്ന് അവകാശപ്പെടുന്ന അമേരിക്കന്‍ വനിതയാണ് പ്രകോപനപരമായ വംശീയ അഭിപ്രായം ഫേസ്ബുക്കിലൂടെ പങ്കുവച്ചത
ഇന്ത്യക്കാരെയും ഫിലിപ്പിനോകളെയും ദുബായില്‍ നിന്നും ഒഴിവാക്കിയാല്‍ രാജ്യം സുന്ദരമാകും എന്ന ഫേസ്ബുക്ക് പോസ്റ്റിട്ട ജീവനക്കാരനെ തള്ളി ദുബായ് നൈറ്റ് ക്ലബ്. ദുബായിലെ മോവിഡ നൈറ്റ് ക്ലബിലെ ജീവനക്കാരി എന്ന് അവകാശപ്പെടുന്ന ‘ജില്‍ മോവിഡ’ എന്ന അമേരിക്കന്‍ വനിതയാണ് ഞായറാഴ്ച രാത്രി പ്രകോപനപരമായ വംശീയ അഭിപ്രായം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ‘ദുബായില്‍ നിന്നും ഇന്ത്യക്കാരെയും ഫിലിപ്പിനോകളെയും ഒഴിവാക്കാന്‍ നമുക്ക് സാധിച്ചാല്‍ ദുബായ് പരിപൂര്‍ണമാകും,’ എന്നായിരുന്നു ജില്ലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
പോസ്റ്റ് നിരവധി ലൈക്കുകളും അഭിപ്രായഐക്യങ്ങളും വിളിച്ചുവരുത്തി എന്നതാണ് ശ്രദ്ധേയം. എന്നാല്‍ പിന്നെ ദിവസം രാവിലെ തന്നെ പോസ്റ്റ് പിന്‍വലിക്കപ്പെട്ടു. മാത്രമല്ല, ജില്‍ എന്ന വ്യക്തിക്ക് മോവിഡ ക്ലബുമായി ഒരു ബന്ധവുമില്ലെന്നാണ് ക്ലബിന്റെ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ആല്‍ബര്‍ട്ടോ ബാര്‍ബിയറി മാധ്യമങ്ങളോട് പറഞ്ഞത്. ഈ സ്ത്രീ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അറബികളെ കുറിച്ചും സമാനമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ മോവിഡയിലാണ് ജോലി ചെയ്യുന്നതെന്നാണ് അവകാശപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. എന്നാല്‍ അവര്‍ തങ്ങളുടെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നില്ലെന്നും അവര്‍ ഒരിക്കലും മോവിഡയില്‍ ജോലി ചെയ്തിട്ടില്ലെന്നും ബാര്‍ബിയറി പറഞ്ഞു. ഇത്തരത്തില്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്ന ആരെയും സ്ഥാപനത്തില്‍ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.