April 20, 2025 |
Share on

പഞ്ചാബി യുവതിയെ സന്ദര്‍ശക വിസയില്‍ കൊണ്ടുപോയി സൗദി കുടുംബത്തിന് വിറ്റു; വിസ ഏജന്റിനെതിരെ കേസ്

ക്രൂര പീഡനത്തിന് ഇരയായ കൗറിനെ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് കഴിഞ്ഞ മേയ് 31ന് ഇന്ത്യയില്‍ മടക്കിയെത്തിച്ചിരുന്നു.

സന്ദര്‍ശക വിസയില്‍ സൗദി അറേബ്യയിലേക്ക് പഞ്ചാബില്‍ നിന്നുള്ള സ്ത്രീയെ കൊണ്ടുപോവുകയും അവിടെ ഗാര്‍ഹിക ജോലിക്കായി ഒരു അറബ് കുടുംബത്തിന് അവരെ വില്‍ക്കുകയും ചെയ്ത വിസ ഏജന്റിനെതിരെ കേസെടുത്തു. പഞ്ചാബ് സ്വദേശി സുഖ്വന്ത് കൗറിന്റെ വിസയില്‍ പതിപ്പിച്ചിരിക്കുന്ന ഇമിഗ്രേഷന്‍ മുദ്ര വിസ ഏജന്റിന്റെ മുംബൈ ബൈക്കുളയിലുള്ള ഓഫീസില്‍ നിര്‍മ്മിച്ചതാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ക്രൂര പീഡനത്തിന് ഇരയായ കൗറിനെ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് കഴിഞ്ഞ മേയ് 31ന് ഇന്ത്യയില്‍ മടക്കിയെത്തിച്ചിരുന്നു.

ജലന്ധര്‍ സ്വദേശിയായ സുഖ്വന്ത് കൗര്‍ (55) തൊഴില്‍ തേടിയാണ് കഴിഞ്ഞ ജനുവരിയില്‍ മുംബൈയിലെ അല്‍ സെയ്ഫ് ഓവര്‍സീസ് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തെ സമീപിച്ചത്. 40,000 രൂപ ഈടാക്കിയ ശേഷം ആദ്യം ദുബായിലേക്ക് കൊണ്ടുപോവുകയായിരുന്നു എന്ന് കൗര്‍ പറയുന്നു. അവിടെ വച്ച് ഒരു ഏജന്റ് അവരെ ഏറ്റെടുക്കുകയും സൗദിയിലേക്ക് കൊണ്ടുപോവുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഒരു സൗദി കുടുംബത്തിനാണ് കൗറിനെ അവരുടെ താല്‍പര്യങ്ങള്‍ വിരുദ്ധമായി ഏജന്റ് വിറ്റത്.

സൗദി കുടുംബത്തില്‍ നിന്നും കടുത്ത മാനസിക, ശാരീരിക പീഡനങ്ങള്‍ ഏറ്റതിനെ തുടര്‍ന്ന് കൗറിനെ അവര്‍ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ വച്ച് കൗറിന് ഒരു ഇന്ത്യന്‍ നേഴ്‌സിന്റെ സഹായത്തോടെ തന്റെ ഭര്‍ത്താവ് കുല്‍വന്ത് സിംഗുമായി ബന്ധപ്പെടാന്‍ സാധിച്ചതാണ് അവരുടെ മോചനത്തിന് വഴി തെളിച്ചത്. ഭാര്യയുടെ മോചനത്തിനായി സിംഗ് പഞ്ചാബ് സര്‍ക്കാരിനെ സമീപിച്ചതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയത്തിന് പരാതി നല്‍കുകയും അവരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് സുഖ്വന്ത് കൗറിനെ മോചിപ്പിക്കുകയുമായിരുന്നു. ‘വിഷയം എന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നതിന് നന്ദി. സുഖ്വന്ത് കൗര്‍ 2017 മേയ് 31ന് നാട്ടിലേക്ക് മടങ്ങും,’ എന്ന് മേയ് 30ന് മന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തിരുന്നു.

നാട്ടില്‍ തിരിച്ചെത്തിയ ശേഷം കൗറും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സും ആഗ്രിപഡ പൊലീസ് സ്‌റ്റേഷനില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് വിസ വ്യാജമായി പതിപ്പിച്ചതാണെന്ന് തെളിഞ്ഞത്. വിമാനത്താവളത്തില്‍ വച്ച് പതിപ്പിക്കേണ്ട ഇമിഗ്രേഷന്‍ മുദ്ര ബൈക്കുളയിലെ ഏജന്റിന്റെ ഓഫീസില്‍ വച്ച് വ്യാജമായി പതിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അല്‍ സെയ്ഫ് ഓവര്‍സീസ് കണ്‍സള്‍ട്ടന്റ് ആലംഗിര്‍ അഹമ്മദിനെതിരെ ഇന്ത്യന്‍ ശിക്ഷ നിയമപ്രകാരം മനുഷ്യക്കടത്തിനും ഇമിഗ്രേഷന്‍ ചട്ടപ്രകാരം പ്രവാസിയെ വഞ്ചിച്ചതിനും കേസെടുക്കുകയായിരുന്നു. കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് അഗ്രപഡ പൊലീസ് സ്‌റ്റേഷനിലെ സീനയര്‍ ഇന്‍സ്‌പെക്ടര്‍ അശോക് സാരംബാല്‍ക്കര്‍ മാധ്യമങ്ങളെ അറിയിച്ചു. അഹമ്മദിനെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച്് വരികയാണെന്നും അദ്ദേഹം വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

×