February 14, 2025 |

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ഗുണമുണ്ട്, അതിലേറേ ദോഷങ്ങളും

ഒരു രാഷ്‌ട്രം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ലക്ഷ്യത്തിൽ നിന്ന് പിന്‍തിരിയില്ലെന്ന്‌ വ്യക്തമാക്കിയിരിക്കുകയാണ് പ്രധാനമന്ത്രി

ഒരു രാഷ്‌ട്രം, ഒരു തെരഞ്ഞെടുപ്പ്’ ആശയം നടപ്പിലാകുമെന്ന് ഒരിക്കൽ കൂടി അവർത്തിച്ചിരിക്കുകയാണ് പ്രധാനമന്ത്രി. 78-ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ പതാക ഉയർത്തിയ ശേഷമുള്ള പ്രസംഗത്തിലാണ് ഇക്കാര്യം പരാമർശിച്ചത്. പാർട്ടിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നായ ഒരു രാഷ്‌ട്രം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ലക്ഷ്യത്തിൽ നിന്ന് പിന്‍തിരിയില്ലെന്ന്‌ വ്യക്തമാക്കിയിരിക്കുകയാണ് പ്രധാനമന്ത്രി. One Nation One Election 

കഴിഞ്ഞ വർഷം സെപ്തംബർ 18 മുതൽ 22 നടന്ന പാർലമെന്റിന്റെ പ്രത്യേക സെഷനു പിന്നാലെ വിഷയം പഠിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി രൂപീകരിച്ചിരുന്നു. അന്ന് പ്രത്യേക സമ്മേളനമെന്നത് പ്രതിപക്ഷത്തെയടക്കം ആശ്ചര്യപ്പെടുത്തിയ പ്രഖ്യാപനമായിരുന്നു. തങ്ങളോട് കൂടിയാലോചിക്കുക പോലും ചെയ്യാതെയാണ് സർക്കാർ തീരുമാനം എടുത്തതെന്നാണ് കോൺഗ്രസ് പരാതിപ്പെട്ടത്. ഒരൊറ്റ തെരഞ്ഞെടുപ്പ് എന്ന ആശയത്തിന് ചില ഗുണങ്ങളുമുണ്ട്, മറുപുറമെന്ന പോലെ ദോഷങ്ങളും.

നീതി ആയോഗ് പറയുന്നത് അനുസരിച്ച്, നിയമസഭ തെരഞ്ഞെടുപ്പുകളായും ലോക് സഭ തെരഞ്ഞെടുപ്പായും, മൂന്നു പതിറ്റാണ്ടായി ഇന്ത്യയിൽ ഓരോ വർഷവും ഒരു തെരഞ്ഞെടുപ്പ് നടന്നു വരുന്നുണ്ട്. ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തുക എന്നതാണ് ഈ ആശയത്തിന്റെ കാതൽ. ഇതിലൂടെ സാമ്പത്തിക ചെലവ് ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. അഞ്ചു വർഷമാണ് ലോക്‌സഭയിലും നിയമസഭയിലും കാലാവധിയെങ്കിലും, സംസ്ഥാനങ്ങളിൽ വ്യത്യസ്ത സമയങ്ങളിലാണ് തെരഞ്ഞെടുപ്പുകൾ വരുന്നത്. എല്ലാ സംസ്ഥാനങ്ങളിലേക്കും ലോക്‌സഭയിലേക്കും ഒരുമിച്ച് തെരഞ്ഞെടുപ്പ് നടക്കുമ്പോൾ, തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഏകീകരണം ഉണ്ടാകുന്നു, അതൊടൊപ്പം രാജ്യത്തിനുണ്ടാകുന്ന വമ്പിച്ച സാമ്പത്തിക നഷ്ടം വലിയ തോതിൽ കുറയ്ക്കാനും സാധിക്കുമെന്ന് ഇതിനെ പിന്തുണയ്ക്കുന്നവർ വാദിക്കുന്നു.

തെരഞ്ഞെടുപ്പിന്റെ പേരിൽ ചെലവാകുന്ന സർക്കാർ പണം സഹസ്ര കോടികളാണ്. അതായത് അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനേക്കാൾ ചെലവേറിയതാണ് ഇന്ത്യയിലെ പൊതു തെരഞ്ഞെടുപ്പ്. 2019 ലെ പൊതു തെരഞ്ഞെടുപ്പിന് രാജ്യം ചെലവാക്കിയ തുക 55,000 നും 60,000 കോടിക്കും ഇടയിലാണ്. രാഷ്ട്രീയ പാർട്ടികളുടെ ചെലവ് വേറെ. ഇതിലുമിരട്ടി കാണും, യഥാർത്ഥ കണക്ക് പുറത്തുവരുമെന്നും പ്രതീക്ഷിക്കരുത്. 2016 ൽ നടന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ചെലവായത് 6.5 ബില്യൺ ആണെങ്കിൽ 2019-ൽ ഇന്ത്യയിൽ ലോക്‌സഭ തെരഞ്ഞെടുപ്പിന് 8.5 ബില്യൺ ചെലവാക്കി.

സാമ്പത്തിക ചെലവും മനുഷ്യ പ്രയത്‌നവും നോക്കുമ്പോൾ എല്ലാം ഒറ്റ തവണയായി തീർക്കുന്നതിൽ ലാഭം ഉണ്ടെങ്കിലും രാഷ്ട്രീയമായി ജനാധിപത്യ സംവിധാനത്തിന് ‘ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം ഗുണം ചെയ്യുമോ എന്നതാണ് ചോദ്യം. ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകളെ വ്യത്യസ്ത രീതികളിലാണ് പാർട്ടികൾ സമീപിക്കുന്നത്. പൊതുവിഷയമാണ് ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നതെങ്കിൽ, സംസ്ഥാനങ്ങളിൽ അത് വ്യത്യസ്തമായ പ്രാദേശിക വിഷയങ്ങളായിരിക്കും. ഒരു സംസ്ഥാനത്ത് തെരഞ്ഞെടുപ്പിനെ നേരിടുന്ന രാഷ്ട്രീയവുമായിട്ടാകില്ല, പൊതു തെരഞ്ഞെടുപ്പിൽ പാർട്ടികൾ മത്സരിക്കാനിറങ്ങുന്നത്. പ്രാദേശിക പാർട്ടികളെ ഈയൊരു സംവിധാനം അത്രകണ്ട് തുണയ്ക്കില്ലെന്നാണ് പറയുന്നത്. കാരണം, അവരുടെ രാഷ്ട്രീയം പ്രാദേശിക വിഷയത്തിലൂന്നി മാത്രമുള്ളതാണ്. ദേശീയ രാഷ്ട്രീയത്തെ ബന്ധപ്പെട്ടല്ല. രാഷ്ട്രീയമായി മാത്രമല്ല, സാമ്പത്തികമായും ദേശീയ പാർട്ടികളുമായി മത്സരിക്കാൻ കഴിയില്ലെന്നതുകൊണ്ട് തന്നെ പ്രാദേശിക പാർട്ടികൾ ‘ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തോട് യോജിക്കണമെന്നില്ല.

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന സംവിധാനം ഇന്ത്യയിൽ നടപ്പാക്കുകയാണെങ്കിൽ തന്നെ, അത് പ്രാബല്യത്തിൽ വരാൻ സമയം വേണ്ടി വരും. ലോക്‌സഭയുടെയും നിയമസഭകളുടെയും കാലാവധി സമന്വയിപ്പിക്കേണ്ടതുണ്ട്. അതത്ര എളുപ്പമല്ല. പകുതിയിലേറെ കാലാവധി ബാക്കി കിടക്കുന്ന സംസ്ഥാന സർക്കാരുകൾ പ്രതിഷേധിക്കും. സംസ്ഥാനങ്ങളിൽ ദേശീയ പാർട്ടികളുടെയും പ്രാദേശിക പാർട്ടികളുടെയും സർക്കാരുകൾ അധികാരത്തിലുണ്ട്. ലോക്‌സഭയിലും രാജ്യസഭയിലും മൂന്നിൽ രണ്ട് പിന്തുണ കിട്ടിയാൽ മാത്രമാണ് ‘ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ബിജെപിയുടെ ലക്ഷ്യം നിയമഭേദഗതിയാവുകയുള്ളൂ.

Content summary; PM Modi’s Independence Day Speech on One Nation, One Election One Nation One Election 

×