January 21, 2025 |
സിജു തോമസ്
സിജു തോമസ്
Share on

നീതി നിഷേധത്തിന്റെ ദുരിതം പേറുന്ന സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍

സേവനങ്ങളെ മഹത്വവത്കരിച്ചത് കൊണ്ടോ, ഓമനപ്പേര്‍ ഇട്ട് വിളിച്ചത് കൊണ്ടോ നഴ്‌സുമാരുടെ ജീവിതത്തിന് ഒരു പ്രയോജനവുമില്ല

രാജ്യത്തെ നഴ്‌സിംഗ് സമൂഹത്തെ മാലാഖമാര്‍, പോരാളികള്‍, ആരോഗ്യ മേഖലയുടെ കാവലാളുകള്‍ തുടങ്ങി ഒട്ടേറെ ഓമനപ്പേരുകള്‍ നല്‍കി സര്‍ക്കാറുകളും, പൊതു സമൂഹവും വിളിക്കുമ്പോഴും, തുച്ഛമായ വേതനവും, തൊഴില്‍ ചൂഷണങ്ങളും ഉള്‍പ്പെടെ അവകാശലംഘനങ്ങളുടെ കെട്ടുപാടുകളില്‍പ്പെട്ട് ഇന്നും നരകിക്കുകയാണ് സ്വകാര്യ ആശുപത്രി മേഖലകളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍. സര്‍ക്കാര്‍ ആശുപത്രികളില്‍ മികച്ച വേതനവും, ആനുകൂല്യങ്ങളും ലഭിക്കുമ്പോള്‍, സ്വകാര്യ ആശുപത്രികളില്‍ സമാന യോഗ്യതയുള്ളവര്‍ക്ക് ലഭിക്കുന്നത് തുച്ഛമായ വേതനവും, തൊഴില്‍ ചൂഷണവും മാത്രമാണ്.private hospital nurses in the country are suffering from the denial of justice

2016 -ല്‍, രാജ്യത്തെ പരമോന്നത നീതിപീഠം, സ്വകാര്യ മേഖല ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ വേതനവും, ദയനീയമായ ജോലി സാഹചര്യങ്ങളെയും കുറിച്ച് പഠിച്ച്, നഴ്‌സിംഗ് സമൂഹത്തിന്റെ അവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഉത്തരവിലൂടെ ആവശ്യപ്പെട്ടിരുന്നു. ഈ ഉത്തരവ്പ്രകാരം, കേന്ദ്ര ആരോഗ്യ – കുടുംബ ക്ഷേമ മന്ത്രാലയം അന്നത്തെ ഡി.ജി.എച്ച്.എസ് മേധാവി ആയിരുന്ന ഡോ. (പ്രൊ.) ജഗ്ദീഷ് പ്രസാദിന്റെ നേതൃത്വത്തില്‍ വിദഗ്ധ സമിതി രൂപീകരിക്കുകയും, പ്രസ്തുത സമിതി അതേ വര്‍ഷം തന്നെ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന്, സമിതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിയമനിര്‍മ്മാണത്തിലൂടെ നടപ്പിലാക്കാന്‍ കേന്ദ്ര ആരോഗ്യ – കുടുംബക്ഷേമ മന്ത്രാലയം, എല്ലാ സംസ്ഥാനങ്ങളോടും, കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടു.

എന്തായിരുന്നു കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍
*
200- ഉം അതിന് മുകളിലും കിടക്കകളുള്ള സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ക്ക്, ബന്ധപ്പെട്ട സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ നഴ്സുമാരുടെ ശമ്പളത്തിന് തുല്യമായിരിക്കണം.

* 100 – നും 200 നും ഇടയില്‍ കിടക്കകളുള്ള സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ക്ക് ബന്ധപ്പെട്ട സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ നഴ്സുമാരുടെ ശമ്പളത്തിന്റെ 90% – ന് തുല്യമായിരിക്കണം. അതില്‍ കുറയാന്‍ പാടില്ല.

* 50 – 100 കിടക്കകളുള്ള സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ക്ക് ബന്ധപ്പെട്ട സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ നഴ്സുമാരുടെ ശമ്പളത്തിന്റെ 75% – ന് തുല്യമായിരിക്കണം. അതില്‍ കുറയാന്‍ പാടില്ല.

* 50 – ഉം അതില്‍ താഴെ കിടക്കകളുമുള്ള സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക് പോലും 20,000/ രൂപയില്‍ കുറയാന്‍ പാടില്ല.

* സ്വകാര്യ ആശുപത്രി നഴ്സുമാര്‍ക്ക് നല്‍കേണ്ട അവധികള്‍, ജോലി സമയം, മെഡിക്കല്‍ സൗകര്യങ്ങള്‍, ഗതാഗതം, താമസ സൗകര്യം തുടങ്ങിയവ ബന്ധപ്പെട്ട സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ നഴ്സുമാര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ക്ക് തുല്യമായിരിക്കണം.

nurses

റിപ്പോര്‍ട്ട് ഫയലുകളില്‍ ഉറങ്ങുന്നു
റിപ്പോര്‍ട്ട് സമര്‍പ്പിച്ച്, എട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും, രാജ്യത്ത് ഒരിടത്തും കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കപ്പെട്ടിട്ടില്ല എന്നുള്ളത് വസ്തുതയായി നിലനില്‍ക്കുകയാണ്. റിപ്പോര്‍ട്ട് സംബന്ധിച്ച്, വിവരാവകാശ നിയമ പ്രകാരം കേന്ദ്ര ആരോഗ്യ – കുടുംബക്ഷേമ മന്ത്രാലയം നല്‍കിയ മറുപടികള്‍ ഇത് വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന്, ചില സംസ്ഥാനങ്ങള്‍ പ്രാരംഭ നടപടികള്‍ എടുത്തതൊഴിച്ചാല്‍, ഒരു സര്‍ക്കാറുകളും ആത്മാര്‍ത്ഥമായ യാതൊരു ശ്രമങ്ങളും വിഷയത്തില്‍ സ്വീകരിച്ചിട്ടില്ല. ഇത് സ്വകാര്യ മേഖല ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരോടുള്ള നീതി നിഷേധവും, സര്‍ക്കാറുകള്‍ അവരോട് കാണിക്കുന്ന അവഗണനയുടെ നേര്‍ ചിത്രവുമാണ്.

Post Thumbnail
എന്തുകൊണ്ട് കോൺഗ്രസിനൊരു മുസ്ലിം സ്ഥാനാർഥിയില്ല?വായിക്കുക

സര്‍ക്കാരുകളെ… എവിടെ ഞങ്ങളുടെ (നഴ്‌സുമാരുടെ) അവകാശങ്ങള്‍?

രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ ഉത്തരവ് പ്രകാരം, രൂപീകരിക്കപ്പെട്ട കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാറുകള്‍ നടപ്പിലാക്കിയെ മതിയാകൂ. അത് സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ ന്യായമായ അവകാശമാണ്. അത് നിഷേധിക്കുന്ന സര്‍ക്കാറുകളുടെ നടപടിക്ക് കാലം ഒരിക്കലും മാപ്പ് തരികയില്ല എന്ന് പറയാന്‍ ആഗ്രഹിക്കുന്നു.

ഇനിയെങ്കിലും രാജ്യത്തെ സ്വകാര്യ ആശുപത്രി നഴ്‌സിംഗ് സമൂഹത്തിന് ലഭിക്കേണ്ട അവകാശങ്ങള്‍, അംഗീകാരങ്ങള്‍, പരിഗണനകള്‍ എല്ലാം നല്‍കാനുള്ള ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ സര്‍ക്കാറുകളുടെ ഭാഗത്ത് നിന്നുമുണ്ടാകണം. അതുണ്ടാകാത്ത പക്ഷം, അവരുടെ സേവനങ്ങളെ മഹത്വവത്കരിച്ചത് കൊണ്ടോ, ഓമനപ്പേര്‍ ഇട്ട് വിളിച്ചത് കൊണ്ടോ ഒരു കാര്യവുമില്ല.  private hospital nurses in the country are suffering from the denial of justice


Content Summary; private hospital nurses in the country are suffering from the denial of justice

സിജു തോമസ്

സിജു തോമസ്

ജോയിന്റ് സെക്രട്ടറി, ഇന്ത്യൻ പ്രൊഫഷണൽ നഴ്സസ് അസ്സോസിയേഷൻ.

More Posts

×