July 16, 2026 |
Share on

അരിസോണിയിൽ സ്വകാര്യ വിമാനങ്ങൾ കൂട്ടിയിടിച്ച് ഒരു മരണം

വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ എണ്ണം എത്രയാണെന്ന് വ്യക്തമല്ല

അരിസോണിയിലെ സ്കോട്ട്സ്ഡെയിൽ സ്വകാര്യ വിമാനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഫെബ്രുവരി 10 തിങ്കളാഴ്ച വൈകിട്ടായിരുന്നു അപകടം.

സ്വകാര്യ സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന ഒരു ഇടത്തരം ബിസിനസ് ജെറ്റിനെ മറ്റൊരു ബിസിനസ് ജെറ്റ് വന്ന് ഇടിക്കുകയായിരുന്നുവെന്ന് ഏവിയേഷൻ പ്ലാനിങ്ങ് ആന്റ് ഔട്ട്റീച്ച് കോർഡിനേറ്റർ ആയ കെല്ലി ക്യൂസ്റ്റർ പറഞ്ഞതായി ഫസ്റ്റ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

ലാന്റ് ചെയ്യാനെത്തിയ ബിസിനസ് ജെറ്റ് റൺവേയിൽ നിന്ന് തെന്നിമാറി പാർക്ക് ചെയ്തിരുന്ന ​ഗൾഫ്സ്ട്രീം 200 ജെറ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ജെറ്റിന്റെ പ്രാഥമിക ലാന്റിങ്ങ് ​ഗിയർ തകരാറിലായതാണ് അപകടം ഉണ്ടാകാൻ കാരണമായതെന്ന് അധികൃതർ അറിയിച്ചു.

അപകടം നടന്നതായി ഫെഡറൽ ഏവിയേഷൻ അതോറിറ്റിയും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ എണ്ണം എത്രയാണെന്ന് വ്യക്തമല്ല. വിമാനത്താവളത്തിലേക്കുള്ള വിമാനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് എഫ്എഎ (ഫെഡറൽ ഏവിയേഷൻ അതോറിറ്റി) അറിയിച്ചു.

അപകടത്തിൽ പരിക്കേറ്റ രണ്ടുപേരെ ട്രോമ സെന്ററുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഒരാളുടെ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. അപകടത്തിൽ മരിച്ചയാളുടെ മൃതദേഹം പുറത്തെടുക്കാൻ അഗ്നിശമന സേന ശ്രമം തുടരുകയാണ്. അപകടത്തിൽ ഏവിയേഷൻ അധികൃതർ അനുശോചനം അറിയിച്ചിട്ടുണ്ട്.

ഫീനിക്സിലേക്കും തിരിച്ചും വരുന്ന ജെറ്റ് വിമാനങ്ങൾക്ക് ഈ വിമാനത്താവളം ഒരു പ്രധാന സ്ഥലമാണ്. പ്രത്യേകിച്ച് വേസ്റ്റ് മാനേജ്മെന്റ് ഓപ്പൺ ഗോൾഫ് ടൂർണമെന്റ് പോലുള്ള തിരക്കേറിയ പരിപാടികളുടെ സമയത്ത് ഈ വിമാനത്താവളത്തിന് പ്രാധാനമേറുന്നു.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ യുഎസിൽ ഉണ്ടായ മൂന്ന് പ്രധാന വ്യോമയാന അപകടങ്ങൾക്ക് ശേഷമാണ് സ്കോട്ട്‌സ്‌ഡെയ്‌ൽ അപകടം ഉണ്ടായിരിക്കുന്നത്. ജനുവരി 29 ന് വാഷിംഗ്ടൺ ഡിസിക്ക് സമീപം ഒരു വാണിജ്യ ജെറ്റും ഒരു ആർമി ഹെലികോപ്റ്ററും തകർന്ന് 67 പേർ മരിച്ചിരുന്നു. ജനുവരി 31 ന് ഫിലാഡൽഫിയയിൽ ഒരു മെഡിക്കൽ വിമാനം തകർന്ന് വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചിരുന്നു. കഴിഞ്ഞ ആഴ്ച നോമിലേക്കുള്ള യാത്രാമധ്യേ പടിഞ്ഞാറൻ അലാസ്കയിൽ ഒരു ചെറിയ വിമാനം തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന 10 പേരും മരിച്ചു.
Content summary: Private plane crashes in Arizona,a death
Arizona plane crash Federal Aviation Administration 

Leave a Reply

Your email address will not be published. Required fields are marked *

×