UPDATES

നിയമക്കുഴിയില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കള്‍; ഒരുക്കിയത് കൊടും ‘ചതി’ യുടെ തിരക്കഥ?

നിര്‍മാതാക്കള്‍ സ്വന്തമായി ഒരു രൂപ പോലും ചിത്രത്തിനായി മുടക്കിയിട്ടില്ലെന്നും പോലീസ് റിപ്പോര്‍ട്ടിലുണ്ട്

                       

മഞ്ഞുമ്മല്‍ ബോയ്സ് സിനിമയ്ക്കായി പണം ഇറക്കിയ അരൂര്‍ സ്വദേശി സിറാജ് വലിയതറയുടെ പണം നിര്‍മാതാക്കള്‍ തട്ടിയത് ആസൂത്രിതമായെന്ന് പോലീസ്. ചതിയുടെ കഥ വിശദീകരിക്കുന്ന റിപ്പോര്‍ട്ട് പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. ചതി ആരംഭിച്ചത് പൂര്‍ത്തിയാവാതെ ഇരുന്ന ഷൂട്ടിങിന്റെ ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞെന്ന് വിശ്വസിപ്പിച്ച് ആദ്യ ഗഡുമായി പണം വാങ്ങിയത് മുതലാണ്. കൂടാതെ 22 കോടി സിനിമയ്ക്കായി ചെലവായി എന്ന് കള്ളം പറഞ്ഞു. യഥാര്‍ത്ഥത്തില്‍ ചിത്രത്തിന്റെ മുടക്ക് മുതല്‍ 18.65 കോടി മാത്രമാണ്. ഇതില്‍ ഏഴ് കോടിയാണ് സിറാജ് വലിയതറ മുടക്കിയത്. സിനിമ ഇറങ്ങുകയും വന്‍ ഹിറ്റാവുകയും ചെയ്തിട്ടും ഇതില്‍ ഒരു രൂപ പോലും സിറാജിന് തിരികെ നല്‍കിയില്ല. നിര്‍മാതാക്കള്‍ സ്വന്തമായി ഒരു രൂപ പോലും ചിത്രത്തിനായി മുടക്കിയിട്ടില്ലെന്നും പോലീസ് റിപ്പോര്‍ട്ടിലുണ്ട്. നിര്‍മാതാക്കളായ ഷോണ്‍ ആന്റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ നടത്തിയത് വന്‍ സാമ്പത്തിക തട്ടിപ്പാണെന്നാണ് അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതും. മലയാളത്തിലെ ആദ്യ 200 കോടി സിനിമയെന്ന ഖ്യാതിയില്‍ നില്‍ക്കവെയാണ് മഞ്ഞുമ്മല്‍ ബോയ്‌സ് ടീമിനെതിരെ ഇത്രയും വലിയ തട്ടിപ്പ് ആരോപണം പുറത്ത് വരുന്നതെന്നതും ശ്രദ്ധേയമാണ്.

മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ നിര്‍മാണത്തിനായി 2022 നവംബര്‍ 30ന് 5.99 കോടി രൂപയാണ് സിറാജ് ആദ്യഘട്ടമായി നല്‍കിയത്. കടവന്ത്ര ബാങ്കിലുള്ള പറവ ഫിലിംസിന്റെ അക്കൗണ്ടിലേക്കാണ് ഈ പണം ഇട്ടത്. ഷോണ്‍ ആന്റണിയുടെ കടവന്ത്രയിലെ തന്നെ ബാങ്ക് അക്കൗണ്ടിലേക്കാണ് 50 ലക്ഷം രൂപ പിന്നീട് നല്‍കിയത്. ഇതിന് പുറമേ പലപ്പോഴായി നല്‍തിയതാണ് അരക്കോടിയിലധികം വരുന്ന ശേഷിക്കുന്ന തുക.


കുറച്ച് വെറയ്റ്റിയല്ലേ ഈ അമ്മ!


കരാര്‍ പ്രകാരം ചിത്രത്തിന്റെ ലാഭവിഹിതത്തിന്റെ 40% സിറാജിന് അവകാശപ്പെട്ടതാണ്. എന്നാല്‍ നാളിതു വരെ മുടക്ക് മുതല്‍ പോലും തിരികെ നല്‍കിയില്ല. ഇക്കാര്യം ചൂണ്ടികാട്ടിയാണ് സിറാജ് പരാതി നല്‍കിയിരുന്നത്. പിന്നാലെ കോടതി പറവ ഫിലിംസിന്റേയും ഷോണ്‍ ആന്റണിയുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു. കേസിന്റെ ആദ്യഘട്ടത്തില്‍ തന്നെ സിറാജ് സമയത്തിന് പണം നല്‍കിയില്ലെന്ന ആരോപണമാണ് നിര്‍മാതാക്കള്‍ ഉന്നയിച്ചത്. അതുമൂലം കനത്ത സാമ്പത്തിക നഷ്ടമുണ്ടായെന്നും ഇവര്‍ ആരോപിച്ചിരുന്നു. കൃത്യ സമയത്ത് പണം ലഭിക്കാത്തതിനാല്‍ ഷൂട്ട് ഷെഡ്യൂളുകള്‍ മുടങ്ങുകയും ഷൂട്ടിങ് നീണ്ടുപോകുകയും ചെയ്തെന്നും അവര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം കള്ളമാണെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. കണക്ക് പ്രകാരം 40 കോടിയിലധികം രൂപയാണ് സിറാജിന് നിര്‍മാതാക്കള്‍ നല്‍കേണ്ടതും. എറണാകുളം മജിസ്‌ട്രേട്ട് കോടതിയാണ് സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പുകളാണ് നിര്‍മാതാക്കള്‍ക്കെതിരെ ചുമത്തിയത്.

 

English Summary: Producers of ‘Manjummel Boys’ booked in cheating case

 

Share on

മറ്റുവാര്‍ത്തകള്‍