February 13, 2025 |
Share on

ബെസോസിനെ പരിഹസിക്കുന്ന കാര്‍ട്ടൂണിനെ ‘കൊന്നു’; വാഷിംഗ്ടണ്‍ പോസ്റ്റില്‍ നിന്ന് രാജിവച്ച് പുലിസ്റ്റര്‍ ജേതാവ്

ബെസോസ്, സക്കര്‍ബര്‍ഗ്, ആള്‍ട്ട്മാന്‍ എന്നിവര്‍ കഥാപാത്രങ്ങളായി വരുന്ന കാര്‍ട്ടൂണില്‍ ട്രംപും മിക്കി മൗസും കൂട്ടിനുണ്ട്

ഉടമ ജെഫ് ബെസോസിന്റെ കാര്‍ട്ടൂണ്‍ വിഷയത്തില്‍ ഉടക്കി വാഷിംഗ്ടണ്‍ പോസ്റ്റ് പത്രത്തില്‍ നിന്നും കാര്‍ട്ടൂണിസ്റ്റും പുലിസ്റ്റര്‍ ജേതാവുമായ ആന്‍ ടെല്‍നെസ് രാജിവച്ചു. ജെഫ് ബെസോസ് കഥാപാത്രമായി വരുന്ന ആന്‍ വരച്ച കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കുന്നത് തടഞ്ഞതിനെ തുടര്‍ന്നാണ് രാജിയെന്നാണ് വിവരം.

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് സാദൃശ്യമുള്ള ഒരു പ്രതിമയ്ക്ക് മുമ്പില്‍, ആമസോണ്‍ സ്ഥാപകനും വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ഉടമയുമായ ജെഫ് ബെസോസ്, മെറ്റ സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ഓപ്പണ്‍ എ ഐയുടെ സാം ആള്‍ട്ട്മാന്‍ എന്നിവര്‍ മുട്ടുകുത്തി നില്‍ക്കുന്നു, ഒപ്പം കാര്‍ട്ടൂണ്‍ കഥാപാത്രമായ മിക്ക് മൗസും ഇതേ പ്രതിമയ്ക്ക് മുന്നില്‍ മുട്ടുകുത്തി നില്‍ക്കുന്നുണ്ട്. ഇതായിരുന്നു വിവാദമായ കാര്‍ട്ടൂണ്‍. മിക്കി മൗസിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്, ഡിസ്‌നിയുടെ ഉടമസ്ഥതയിലുള്ള എബിസി ന്യൂസിനെ പരാമര്‍ശിക്കാനാണെന്നാണ് വ്യാഖ്യാനം. വാര്‍ത്താ ചാനലിനെതിരെ നിയുക്ത പ്രസിഡന്റ് നല്‍കിയ മാനനഷ്ടക്കേസില്‍ കഴിഞ്ഞ മാസം ട്രംപിന് 15 മില്യണ്‍ ഡോളര്‍ നല്‍കാന്‍ കോടതി വിധിച്ചിരുന്നു.

പത്രത്തിനുണ്ടാകുന്ന മാറ്റമാണ് തന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കുന്നത് തടയുന്നതിലൂടെ വ്യക്തമായിരിക്കുന്നതെന്നും, സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് അപകടകരമായ തീരുമാനമാണിതെന്നുമാണ് ടെല്‍നെസ് ആരോപിച്ചത്. 2008 മുതല്‍ ആന്‍ ടെല്‍നെസ് പോസ്റ്റില്‍ ജോലി ചെയ്യുന്നുണ്ട്.

The Washington post

എഡിറ്റോറിയല്‍ അല്ലെങ്കില്‍ കലാപരമായ കാരണങ്ങളല്ലാതെ, ഉള്ളടക്കം അല്ലെങ്കില്‍ കാര്‍ട്ടൂണിന്റെ ലക്ഷ്യം കാരണം തന്റെ ഒരു കാര്‍ട്ടൂണ്‍ സെന്‍സര്‍ ചെയ്യപ്പെടുകയോ നിരസിക്കപ്പെടുകയോ ചെയ്യുന്നത് ഇതാദ്യമാണെന്ന് ആന്‍, സബ്‌സ്റ്റാക്കില്‍ ഇട്ട പോസ്റ്റില്‍ പറയുന്നുണ്ട്.

അതേസമയം, പോസ്റ്റിന്റെ ഒപ്പീനിയന്‍ എഡിറ്റര്‍ ഡേവിഡ് ഷിപ്ലി, കാര്‍ട്ടൂണ്‍ നിരസിച്ചതിനെ ന്യായീകരിക്കുകയാണ്. ഉടമ ജെബ് ബെസോസിന്റെയോ മറ്റ് ബിസിനസ് ഭീമന്മാരുടെയോ താത്പര്യം സംരക്ഷിക്കാനല്ല, അങ്ങനെയൊരു തീരുമാനം എടുത്തതെന്നും, ആവര്‍ത്തനം ഒഴിവാക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും ഡേവിഡ് പറയുന്നു. ഇതേ കാര്യം തന്നെ (കാര്‍ട്ടൂണിലെ വിഷയം) പത്രം ഇതിനു മുമ്പും പറഞ്ഞിട്ടുള്ളതാണെന്നാണ് ഡേവിഡ് വാദിക്കുന്നത്. കാര്‍ട്ടൂണിന്റെ അതേ വിഷയത്തില്‍ ഞങ്ങള്‍ ഒരു കോളം പ്രസിദ്ധീകരിച്ചിരുന്നു. മറ്റൊരു കോളം(ആക്ഷേപഹാസ്യം) ഷെഡ്യൂള്‍ ചെയ്തിട്ടുമുണ്ട്. അതുകൊണ്ടാണ് ഇത്തരമൊരു തീരുമാനം(ആനിന്റെ കാര്‍ട്ടൂണ്‍ നിരസിക്കാനുള്ള തീരുമാനം)എടുത്തതെന്നാണ് ഡേവിഡ് ഷിപ്ലി വിശദീകരിക്കുന്നത്.  Pulitzer winner cartoonist quits Washington Post after cartoon rejected by owner Jeff Bezos

Content Summary; Pulitzer winner cartoonist quits Washington Post after cartoon rejected by owner Jeff Bezos

×