മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റ് വിതച്ച് പൂനെയിലെ 40 ഏക്കര്‍ ഭൂമി വില്‍പനയിലെ അന്വേഷണം. സംസ്ഥാന ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മകന്‍ പാര്‍ഥ് പവാറിന്റേയും ദിഗ്വിജയ് പാട്ടീലിന്റേയും ഉടമസ്ഥതയിലുള്ള ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പായ അമാഡിയാ എന്റര്‍പ്രൈസസ് ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട് വന്‍ ക്രമക്കേടാണ് ഉയര്‍ന്നിരിക്കുന്നത്.
വിവാദമായ 40 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാരിന്റേതാണെന്നാണ് മഹാരാഷ്ട്ര ജോയിന്റ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് രജിസ്‌ട്രേഷന്‍ രാജേന്ദ്ര മുത്തേ വെള്ളിയാഴ്ച വ്യക്തമാക്കിയത്. ഈ ഭൂമി ഒരു കാരണവശാലും വില്‍ക്കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
ഭൂമിയുടെ ഉടമസ്ഥാവകാശ രേഖയില്‍ ഉടമയായി കാണിച്ചിരുന്നത് മുംബൈ സര്‍ക്കാരിനെയാണ്(പഴയ ബോംബെ സര്‍ക്കാര്‍). 2018-ന് ശേഷം നല്‍കിയ പ്രോപ്പര്‍ട്ടി കാര്‍ഡിലും ഇക്കാര്യം തന്നെ പറയുന്നുണ്ട്.
പവര്‍ ഓഫ് അറ്റോര്‍ണി കൈവശമുള്ള വ്യക്തിക്ക് ഭൂമി വില്‍ക്കാന്‍ ഒരു കാരണവശാലും കഴിയില്ലെന്നും, ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നുമാണ് രാജേന്ദ്ര മുത്തേ പറയുന്നത്.
2025 മെയ് 19-നാണ് പാര്‍ഥ് പവാര്‍-പാട്ടീല്‍ പങ്കാളിത്തത്തിലുള്ള അമാഡിയ എന്റര്‍പ്രൈസസ് 300 കോടി രൂപയുടെ വില്‍പ്പന കരാറില്‍ ഒപ്പുവച്ചത്. 2024 ഏപ്രില്‍ 24-ന് പൂനെയിലെ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നിന്ന് ലെറ്റര്‍ ഓഫ് ഇന്റന്റ്(എല്‍ഒഐ) ലഭിച്ച് 13 മാസത്തിനുള്ളിലായിരുന്നു ഈ കച്ചവടം. ഐടി/ഐടിഇഎസ് പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള അപേക്ഷയുടെ അടിസ്ഥാനത്തില്‍ കേവലം രണ്ട് ദിവസത്തിനുള്ളിലാണ് പൂനെ ഡി ഐസി 2024 ഏപ്രില്‍ 24-ന് എല്‍ഒഐ നല്‍കിയത്.
ഈ എല്‍ ഒ ഐയുടെ മറവില്‍ കമ്പനി സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കി വില്‍പ്പന കരാര്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം.
ശീതള്‍ തേജ്‌വാനിയുമായിട്ടായിരുന്നു ഇടപാട് നടന്നത്. ഈ ഭൂമി മുന്‍പ് മഹര്‍ (ഇപ്പോള്‍ പട്ടികജാതി) സമുദായത്തിന്റേതായിരുന്നു. 272 യഥാര്‍ത്ഥ ഉടമകളുടെ പവര്‍ ഓഫ് അറ്റോര്‍ണി തേജ് വാനിയുടെ കൈവശം ഉണ്ടെന്നു പറയുന്നു.
2023 മെയ് മാസത്തില്‍ ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സേന-ബിജെപി സര്‍ക്കാര്‍ പ്രഖ്യാപിച്ച നയമാണ് ഈ സ്റ്റാമ്പ് ഡ്യൂട്ടി ഇളവിന് കാരണം. സംസ്ഥാനത്ത് പുതിയ ഡാറ്റാ സെന്ററുകള്‍ സ്ഥാപിക്കുന്നതിനായി ഭൂമി വാങ്ങുന്നതിന് 100% സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കാന്‍ ഈ നയം അനുവദിച്ചിരുന്നു.
ഈ ഭൂമി നിലവില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് പാട്ടത്തിന് നല്‍കിയിരിക്കുകയാണ്. പാട്ടം 2038-ല്‍ അവസാനിക്കും. അതിനുശേഷം ഭൂമി യഥാര്‍ത്ഥ ഉടമകള്‍ക്ക് തിരികെ നല്‍കണമെന്നായിരുന്നു വ്യവസ്ഥ.
ഭൂമിയിടപാട് റദ്ദാക്കിയാലും മഹര്‍ വതന്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസ് തുടരുമെന്നാണ് മുഖ്യമന്ത്രി ഫഡ്നാവിസ് അറിയിച്ചിരിക്കുന്നത്.
‘ഇടപാട് റദ്ദാക്കണമെങ്കില്‍ പോലും പണം നല്‍കേണ്ടതുണ്ട്. അതിനനുസരിച്ച് ഇരുപക്ഷത്തിനും നോട്ടീസ് നല്‍കിയിട്ടുണ്ട്. കേസിന് ഉത്തരവാദികളായ എല്ലാവര്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കും’ എന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്.
അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ സമാന്തര അന്വേഷണവും നടക്കുന്നുണ്ടെന്നും ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കേസില്‍ ഇതിനോടകം രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം നടക്കുമെന്നും ആരെയും വെറുതെ വിടില്ലെന്നുമാണ് ഫഡ്‌നാവിസ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഭൂമി ഇടപാടില്‍ ഒരു രൂപ പോലും കൈമാറ്റം ചെയ്യപ്പെട്ടിട്ടില്ലെന്നാണ് ഉപമുഖ്യമന്ത്രി അജിത് പവാര്‍ പ്രതികരിച്ചത്. വില്‍പ്പന കരാര്‍ റദ്ദാക്കിയിട്ടുണ്ടെന്നും ആരോപിക്കപ്പെടുന്ന ക്രമക്കേടുകള്‍ പരിശോധിക്കുന്നതിനായി അഡീഷണല്‍ ചീഫ് സെക്രട്ടറി വികാസ് ഖാര്‍ഗെയുടെ നേതൃത്വത്തില്‍ ആറ് അംഗ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും അവര്‍ ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പവാര്‍ പറയുന്നു.
കടപ്പാട്; ദി ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ നിന്നുള്ള വിവരങ്ങളാണ് അഴിമുഖം ഉപയോഗിച്ചിരിക്കുന്നത്
Content Summary; Pune land deal; Investigation against company of Maharashtra Deputy Chief Minister Ajit Pawar’s son Parth Pawar
This post was last modified on November 8, 2025 11:07 am
Leave a Comment