January 21, 2025 |

അദാനിയെ ഒഴിവാക്കാനാകാത്ത മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് രാഷ്ട്രീയം

അജിത്തിന്റെ വെളിപ്പെടുത്തലുകള്‍ പുറത്തു വന്നിരിക്കുന്നത് അത്ര യാദൃശ്ചികമായല്ല

ബിജെപി ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക് പോകുന്നതിന് ഒരാഴ്ച മുമ്പ്, മഹാരാഷ്ട്രയിലെ ആവേശകരമായ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രധാന കേന്ദ്രമായി മാറിയിരിക്കുകയാണ് ഗൗതം അദാനി. അടുത്തിടെ ഒരു അഭിമുഖത്തില്‍ അജിത് പവാര്‍ ഇട്ടൊരു ബോംബ് കാര്യങ്ങള്‍ കൂടുതല്‍ സ്‌ഫോടാത്മകമാക്കി. ഇതിലൂടെ മഹാരാഷ്ട്രീയത്തില്‍ അദാനിയുടെ നിഴലിന് കൂടുതല്‍ നീളംവച്ചു. അമ്മാവനായ ശരദ് പവാറിനെ ലക്ഷ്യമിട്ട് നടത്തിയ ചില വെളിപ്പെടുത്തലുകള്‍ മനപൂര്‍വമോ അല്ലാതെയോ ബിജെപിയെ അദാനിയിലേക്ക് വലിച്ചിഴയ്ക്കുകയും, ഭരണകക്ഷിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയും ചെയ്തിരിക്കുകയാണ്.

അമിത് ഷാ, അദാനി, പ്രഫുല്‍ പട്ടേല്‍, ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരും താനും ഉള്‍പ്പെടെയുള്ള ഉന്നത രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെട്ട വിവാദ കൂടിക്കാഴ്ചയെക്കുറിച്ചായിരുന്നു അജിത്തിന്റെ വെളിപ്പെടുത്തല്‍. 2019 ല്‍ നത്തിയ രാഷ്ട്രീയ നാടകത്തെക്കുറിച്ചു കൂടിയായിരുന്നു ഈ വെളിപ്പെടുത്തല്‍. ഒരു ഹ്രസ്വകാല ഫഡ്നാവിസ്-അജിത് പവാര്‍ സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ച രഹസ്യ ചര്‍ച്ചകളില്‍ അദാനി നേരിട്ട് പങ്കെടുത്തിരുന്നുവെന്നാണ് അജിത്ത് പറഞ്ഞത്. എന്നാല്‍ വിവാദങ്ങള്‍ ഉയര്‍ന്നതോടെ താന്‍ പറഞ്ഞ കാര്യങ്ങള്‍ ‘തെറ്റിദ്ധരിച്ചു’ എന്ന്് അവകാശപ്പെട്ട് ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചെങ്കിലും കാര്യങ്ങള്‍ അപ്പോഴേക്കും കൈവിട്ടിരുന്നു. അജിത്തിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്ന പ്രവര്‍ത്തികള്‍ ബി.ജെ.പിയുടെ സംശയത്തിന് ആക്കം കൂട്ടിയിട്ടുമുണ്ട്.

അദാനിയും ധാരാവിയും മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനെ ചൂടു പിടിപ്പിക്കുന്നതെങ്ങനെ?

അജിത്തിന്റെ വെളിപ്പെടുത്തലുകള്‍ പുറത്തു വന്നിരിക്കുന്നത് അത്ര യാദൃശ്ചികമായല്ല. മഹാരാഷ്ട്രയിലെ കോര്‍പ്പറേറ്റുകളുടെ പിടിമുറുക്കത്തില്‍ പ്രതിപക്ഷം വലിയ ആശങ്കകള്‍ ഉയര്‍ത്തി വിട്ടിട്ടുണ്ട്. സംസ്ഥാനത്തിന്റെ രാഷ്ട്രീയ-വ്യാപാര രംഗത്ത് അദാനി ആഴത്തില്‍ ഉളവാക്കുന്ന സ്വാധീനത്തെക്കുറിച്ച് ഇപ്പോഴത്തെ ചര്‍ച്ചകള്‍ പുതിയൊരു മാനം നല്‍കുകയാണ്. അടിസ്ഥാന സൗകര്യങ്ങള്‍ മുതല്‍ ഊര്‍ജം വരെയുള്ള പ്രധാന മേഖലകളില്‍ അദാനിയുടെ സ്വാധീനം ദിനംപ്രതിയെന്നോണം വലുതാകുന്നത് സംസ്ഥാനത്തെ പ്രധാന തര്‍ക്കവിഷയമാണ്. പ്രത്യേകിച്ചും വിവാദമായ ധാരാവി പുനര്‍വികസന പദ്ധതിയില്‍ അദാനി ഗ്രൂപ്പിന്റെ പങ്കാളിത്തം കോര്‍പ്പറേറ്റ് ചൂഷണത്തിന്റെ ഉദാഹരണമാണെന്നാണ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗം ഉയര്‍ത്തുന്ന പരാതി. മഹാ വികാസ് അഘാഡി (എംവിഎ) അധികാരത്തില്‍ തിരിച്ചെത്തിയാല്‍ കരാര്‍ റദ്ദാക്കുമെന്ന് ഉദ്ധവ് പ്രതിജ്ഞയെടുത്തിട്ടുണ്ട്.
ajit Pawar

ഭരണകക്ഷിയുമായുള്ള ബന്ധത്തിന്റെ പേരില്‍ ഇതിനകം തന്നെ ഒന്നിലധികം കോണുകളില്‍ നിന്ന് ആക്രമണത്തിന് വിധേയനായിക്കൊണ്ടിരിക്കുന്ന അദാനിയെ സംബന്ധിച്ച് അജിത്തിന്റെ വെളിപ്പെടുത്തല്‍ നാണക്കേട് വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിരുപാധിക പിന്തുണയില്‍ നിന്ന് അദാനി നേട്ടമുണ്ടാക്കുന്നുവെന്ന് രാഹുല്‍ ഗാന്ധിയും അരവിന്ദ് കെജ്രിവാളുമൊക്കെ ഉള്‍പ്പെടുന്ന പ്രതിപക്ഷം നിരന്തരം ആക്ഷേപങ്ങള്‍ ഉന്നയിച്ചു കൊണ്ടിരിക്കുകയാണ്. ശരദ് പവാറുമായുള്ള അദാനിയുടെ അടുത്ത ബന്ധം വളരെക്കാലമായി ഒരു പരസ്യമായ രഹസ്യമാണ്. അതിനൊപ്പമാണ് തന്റെ അമ്മാവന്‍ ബിജെപിയുമായി രാഷ്ട്രീയ ഇടപാടുകളില്‍ ഏര്‍പ്പെട്ടിരുന്നു എന്ന അജിത്തിന്റെ വെളിപ്പെടുത്തലുകള്‍ ശരദ് പവാറിനെ ചുറ്റിപ്പറ്റിയുള്ള സംശയങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. പവാര്‍ കുടംബത്തിന് ഇതൊരു രാഷ്ട്രീയ ഖനിയാണ്. കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങളോട് വളരെ അടുത്ത് ബന്ധം നിലനിര്‍ത്തുന്ന നേതാവെന്ന് ശരദ് പവാറിനെതിരേ നേരത്തെ തന്നെ ആരോപണമുള്ളതുമാണ്.

Post Thumbnail
'ഗാന്ധി' സിനിമയ്ക്ക് മുമ്പ് മഹാത്മ ഗാന്ധിയെ ആര്‍ക്കും അറിയില്ലായിരുന്നുവെന്ന് നരേന്ദ്ര മോദിവായിക്കുക

അദാനി, അംബാനിമാരുടെ കീഴിലാകുന്ന ഇന്ത്യന്‍ ജേര്‍ണലിസം

സമീപ വര്‍ഷങ്ങളില്‍, പ്രത്യേകിച്ച് 2019 ല്‍ മഹാ വികാസ് അഘാഡി സര്‍ക്കാര്‍ രൂപീകരിച്ചതു മുതല്‍, ശക്തമായ ബിജെപി വിരുദ്ധ നിലപാടുകളാണ് ശരദ് പവാര്‍ സ്വീകരിച്ചു വരുന്നത്. സംസ്ഥാനത്തെ ബിജെപി, തങ്ങളുടെ യുടെ അഭിലാഷങ്ങളുടെ ഒരു പ്രധാന എതിരാളിയായാണ് ശരദ് പവാറിനെ കാണുന്നത്. തിരഞ്ഞെടുപ്പ് മുമ്പ് ഉണ്ടാക്കുന്ന കരാര്‍ പ്രകാരം മുഖ്യമന്ത്രി സ്ഥാനം ശിവസേനയ്ക്ക് കൈമാറാന്‍ അമിത് ഷാ സമ്മതിച്ചുവെന്ന ഉദ്ധവ് വിഭാഗം ശിവസേനയുടെ വെളിപ്പെടുത്തല്‍ എരിതീയില്‍ എണ്ണയൊഴുക്കുന്നതുപോലെയായി. 2019 ലെ സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ചുള്ള അജിത് പവാറിന്റെ വെളിപ്പെടുത്തല്‍, അദ്ദേഹത്തിന്റെ അമ്മാവന്റെ ബിജെപി വിരുദ്ധതെ ദുര്‍ബലപ്പെടുത്താന്‍ മാത്രമേ സഹായിക്കൂ. മാത്രമല്ല, ശരദ് പവാറിന്റെ രാഷ്ട്രീയ നിലപാടിനെ ചോദ്യം ചെയ്യുകയും ചെയ്യും.

ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം, ഈ വിവാദം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. മഹാരാഷ്ട്രയിലെ വോട്ടര്‍മാരുടെ ഒരു വിഭാഗം ബിജെപിയുടെ ഹിന്ദുത്വ അജണ്ടയോട് അനുഭാവം പുലര്‍ത്തുന്നവര്‍ ആണെങ്കിലും, അധികാരത്തിന്റെ ഇടനാഴികളില്‍ അദാനിയെപ്പോലുള്ള വ്യവസായികളുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനത്തില്‍ എതിര്‍പ്പുള്ളവരുമാണ്. അജിത് പവാറിന്റെ മനപ്പൂര്‍വമോ അല്ലാതെയോ ഉള്ള പരാമര്‍ശങ്ങള്‍ ജനങ്ങളുടെ പാര്‍ട്ടിയെന്ന ബിജെപിയുടെ പ്രതിച്ഛായയില്‍ ചെളിവാരിയെറിയലാണ്. സര്‍ക്കാര്‍ തീരുമാനങ്ങളില്‍ വന്‍കിട വ്യവസായികളുടെ സ്വാധീനമാണ് ഇവിടെ ഉയര്‍ത്തിക്കാട്ടപ്പെടുന്നത്. ഇത് രാഷ്ട്രീയമായി അപകടകരമായ സന്ദേശമാണ്, പ്രത്യേകിച്ചും രാഷ്ട്രീയവും വന്‍കിട ബിസിനസും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന അവിശുദ്ധ ബന്ധത്തെ പലരും സംശയത്തോടെ വീക്ഷിക്കുന്ന ഒരു സംസ്ഥാനത്ത്.

sharad pawar-gautam adani

അജിത് പവാറിനെ എങ്ങനെ നേരിടണമെന്ന കാര്യത്തില്‍ ബിജെപിക്കുള്ളില്‍ ഏറെക്കാലമായി ഭിന്നത നിലനില്‍ക്കുന്നുണ്ട്. ശരദ് പവാറിന്റെ നേതൃത്വത്തിനെതിരായ അദ്ദേഹത്തിന്റെ 2019 കലാപവും തുടര്‍ന്നുള്ള ബിജെപിയുമായുള്ള അദ്ദേഹത്തിന്റെ ഹ്രസ്വ സഖ്യവും പാര്‍ട്ടിക്കുള്ളിലെ പലര്‍ക്കും അത്ര രുചിച്ചിരുന്നില്ല. അഴിമതിയുടെ പേരില്‍ അദ്ദേഹത്തിനെതിരെ പ്രചാരണം നടത്തിയ കിരിത് സോമയ്യയെപ്പോലുള്ളവര്‍ക്ക് പ്രത്യേകിച്ച്. പ്രത്യയശാസ്ത്രത്തേക്കാള്‍ അവസരവാദ രാഷ്ട്രീയ നീക്കങ്ങള്‍ കൊണ്ടു നടക്കുന്ന അജിത്തിനെപ്പോലുള്ള ഒരു വ്യക്തിയുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധത്തില്‍ ബിജെപിയില്‍ നിന്നും ആര്‍എസ്എസില്‍ നിന്നും ആശങ്കകള്‍ ഉയര്‍ന്നിരുന്നു.

ഈ തിരഞ്ഞെടുപ്പ് സീസണില്‍ അജിത് പവാറിന്റെ തന്ത്രങ്ങള്‍ വ്യക്തമാണ്: ബിജെപിക്കും അമ്മാവനായ ശരദ് പവാറിനും ഇടയില്‍ വിള്ളല്‍ വീഴ്ത്തിക്കൊണ്ട് തന്റെ പ്രസക്തി നിലനിര്‍ത്തകയാണ് ലക്ഷ്യം. 2019 ലെ രാഷ്ട്രീയക്കളയില്‍ അദാനിയുടെ പങ്കാളിത്തത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ട്, ശരദ് പവാറിന് തുരങ്കം വയ്ക്കുക മാത്രമല്ല, സര്‍ക്കാരില്‍ കോര്‍പ്പറേറ്റ് ശക്തിയുടെ പങ്കിനെക്കുറിച്ചുള്ള അസുഖകരമായ ചോദ്യങ്ങളെ അഭിമുഖീകരിക്കാന്‍ ബിജെപിയെ നിര്‍ബന്ധിക്കുകയും ചെയ്യുകയാണ് അജിത്ത് ചെയ്തിരിക്കുന്നത്. ഈ ആരോപണങ്ങളെ ഫലപ്രദമായി നേരിടാന്‍ ബിജെപിക്ക് യഥാവിധി കഴിയുന്നില്ലെങ്കില്‍ മഹാരാഷ്ട്രയില്‍ അവര്‍ക്ക് കനത്ത തിരിച്ചടി കിട്ടും. അജിത് പവാറിന്റെ അഭിപ്രായങ്ങള്‍ കണക്കുകൂട്ടിയുള്ള രാഷ്ട്രീയ നീക്കം തന്നെയായിരിക്കാം. പക്ഷേ അയാള്‍ തൊടുത്തുവിട്ട അസ്ത്രം ഗൗതം അദാനിയുടെ സ്വാധീനത്തിലേക്കാണ് മഹാരാഷ്ട്ര രാഷ്ട്രീയത്തെ കൊണ്ടുചെന്നു തറച്ചിരിക്കുന്നത്‌. സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭാവിയില്‍ കോര്‍പ്പറേറ്റ് സ്വാധീനത്തെക്കുറിച്ചുള്ള ചോദ്യം ഒഴിവാക്കുന്നത് ബിജെപിക്ക് അസാധ്യമായിരിക്കുകയാണ്. തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, അദാനിയെ മാറ്റി നിര്‍ത്താന്‍ സാധ്യമല്ല.  Why Maharashtra’s Election Campaign Can’t Do Without Adani at Its Centre

Post Thumbnail
ഫഡ്‌നാവിസ് എന്ന കൗശലക്കാരന് ഇത്തവണ കാര്യങ്ങള്‍ അനുകൂലമാകുമോ?വായിക്കുക

Content Summary; Why Maharashtra’s Election Campaign Can’t Do Without Adani at Its Centre

×