February 13, 2025 |

ഇറാന്‍ പ്രസിഡന്റിന്റെ മരണത്തിന് പിന്നില്‍ അമേരിക്കയോ?

തീരാത്ത ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍

ഹെലികോപ്ടര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസി കൊല്ലപ്പെട്ടതിന് പിന്നാലെ വിവാദങ്ങളും പുകയുകയാണ്. അട്ടിമറിയാണെന്ന വാദമാണ് ആദ്യം ഉയര്‍ന്നത്. എന്നാല്‍ അപകട കാരണം കാലപഴക്കമുള്ള ഹെലികോപ്റ്റര്‍ ഉപയോഗിച്ചത് കൊണ്ടാണെങ്കില്‍ അതിന് കാരണം അമേരിക്കയാണെന്നാണ് ബലാറസ് പറയുന്നത്. പഴക്കം ചേര്‍ന്ന കോപ്റ്റര്‍ ഉപയോഗിക്കേണ്ടി വന്നത് നിര്‍ബന്ധിത സാഹചര്യം കൊണ്ടാണ്. അമേരിക്ക ഇറാന് മേല്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധത്തിന് വിഷയത്തില്‍ നിര്‍ണായക പങ്കാണുള്ളതെന്നും ബെലാറസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുകാഷെങ്കോ പറഞ്ഞു. അമേരിക്കയുടെ ദുഷ്ടത നിറഞ്ഞ തീരുമാനങ്ങളാണ് ഇത്രവലിയ അപകടത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ബെലാറസിലെ മിന്‍സ്‌കില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു ലുകാഷെങ്കോ യുഎസിനെതിരേ ആരോപണമുന്നതിച്ചെതെന്നതും പ്രസക്തമാണ്. ഇറാന്‍ സൈന്യം ഉപയോഗിക്കുന്ന അകമ്പടി കോപ്ടറുകള്‍ റഷ്യയില്‍ നിര്‍മിച്ചവയാണ്. അവ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പുടിനും ചൂണ്ടികാണിച്ചു.

തീരാത്ത ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍

ഇറാന്റെ മിസൈല്‍ പരീക്ഷണകാലം മുതലാണ് അമേരിക്ക സാമ്പത്തിക ഉപരോധങ്ങള്‍ നടത്താന്‍ തുടങ്ങിയത്. ഭീകരവാദം പ്രോല്‍സാഹിപ്പിക്കുന്നതിനായി ആയുധങ്ങള്‍ നിര്‍മിക്കുകയാണെന്നായിരുന്നു ഇറാനെതിരായ പ്രധാന ആരോപണവും. സാമ്പത്തിക ഉപരോധത്തിന് പുറമേ കമ്പനികള്‍ക്കും വ്യക്തികള്‍ക്കുമടക്കം അമേരിക്ക ഉപരോധം പ്രഖ്യാപിച്ചിരുന്നു. ഇതിനെയെല്ലാം പരോക്ഷമായി ചൂണ്ടികാണിച്ചായിരുന്നു ലുകാഷെങ്കോ തുറന്നടിച്ചത്. അതേസമയം, ഇറാന്‍ പ്രസിഡന്റിന്റെ മരണത്തിന്റെ കാരണം രാജ്യം ഇതുവരെ പുറത്ത് വിട്ടിട്ടില്ല. പശ്ചിമേഷ്യയിലെ സംഘര്‍ഷഭരിതമായ രാഷ്ട്രീയവസ്ഥയാണ് തുടക്കം മുതല്‍ അട്ടിമറി സംശയത്തിന്റെ നിഴലിലേക്ക് സംഭവത്തെ എത്തിച്ചത്. പ്രത്യേകിച്ച് ഇസ്രയേലുമായി പരസ്യ പോര്‍മുഖം തുറന്നിരിക്കുന്ന വേളയിലെ ദുരന്തം എന്ന നിലയില്‍ കൂടി ഇത് വിലയിരുത്തപ്പെട്ടു. കനത്ത മഞ്ഞും വഴി തെളിയാത്ത അന്തരീക്ഷവും കോപ്റ്റര്‍ അപകടത്തിന്റെ കാരണങ്ങള്‍ തന്നെയാണ്. പക്ഷേ, കൂട്ടത്തിലുള്ള രണ്ട് കോപ്റ്ററുകള്‍ സുരക്ഷിതമായി തിരിച്ചെത്തിയതാണ് സംശയത്തിന് ഒരു കാരണം. രണ്ടാമത്തെ ആരോപണം ഇറാന്റെ ഉള്ളില്‍ നിന്ന് തന്നെയുള്ളതാണ്. ശിയാ രാഷ്ട്രീയക്രമത്തിന്റെ നീതിന്യായം, ഭരണ നിര്‍വഹണം, നയരൂപവത്കരണം തുടങ്ങി സര്‍വ മേഖലയിലും വന്‍ സ്വാധീനമുള്ള റഈസി ആഭ്യന്തരമായി കടുത്ത എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിരുന്നുവെന്നതും വസ്തുതയാണ്. എന്നാല്‍ ഈ ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ അന്തരീക്ഷത്തില്‍ കറങ്ങി നടക്കുക മാത്രമാണ്. ഒന്നിനും സ്ഥിരീകരണമില്ല. അതേസമയം, മുന്‍പ് ഇറാനിലെ റവല്യൂഷനറി ഗാര്‍ഡ് തലവന്‍ ഖാസിം സുലൈമാനി 2020ല്‍ ഇറാഖിലെ ബഗ്ദാദ് വിമാനത്താവളത്തില്‍ വച്ച് കൊല്ലപ്പെട്ടിരുന്നു. ആദ്യം അമേരിക്കയ്‌ക്കെതിരേയായിരുന്നു ആരോപണം ഉയര്‍ന്നത്. ഇസ്രയേല്‍ ചാരതലവന്‍ മേജര്‍ ജനറല്‍ തമിര്‍ ഹേമാന്‍ പിന്നീട് ആ വധത്തിന് പിന്നില്‍ മൊസാദാണെന്ന് സ്ഥിരീകരിച്ചിരുന്നു. പക്ഷെ ആ ഉത്തരത്തിനായി ഇറാന് ഹേമാന്‍ വിരമിക്കുന്ന കാലം വരെ കാത്തിരിക്കേണ്ടി വന്നു. അതുപോലൊരു വെളിപ്പെടുത്തല്‍ റഈസിയുടെ മരണത്തിലും പ്രതീക്ഷിക്കാവുന്നതാണ്.

 

 

English Summary; Putin ally Belarus President Lukashenko blames US sanctions for Iran’s Raisi’s death

×