January 21, 2025 |

തീകോരിയിട്ട് അന്‍വര്‍; പൂര്‍ണ സ്വതന്ത്രനാകാനോ തീരുമാനം?

താന്‍ അപമാനിക്കപ്പെട്ടിരിക്കുന്നു എന്നാണ് അന്‍വര്‍ പറഞ്ഞിരിക്കുന്നത്

അഭിമാനം വൃണപ്പെട്ട അന്‍വര്‍ പൂര്‍ണ സ്വതന്ത്രനാകുമോ? മുഖ്യമന്ത്രിയെയും സിപിഎം നേതൃത്വത്തെയും തള്ളി വീണ്ടും പരസ്യ പ്രതികരണത്തിന് തയ്യാറെടുത്തിരിക്കുകയാണ്. വ്യാഴാഴ്ച്ച വൈകിട്ട് നാലരയ്ക്ക് വാര്‍ത്ത സമ്മേളനം വിളിച്ചിട്ടുണ്ട്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഒന്നും നിര്‍ത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന് നിലമ്പൂര്‍ എംഎല്‍എ വ്യക്തമാക്കിയിരിക്കുന്നത്. വൈകാരികമായ കുറിപ്പാണ് ഇത്തവണത്തേത്. ‘ വിശ്വാസങ്ങള്‍ക്കും, വിധേയത്വത്തിനും, താത്കാലികതയ്ക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണ് ആത്മാഭിമാനം, അതിത്തിരി കൂടുതലുണ്ട്. ” നീതിയില്ലെങ്കില്‍ നീ തീയാവുക” എന്നാണല്ലോ’ – ഇതാണ് അന്‍വറിന്റെ വാക്കുകള്‍. മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിനും സിപിഎം നേതൃത്വം പുറത്തിറക്കിയ പരസ്യ പ്രസ്താവനയിലെ അഭ്യര്‍ത്ഥനയ്ക്കും പിന്നാലെ നിശബ്ദമാകുമെന്ന് കരുതിയിടത്ത് നിന്നാണ് അന്‍വര്‍ ‘ തീയാകാന്‍’ ഒരുങ്ങിയിരിക്കുന്നത്.

സെപ്തംബര്‍ 24 ലെ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പരസ്യ നിലപാടുകള്‍ക്ക് ഇനിയില്ലെന്ന് വ്യക്തമാക്കിയ അന്‍വറാണ് രണ്ട് ദിവസത്തിന് ശേഷം വീണ്ടും വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്. കൂടുതല്‍ ആളിപ്പടരാനാണോ, അത് കെട്ടടങ്ങാനാണോ ഉദ്ദേശമെന്ന് അറിയില്ല. എന്തായാലും സിപിഎമ്മിനുള്ളില്‍ തീ കോരിയിട്ടുകൊണ്ട് തന്നെയാണ് ഒടുവിലത്തെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഡീകോഡ് ചെയ്‌തെടുക്കേണ്ട കാര്യമില്ല. എല്ലാം വ്യക്തമാണ്. താന്‍ അപമാനിക്കപ്പെട്ടിരിക്കുന്നു എന്നാണ് അന്‍വര്‍ പറഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രിയെയോ പാര്‍ട്ടിയെയോ വിശ്വാസിക്കാന്‍ ഇനിയും താത്പര്യമില്ലെന്നും വ്യക്തമാക്കിയിരിക്കുന്നു. നിലമ്പൂര്‍ എംഎല്‍എയും സിപിഎമ്മുമായുള്ള ബന്ധത്തിന് അവസാനമായിരിക്കുന്നു എന്നൊരു വ്യാഖ്യാനം കൂടി ഇതിലുണ്ട്. ഇന്നത്തെ വാര്‍ത്തസമ്മേളനം ഒരുമിച്ച് പോകാന്‍ ഇനിയാകില്ല എന്ന പ്രഖ്യാപനത്തിനാണെന്നാണ് സൂചന. ഒരുപക്ഷേ എംഎല്‍എ സ്ഥാനം തന്നെ രാജിവയ്ക്കാനും സാധ്യതയുണ്ട്. മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്തി തന്റെ ശക്തി തെളിയിക്കാനും അന്‍വര്‍ ലക്ഷ്യമിടുന്നുണ്ടാകാം. പ്രത്യക്ഷ പിന്തുണ കിട്ടിയില്ലെങ്കിലോ, സ്വീകരിച്ചില്ലെങ്കിലോ തന്നെ, അന്‍വറിനെ വിജയിപ്പിക്കാന്‍ യുഡിഎഫ് ശ്രമിച്ചേക്കാം. പിണറായി വിജയന്‍ സര്‍ക്കാരിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ പ്രഹരം അന്‍വര്‍ ആണെന്ന് പ്രതിപക്ഷത്തിന് അറിയാം. ശേഷിക്കുന്ന ഒന്നര വര്‍ഷത്തില്‍ അന്‍വറിനെ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തിയാല്‍ എല്‍ഡിഎഫ് സര്‍ക്കാരിന് ഉണ്ടാകുന്ന പരിക്കുകള്‍ യുഡിഎഫിന് കൂടുതലായി ഗുണം ചെയ്യും. അതുകൊണ്ട് തന്നെ നിലമ്പൂര്‍ കൈവിട്ടാണെങ്കിലും മറ്റൊരു രാഷ്ട്രീയക്കളിക്കായിരിക്കാം ലീഗും കോണ്‍ഗ്രസും തയ്യാറാവുക. ഇവിടെ അന്‍വറിന്റെ നിലപാടുകള്‍ കൂടി കണക്കിലെടുക്കണം. ഇതുവരെ സര്‍ക്കാരിനെയോ മുഖ്യമന്ത്രിയെയോ സിപിഎം നേതൃത്വത്തെയോ അന്‍വര്‍ നേരിട്ട് ആക്രമിച്ചിട്ടില്ല. ആഭ്യന്തര വകുപ്പിനെതിരെയാണ് പോരാട്ടം. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി, എഡിജിപി എം ആര്‍ അജിത്ത് കുമാര്‍ എന്നിവരാണ് ഇതുവരെ പ്രഖ്യാപിത ശത്രുക്കള്‍.

തന്നെ മുഖ്യമന്ത്രിയും പാര്‍ട്ടിയും പൂര്‍ണമായി കൈവിട്ടു എന്ന തിരിച്ചറിവിലാണ് അന്‍വര്‍ ഇപ്പോഴുള്ളത്. സോഷ്യല്‍ മീഡിയയില്‍ ഇതുവരെ പിന്തുണച്ചിരുന്ന സൈബര്‍ വിഭാഗങ്ങളിലും മനം മാറ്റം വന്നിട്ടുണ്ട്. പാര്‍ട്ടിയാണ് വലുത് അന്‍വര്‍ അല്ല എന്ന പ്രചാരണം വ്യാപിക്കുന്നുണ്ട്. ഇതുവരെ തനിക്കുണ്ടായിരുന്ന വീരപരിവേഷം നഷ്ടപ്പെടുകയാണെന്ന തോന്നല്‍ അന്‍വറിനും വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഗെയിം ചെയ്ഞ്ചിനുള്ള സമയമായിട്ടുണ്ടെന്ന കണക്കുക്കൂട്ടല്‍ അദ്ദേഹം നടത്തിയിട്ടുണ്ടാകും. എഡിജിപിയെയോ ശശിയെയോ മുഖ്യമന്ത്രി കൈവിടാന്‍ ഒരുക്കമല്ല. ശശിയിലേക്ക് ഒരുതരത്തിലുള്ള അന്വേഷണവും പോകില്ല. ശശിയില്‍ പൂര്‍ണ വിശ്വാസമാണ് മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും. അജിത്കുമാറിനെതിരേ അന്വേഷണങ്ങളൊക്കെ നടക്കുന്നുണ്ടെങ്കിലും, അതുകൊണ്ട് താന്‍ പ്രതീക്ഷിക്കുന്ന പ്രയോജനമൊന്നും ഉണ്ടാകില്ലെന്ന് അന്‍വറിനറിയാം.

Post Thumbnail
ആറാം സെക്കന്റിൽ ഗോൾവായിക്കുക

അന്‍വര്‍ കഴിഞ്ഞ ദിവസം എടവണ്ണ റിദാന്‍ ബാസില്‍ കൊലക്കേസുമായി ബന്ധപ്പെട്ട് ഇട്ട പോസ്റ്റിലും ക്രമസമാധാന ചുമതലയുള്ള എഡിജിപിയായ അജിത് കുമാറിനെതിരായ ആരോപണം ഉയര്‍ത്തിയിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുണ്ടായ കൊലപാതകമാണിതെന്നാണ് ആരോപണം. ഈ വിഷയത്തിലും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന പരിവേദനം വ്യക്തമാക്കിയിട്ടുണ്ട്. അതിനു മുമ്പാണ് വനം വകുപ്പുമായി ബന്ധപ്പെട്ട ചടങ്ങില്‍, വനം മന്ത്രിയുടെ സാന്നിധ്യത്തില്‍ തന്നെ ഉദ്യോഗസ്ഥരെ പരസ്യമായി ശകാരിച്ച് പ്രസംഗിച്ചത്. പലതരത്തില്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന പ്രവര്‍ത്തികളും വാക്കുകളും അന്‍വര്‍ ആവര്‍ത്തിക്കുന്നത്, ഇനിയൊരു ഒത്തുതീര്‍പ്പിന് താനില്ലെന്ന സൂചന നല്‍കി കൊണ്ടാണ്.

മുഖ്യമന്ത്രി പരസ്യമായി തള്ളിയതിന് പിന്നാലെ, ഫെയ്‌സ്ബുക്കിലെ കവര്‍ ഫോട്ടോയില്‍ നിന്ന് അന്‍വര്‍ മുഖ്യമന്ത്രിയെയും ‘ വെട്ടി’ യിരുന്നു. അഭിമാനം നഷ്ടപ്പെട്ടവന്റെ വേദനയിലാണ് ഇപ്പോഴെന്നാണ് സ്വയം വ്യക്തമാക്കിയിരിക്കുന്നത്. കൂടുതല്‍ നാണംകെടാന്‍ തയ്യാറല്ലെന്നാണെങ്കില്‍, ഇനി അന്‍വര്‍ സിപിഎമ്മിനൊപ്പം ഉണ്ടാകില്ല. അക്കാര്യം മറ്റുള്ളവരെക്കാള്‍ മുമ്പ് പാര്‍ട്ടി മനസിലാക്കിയിരിക്കണം. പോകുന്നെങ്കില്‍ പോയ്‌ക്കൊട്ടെ എന്ന മനോഭാവത്തോടെയാണ് പിണറായി വിജയനും ഗോവിന്ദനുമെല്ലാം പ്രതികരിച്ചിരിക്കുന്നത്. അന്‍വര്‍ പോയാലും, നിന്നാലും സിപിഎമ്മിനും സര്‍ക്കാരിനും ഇപ്പോഴുണ്ടായിരിക്കുന്ന പരിക്കുകള്‍ ഉണങ്ങാന്‍ പോകുന്നില്ല. കൂടെ നിന്നുണ്ടാക്കിയതിനെക്കാള്‍ വലിയ നഷ്ടങ്ങള്‍ പുറത്തു നിന്നുണ്ടാക്കുമോയെന്ന ആവലാതി പാര്‍ട്ടിക്കുണ്ടോയെന്ന് അറിയില്ല. ഇതുവരെ അന്‍വറിനെ അനുനയിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് അന്‍വറിന്റെ ഇന്നത്തെ വാര്‍ത്താസമ്മേളനം വ്യക്തമാക്കിയിരിക്കുന്നത്. PV Anvar is ready to meet press, what will be his next move?

Content Summary; PV Anvar is ready to meet press, what will be his next move?

×