July 15, 2025 |

സി.പി.എമ്മിന്റെ അന്‍വര്‍ പ്രതിസന്ധി

അന്‍വര്‍ പുറത്ത് പോയത് കൊണ്ട് അന്‍വര്‍ ഇടത് പക്ഷത്ത് നിന്ന് ഒരു ചോദ്യമെങ്കിലും പാര്‍ട്ടിക്കകത്തും പൊതുസമൂഹത്തിലും പ്രതിദ്ധ്വനിച്ച് കൊണ്ടിരിക്കും- കേരളത്തിലെ പോലീസിന്റെ സംഘപരിവാര്‍ ബാന്ധവം

നിലമ്പൂര്‍ എം.എല്‍.എ പി.വി.അന്‍വര്‍ സി.പി.എം നേതൃത്വത്തേയും മുഖ്യമന്ത്രി പിണറായി വിജയനേയും രൂക്ഷമായി വിമര്‍ശിച്ച് എല്‍.ഡി.എഫില്‍ നിന്ന് പുറത്തേയ്ക്കുള്ള വാതില്‍ സ്വയം തുറന്ന് ഇറങ്ങിയതിന് കേരളത്തിലെ രാഷ്ട്രീയ സമൂഹത്തില്‍ എന്ത് പ്രത്യാഘാതമാണ് ഉണ്ടാക്കുക? സി.പി.എമ്മിന് അത് രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിക്കുമോ? അന്‍വര്‍ യുഡിഎഫിന്റെ ഭാഗമാകുമോ? അതോ മലബാറിലെ മുസ്ലീം രാഷ്ട്രീയത്തിന്റെ പുതിയ മുഖവും ബദല്‍ ശക്തിയുമായി മാറുമോ?

നിലമ്പൂരിലും മലപ്പുറത്തിനും വയനാടിനും മലബാറിനും അപ്പുറത്തേയ്ക്ക് പി.വി.അന്‍വര്‍ എന്ന ഇടത്പക്ഷ സ്വതന്ത്ര എം.എല്‍.എ ശ്രദ്ധേയനായി മാറിയത് കേരള സമൂഹത്തിനെ വിഭജിപ്പിക്കുന്നതിനും നുണകളും വ്യാജങ്ങളും കള്ളക്കഥകളും പരത്തുന്ന ഒരു യൂട്യൂബ് ചാനലിനെതിരെ പ്രതികരിച്ച് കൊണ്ട് രംഗത്ത് എത്തിയതോടെയാണ്. സി.പി.എമ്മിനെതിരെയും പല നേതാക്കള്‍ക്കെതിരെയും കേരളത്തിലെ ജനാധിപത്യ ഇടത്തിനെതിരേയും അര്‍ദ്ധസത്യങ്ങളും നുണകളും വിളിച്ച് പറയുന്ന ഈ യൂട്യൂബ് ചാനല്‍ സമൂഹത്തിലെ ഒരു പൊതുശല്യം ആയത് കൊണ്ട് തന്നെ വലിയ ജനപിന്തുണയും അന്‍വറിന് ലഭിച്ചു. എന്നാല്‍ അതിനെതിരെ ആരംഭിച്ച പല നടപടികളും പകുതി വഴിക്ക് നിലച്ച് പോയി. സംസ്ഥാന സര്‍ക്കാരിന്റെ താത്പര്യക്കുറവാണോ അതോ പോലീസിന്റെ ഒത്തുതീര്‍പ്പാണോ എന്ന് വ്യക്തമല്ലാത്ത വിധം ഈ നടപടികള്‍ അവസാനിക്കുകയും ആ യൂട്യൂബ് ചാനല്‍ വഴി സമൂഹത്തില്‍ വിഷം കലര്‍ത്തുന്നത് തുടരുകയും ചെയ്തു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇടത് പക്ഷത്തിന്, പ്രത്യേകിച്ചും സി.പി.എമ്മിനേറ്റ കനത്ത തിരിച്ചടിക്ക് ശേഷം കൈക്കൊള്ളേണ്ട നടപടികളെ കുറിച്ചുള്ള ചര്‍ച്ച നടന്ന് കൊണ്ടിരിക്കേയാണ് അന്‍വര്‍ അടുത്ത യുദ്ധത്തിന് ഇറങ്ങി തിരിച്ചത്. അത് കേരളത്തിലെ പോലീസിലെ ഒരു വിഭാഗം സംഘപരിവാറിന്റെ താത്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നു എന്ന ആരോപണമായിരുന്നു. അതില്‍ കൃത്യമായും ഒരാളെ -ക്രമസമാധാനത്തിന്റെ ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്‍.അജിത് കുമാറിനെ- കേന്ദ്രീകരിച്ചായിരുന്നു അന്‍വറിന്റെ ആരോപണം. അജിത് കുമാറിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും നേരത്തേ തന്നെ വിവാദ പുരുഷനുമായ പി.ശശിയാണ് എന്ന് കൂടി അന്‍വര്‍ ആരോപണം ഉയര്‍ത്തിയതോടെ കാര്യങ്ങള്‍ പുതിയ തലത്തിലേയ്ക്ക് പ്രവേശിച്ചു.

തിരഞ്ഞെടുപ്പ് തോല്‍വിയുടെ പാഠങ്ങള്‍
അന്‍വറിന്റെ ആരോപണങ്ങളില്‍ ഏറ്റവും പ്രധാനം കേരള പോലീസിന്റെ സംഘപരിവാര്‍ ബന്ധമായിരുന്നുവെന്നത് കൊണ്ട് സി.പി.എമ്മിന്റെ തന്നെ അണികളുടേയും സി.പി.ഐ തുടങ്ങിയ ഘടകകക്ഷികളുടെയും പരോക്ഷ പിന്തുണ അന്‍വറിന് ആ ഘട്ടത്തില്‍ ലഭിച്ചു. വിവാദ യൂട്യൂബ് ചാനലിന് എതിരേയും കേരള പോലീസിലെ ആര്‍.എസ്.എസ് മുഖത്തിനെതിരേയും സര്‍ക്കാര്‍ തുടരുന്ന വിട്ടുവീഴ്ചകള്‍ അണികളില്‍ തന്നെ ചര്‍ച്ചാവിഷയമായിരുന്നത് കൊണ്ട് ഇത് എളുപ്പവുമായി. സി.പി.എമ്മിന്റെ പ്രാദേശിക പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെല്ലാം പോലീസില്‍ നിന്ന് ധാരാളം തിക്താനുഭവങ്ങള്‍ ഈ ഭരണ കാലയളവില്‍ ഉണ്ടായിരുന്നത് പാര്‍ട്ടിക്കകത്ത് പുകഞ്ഞ് കൊണ്ടിരിക്കുമ്പോഴാണ് ഇത് തുറന്ന് പറയുന്ന ഒരാള്‍ രംഗത്തെത്തുന്നത്.

തിരഞ്ഞെടുപ്പ് തോല്‍വിയുടെ വിശകലനത്തില്‍ സി.പി.എമ്മില്‍ നിന്ന് പാര്‍ട്ടിയെ പരമ്പരാഗതമായി പിന്തുണച്ചിരുന്ന ഈഴവ സമൂഹത്തില്‍ നിന്ന് വലിയ വോട്ട് ചോര്‍ച്ചയുള്ള കാര്യം വ്യക്തമായിരുന്നു. സി.പി.എം മുസ്ലീം പ്രീണനം നടത്തുന്നുവെന്ന ചില യൂട്യൂബ് ചാനലുകള്‍ മുതല്‍ ബി.ജെ.പിയും ഒരു വിഭാഗം ക്രിസ്ത്യന്‍ ഗ്രൂപ്പുകളും നടത്തുന്ന പ്രചാരണവും വരെ ഈ വിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നാണ് തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം പാര്‍ട്ടി നടത്തിയ വിലയിരുത്തലുകളില്‍ വ്യക്തമായത്. സി.പി.എമ്മിന്റെ പലസ്തീന്‍ അനുകൂല നിലപാടുകള്‍ മുതല്‍ പൗരത്വ ബില്ലിനെതിരെ നടത്തിയപ്രക്ഷോഭം വരെ മുസ്ലീം പ്രീണനത്തിനുള്ള ശ്രമമാണ് എന്ന പ്രചാരണം ഉണ്ടായി. അതേ സമയം ദേശീയ തലത്തില്‍ ബി.ജെ.പിയോട് ഏറ്റുമുട്ടുന്ന കോണ്‍ഗ്രസാകട്ടെ ഇത്തരത്തിലുള്ള ഒരു നിലപാടുകളും കൈക്കൊള്ളുന്നില്ല. രാമക്ഷേത്രത്തിനെതിരെ സി.പി.എമ്മിന്റെ പല നേതാക്കളും കൈക്കൊണ്ട നിലപാടും മുസ്ലീം പ്രീണനവും ഹിന്ദുവിരുദ്ധവുമായി പ്രചരിക്കപ്പെട്ടു. അതേസമയം രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അവരുടെ സവര്‍ണ ഹിന്ദു അസ്തിത്വത്തില്‍ അഭിമാനിക്കുന്നവരും രാമക്ഷേത്രത്തിനെ ബഹുമാനിക്കുന്നവരുമാണ്. ഈ പ്രചാരണത്തിനൊപ്പം കേരളത്തില്‍ ശക്തി പ്രാപിക്കുന്ന മുസ്ലീം വിരുദ്ധതയും ചേര്‍ന്നാണ് സി.പി.എമ്മിന്റെ എക്കാലത്തേയും ഉറച്ച പിന്നാക്ക ഹിന്ദു വോട്ടുകളെ കോണ്‍ഗ്രസിലേയ്ക്കും ബി.ജെ.പിയിലേയ്ക്കും തിരിച്ച് വിട്ടത് എന്നാണ് വിലയിരുത്തല്‍.

അതേസമയം മുസ്ലീം വോട്ടുകള്‍ സി.പി.എമ്മിന് അനുകൂലവും ആയില്ല. അതിന് പ്രധാന കാരണം കേരള പോലീസിന്റെ മുസ്ലീം വിരുദ്ധ സമീപനങ്ങള്‍ തന്നെയാണ്. മുസ്ലീം സംഘടനകളില്‍ പെട്ടവര്‍ പ്രതികളായ കേസുകളിലും സംഘപരിവാര്‍ സംഘടനകളില്‍ പെട്ടവര്‍ പ്രതികളായ കേസുകളും രണ്ട് തരം സമീപനമാണ് കേരള പോലീസ് കഴിഞ്ഞ കാലങ്ങളില്‍ കൈക്കൊള്ളുന്നത് എന്നതിന് ധാരാളം തെളിവുകള്‍ പൊതുസമൂഹത്തിന് മുന്നിലുണ്ട്. ആലപ്പുഴ കൊലപാതകങ്ങളും കാസര്‍ഗോഡ് മൗലവി വധക്കേസും ഉദാഹരണം മാത്രം. കളമശേരി സ്‌ഫോടനത്തിന്റെ ദിവസവും മറ്റ് കേസുകളില്‍ പ്രതികളായ മുസ്ലീം നാമധാരികള്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ള അപമാനവുമെല്ലാം വിവിധ പ്ലാറ്റ്ഫോമുകളില്‍ വലിയ ചര്‍ച്ചയായി. മുസ്ലീം ലീഗിന് അനുകൂലമായി വര്‍ഷങ്ങളായി നിലപാടുകളെടുക്കുന്ന ഇ.കെ.വിഭാഗം സുന്നികള്‍ക്കും കാന്തപുരം വിഭാഗം സുന്നികള്‍ക്കും ഇടത് പക്ഷത്തോടും പിണറായി വിജയനോടും പലകാര്യങ്ങളും അനുഭാവമുണ്ടായിട്ട് പോലും കേരള പോലീസിന്റെ തുടര്‍ച്ചയായ നടപടികള്‍ മുസ്ലീം വിരുദ്ധതയ്ക്ക് സാക്ഷ്യമായി മാറി.

തൃശൂര്‍ പൂരം വിവാദവും എ.ഡി.ജി.പിയുടെ ആര്‍.എസ്.എസ് കൂടിക്കാഴ്ചയും
കേരള പോലീസിന്റെ സംഘപരിവാര്‍ ചായ്വിനെ സി.പി.എമ്മിന്റെ, പ്രത്യേകിച്ചും പിണറായി വിജയന്റെ കേന്ദ്രസര്‍ക്കാരുമായുള്ള ഒത്തുതീര്‍പ്പിന്റെ ഫലമായുള്ളതാണെന്ന വ്യാഖ്യാനം ഒരു വിഭാഗം ഈ സാഹചര്യത്തില്‍ വളരെ വിദഗ്ദ്ധമായി ഉപയോഗിച്ചു. ഈ പ്രചാരണത്തിനെ സര്‍ക്കാരിന്റെ നിലപാടുകള്‍ കൊണ്ടും സി.പി.എമ്മിന്റെ അതിദീര്‍ഘമായ ആര്‍.എസ്.എസ് വിരുദ്ധ നിലപാടുകള്‍ കൊണ്ടും മറികടക്കാം എന്നായിരുന്നു ഇടത് പക്ഷത്തിന്‍െ വ്യാമോഹം. എന്നാല്‍ അത് മുസ്ലീം ജനവിഭാഗങ്ങള്‍ക്കിടയില്‍ പൊതുവേ സി.പി.എം കൈക്കൊള്ളുന്ന ഇത്തരം നിലപാടുകള്‍ സംശയമായി മാറി. അതിന്റെ പരിണാമഗുപ്തിയായിരുന്നു ആര്‍.എസ്.എസ് മേധാവികളുമായി എ.ഡി.ജി.പി അജിത്കുമാര്‍ നടത്തിയ കൂടിക്കാഴ്ച.

തൃശൂര്‍ പൂരം അലങ്കോലമാക്കുന്നതിനും അതിന്റെ മത-രാഷ്ട്രീയ വികാരം ബി.ജെ.പിക്ക് അനുകൂലമാക്കി മാറ്റുന്നതിനും ഉള്ള ഗൂഢാലോചനയായിരുന്നു എ.ഡി.ജി.പി-ആര്‍.എസ്.എസ് കൂടിക്കാഴ്ച എന്ന പി.വി.അന്‍വറിന്റെ പ്രസ്താവന വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചു. ഇതിന് മുമ്പും പലപ്പോഴും ആര്‍.എസ്.എസ്-മായി എ.ഡി.ജി.പി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും പല പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ പങ്കുണ്ടെന്നും ഇക്കാര്യം അറിയാവുന്ന മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി എല്ലാം മറച്ചുവെച്ചുവെന്നും പി.വി. അന്‍വര്‍ പറഞ്ഞത് പലരുടേയും സംശയങ്ങളെ ശരിവയ്ക്കുന്നതായിരുന്നു. പി. ശശിയാകട്ടെ എത്രയോ കാലമായി വിവാദങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന ആളാണ്. അതുകൊണ്ട് തന്നെ അന്‍വറിന് സി.പി.എമ്മിനുള്ളില്‍ നിന്ന് മുതല്‍ അതുവരെ അന്‍വറിനെ കള്ളക്കടത്തുകാരനെന്നും മുതലാളിയെന്നും പരിസ്ഥിതി വിരുദ്ധന്‍ എന്നുമെല്ലാം പറഞ്ഞ് ആക്ഷേപിച്ചിരുന്ന ലിബറല്‍ ഇടത് പുരോഗമന വാദികളില്‍ നിന്ന് വരെ പിന്തുണ ലഭിച്ചു.

തൃശൂര്‍ ലോകസഭ തിരഞ്ഞെടുപ്പില്‍ സി.പി.ഐയ്ക്ക് കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ വോട്ട് ലഭിച്ചുവെന്നും ഇത്തവണ മൂന്നാം സ്ഥാനത്തായി പോയ കോണ്‍ഗ്രസിന് കഴിഞ്ഞ കാലത്ത് ലഭിച്ച വോട്ടുകളിലേറെയാണ് ബി.ജെ.പിയിലേയ്ക്ക് പോയത് എന്ന വസ്തുത നിലനില്‍ക്കേ തന്നെ സി.പി.എമ്മും പിണറായി വിജയനും ഒത്തുകളിച്ചാണ് തൃശൂര്‍ പൂരം കലക്കിയത് എന്നും അത് ബി.ജെ.പിയെ ജയിപ്പിക്കാനാണ് എന്നുമുള്ള പ്രചരണം ശക്തമായി. ഇതിനെ തടയാനോ ഫലപ്രദമായി ചെറുക്കാനോ ഇടത് പക്ഷത്തിന് സാധിച്ചില്ല. തങ്ങളുടെ ദീര്‍ഘകാലമായ സംഘപരിവാര്‍ വിരുദ്ധ നിലപാട് എല്ലാക്കാലവും ഇത്തരം ആരോപണങ്ങള്‍ക്കെതിരെയുള്ള രാഷ്ട്രീയ പരിചയായി പ്രവര്‍ത്തിക്കുമെന്ന അവരുടെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായാണ് കാര്യങ്ങള്‍ സംഭവിക്കുന്നത്.

ലക്ഷ്യം മലബാറിലൊരു മൂന്നാം ശക്തിയോ?
ചര്‍ച്ചകളും സംവാദങ്ങളും അവസാനിപ്പിച്ച് അന്‍വറിന്റെ പുറത്തേയ്ക്കുള്ള ഇറങ്ങല്‍ ഒരു തരത്തില്‍ സി.പി.എമ്മിന്റെ സംഘടന സംവിധാനത്തിന് ഗുണകരമായി മാറി. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ കുടുംബത്തിനും എതിരെ എതിരാളികള്‍ കുറച്ച് കാലമായി നടത്തുന്ന ആരോപണങ്ങള്‍ ആവര്‍ത്തിച്ച് ഒത്തുതീര്‍പ്പിനും ചര്‍ച്ചയ്ക്കുമുള്ള വഴി തകര്‍ത്താണ് അദ്ദേഹം പുറത്തേയ്ക്ക് ഇറങ്ങിയിത്. അതേസമയം അന്‍വര്‍ ഉന്നയിച്ച പ്രാഥമികമായ ചോദ്യങ്ങള്‍ ബാക്കിയാണ് താനും. ശബരിമല കാലം മുതല്‍ സംഘപരിവാറുമായുള്ള കേരളത്തിലെ പോലീസിന്റെ ബാന്ധവം വ്യക്തമാണ്. അതുകൊണ്ട് തന്നെ എ.ഡി.ജി.പി ക്കെതിരെ അന്വേഷണം നടക്കുമ്പോള്‍ അദ്ദേഹം സ്ഥാനത്ത് നിന്ന് മാറി നില്‍ക്കേണ്ടതല്ലേ? സമൂഹത്തിന്റെ ജനാധിപത്യത്തിനും മതേതരത്വത്തിനും വെല്ലുവിളിയായി പ്രവര്‍ത്തിക്കുന്ന യൂട്യൂബ് സ്ഥാപനങ്ങള്‍ക്കെതിരെ എന്ത് നടപടികള്‍ കൈക്കൊണ്ടു? ഇത് സി.പി.എമ്മിന്റെ അണികളും ഉയരുന്ന ചോദ്യമാണ്. പക്ഷേ പാര്‍ട്ടിയെ വെല്ലുവിളിച്ചും മലപ്പുറം ജില്ലാ സെക്രട്ടറിയെ ആര്‍.എസ്.എസ് അനുഭാവിയെന്ന് വിശേഷിപ്പിച്ചും മുസ്ലീം അസ്തിത്വമാണ് തനിക്ക് സി.പി.എമ്മില്‍ ഉണ്ടാകുന്ന പ്രതിസന്ധിയെന്നും അബ്ദുള്ള കുട്ടിയുടെ തലത്തില്‍ പ്രതികരിക്കാന്‍ അന്‍വര്‍ ആരംഭിക്കുന്നതോടെ ഇടത് പക്ഷത്തിന്റെ എതിരാളികളുടെ മാത്രം നായകനായി അന്‍വര്‍ മാറുകയാണ്.

കെ.ടി ജലീല്‍, പി.ടി.എ റഹീം, കാരാട്ട് റസാഖ് എന്നിവരടക്കം പല കാലങ്ങളില്‍ കോണ്‍ഗ്രസില്‍ നിന്നും മുസ്ലീം ലീഗില്‍ നിന്നും പിണങ്ങിയും വിയോജിച്ചും പുറത്ത് പോയവരെ ഒരുമിപ്പിച്ചു മലബാറിലൊരു മൂന്നാം ശാക്തിക ചേരി സൃഷ്ടിക്കുകയാണ് പി.വി.അന്‍വറിന്റെ ലക്ഷ്യമെന്ന് സൂചനകളുണ്ട്. മുസ്ലീം ലീഗിനകത്തും ഒരു വിഭാഗം സുന്നി ഗ്രൂപ്പുകളിലും കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തോട് കടുത്ത വിയോജിപ്പുകളുണ്ട്. ജമാഅത്തെ ഇസ്ലാമി മാത്രമാണ് അതിനോട് പ്രശ്നങ്ങളില്ലാതെ കോണ്‍ഗ്രസിനെ ഏത് നിലയിലും പിന്തുണയ്ക്കുന്നത്. അതുകൊണ്ട് തന്നെ ഇടത് പക്ഷത്തോടും യു.ഡി.എഫിനോടും വിലപേശല്‍ ശക്തിയുള്ള ഒരു മൂന്നാം ചേരി മലബാറില്‍ ഉണ്ടായി വരികയാണെങ്കില്‍ അത് ഗുണം ചെയ്യുമെന്നാണ് പലരുടേയും നിരീക്ഷണം. സോഷ്യല്‍ മീഡിയില്‍ ഇടത് പക്ഷത്തോട് ഏറ്റവും കൂടുതല്‍ ആശയപരമായ പോരാട്ടം നയിക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടി അടക്കമുള്ളവരുടെ പിന്തുണയും ഈ നീക്കത്തിന് ഉണ്ടെന്ന് പറയപ്പെടുന്നു. എന്നാല്‍ കോണ്‍ഗ്രസിലേക്കോ ലീഗിലേക്കോ പോകുന്നതാകും അന്‍വറിന് കുറച്ച് കൂടി നല്ലത് എന്ന വാദവും ശക്തമായുണ്ട്. വി.ഡി.സതീശന്‍ ഒഴികെയുള്ള നേതാക്കള്‍ക്ക് അന്‍വറിനെ തിരിച്ച് കോണ്‍ഗ്രസിലേയ്ക്ക് സ്വീകരിക്കാന്‍ മടിയൊന്നുമില്ല. കഴിഞ്ഞ കാലങ്ങളില്‍ ലീഗ് അണികളേയും കോണ്‍ഗ്രസിനേയും അന്‍വര്‍ കണക്കില്ലാതെ പരിഹസിച്ചിട്ടുണ്ടെങ്കിലും രാഷ്ട്രീയത്തില്‍ വിട്ടുവീഴ്ചകളും മറവികളും സ്വാഭാവികമാണ്.

അന്‍വര്‍ പാര്‍ട്ടിയെ വെല്ലുവിളിച്ചും തള്ളിപ്പറഞ്ഞും നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചും പുറത്തിറങ്ങിയത് കൊണ്ട് അണികളുടെ പിന്തുണ തിരിച്ച് പിടിക്കാന്‍ സി.പി.ഐ.എമ്മിനും സാധിക്കും. വി.എസ്. അച്യുതാനന്ദന്‍ കാലത്തിന് ശേഷം സി.പി.എമ്മിലുണ്ടായ ആഭ്യന്തര കോലാഹലം അങ്ങനെ ആഴ്ചകള്‍ കൊണ്ട് അസ്തമിച്ചു. പക്ഷേ അന്‍വര്‍ പുറത്ത് പോയത് കൊണ്ട് അന്‍വര്‍ ഇടത് പക്ഷത്ത് നിന്ന് ഒരു ചോദ്യമെങ്കിലും പാര്‍ട്ടിക്കകത്തും പൊതുസമൂഹത്തിലും പ്രതിദ്ധ്വനിച്ച് കൊണ്ടിരിക്കും- കേരളത്തിലെ പോലീസിന്റെ സംഘപരിവാര്‍ ബാന്ധവം. PV Anvar actions are creating challenges for the CPM

Content Summary; PV Anvar actions are creating challenges for the CPM

Tags:

Leave a Reply

Your email address will not be published. Required fields are marked *

×