July 19, 2025 |
Share on

ഖത്തറില്‍ നിന്നും ബൈജൂസിന് കുരുക്ക്

ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു, സ്വകാര്യ സ്വത്തുക്കള്‍ കൈമാറ്റം ചെയ്യാനോ വില്‍ക്കാനോ അനുവദിക്കരുതെന്ന് ആവശ്യം

ഖത്തര്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സാമ്പത്തിക നിക്ഷേപക സംവിധാനമായ ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി(ക്യു ഐ എ) ബൈജു രവീന്ദ്രനെതിരേ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു. ബൈജുവിന്റെ യഥാര്‍ത്ഥ സ്വത്ത് വിവരങ്ങള്‍ പുറത്തു വിടണമെന്നും, സ്വകാര്യ സ്വത്തുകള്‍, വില്‍ക്കുകയോ, പണയം വയ്ക്കുകയോ, കൈമാറ്റം ചെയ്യുകയോ ചെയ്യുന്നത് തടയണമെന്നുമാണ് ക്യു ഐ എയുടെ ആവശ്യം. ഇന്ത്യയില്‍ വന്‍ തോതില്‍ നിക്ഷേപം നടത്തുന്ന വിദേശ നിക്ഷേപക സ്ഥാപനമാണ് ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി.

235.19 മില്യണ്‍ അമേരിക്കന്‍ ഡോളറിന് (19,67,98,04,750.00 മുകളില്‍ ഇന്ത്യന്‍ രൂപ)മേല്‍ ബൈജു രവീന്ദ്രന് സ്വകാര്യ ആസ്തിയുണ്ടെന്നാണ് ക്യു ഐ എ കോടതയില്‍ പറയുന്നത്. ബൈജു രവീന്ദ്രനെ കൂടാതെ, അദ്ദേഹത്തിന്റെ കുടുംബം നിയന്ത്രിക്കുന്ന ബൈജൂസ് ഇന്‍വെസ്റ്റ്‌മെന്റിനെയും ക്യു ഐ എയുടെ ഹര്‍ജിയില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. സാമ്പത്തിക നടപടികളില്‍ നിന്നും സംരക്ഷിക്കാന്‍ ആസ്തി വകകള്‍ മാറ്റാനുള്ള നീക്കം ബൈജുവില്‍ നിന്നും ഉണ്ടാകുന്നത് തടയാനാണ് ക്യു ഐ എ കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

2019, 2022 കാലങ്ങളില്‍ ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ബൈജൂസില്‍ നിക്ഷേപം നടത്തിയിരുന്നു. 2022 ഒക്ടോബറില്‍ ബൈജൂസ് ക്യുഐഎ ഉള്‍പ്പെടെയുള്ളവരുടെ നിക്ഷേപം അവസാനിപ്പിച്ചു. 250 മില്യണ്‍ ഡോളറായിരുന്നു അതുവരെ നിക്ഷേപം സ്വീകരിച്ചത്. 22 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ലക്ഷ്യമിട്ടായിരുന്നു നിക്ഷേപകരെ ബൈജൂസ് സമീപിച്ചിരുന്നത്.

2022 ല്‍ ബൈജൂസും ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയും ചേര്‍ന്ന് ഒരു എഡ്യുടെക് ബിസിനസ് കേന്ദ്രം ദോഹയില്‍ ആരംഭിച്ചിരുന്നു. പശ്ചിമേഷ്യയിലെയും വടക്കേ ആഫ്രിക്കയിലെയും വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് ആരംഭിച്ചതായിരുന്നു ഈ സംരംഭം.

പല കോണുകളില്‍ നിന്നുള്ള കുരുക്കുകള്‍ മുറുകി കിടക്കുന്നതിനിടയിലാണ് ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയും ബൈജൂസിനെ കോടതി കയറ്റിയിരിക്കുന്നത്. ഓഹരി നിക്ഷേപകര്‍ നിയമപരമായി കമ്പനിയിലേക്കുള്ള സാമ്പത്തിക വരവുകള്‍ തടഞ്ഞിരിക്കുകയാണ്. ഇതു മൂലം കടുത്ത സാമ്പത്തിക പരാധീനത ബൈജൂസ് നേരിടുന്നുണ്ട്. ഇതിനൊപ്പമാണ് നിക്ഷേപകരായിട്ടുള്ളവരും, മറ്റ് സാമ്പത്തിക ഇടപാടുകാരുമായുമെല്ലാം നടക്കുന്ന നിയമപോരാട്ടങ്ങള്‍. ഇത്തരം നിരവധി വെല്ലുവിളികള്‍ ഇന്ത്യയിലെ ഏറ്റവും വലിയ എഡ്യുടെക് ഭീമനായിരുന്ന ബൈജൂസിനെ വലയം ചെയ്തിട്ടുണ്ട്.

കമ്പനി നടത്തിപ്പ് അവതളാത്തിലാക്കിയെന്നാണ് നിക്ഷേപകര്‍ ബൈജുവിനെതിരേ ഉയര്‍ത്തുന്ന പരാതി. ബൈജുവിനെ കമ്പനിയില്‍ നിന്ന് പുറത്താക്കാനുള്ള നീക്കങ്ങള്‍ മറ്റ് ഓഹരി ഉടമകളില്‍ നിന്നും നടന്നുകൊണ്ടിരിക്കുന്നത്. ദേശീയ കമ്പനി നിയമ ട്രിബ്യൂണലില്‍(എന്‍സിഎല്‍ടി) ബൈജൂസിനെതിരായ നിക്ഷേപകരുടെ കേസുകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. കമ്പനിയുടെ 200 മില്യണ്‍ ഡോളറിന്റെ അവകാശ പ്രശ്‌നവും എന്‍സിഎല്‍ടിയുടെ മുന്നില്‍ കിടക്കുകയാണ്. നിക്ഷേപകരായ പ്രോസസ്, ജനറല്‍ അറ്റ്‌ലാന്റിക്, സോഫിന, പീക്ക് എക്‌സ് വി(മുമ്പ് സെക്വോയ) എന്നിവര്‍ അവകാശ പ്രശ്‌നത്തില്‍ സ്റ്റേ തേടിയിട്ടുണ്ട്. ഈ വര്‍ഷമാദ്യമാണ് അമേരിക്കന്‍ ആസ്ഥാനമായുള്ള വായ്പ്പദാതാക്കള്‍ തിരിച്ചടവ് മുടങ്ങിയതിനെതിരേ പാപ്പരത്ത നടപടികളുമായി എന്‍സിഎല്‍ടിയുടെ ബെംഗളൂരു ബെഞ്ചിനെ സമീപിച്ചത്. വായ്പ്പ ദാതാക്കളുടെ അഡ്‌ഹോക്ക് സമിതി 1.2 ബില്യണ്‍ ഡോളര്‍ വായ്പ്പ നല്‍കിയിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതിനെതിരെ സംഘത്തിന്റെ ഭാഗമായ ഗ്ലാസ് ട്രസ്റ്റ ്കമ്പനി എല്‍എല്‍സിയാണ് ബൈജൂസിന്റെ മാതൃ കമ്പനിയായ തിങ്ക് ആന്‍ഡ് ലേണിനെതിരേ കോടതിയെ സമീപിച്ചത്. 158,90 കോടിയുടെ കുടിശ്ശിക അടച്ചു തീര്‍ക്കാത്തതിനെതിരേ ബിസിസിഐ(ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ) സമര്‍പ്പിച്ച ഹര്‍ജിയില്‍ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ മാതൃകമ്പനിയായ തിങ്ക് ആന്‍ഡ് ലേണിനെതിരേ പാപ്പരത്ത നടപടികളിലേക്ക് (Corporate Insolvency Resolution Process) കടന്നിരുന്നു. ഇതിനെതിരേ നാഷണല്‍ കമ്പനി ലോ അപ്പീല്‍ ട്രിബ്യൂണലിനെ സമീപിക്കുകയാണ് ബൈജൂസ് ചെയ്തത്. qatar investment authority filed petition in karnataka high court against byju raveendran

Content Summary; qatar investment authority filed petition in karnataka high court against byju raveendran

Leave a Reply

Your email address will not be published. Required fields are marked *

×