February 19, 2025 |
Share on

‘മത്സര പരീക്ഷ’കളെല്ലാം വിജയിച്ച അശ്വിന്‍ എന്ന ‘കണക്ക് വിദ്യാര്‍ത്ഥി’

അശ്വിന്‍, തന്റെ കഠിനദ്ധ്വാനവും, ആത്മാര്‍പ്പണവും കൊണ്ട് മാത്രമാണ്, തന്റെ സ്ഥാനം ടീമില്‍ ഉറപ്പിച്ചിരുന്നതും, ഇന്ത്യന്‍ ടീമിന് താനൊരു വിലപ്പെട്ട കളിക്കാരനാണെന്ന് ബോധ്യപ്പെടുത്തിയതും

ഒരു കണക്ക് വിദ്യാര്‍ത്ഥിയെ പോലെയായിരുന്നു അയാള്‍, ഓരോ മത്സരവും അയാള്‍ സമീപിച്ചത് ഒരു മാത്സ് പേപ്പറിലെ പ്രോബ്ലങ്ങള്‍ സോള്‍വ് ചെയ്യേണ്ടുന്ന വിദ്യാര്‍ത്ഥിയുടെ മനസോടെയായിരുന്നു. അതിലയാള്‍ വിജയിച്ചപ്പോഴെല്ലാം, ഒപ്പം ജയിച്ചത് ഒരു ടീം മൊത്തമായിരുന്നു. രവിചന്ദ്രന്‍ അശ്വിന്‍ എന്ന സ്പിന്നറിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും മികച്ച വിശേഷണം ഏറെ സമര്‍ത്ഥനായ കണക്ക് വിദ്യാര്‍ത്ഥി എന്നത് തന്നെയാണ്. അയാള്‍ ടീം ഇന്ത്യയുടെ ഒരു പ്രോബ്‌ളം സോള്‍വര്‍ തന്നെയായിരുന്നു. 537 ടെസ്റ്റ് വിക്കറ്റുകള്‍, 37 തവണ അഞ്ച് വിക്കറ്റ് നേട്ടം; ഈ കണക്കുകള്‍ തന്നെയാണ്, വെല്ലുവിളികള്‍ തകര്‍ക്കുന്നതിലും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും അയാള്‍ക്കുള്ള വൈദഗ്ധ്യത്തിന്റെ തെളിവ്. പന്ത് കൊണ്ട് മാത്രമായിരുന്നില്ല, ടീം ബാറ്റിംഗ് പ്രതിസന്ധി നേരിടുമ്പോള്‍, അയാള്‍ ബാറ്റ് കൈയിലെടുത്തും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കിയിരുന്നു. ടെസ്റ്റില്‍ 11 പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിനുണ്ട്. ഈ നേട്ടം കൈവരിക്കുന്ന ഒരേയൊരു കളിക്കാരന്‍. കൂടാതെ 10 മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരങ്ങളും. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് മാച്ച് വിന്നറാണ് ഈ പ്രോബ്‌ളം സോളവര്‍ എന്ന് തെളിയിക്കാന്‍ ഈ നേട്ടങ്ങള്‍ തന്നെ ധാരാളം. R Ashwin retirement 

പന്ത് നിയന്ത്രിക്കാനുള്ള കഴിവാണ് അശ്വിനെ സമാനതകളില്ലാത്ത ഒരു ബൗളറാക്കുന്നത്. താന്‍ ആഗ്രഹിച്ചിടത്ത് പന്ത് കുത്തിക്കാമെന്നുള്ള ആത്മവിശ്വാസം അശ്വിന്റെ ലക്ഷ്യങ്ങളെ എപ്പോഴും സഫലീകരിച്ചിരുന്നു. അത് മാത്രമല്ല, വ്യത്യസ്തമായ റണ്‍-അപ്പുകള്‍, ലോഡ്-അപ്പുകള്‍, സീം ഓറിയന്റേഷനുകള്‍, കൂടാതെ പുതിയ ഡെലിവറികള്‍ എന്നിവ പരീക്ഷിച്ചുകൊണ്ട് അദ്ദേഹം ഓഫ് സ്പിന്‍ ബൗളിംഗിനെ തനിക്ക് ആധിപത്യമുള്ളൊരു കലയാക്കി മാറ്റി. മാത്രമല്ല, ആ കലയെ അയാള്‍ നിരന്തരം നവീകരിച്ചുകൊണ്ടുമിരുന്നു. അങ്ങനെയാണയാള്‍, ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ അമൂല്യമായൊരു സ്വത്തമായി മാറിയത്. അദ്ദേഹത്തിന്റെ സ്ഥിരത, ആത്മാര്‍പ്പണം, ഒത്തിണക്കം; 13 വര്‍ഷം നീണ്ട കരിയറില്‍ ഒരിക്കല്‍ പോലും, മോശം പെര്‍ഫോമന്‍സിന്റെ പേരില്‍ അന്താരാഷ്ട്ര കരിയറില്‍ ടീമില്‍ ഇടം കിട്ടാത്തൊരു അവസ്ഥ അശ്വിന് വരാതിരുന്നതിന് കാരണങ്ങള്‍ ഇവയാണ്.

R Ashwin

അശ്വിന്റെ സംഭവാനകള്‍ ഒരിക്കലും അയാളുടെ ബൗളിംഗിന്റെ പേരില്‍ മാത്രം അളക്കരുത്. ബാറ്റ് കൊണ്ടും അയാള്‍ പരമാവധി സഹായിച്ചിട്ടുണ്ട്. ആറ് സെഞ്ച്വറികളും 14 അര്‍ദ്ധ സെഞ്ച്വറികളും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഇന്ത്യയെ പല പ്രതിസന്ധിഘട്ടങ്ങളിലും രക്ഷിച്ചെടുത്ത ബാറ്റിംഗ് മികവിന്റെ അടയാളമായി. പല നിര്‍ണായക കൂട്ടുകെട്ടുകളും അദ്ദേഹം ബാറ്റിംഗില്‍ ഉണ്ടാക്കിയിട്ടുണ്ട്. അതില്‍ പ്രധാനമായിരുന്നു, 2013 ല്‍ വെസ്റ്റിന്‍ഡീസിനെതിരേയുള്ളത്. അരങ്ങേറ്റക്കാരനായ രോഹിത് ശര്‍മയെ കൂട്ടുപിടിച്ച് അശ്വിന്‍ അന്നടിച്ചെടുത്ത സെഞ്ച്വറി ഇന്ത്യന്‍ ആരാധകര്‍ ഒരിക്കലും മറക്കില്ല. തന്റെ കാലഘട്ടത്തിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളായി മാറാന്‍ ബാറ്റ് കൊണ്ടും പന്തുകൊണ്ടും കാണിച്ച പ്രകടനങ്ങള്‍ അശ്വിനെ പ്രാപ്തനാക്കിയിരുന്നു.

വിജയക്കുതിപ്പിനിടയിലും, തിരിച്ചടികള്‍ അദ്ദേഹത്തെ തേടിയെത്തിയിരുന്നു. വിശദീകരണങ്ങളില്ലാതെ ഏകദിന സ്‌ക്വാഡില്‍ നിന്നുള്ള ഒഴിവാക്കല്‍ അശ്വിനെ നിരാശനാക്കിയിരുന്നു. എങ്കിലും അയാള്‍ വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല, ബൗളിംഗിലും ബാറ്റിംഗിലും സ്വയം നവീകരിച്ച് അയാള്‍ കാത്തിരുന്നു. പ്രകടനങ്ങളായിരുന്നു അയാളുടെ മറുപടികള്‍.

ഹോം സീരീസുകളിലായിരുന്നു പ്രധാനമായും അശ്വിന്‍ ഇന്ത്യന്‍ വിജയത്തിന്റെ കുന്തമുനയായിരുന്നതെങ്കിലും, വിദേശ പിച്ചുകളിലും അയാളുടെ പ്രകടനങ്ങള്‍ അവിസ്മരണീയങ്ങളായിരുന്നു. 383 വിക്കറ്റുകളും 46 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും, ഹോം സീരിസുകളിലെ ഇന്ത്യന്‍ ആധിപത്യത്തിന്റെ നെടുംതൂണാക്കി അശ്വിനെ മാറ്റി. വിക്കറ്റ് എടുക്കുന്നതില്‍ അല്ല, പ്രതികൂല സാഹചര്യങ്ങളില്‍ അയാള്‍ എങ്ങനെയായിരുന്നു തന്റെ ആവശ്യം ടീമിന് മുതല്‍ക്കൂട്ടാക്കിയിരുന്നു എന്നിടത്താണ് അശ്വിന്‍ ഒരു ഹീറോ ആകുന്നത്.

അയാള്‍, തന്റെ കരിയറില്‍ ഉടനീളം ‘ പ്രതിഭാധനനായ കളിക്കാരന്‍’ എന്ന പരമ്പരാഗത വാഴ്ത്തുപാടലിന് അര്‍ഹനായിരുന്നില്ല. അയാള്‍ക്ക് ഒരിക്കലും പ്രത്യേക പരിഗണനകള്‍ക്ക് കിട്ടിയിരുന്നില്ല. തന്റെ കഴിവും പ്രകടനവും കൊണ്ട് മാത്രമായിരുന്നു ടീമില്‍ ഇടം പിടിച്ചിരുന്നതും, പ്രശംസിക്കപ്പെട്ടിരുന്നതും. അശ്വിന്‍, തന്റെ കഠിനദ്ധ്വാനവും, ആത്മാര്‍പ്പണവും കൊണ്ട് മാത്രമാണ്, തന്റെ സ്ഥാനം ടീമില്‍ ഉറപ്പിച്ചിരുന്നതും, ഇന്ത്യന്‍ ടീമിന് താനൊരു വിലപ്പെട്ട കളിക്കാരനാണെന്ന് ബോധ്യപ്പെടുത്തിയതും. മാറ്റി നിര്‍ത്താന്‍ പറ്റാത്തയത്ര പ്രധാനപ്പെട്ടവനായിരുന്നോ അയാള്‍ എന്ന് സംശയിക്കാം, എന്നാല്‍ സ്വയം പരിശ്രമം കൊണ്ട് അവഗണിക്കാന്‍ മാത്രം ചെറുതല്ല താനെന്ന് അയാള്‍ തെളിയിച്ചിരുന്നു.

Ashwin

തുടര്‍ച്ചയായ നാല് പരാജയങ്ങള്‍ക്ക് ശേഷം സ്വന്തം തീരുമാനപ്രകാരം അയാള്‍ എല്ലാം മതിയാക്കാന്‍ നിശ്ചയിക്കുന്നു. ആ നീക്കം തികച്ചും വ്യക്തിപരവും വികാരഭരിതവുമായിരുന്നു. കുടുംബവുമൊത്ത് കൂടുതല്‍ സമയം ചെലവഴിക്കുകയെന്നതിനൊപ്പം, ക്രിക്കറ്റിലെ അവസാന കാലയളവ് കൂടുതല്‍ അര്‍ത്ഥപൂര്‍ണമാക്കാനുള്ള ചോദനയും അയാളില്‍ ഉണ്ടായിക്കാണാം. അര്‍ഹിച്ചിരുന്നൊരു യാത്രയയപ്പ് അയാള്‍ക്ക് കിട്ടിയില്ലെങ്കിലും, ഓസ്‌ട്രേലിയയ്‌ക്കെതിരേ കളിച്ച അവസാന ടെസ്റ്റിലും തന്റെ ക്ലാസ് അയാള്‍ കാണിച്ചിരുന്നു. അഡ്‌ലെയ്ഡിലെ സ്പിന്നര്‍മാരെ ഒട്ടും തുണയ്ക്കാത്ത പിച്ചിലും അയാള്‍ കഴിയുന്നത്ര മികവോടെ പന്തെറിഞ്ഞു. സ്പിന്‍ അനുകൂലമല്ലാത്തൊരു സാഹചര്യത്തിലും ഇന്ത്യയുടെ ആദ്യത്തെ ചോയ്‌സ് അയാള്‍ തന്നെയായിരുന്നുവെന്ന് കൂടി അഡ്‌ലെയ്ഡ് ടെസ്റ്റ് ഓര്‍മിപ്പിച്ചു.

അശ്വിന്‍ മടങ്ങുമ്പോള്‍, കേവലം അക്കങ്ങളുടെ മികവല്ല അവശേഷിപ്പിക്കുന്നത്. ഏതൊരു പ്രതിസന്ധി ഘട്ടത്തിലും പരിഹാരം കാണാന്‍ ശ്രമിച്ചിരുന്നൊരു കളിക്കാരന്‍ കെട്ടിപ്പൊക്കിയ മഹത്തായൊരു കരിയറാണ്. ഇന്ത്യന്‍ ടീമിന് നല്‍കിയ സംഭാവനകളുടെ പേരില്‍ തല ഉയര്‍ത്തി തന്നെയുള്ള മടക്കമാണ്. അയാള്‍ കേവലം ഒരു കളിക്കാരന്‍ മാത്രമായിരുന്നില്ലല്ലോ! ദുര്‍ഘടമായ പ്രശ്‌നങ്ങളെ ഫലപ്രദമായി പരിഹരിച്ചിരുന്നൊരു വിദഗ്ദനായിരുന്നില്ലേ; സമര്‍ത്ഥനായൊരു കണക്ക് വിദ്യാര്‍ത്ഥിയേപ്പോല്‍!  R. Ashwin’s: Match-Winner Like a Maths Student, R Ashwin Retirement 

Content Summary; R. Ashwin’s: Match-Winner Like a Maths Student

×