ടീം ഇന്ത്യയുടെ പരിശീലക സ്ഥാനത്തു നിന്നും അനില്‍ കുംബ്ലെയ മാറ്റി പകരം രാഹുല്‍ ദ്രാവിഡിനെ കൊണ്ടുവരാന്‍ ബിസിസി ഐ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഓസീസിസുമായി നടക്കുന്ന ടെസ്റ്റ് പരമ്പര അവസാനിക്കുന്നതോടെ കുബ്ലെയുടെ സ്ഥാനം മാറുമെന്നാണ് ബിസിസിഐയെ അധികരിച്ചു റിപ്പോര്‍ട്ടുകള്‍ വരുന്നത്.
കഴിഞ്ഞ ജൂലൈയിലാണു സീനിയര്‍ ടീമിന്റെ പരിശീലകനായി അനില്‍ കുംബ്ലെയെ നിയമിക്കുന്നത്. കുംബ്ലെയുടെ കീഴില്‍ ഇന്ത്യ വെസ്റ്റിന്‍ഡീസ്, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ് എന്നീ ടീമുകള്‍ക്കെതിരേയുള്ള ടെസ്റ്റ് പരമ്പര സ്വന്തമാക്കിയിരുന്നു. ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ ഇപ്പോള്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുകയാണ്.
പരിശീലക സ്ഥാനത്തു നിന്നും മാറ്റി പകരം ടീം ഡയറക്ടര്‍ സ്ഥാനം കുംബ്ലെയ്ക്ക് നല്‍കുമെന്നാണു അറിയുന്നത്. മുമ്പ് രവി ശാസ്ത്രി വഹിച്ചിരുന്ന സ്ഥാനമാണ് ടീം ഡയറക്ടറുടേത്.
ബെംഗളൂരു ടെസ്റ്റിലെ വിജയത്തിനു പിന്നാലെ ബിസിസി ഐയുടെ കമ്മറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് കുംബ്ലെയോട് സീനിയര്‍, ഇന്ത്യ എ, വനിത ടീം, ജൂനിയര്‍ ടീം എന്നിവയെ സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ പരിശീലിക സ്ഥാനത്തു നിന്നു മാറുന്നതിനെ കുറിച്ചോ ടീം ഡയറക്ടറുടെ റോള്‍ ഏറ്റെടുക്കുന്നതിനെ കുറിച്ചോ കുംബ്ലെയുടെ ഭാഗത്തു നിന്നും പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.
കുംബ്ലെയ്ക്കു പകരക്കാരനായി രാഹുല്‍ ദ്രാവിഡ് വരുമെന്ന സൂചനയും ബിസിസിഐയുടെ ഭാഗത്തു നിന്നാണ് ഉണ്ടായിരിക്കുന്നത്. നിലവില്‍ ഇന്ത്യ എ ടീമിന്റെ പരിശീലകനാണ് ദ്രാവിഡ്.
അതേസമയം സച്ചിന്‍, ഗാംഗുലി, ലക്ഷ്മണ്‍ എന്നിവരെ ഉള്‍പ്പെടുത്തി ക്രിക്കറ്റ് ഉപദേശക സമിതി രൂപീകരിക്കാനും കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് തീരുമാനിക്കുന്നതായും അറിയുന്നു. ബിസിസിഐയുടെ ടീം മാനേജരെ നിയമിക്കുന്നതുള്‍പ്പെടെയുള്ള ക്രിക്കറ്റ് തീരുമാനങ്ങള്‍ എടുക്കുന്നത് ഈ മൂന്നുപേരായിരിക്കും.