മ്യാന്മറിലെ കുപ്രസിദ്ധമായ ഓണ്‍ലൈന്‍ തട്ടിപ്പ് കേന്ദ്രത്തില്‍ സൈന്യം റെയ്ഡ് നടത്തിയതിന് പിന്നാലെ, 600-ല്‍ അധികം ആളുകള്‍ പലായനം ചെയ്ത് തായ്ലന്ഡിലേക്ക് പ്രവേശിച്ചതായി തായ് പ്രവിശ്യാ ഉദ്യോഗസ്ഥന് എഎഫ്പി വാര്‍ത്താ ഏജന്‍സിയോട് അറിയിച്ചു.
2021-ലെ സൈനിക അട്ടിമറിയെത്തുടര്‍ന്ന് ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം, മ്യാന്മറിന്റെ ഭരണനിയന്ത്രണത്തിലുള്ള അതിര്‍ത്തി മേഖലകളില്‍ ഇന്റര്‍നെറ്റ് തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്ന കൂറ്റന്‍ കെട്ടിടസമുച്ചയങ്ങള്‍ വ്യാപകമായി വളര്‍ന്നിരുന്നു. പ്രണയം, ബിസിനസ്സ് എന്നിവയുമായി ബന്ധപ്പെട്ട തട്ടിപ്പുകളിലൂടെ ആളുകളെ കബളിപ്പിക്കുകയായിരുന്നു കേന്ദ്രങ്ങളുടെ ലക്ഷ്യം.
ഫെബ്രുവരിയില്‍ ആരംഭിച്ച, കര്‍ശന നടപടികളിലൂടെ ഏകദേശം 7,000 തൊഴിലാളികളെ നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു. ഇതിന്റെ ഭാഗമായി തായ്ലന്ഡ് അതിര്‍ത്തി കടന്നുള്ള ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കുകയും ചെയ്തു.
എന്നാല്‍, ഈ മാസം എഎഫ്പി നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നു. പല കോമ്പൗണ്ടുകളിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ അതിവേഗം തുടരുകയാണെന്നും, ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള സാറ്റലൈറ്റ് ഉപഗ്രഹ ശൃംഖലയുമായി ഈ കേന്ദ്രങ്ങളെ ബന്ധിപ്പിക്കാനായി സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് റിസീവറുകള്‍ കൂട്ടത്തോടെ സ്ഥാപിച്ചിട്ടുള്ളതായും കണ്ടെത്തി.
മ്യാന്മര് അതിര്‍ത്തിയോട് ചേര്‍ന്നുള്ള താക് പ്രവിശ്യയുടെ ഡെപ്യൂട്ടി ഗവര്‍ണറായ സവാനിത് സുരിയകുല് നാ അയുദ്ധ്യ എഎഫ്പിക്ക് നല്കിയ വിവരമനുസരിച്ച്, വ്യാഴാഴ്ച രാവിലെ വരെ കെകെ പാര്‍ക്ക് എന്ന തട്ടിപ്പ് കേന്ദ്രത്തില്‍ നിന്ന് ആകെ 677 പേര് മോയി നദി നീന്തിക്കടന്ന് തായ്ലന്ഡില് പ്രവേശിച്ചിട്ടുണ്ട്.
വ്യാഴാഴ്ച അതിരാവിലെ, തായ്ലന്ഡിലേക്കുള്ള പ്രധാന അതിര്‍ത്തി കടക്കുന്ന മ്യാന്മര് ഭാഗത്ത്, വലിയ സ്യൂട്ട്കേസുകളും ബാക്ക്പാക്കുകളുമായി നൂറിലധികം ആളുകള്‍ തടിച്ചുകൂടിയതായി ഒരു എഎഫ്പി മാധ്യമപ്രവര്‍ത്തകനും വെളിപ്പെടുത്തുന്നു. 700 ഓളം പേര് രാത്രിയില്‍ അനധികൃതമായി അതിര്‍ത്തി കടന്നിട്ടുണ്ടെന്ന് പ്രദേശത്തെ ഒരു ഡ്രൈവറുടെ വ്യക്തമാക്കി.
അതീവ സുരക്ഷാ സന്നാഹമുള്ള ഈ മേഖലയിലേക്ക് ചിലരെ ഭീഷണിപ്പെടുത്തി കൊണ്ടുപോകുമ്പോള്‍, മറ്റ് ചിലര്‍ സ്വന്തം നാട്ടില്‍ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയോടെ സ്വമേധയാ പോകുന്നവരാണെന്ന് അധികൃതര്‍ പറയുന്നു.
ഇമ്മിഗ്രേഷന്‍ പോലീസും സൈന്യവും മാനുഷിക പരിഗണനകളോടെയുള്ള നടപടിക്രമങ്ങള്‍ അനുസരിച്ച് സഹായങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി ഗവര്‍ണര്‍ സവാനിത് അറിയിച്ചു. അതിര്‍ത്തി കടന്നെത്തിയവര്‍ക്ക് വിശദമായ പരിശോധന നടത്തും. അവര്‍ മനുഷ്യക്കടത്തിന് ഇരയായവരാണോ, അതോ അനധികൃതമായി അതിര്‍ത്തി കടന്നതിന് നിയമനടപടി നേരിടേണ്ടവരാണോ എന്നും പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മ്യാന്മറില് നിന്ന് എത്തിയ സംഘത്തില്‍ പുരുഷന്മാരും സ്ത്രീകളുമടങ്ങുന്ന വിദേശ പൗരന്മാര് ഉള്‍പ്പെടുന്നുവെന്നും, ഇനിയും കൂടുതല്‍ പേര് തായ്ലന്ഡിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്നും താക് പ്രൊവിന്‍ഷ്യല്‍ അഡ്മിനിസ്ട്രേഷന് ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു.
അതേസമയം, ഏകദേശം 20 ഇന്തോനേഷ്യക്കാര്‍ ബുധനാഴ്ച വൈകുന്നേരം മോയി നദി വഴി തായ് പ്രദേശത്തേക്ക് പ്രവേശിച്ചതായി മ്യാന്മറിലെ ഇന്തോനേഷ്യന്‍ എംബസിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ അന്റാറ റിപ്പോര്‍ട്ട് ചെയ്തു.
സമീപ വര്‍ഷങ്ങളില്‍ തെക്കുകിഴക്കന്‍ ഏഷ്യയില്‍ രാജ്യാന്തര തലത്തിലുള്ള തട്ടിപ്പ് വ്യവസായം വന്‍തോതില്‍ വര്‍ദ്ധിച്ചു. ആയിരക്കണക്കിന് തട്ടിപ്പുകാര്‍ ഈ ശൃംഖലയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. യുഎന്‍ റിപ്പോര്‍ട്ട് അനുസരിച്ച്, 2023-ല്‍ ഈ മേഖലയിലെ ഇരകളില്‍ നിന്ന് ഏകദേശം 37 ബില്യണ്‍ ഡോളര്‍ വരെ തട്ടിയെടുത്തതായി കണക്കാക്കപ്പെടുന്നു. ആഗോളതലത്തിലെ മൊത്തം നഷ്ടം ഇതിലും വളരെ വലുതായിരിക്കും എന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
അതേസമയം, കംബോഡിയന്‍ സൈബര്‍ തട്ടിപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണങ്ങളെത്തുടര്‍ന്ന് തായ്ലന്‍ഡിന്റെ ഡെപ്യൂട്ടി ധനകാര്യ മന്ത്രി വോരപാക് തന്യാവോങ് ബുധനാഴ്ച രാജിവെച്ചു.
സൈബര്‍ തട്ടിപ്പുകളില്‍ പങ്കെടുത്തതിന് 57 ദക്ഷിണ കൊറിയക്കാരെ അറസ്റ്റ് ചെയ്തതായി കംബോഡിയന്‍ അധികൃതര്‍ വ്യാഴാഴ്ച അറിയിച്ചു. തലസ്ഥാനമായ നോം പെനില്‍ വെച്ച് 29 ചൈനീസ് പൗരന്മാരെയും അറസ്റ്റ് ചെയ്തു. തട്ടിപ്പ് ശൃംഖലകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കഴിഞ്ഞ ആഴ്ച നാടുകടത്തിയ 64 ദക്ഷിണ കൊറിയക്കാര്‍ക്ക് പുറമെയാണിത്.
Content Summary: Raid at Myanmar scam center; over 600 people fled to Thailand