അടിയന്തരാവസ്ഥക്കാലത്ത് കോഴിക്കോട് റീജിയണല്‍ എഞ്ചിനീയറിങ്ങ് കോളജില്‍ നിന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്ത വിദ്യാര്‍ത്ഥിയായ പി. രാജന് കക്കയം ക്യാമ്പിലെ പോലീസ് നരനായാട്ടില്‍ കൊല്ലപ്പെട്ടു എന്ന് ആദ്യം മനസിലാക്കിയ വ്യക്തിയായിരുന്നു 89-ാം വയസ്സില്‍ ബാഗ്ലൂരില്‍ വെച്ച് അന്തരിച്ച പൊഫ. കെ. കെ. അബ്ദുള്‍ ഗഫാര്‍ . പിന്നീട് കോളിളക്കമുണ്ടാക്കിയ രാജന് കേസില്‍ കടുത്ത സമ്മര്‍ദം നേരിട്ട അദ്ദേഹം അതിനെ അതിജീവിച്ച് കോടതിയില്‍ ഹാജരായി പോലീസിനെതിരെ തന്റെ മൊഴി നല്കി.

50 വര്‍ഷം മുന്‍പ് , 1976 മാര്‍ച്ച് 1 ന് എഞ്ചിനീയറിങ്ങ് കോളേജ് വിദ്ധാര്‍ത്ഥിയായിരുന്ന പി. രാജനെ പോലീസ് കോളേജ് ഹോസ്റ്റലില്‍ നിന്ന് പോലീസ് പിടിച്ച് കൊണ്ടുപോയി എന്ന് രാജന്റെ പിതാവ് ഈച്ചരവാര്യരെ ടെലഗ്രാമിലൂടെ വിവരമറിയിച്ചത് അന്ന് അവിടെ അദ്ധ്യാപകനായിരുന്ന പ്രൊഫ. അബ്ദുള്‍ ഗഫാറായിരുന്നു .
രാജന്റെ അറസ്റ്റിന് മുന്നു ദിവസത്തിന് ശേഷം കക്കയം പോലീസ് ക്യാമ്പിലേക്ക് ഉടന്‍ ചെല്ലണമെന്ന് കോഴിക്കോട് പോലീസ് കമ്മീഷണറുടെ സന്ദേശം കോളേജ് പ്രിന്‍സിപ്പാളായ പ്രൊഫ. ബഹാവുദ്ദീന്‍ ലഭിച്ചു. എന്നാല്‍ അദ്ദേഹത്തിന് അവിടേക്ക് തനിച്ചുപോകാന്‍ ധൈര്യമില്ലായിരുന്നു. കോളേജിലെ മിടുക്കരായ വിദ്യാര്‍ത്ഥികളെ നക്സല്‍ ബന്ധം ആരോപിച്ചാണ് പോലീസ് പിടിച്ചുകൊണ്ടുപോയിരിക്കുന്നത്. തനിച്ചു പോയി മൊഴി കൊടുക്കാന്‍ പ്രിന്‍സിപ്പാളിന് ഭയമുണ്ട്. മറ്റധ്യാപകരാരും പോകാന്‍ തയ്യാറുമല്ല. കോളേജിന്റെ കാര്യത്തില്‍ എനിക്ക് മാത്രമാണോ ഉത്തര വാദിത്വം എന്നുചോദിച്ച് പ്രിന്‍സിപ്പാള്‍ ബഹാവുദീന് ദേഷ്യപ്പെട്ടു.

പ്രിന്‍സിപ്പാളിന്റെ കൂടെ അബ്ദുള്‍ ഗഫാര്‍ പോകണമെന്ന് മറ്റ് അധ്യാപകരെല്ലാം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. ആദ്യം തയ്യാറായില്ലെങ്കിലും പിന്നീട് അദ്ദേഹം സമ്മതിച്ചു. ചില നിബന്ധനകള്‍ക്ക് വിധേയമായി അദ്ദേഹം പോകാന്‍ സമ്മതിക്കുകയായിരുന്നു. പോലീസിന്റെ ചോദ്യങ്ങള്‍ക്ക് വിശദമായ മറുപടി നല്‍കരുത്. കൂടുതല്‍ വിശദീകരിച്ച് പറഞ്ഞാല്‍ അതില്‍ പിടിച്ച് വേറേയും ചില ചോദ്യങ്ങളുണ്ടാകും, അതുകൊണ്ട് പ്രിന്‍സിപ്പാള്‍ അവിടെച്ചെന്ന് അനാവശ്യമായി വിശദീകരിച്ച് സംസാരിക്കരുത്. കുറച്ച് മാത്രം സംസാരിക്കുക എന്നൊരു നിബന്ധന അബ്ദുള്‍ ഗഫാര്‍ പ്രിസിപ്പാളിനോടും മറ്റധ്യാപകരോടും പറഞ്ഞ് ഉറപ്പ് നേടി.
”ഞാന്‍ സാക്ഷി” എന്ന തന്റെ ആത്മകഥയില്‍(2023)
, മാര്‍ച്ച് 4 ന് നടന്ന ഭീതിപ്പെടുത്തുന്ന ആ യാത്രയെ കുറിച്ച്
പൊഫ. കെ. കെ. അബ്ദുള്‍ ഗഫാര്‍ എഴുതുന്നു.
‘രാവിലെതന്നെ ഞാനും പ്രിന്‍സിപ്പാളും ഡ്രൈവറും കൂടി കോളേജിന്റെ കാറില്‍ കക്കയം ക്യാമ്പിലേക്ക് യാത്ര തിരിച്ചു. പത്തുമണിക്ക് അവിടെയെത്തി. വിജനമായിരുന്നു ക്യാമ്പിന്റെ മുറ്റം. അതൊരു സ്കൂള്‍ കെട്ടിടം പോലെയാണ് തോന്നിയത്. ഒരു ലൈന്‍ ബില്‍ഡിങ്ങാണ്. മുറികളെ ഗസ്റ്റ് ഹൗസ് പോലെ സജ്ജീകരിച്ചിട്ടുണ്ട്. അവിടെ വല്ലാത്തൊരു ഭീകരത നിഴലിച്ചിരുന്നു. ഞങ്ങളുടെ കാറിന്റെ വരവു കണ്ട് ഒരാള്‍ ക്യാമ്പില്‍നിന്നിറങ്ങി ഓടിവന്ന് കാര്‍ തടഞ്ഞു. എസ്.ഐ. പുലിക്കോടന് നാരായണനായിരുന്നു അത്.
‘ആരാണ്, എവിടെനിന്നാണ്?’ പുലിക്കോടന് ചോദിച്ചു.
ആര്.ഇ.സി. കോളേജിലെ പ്രിന്‍സിപ്പാളും പ്രൊഫറുമണെന്ന് കാര്‍ ഡ്രൈവര്‍ പറഞ്ഞു.

‘ഇവിടെ നില്ക്ക് ഞാന്‍ വിളിക്കാം’ എന്നു പറഞ്ഞ് പുലിക്കോടന് തിരികെ ഓടി. കാറിന്റെ പിന്‍സീറ്റിലായിരുന്നു ഞാനും പ്രൊഫ. ബഹാവുദ്ദീനും. കാര്‍ ക്യാമ്പിലെ ഒരു മുറിയുടെ തൊട്ടരികിലാണ് നിര്‍ത്തിയിരുന്നത്.
ഈ സമയം ഞങ്ങള്‍ നിന്ന സ്ഥലത്തിന്റെ തൊട്ടടുത്ത മുറിയുടെ ജനാലയ്ക്കരികില്‍ ഞാന്‍ ജോസഫ് ചാലിയെ കണ്ടു.
ഷര്‍ട്ടൊന്നുമില്ലാതെ നില്‍ക്കുകയായിരുന്നു അവന്. അവന്റെ മുഖം ഭയം നിറഞ്ഞ് കരുവാളിച്ചിരുന്നു. ഞങ്ങളെ കണ്ടയുടനെ തിരികെ പോയി അവന് ഷര്‍ട്ടിട്ടു വന്നു. അവന്റെ കണ്ണുകള്‍ കലങ്ങിയിരുന്നു. ജോസഫ് ചാലി ഞങ്ങളോട് എന്തോ പറയാന്‍ ശ്രമിക്കുന്നുണ്ടെന്ന് എനിക്കു തോന്നി. പക്ഷേ, അപ്പോഴേക്കും പുലിക്കോടന് നാരായണന് തിരികെയെത്തി. പുലിക്കേക്കാടനെ കണ്ടതും ഭയചകിതനായി ജോസഫ് ചാലി ഉള്ളിലേക്ക് മറഞ്ഞു.
കുറച്ചുസമയം കാത്തിരിക്കാന്‍ പുലിക്കോടന് പറഞ്ഞു. നാലരമണിക്കൂറോളമാണ് ഞങ്ങള്‍ക്ക് കാത്തിരിക്കേണ്ടിവന്നത്. രണ്ടരമണിയോടെ പുലിക്കോടന് നാരായണന് ഞങ്ങളോട് തൊട്ടടുത്ത ടിബിയില്‍ ചെന്നിരിക്കാന്‍ ആവശ്യപ്പെട്ടു. ക്യാമ്പിന്റെ മധ്യഭാഗത്തുള്ള മുറിയിലാണ് ഞങ്ങളെ കൊണ്ട് പോയി ഇരുത്തിയത്. അതൊരു ഓഫീസുപോലെ സജ്ജികരിച്ചിട്ടുണ്ടായിരുന്നു.
ചുറ്റും ഭയം തളംകെട്ടി നില്ക്കുന്ന നിശ്ശബ്ദത. കുറച്ചു കഴിഞ്ഞപ്പോള്‍
ആ നിശ്ശബ്ദതയെ ഭേദിച്ച് ബൂട്ടടിയുടെ ശബ്ദം കേട്ടു. ഐ.ജി ജയറാം പടിക്കലും ഡി.ഐ.ജി. മധുസൂദനനും എസ്.പി. ലക്ഷ്മണയും അടക്കമുള്ളവര്‍ ആ മുറിയിലേക്ക് നടന്നുവന്നു. പോലീസ് ഉദ്യോഗസ്ഥര്‍ ഞങ്ങളോട് കുറേ കാര്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. ഞങ്ങള്‍ പറയുന്നത് ഒരാള്‍ എഴുതിയെടുക്കുന്നുമുണ്ട്. രാജനെയും ജോസഫ് ചാലിയെയും കാണാതായത് മുതലുള്ള ഓരോ സംഭവങ്ങളും ഞങ്ങള്‍ വിവരിച്ചു. (അടിയന്തരാവസ്ഥക്കാലത്ത് വി. എന്‍. രാജനാണ് പോലീസ് ഐ.ജി. ജയറാം പടിക്കല്‍ ഡെപ്യുട്ടി ഐ.ജി.യാണ് പ്രൊഫ. ഗഫാറിന് എഴുതിയപ്പോള്‍ മാറിപ്പോയതാകാം.)

ഉടന്‍ ഐ.ജിയുടെ മറുചോദ്യം: ‘രാജനെ പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോയി എന്ന് ഈച്ചരവാരിയര്‍ക്ക് കമ്പിസന്ദേശം അതയച്ചത് ആരാണ്? എന്തടിസ്ഥാനത്തിലാണ്?’
പ്രിന്‍സിപ്പാളാണ് മറുപടി നല്‍കിയത്: ‘പോലീസ് പിടിച്ചു കൊണ്ടുപോയി എന്നാണ് ഞങ്ങളറിയിച്ചത്. അത് സത്യമാണ്.
ഐി.ജി. ‘രാജന് ഇപ്പോള്‍ എവിടെയാണുള്ളത്?-
‘പോലീസുകാരല്ലേ കൊണ്ടുപോയത്. രാജന് എവിടെയാണെന്ന് ഞങ്ങള്‍ക്കെങ്ങനെ അറിയാനാണ് ‘ഞാന്‍ തിരിച്ചു ചോദിച്ചു.
ഐ.ജി. രൂക്ഷമായി നോക്കിക്കൊണ്ട് ബഹാവുദ്ദീന്‍ സാറിന് നേരെ തിരിഞ്ഞു: ‘നിന്റെ കോളേജ് നക്സല്‍ കേന്ദ്രമാണ് ഞാനത് പൂട്ടിക്കും!’
രോഷവും പരിഹാസവും നിറഞ്ഞ സ്വരത്തില്‍ അയാള്‍ ആക്രോശിച്ചു.
ഐ.ജി. ‘കായണ്ണ പോലീസ് സ്റ്റേഷന് അക്രമിച്ച കേസിലെ പ്രതിയാണ് രാജന്. ഇന്നലെ ഒരു സൈറ്റില്‍ തെളിവെടുപ്പിന് കൊണ്ടുപോയപ്പോള്‍ രാജന് ഓടി രക്ഷപ്പെട്ടു. ഇപ്പോള്‍ എവിടെയുണ്ടെന്ന് ഞങ്ങള്‍ക്കറിയില്ല.’
ഇതുകേട്ട് എന്റെയും പ്രിന്‍സിപ്പാളിന്റെയും ഉള്ളൊന്നു കാളി. പോലീസിന്റെ വാക്കുകളിലും നീക്കങ്ങളിലും വലിയൊരു അപകടം ഞാന്‍ മണത്തു. എവിടെയോ ഒരു ദുര്‍ഗന്ധം പരക്കുന്നു. രാജനെ അവര്‍ കൊന്നുകാണുമോ?

മൊഴിയെടുക്കല്‍ മണിക്കൂറുകള്‍ നീണ്ടു. അവര്‍ ഞങ്ങള്‍ക്ക് ഊണൊക്കെ തന്നു. പിന്നേയും കുറേ കാര്യങ്ങള്‍ സംസാരിച്ചു. രാജനെക്കുറിച്ചായിരുന്നു ഏറെയും. വൈകാതെ ഞാനും പ്രിന്‍സിപ്പാളും കക്കയം ക്യാമ്പില്‍നിന്നിറങ്ങി. തിരികെ വരുന്നതിനിടയില്‍ ഞാന്‍ പ്രിന്സിപ്പാളിനോട് ചോദിച്ചു: ‘രാജന് ഒളിച്ചോടി എന്ന് പോലീസ് പറഞ്ഞതിന്റെ അര്‍ത്ഥം സാറിന് മനസ്സിലായോ?’
ഇല്ലെന്ന അര്‍ത്ഥത്തില്‍ അദ്ദേഹം തലയാട്ടി. ഞാന്‍ പറഞ്ഞു.
‘He is no more.’ ഞാന്‍ വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ ഈച്ചരവാരിയര്‍ എന്റെ വീട്ടില്‍ എത്തിയിട്ടുണ്ട്. രാജനെ സെര്ച്ച്ചെയ്യാനാണെന്നു പറഞ്ഞ്, വാരിയരുടെ വീട്ടിലേക്കും തലേന്ന് പോലീസ് സംഘം പോയിട്ടുണ്ടായിരുന്നു. അതൊരു നാടകമായിരുന്നുവെന്ന് എനിക്കറിയാം. എന്നാല്‍ മകന് ജീവിച്ചിരിപ്പുണ്ടാവുമെന്ന പ്രതീക്ഷയില്‍ തന്നെയായിരുന്നു ആ അച്ഛന്.

അധികം വൈകാതെ വിവരങ്ങള്‍ ഒന്നൊന്നായി പുറത്തു വന്ന് തുടങ്ങി. കസ്റ്റഡിയിലെടുത്തതിന്റെ പിറ്റേന്ന് രാജനെ തെളിവെടുപ്പിന് കൊണ്ടുപോയപ്പോള്‍ നടക്കാന്‍പോലും പറ്റാത്ത തരത്തില്‍ തീര്‍ത്തും അവശനായിരുന്നുവെന്നും അവനെന്തോ അപായം പറ്റിക്കാണുമെന്നും ഉരുട്ടിക്കൊന്നു വെന്നും. അങ്ങനെ കുറേ സൂചനകള്‍ പലരില്‍ നിന്നും ലഭിച്ചു.” അബ്ദുള്‍ ഗഫാര്‍ എഴുതുന്നു. രാജന് ഈ ഭൂമുഖത്ത് ജീവനോടെ ഇല്ല എന്ന് ആദ്യം മനസിലാക്കിയ വ്യക്തിയായായിരുന്നു പൊഫ.അബ്ദുള്‍ ഗഫൂര്‍.
പിന്നീട് രാജന് കേസ് കോടതിയിലെത്തിയപ്പോള്‍ പൊഫ.അബ്ദുള്‍ ഗഫാര്‍ ഒരു പഠന പദ്ധതിയുമായി ബന്ധപ്പെട്ട് വിദേശത്ത്, യെമനിലെ ഏഡനിലായിരുന്നു. കേരളത്തില്‍ നിന്ന് ഒരു ഉന്നതനായ പോലീസ് ഉദ്യോഗസ്ഥന് അവിടെയെത്തി അദ്ദേഹത്തെ സമീപിച്ച് രാജന് കേസില്‍ സര്‍ക്കാരിന് അനുകൂലമായി കോടതിയില്‍ മൊഴി നല്കാന് അഭ്യര്‍ത്ഥിച്ചു. ഒരു വിദേശ രാജ്യത്ത് എത്തി തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ച നടപടി രാജന് കേസിന്റെ ഗൗരവം എടുത്ത് കാണിക്കുന്നു. എല്ലാ കാര്യങ്ങളും ആദ്യം മുതല്ക്കേ അറിയാവുന്ന പ്രൊഫ. അബ്ദുള്‍ ഗഫാര്‍ സമ്മര്‍ദത്തിന് വഴങ്ങിയില്ല എന്ന് മാത്രമല്ല ഇനി തന്നെ നിര്‍ബന്ധിച്ചാല്‍ താന്‍ പരസ്യമായി പ്രതികരിക്കുമെന്ന് തുറന്നടിച്ചു. കേസില്‍ മൊഴി പറയാന്‍ ഇന്ത്യയില്‍ തിരികെ എത്തിയപ്പോള്‍ മറ്റൊരു പോലീസ് ഉദ്യോഗസ്ഥന് കാസര്‍ഗോഡുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ വന്ന് വീണ്ടും സ്വാധീനിക്കാന്‍ ശ്രമം നടത്തി. എന്നാല്‍ പ്രൊഫ. അബ്ദുള്‍ ഗഫാര്‍ തന്റെ നിലപാടില്‍ ഉറച്ച് നിന്നു.
വിസ്താരം നടന്ന കോയമ്പത്തൂര്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ പല ചോദ്യങ്ങള്‍ ചോദിച്ച് സമ്മര്‍ദത്തിലാക്കാന്‍ പ്രതിഭാഗം അഭിഭാഷകന് ശ്രമിച്ചു. ഈച്ചരവാര്യരുടെ ഭാഗത്താണ് അദ്ദേഹം എന്നതായിരുന്നു കാരണം.
കോടതിയിലെ ഒരു ചോദ്യം ഇങ്ങനെയായിരുന്നു: ‘എന്തിനാണ് താങ്കള്‍ ഏഡനിലേക്ക് പോയത്. ഏഡന്‍ ഭരിക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. താങ്കള്‍ കമ്മ്യൂണിസ്റ്റ് അനുകൂലിയായതുകൊ ണ്ടല്ലേ ഏഡനിലേക്ക് നിയോഗിക്കപ്പെട്ടത്.”
‘എനിക്ക് ചിരിവന്നു. അവര്‍ക്ക് അനുകൂലമായ മൊഴി എന്നില്‍ നിന്ന് ലഭിക്കാത്തതുകൊണ്ട് വക്കീല്‍ വിടുവായത്തം വിളമ്പുകയാണ്.
ഞാന്‍ മറുപടി നല്കി: ‘ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ആളല്ല. എന്നെ ഏഡനിലേക്ക് അയച്ചത് ഞാന്‍ കമ്മ്യൂണിസ്റ്റ് കാരന് ആയതുകൊണ്ടാണോ എന്ന് ചോദിക്കേണ്ടത് എന്നോടല്ല, എന്നെ അവിടേക്ക് പോകാന്‍ നിയോഗിച്ച ഇന്ത്യാ ഗവണ്മെന്റിനോടാണ്. താങ്കളുടെ ചോദ്യത്തിനുള്ള മറുപടി അവര്‍ നല്‍കും.'( ഞാന്‍ സാക്ഷി)
അതോടെ വക്കീലിന്റെ മുനവെച്ച ചോദ്യങ്ങള്‍ അവസാനിച്ചു. അവര്‍ക്ക് അനുകൂലായി ഒരു വരിപോലും കിട്ടില്ലെന്ന് വ്യക്തമായതോടെ പ്രൊഫ. അബ്ദുള്‍ ഗഫാറിനെ വിസ്തരിക്കുന്നത് അവസാനിപ്പിക്കുകയും ചെയ്തു.
രാജന് കൊലക്കേസ് അട്ടിമറിക്കാന്‍ തുടക്കം മുതല്‍ ശ്രമം നടന്നിരുന്നുവെന്നത് ഒരു പരസ്യമായ രഹസ്യമാണ്. സാക്ഷി വിസ്താര സമയത്ത് കേസുമായി ബന്ധമുള്ള ഒന്നും തന്നെ രാജന്റെ പിതാവിനോട് സര്‍ക്കാര്‍ വക്കീല്‍ ചോദിച്ചില്ല. കേസില്‍ കക്ഷിചേരുവാന്‍ ഈച്ചരവാരിയര്‍ നടത്തിയ ശ്രമങ്ങളും സര്‍ക്കാര്‍ തടഞ്ഞു. സര്‍ക്കാരിന്റെ ലക്ഷ്യം കേസ് തോല്ക്കലാണെന്ന് ഈച്ചരവാരിയര്‍ക്ക് ബോധ്യമായി.
അതേസമയം, കായണ്ണ ആക്രമണത്തിന്റെ ആസൂത്രണം ആര്.ഇ.സി.യില്‍ നിന്നാണെന്ന് തന്നെ ഉറച്ച് വിശ്വസിച്ച ജയറാം പടിക്കലിനേറ്റ കനത്ത പ്രഹരമായിരുന്നു അന്വേഷണ റിപ്പോര്‍ട്ടുകളെല്ലാം. കായണ്ണ ആക്ഷനില്‍ ആര്.ഇ.സി.ക്കാര് ആരുംതന്നെയില്ലെന്നത് ജയറാം പടിക്കലിനെ പരിഭ്രാന്തിയിലാക്കി. ചെയ്ത ക്രൂരതകളുടെ ഫലം അയാളെ തിരിഞ്ഞുകുത്തി. കോടതിയും പൊതുസമൂഹവും അയാളെ കുറ്റവാളിയായി മുദ്രകുത്തി.
കോയമ്പത്തൂര്‍ കോടതി ഒടുവില്‍ വിധിപ്രസ്താവത്തില്‍ പറഞ്ഞതിങ്ങനെയാണ്: ‘പി.രാജന് മര്‍ദ്ദനത്തെ തുടര്‍ന്ന് കക്കയം ക്യാമ്പില്‍ മരിച്ചുവെന്ന് സാഹചര്യത്തെളിവുകളില്‍ നിന്ന് അനുമാനിക്കാം. എന്നാല്‍ മൃതദേഹം കണ്ടെടുത്തിട്ടില്ല. അത് നശിപ്പിച്ചതായും തെളിയിച്ചിട്ടില്ല. അതിനാല്‍ കൊലക്കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടില്ല.’
പ്രൊഫ. അബ്ദുള്‍ ഗഫൂര്‍ എഴുതുന്നു. ‘ആ ഒരു വിധിയോടെ രാജന് കേസ് അവിടെ അവസാനിച്ചേക്കാമെങ്കിലും പൗരത്വദംശനത്തെയും നീതിനിഷേധത്തെയും കുറിച്ചുള്ള ചോദ്യങ്ങളൊന്നും അവസാനിച്ചില്ല. ആധുനിക ഇന്ത്യ കണ്ട ഏറ്റവും കറുത്ത ദിനങ്ങള്‍ വലിച്ചുകീറിയെറിഞ്ഞ മനുഷ്യരുടെ വേദനകളും കുഴിച്ചുമൂടപ്പെട്ടില്ല. ഒരിക്കലും തിരിച്ചുവരാത്ത മകനുവേണ്ടി ഒരിലച്ചോറുമായി കാത്തുകാത്തിരുന്നു സമനിലതെറ്റി മരിച്ച ഒരമ്മയുടെ അനാഥമായ ആത്മാവിന്റെ അലച്ചിലുകള്‍ ആരെയാണ് വേട്ടയാടാതിരിക്കുക? സ്വന്തം മകനുവേണ്ടി തകര്‍ന്ന ഹൃദയവുമായി മുട്ടാത്ത വാതിലുകളില്ലാത്ത ഒരു വൃദ്ധന് അവസാന ശ്വാസത്തിലും നിയമത്തിന് മുന്നില്‍ പൊരുതി നിന്ന കഥയും ആരെയാണ് പൊള്ളിക്കാതിരിക്കുക?’
കൊല്ലം ടി.കെ.എം കോളജ് അധ്യാപകനായും ഭട്കല് എന്‍ജിനീയറിങ് കോളജ് പ്രിന്‍സിപ്പലായും പൊഫ. അബ്ദുള്‍ ഗഫാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. യെമനില്‍ വിദ്യാഭ്യാസ പുരോഗതിക്കായി പ്രവര്‍ത്തിച്ച ഇന്ത്യന്‍ സംഘത്തില്‍ അദ്ദേഹം അംഗമായിരുന്നു. അജ്മാന് ഗള്‍ഫ് മെഡിക്കല്‍ കോളജിന്റെ സ്ഥാപകനും അഡ്മിനിസ്ട്രേഷന് ഡയറക്ടറുമായിരുന്നു പൊഫ. അബ്ദുള്‍ ഗഫാര്‍.
rajan case sole witness professor kk abdul ghaffar passes away