ഒരു പരമാധികാര സ്വതന്ത്ര രാഷ്ട്രത്തിലെ മുന്‍ പ്രധാനമന്ത്രിയും, രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട നേതാവുമായ രാജീവ് ഗാന്ധിയെ മറ്റൊരു രാജ്യത്തെ തീവ്രവാദി സംഘടന, ശ്രീപെരുമ്പത്തൂരില്‍ മനുഷ്യബോംബ് പൊട്ടിത്തെറിപ്പിച്ച് ദാരുണമായി വധിച്ചത് 34 വര്‍ഷം മുന്‍പ് ഇതേ ദിവസമാണ്.
ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നിഷ്ഠൂരമായ രാഷ്ട്രീയ കൊലപാതകമായിരുന്നു രാജീവ് ഗാന്ധി വധം. സമകാലീന ഇന്ത്യന്‍ രാഷ്ട്രീയ സാമൂഹിക ചരിത്രഗതിയെ മാറ്റിമറിച്ച ആ ദാരുണ സംഭവം ഇന്ത്യ നേരിടുന്ന തീവ്രവാദത്തിന്റെ അപകടസാധ്യതയിലേക്ക് അന്നേ വിരല്‍ ചൂണ്ടിയതാണ്. രാജീവ് വധത്തിന്റെ കാരണക്കാരെ കണ്ടെത്തി ശിക്ഷിച്ച് കുറ്റകൃത്യചരിത്രങ്ങളുടെ മുന്നില്‍ തന്നെ സ്ഥാനം നല്‍കിയെങ്കിലും രാജീവ് വധത്തിലെ ദുരൂഹമായ, ചില ചോദ്യങ്ങള്‍ക്ക് ഇപ്പോഴും ഉത്തരമില്ല.
സ്ഫോടനത്തിന് തൊട്ടുമുമ്പ് രാജീവ് ഗാന്ധി
ഹോളിവുഡിലെ മികച്ച ത്രില്ലര്‍ ചിത്രങ്ങളോട് കിടനില്‍ക്കുന്ന കേസന്വേഷണമായിരുന്നു രാജീവ് ഗാന്ധി വധക്കേസ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തില്‍ ഒരു കുറ്റവാളിക്ക് വേണ്ടി ഇത്ര വലിയ അന്വേഷണ വേട്ട നടന്നിട്ടില്ല. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ നിഷ്ഠൂരമായി ചാവേര്‍ ബോംബിലൂടെ വധിച്ച എല്‍. ടി. ടി. ഇ എന്ന ഭീകരസംഘടനയുടെ ദൗത്യസംഘത്തിന്റെ മുഖ്യസൂത്രധാരനായ ഒറ്റക്കണ്ണന്‍ ശിവരശന്‍ അഥവാ വണ്‍ ഐ ജാക്കിള്‍ എന്ന ഭീകരനെ പിടികൂടാന്‍ പ്രത്യേകാന്വേഷണ സംഘം (SIT) നടത്തിയ അന്വേഷണം കുറ്റവാളിയെ ജീവനോടെ പിടിക്കാന്‍ നടത്തിയ ലോകത്തിലെ തന്നെ ഏറ്റവും വലിയ മനുഷ്യവേട്ടയായിരുന്നു.
90 ദിവസം കൊണ്ട് ലക്ഷ്യത്തിലെത്തിയ, ലോകത്തിലെ തന്നെ ഏറ്റവും ദീര്‍ഘമായ അന്വേഷണം നടന്ന കേസാണത്. 1,044 സാക്ഷികള്‍, 10,000 പേജ് സാക്ഷി മൊഴികള്‍, ഒരു ലക്ഷം ഫോട്ടോഗ്രാഫുകള്‍, 500 ഓളം വീഡിയോ കാസ്റ്റെറ്റുകള്‍, 1,447 രേഖകള്‍,1180 തെളിവുകള്‍, 55 പേജുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത് സംഭവം നടന്ന് ഒരു വര്‍ഷത്തിന് ശേഷം. ഇതൊക്കെ ഈ വധക്കേസിന്റെ അപൂര്‍വ്വമായ സവിശേഷതകളാണ്. തമിഴ്‌നാട്ടില്‍ ആദ്യമായി ടാഡ ഉപയോഗിച്ച കേസ് എന്ന നിലയിലും രാജീവ് ഗാന്ധി വധക്കേസിന് പ്രാധാന്യമുണ്ട്.
33 വര്‍ഷം മുന്‍പ്, 1991 മെയ് 21 ന് തമിഴ്‌നാട്ടിലെ ശ്രീ പെരുംമ്പത്തൂരില്‍ രാത്രി 10 മണിയോടെ ഇലക്ഷന്‍ പ്രചരണത്തിനെത്തിയ മുന്‍ പ്രധാനമന്ത്രിയായ രാജീവ് ഗാന്ധി പാര്‍ട്ടിക്കാരുടെ സ്വീകരണവും ഹാരാര്‍പ്പണവും സ്വീകരിക്കുന്നതിനിടയില്‍ മാലയണിയിക്കാനെത്തിയ എല്‍. ടി. ടി. ഇ വനിതാചാവേര്‍ പൊട്ടിത്തെറിച്ച് രാജീവ് ഗാന്ധിയടക്കം 16 പേര്‍ തല്‍ക്ഷണം മൃതിയടഞ്ഞു. ഈ ഉഗ്രസ്‌ഫോടനത്തില്‍ 20 ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഈ നൂറ്റാണ്ടിലെ ഏറ്റവും നിഷ്ഠൂരമായ കൊലപാതകങ്ങളിലൊന്നായ രാജീവ്ഗാന്ധി വധം പിന്നീട് ഇന്ത്യയുടെ രാഷ്ട്രീയ സമവാക്യങ്ങള്‍ തന്നെ മാറ്റിമറിച്ച സംഭവമായി മാറി.
ശിവരശനും ചാവേർപ്പുലി തനുവും ശ്രീപെരുമ്പത്തൂരിൽ രാജീവിൻ്റെ വരവ് കാത്തു നിൽക്കുന്നു
രാജീവ്ഗാന്ധി വധക്കേസിലെ ഉത്തരംകിട്ടാത്ത ചില ചോദ്യങ്ങള്‍ ഇപ്പോഴുമുണ്ട്. കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ക്കോ, ഉയര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ക്കോ അറിയാന്‍ താല്‍പര്യമില്ലാത്ത, ഉത്തരങ്ങളുളള ദുരൂഹതകള്‍ നിറഞ്ഞ ചോദ്യങ്ങളാണവ. പ്രധാന സൂത്രധാരന്‍ ഒറ്റക്കണ്ണന്‍ ശിവരശനെ എന്തുകൊണ്ട് ജീവനോടെ പിടിച്ചില്ല? എന്നത് അതിലെ ഒരു പ്രധാന ചോദ്യമായിരുന്നു.
അത് അറിയാന്‍ രാജീവ് ഗാന്ധിയെ വധിച്ചതാര്? എന്തിന്? എന്ന ചോദ്യത്തില്‍ നിന്ന് വേണം തുടങ്ങാന്‍. ആദ്യമായി ഏറ്റവും ശക്തമായ ഇന്ത്യന്‍ ഇടപെടല്‍ ശ്രീലങ്കന്‍ ഉപദീപില്‍ ഉണ്ടാകുന്നത് 1983 ലെ ജൂലൈയില്‍ തമിഴ് വംശജര്‍ക്കെതിരെ സിംഹളര്‍ നടത്തിയ വംശീയ കലാപത്തോട് കൂടിയാണ്. 13 ശ്രീലങ്കന്‍ പട്ടാളക്കാരെ ജാഫ്‌നയിലെ തിനവേളിയില്‍ തമിഴ്പുലികള്‍ പതിയിരുന്നാക്രമിച്ച് വകവരുത്തിയതോടെ സര്‍ക്കാരിന്റെ പിന്‍തുണയോടെ സിംഹളര്‍ തമിഴര്‍ക്കെതിരെ കലാപം ആരംഭിച്ചു. കറുത്ത ജൂലൈ എന്നറിയപ്പെട്ട ആ കലാപത്തില്‍ കൊളംബോയില്‍ മാത്രം മൂവായിരം തമിഴര്‍ കൊല്ലപ്പെട്ടു. പതിനായിരക്കണക്കിന് തമിഴ് ഭവനങ്ങള്‍ കൊള്ളയടിക്കപ്പെട്ടു. ഒരു വിദേശ രാജ്യത്ത് നടന്ന ഇന്ത്യാ വിരുദ്ധ കലാപം കൈയ്യും കെട്ടി നോക്കി നില്‍ക്കാന്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി തയ്യാറായില്ല. അവര്‍ ശക്തമായി ഇടപെടുകയും അന്നത്തെ ശ്രീലങ്കന്‍ പ്രസിഡന്റായ ജൂലിയസ് ജയവര്‍ദ്ധനെയുമായി സംസാരിച്ച് തമിഴര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കാന്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തു.
തുടര്‍ന്ന് അന്നത്തെ തമിഴ് വിമോചന സംഘടനാ നേതാക്കള്‍ക്ക് ഇന്ത്യയില്‍ അഭയം നല്‍കി. രഹസ്യമായി അവര്‍ക്ക് സൈനിക പരിശീലനം നല്‍കുകയും RAW അവരുമായി ബന്ധം ആരംഭിക്കുകയും ചെയ്തു. അക്കാലത്ത് LTTE, TELO, PLOTE, EPRLF, ENDLF എന്നീ ശ്രീലങ്കയിലെ അഞ്ച് പ്രധാന തമിഴ് സായുധ സംഘടനകള്‍ മദ്രാസില്‍ ഓഫീസ് തുറന്ന് തങ്ങളുടെ വേരുകള്‍ തമിഴ്‌നാട്ടില്‍ വ്യാപിപ്പിച്ചു. ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് വേലുപ്പിള്ള പ്രഭാകരന്റെ എല്‍.ടി.ടി.ഇ. തന്നെയായിരുന്നു. അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രിയായ എം.ജി.ആര്‍ വേലുപ്പിള്ള പ്രഭാകരനോട് പ്രത്യേക വാത്സല്യം കാണിച്ചത് തമ്പി പ്രഭാകരന് സ്വന്തം നിലയില്‍ അഞ്ച് കോടി രൂപ എല്‍.ടി.ടി.ഇ ക്ക് സംഭാവനയായി നല്‍കിയായിരുന്നു. ആ തുക ഉപയോഗിച്ചായിരുന്നു എല്‍.ടി.ടി.ഇ പ്രസ്ഥാനം ആദ്യമായി തങ്ങള്‍ക്കാവശ്യമായ ആയുധങ്ങളും യൂണിഫോം തുണികളും വാങ്ങി മികച്ച സായുധ സേനയാകാനുള്ള യാത്ര ആരംഭിച്ചത്.
1987 ജൂലൈ 29 ന് കൊളംബോയില്‍ വെച്ച് ഇന്ത്യന്‍ – ശ്രീലങ്കന്‍ കരാറില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് ജയവര്‍ദ്ധനെയും അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും ഇന്ത്യാ ശ്രീലങ്ക കരാറില്‍ ഒപ്പ് വെച്ചു. ഇതനുസരിച്ച് ശ്രീലങ്കയിലെ തമിഴര്‍ക്ക് ഭൂരിപക്ഷമുള്ള കിഴക്കന്‍ ലങ്കയില്‍ ഇലക്ഷന്‍ നടത്തി പ്രാദേശിക ഭരണം തമിഴര്‍ക്ക് നല്‍കുമെന്നും സമാധാനപരമായി ഇലക്ഷന്‍ നടത്താന്‍ സഹായിക്കുന്നതിനായി ഇന്ത്യന്‍ സൈന്യത്തെ തമിഴ് മേഖലയില്‍ അയച്ചു കൊടുക്കാമെന്നൊക്കെ കരാറില്‍ പറഞ്ഞുവെച്ചിരുന്നു. തമിഴ് വിമോചന സംഘടനകളെ കൊണ്ട് ആയുധം താഴെ വെയ്പ്പിച്ച് സമാധാന ചര്‍ച്ചകളില്‍ പങ്കെടുക്കാനായി അന്നത്തെ പ്രധാന അഞ്ച് തമിഴ് വിമോചന പോരാട്ട സംഘടനയുടെ നേതാക്കളെ ഡല്‍ഹിയിലേക്ക് ക്ഷണിക്കുകയും ഇതിന് സമ്മതിപ്പിക്കുകയും ചെയ്തു. ആതൃന്തം വഷളായ ശ്രീലങ്കന്‍ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം കണ്ട ഈ രാഷ്ട്രീയ സംഭവങ്ങളൊക്കെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ നേട്ടങ്ങളായി അറിയപ്പെട്ടു.
രാജീവിനെ സൈനികൻ ആക്രമിക്കുന്നു
1987 ജൂലൈ 30 ന് പിറ്റേന്നാള്‍, ഇന്ത്യയിലേക്ക് തിരികെ പോകുന്നതിന് മുന്‍പ് ശ്രീലങ്കന്‍ സര്‍ക്കാര്‍ നല്‍കിയ നാവിക ഗാര്‍ഡ് ഓഫ് ഓണര്‍ രാജീവ് ഗാന്ധി പരിശോധിക്കുമ്പോള്‍ നാവിക പരേഡില്‍ നില്‍ക്കുകയായിരുന്ന ശ്രീലങ്കന്‍ നാവികനായ വിജെമുനി തന്റെ സെറിമോണിയല്‍ റൈഫിളിന്റെ പാത്തി അദ്ദേഹത്തിന് നേരെ വീശി. തോക്കിന്റെ പാത്തി അദ്ദേഹത്തിന്റെ പിന്‍ കഴുത്തില്‍ ഉരഞ്ഞെങ്കിലും, രാജീവ് പെട്ടെന്ന് തല കുനിച്ചു ഒഴിഞ്ഞ് മാറിയതിനാല്‍ വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടു, ഒപ്പമുണ്ടായിരുന്ന ശ്രീലങ്കന്‍ ലെഫ്റ്റനന്റ് മെന്‍ഡിസും മറ്റ് ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് വിജെമുനിയെ പിടികൂടി അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന്, നടന്ന നാവികസേനാ കോര്‍ട്ടു മാര്‍ഷലില്‍ കൊലപാതകശ്രമം, നാവിക അച്ചടക്കത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കല്‍, ഒരു വിദേശ നേതാവിനെ അപമാനിക്കല്‍ എന്നീ കുറ്റങ്ങള്‍ വിജെമുനിയില്‍ ചുമത്തി. നാവികന്‍ തലചുറ്റി വീണ് രാജീവ് ഗാന്ധിയുടെ മേല്‍ പതിച്ചതാണ് ഇത് സംഭവിച്ചതെന്നായിരുന്നു പ്രസിഡന്റ് ജയവര്‍ധനെയുടെ വധശ്രമത്തെക്കുറിച്ചുള്ള വിചിത്രമായ ഭാഷ്യം.
സുപ്രധാനമായ ഇന്ത്യ ശ്രീലങ്ക കരാറിനെ ഈ സംഭവം ബാധിക്കരുത് എന്നതിനാല്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് ഇതിനെതിരെ ഔദ്യോഗികമായി മുന്നോട്ട് പോയില്ല റൈഫിളില്‍ ഘടിപ്പിച്ചിരുന്ന ബയണറ്റ് ഉപയോഗിച്ച് രാജീവിനെ കുത്തിയിട്ടില്ലാത്തതിനാല്‍ വിജേമുനി കൊല്ലാന്‍ ലക്ഷ്യമിട്ടിരുന്നില്ലെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും മനഃപൂര്‍വമല്ലാത്ത നരഹത്യക്കും ഇന്ത്യന്‍ പ്രധാനമന്ത്രിയെ അപമാനിച്ചതിനും കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. വിജെമുനിക്ക് ആറ് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. വിജേമുനിയെ നാവികസേനയില്‍ നിന്ന് പിരിച്ചുവിട്ടു.
ലോകത്തിലെ ഏറ്റവും മികച്ച സുരക്ഷാ സംവിധാനങ്ങളുള്ള നേതാക്കളില്‍ ഒരാളാണ് രാജീവ് ഗാന്ധി, എന്നാല്‍ കൊളംബോയില്‍ അദ്ദേഹത്തിന് നേരെയുണ്ടായ വധശ്രമം ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടാമത്തെ തവണയായിരുന്നു. തലേ വര്‍ഷം ഒക്ടോബര്‍ 2 ന് ന്യൂഡല്‍ഹിയിലെ ഗാന്ധി സമാധിയിലെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന ഒരാള്‍ അദ്ദേഹത്തിന് നേരെ വെടി വെച്ചു. പക്ഷേ ലക്ഷ്യം തെറ്റി വെടിയുണ്ട പാഞ്ഞതിനാല്‍ രാജീവ് ഗാന്ധി രക്ഷപ്പെട്ടു. പിന്നീട് ഒരിക്കലും അവസാനിക്കാത്ത ശ്രീലങ്കന്‍ സംഘര്‍ഷം ഭാവിയില്‍ അദ്ദേഹത്തിന്റെ ജീവനെടുക്കുവാന്‍ കാരണമാവുമെന്ന് ആരും അന്ന് കരുതിയില്ല. കരാറിന്റെ ഫലമായുള്ള ഇന്ത്യയുടെ ഇടപെടല്‍ രണ്ട് രാജ്യങ്ങള്‍ക്കും കൊടിയ വിപത്തുണ്ടാക്കി. അടുത്ത ദശകത്തില്‍ ദുരന്തങ്ങളുടെ ഒരു പരമ്പരക്ക് തന്നെ അത് വഴിവെച്ചു.
1987 ജൂലൈ 30 ന് നടന്ന ശ്രീലങ്കയിലെ വധശ്രമം വാർത്ത
ഇന്ത്യന്‍ സമാധാന സംരക്ഷണ സേന (IPKF- Indian Peace Keeping Force) ശ്രീലങ്കയില്‍ ജൂലൈയില്‍ ജാഫ്‌നയില്‍ എത്തി. ശ്രീലങ്കന്‍ തമിഴ് ജനത അവരെ മാലയിട്ട് വരവേറ്റു. തുടക്കം ശുഭസൂചകമായിരുന്നെങ്കിലും ഏറെ താമസിയാതെ എല്‍.ടി.ടി.ഇ IPKFവുമായി ഏറ്റുമുട്ടി. ഇന്ത്യാ ശ്രീലങ്കന്‍ കരാറിനോട് കനത്ത എതിര്‍പ്പുകള്‍ ഉണ്ടായിരുന്ന ശ്രീലങ്കയിലെ ഉന്നത നേതാക്കള്‍ തന്നെ ഇന്ത്യാ- ശ്രീലങ്ക കരാര്‍ അട്ടിമറിച്ചു. ശ്രീലങ്കന്‍ പ്രധാനമന്ത്രിയായ രണസിംഗെ പ്രേമദാസ എല്‍. ടി. ടി ഇ. യുമായി രഹസ്യധാരണയുണ്ടാക്കി ഇന്ത്യന്‍ സൈന്യത്തെ തുരത്താന്‍ അവര്‍ക്ക് ആയുധങ്ങള്‍ നല്‍കി.
1987 ജൂലൈ മുതല്‍ 1990 മാര്‍ച്ച് വരെ ഈഴം പുലികളും IPKFവുമായി കൊടും യുദ്ധം തന്നെ നടന്നു. ഒടുവില്‍ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്ന് പോലും നേടാന്‍ കഴിയാതെ ശ്രീലങ്കയില്‍ സമാധാനം സ്ഥാപിക്കുന്നതിന് പകരം അങ്ങേയറ്റം ക്രൂരമായ ഒരു രക്തച്ചൊരിച്ചിലിന്റെ ചരിത്രം എഴുതി ചേര്‍ത്ത് IPKF നാണം കെട്ട് ശ്രീലങ്കയില്‍ നിന്ന് പിന്‍വാങ്ങി. 1500 സൈനികര്‍ കൊല്ലപ്പെടുകയും 800 ഓളം പേര്‍ അംഗവിഹീനരായും മാറിയ, കോടിക്കണക്കിന് രൂപയുടെ നഷ്ടവും വരുത്തി വെച്ച സര്‍വ്വാബദ്ധമായിരുന്നു ശ്രീലങ്കയിലെ ഇന്ത്യന്‍ ഇടപെടല്‍’.
1990 ഒക്ടോബറില്‍ ഇന്ത്യ ഭരിച്ചിരുന്ന വി.പി.സിംഗ് ദേശീയ മുന്നണി മന്ത്രി സഭക്ക് നല്‍കിയ പിന്‍തുണ പിന്‍വലിക്കുമെന്ന് ബി.ജെ.പി. ഭീഷണി മുഴക്കുന്ന കാലമായിരുന്നു അത്. ഡല്‍ഹിയിലെ ഈ രാഷ്ട്രീയ പ്രകമ്പനങ്ങള്‍ ശ്രീലങ്കയിലെ എന്‍. ടി. ടി. ഇ കേന്ദ്രത്തിലുമെത്തി. വളരെ പ്രാധാന്യമര്‍ഹിക്കുന്ന ആ വിഷയം വിശകലനം ചെയ്യാന്‍ ജാഫ്‌നയിലെ കൊടുംകാട്ടിലെ ഒളിത്താവളത്തില്‍ എല്‍. ടി. ടി. ഇ നേതാവ് പ്രഭാകരന്‍ തന്റെ ഉന്നത നേതാക്കളുമായി സമ്മേളിച്ചു. കോണ്‍ഗ്രസിന്റെ വന്‍ വിജയത്തോടെ വീണ്ടും രാജീവ് ഗാന്ധി അധികാരത്തില്‍ തിരിച്ചുവരുമെന്ന് ഉറപ്പായിരിക്കുമെന്ന് അപ്പോഴത്തെ ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വെച്ച് അവര്‍ കണക്കുകൂട്ടി. അത് എല്‍.ടി.ടി.ഇ. ക്ക് ഒട്ടും ഹിതകരല്ലായിരുന്നു. അങ്ങനെ സംഭവിച്ചാല്‍ വീണ്ടും രാജീവ് ഗാന്ധി ശ്രീലങ്കയിലേക്ക് IPKF നെ വീണ്ടും അയക്കുമെന്നും അതിന് മുന്‍പ് തമിഴ്‌നാട്ടിലെ എല്‍.ടി.ടി.ഇ ശ്യംഖലയെ വേരോടെ പിഴുതെറിയുമെന്ന വസ്തുത വന്‍ ഭീഷണിയായി പുലിത്തലവനെ അലട്ടി. ഇത് തടയാന്‍ ഒരു പരിഹാരമേയുള്ളൂ അധികാരത്തില്‍ വരും മുന്‍പ് രാജീവ് ഗാന്ധിയെ വധിക്കുക. പ്രധാനമന്ത്രിയല്ലാത്ത, സുരക്ഷാ സംവിധാനമില്ലാത്ത രാജീവിനെ ഇലക്ഷന്‍ പ്രചരണത്തില്‍ വധിക്കാന്‍ എളുപ്പത്തില്‍ സാധിക്കുമെന്ന തിരിച്ചറിവ് പുലിത്തലവന് ആ ക്രൂരമായ തീരുമാനമെടുക്കാന്‍ പ്രേരണയായി. രാജീവ്ഗാന്ധിയുടെ നിഷ്ഠൂരമായ വധത്തിന്റെ പദ്ധതികളുടെ തുടക്കം ഇതായിരുന്നു.
ജാഫ്‌നയിലെ ഒളിത്താവളത്തില്‍ പ്രഭാകരന്റെ നിര്‍ദേശമനുസരിച്ച് പദ്ധതി നടപ്പിലാക്കാന്‍ നാല് ശ്രീലങ്കന്‍ എല്‍.ടി.ടി.ഇ പ്രവര്‍ത്തകര്‍ അതീവ രഹസ്യമായി പ്രഭാകരനുമായി സന്ധിച്ചു. തമിഴ്‌നാട്ടിലെ എല്‍.ടി.ടി.ഇ സൈദ്ധാന്തികന്‍ ബേബി സുബ്രഹ്‌മണ്യം, എല്‍. ടി. ടി. ഇ ‘സ്‌ഫോടക വിദ്ഗ്ധനായ മുരുകന്‍, മറ്റൊരു എല്‍.ടി.ടി.ഇ വിശ്വസ്തനായ പ്രവര്‍ത്തകന്‍ മുത്തുരാജ’, പിന്നെ ഏറ്റവും പ്രധാന കണ്ണിയായ, രാജീവ് ഗാന്ധിയെ വധിക്കാനുള്ള പദ്ധതി നടപ്പിലാക്കേണ്ട ‘ഒറ്റക്കണ്ണന്‍ ശിവരശന്‍.
ശിവരശനും ബാംഗ്ലൂരിലെ അവസാന ഒളിത്താവളവും
മദ്രാസിലെത്തിയ നാല്‍വര്‍ സംഘം പദ്ധതിയനുസരിച്ച് എല്ലാ കരുക്കളും നീക്കി. മദ്രാസിലെ എല്‍.ടി.ടി.ഇയുടെ ശക്തനായ അനുഭാവിയായ ശുഭാ സുന്ദരത്തിന്റെ ശുഭാ ന്യൂസ് ആന്റ് ഫോട്ടോ ഏജന്‍സി എല്‍.ടി.ടി.ഇ പ്രവര്‍ത്തകരുടെ ഒരു താവളമായിരുന്നു. അവിടെ വെച്ചാണ് തമിഴ്‌നാട്ടിലെ പ്രസ്ഥാനത്തിന്റെ അനുകൂലികളെ റിക്രൂട്ട് ചെയ്തിരുന്നത്.
ബേബി സുബ്രഹ്‌മണ്യം, അവിടെ വെച്ച് സാമ്പത്തികമായി തകര്‍ന്നിരിക്കുന്ന, ഭാഗ്യനാഥന്‍ എന്നൊരാളെ വശത്താക്കി. അയാള്‍ക്ക് ഒരു പ്രിന്റിംഗ് പ്രസ്സ് വാങ്ങി കൊടുക്കുകയും ചെയ്തു. ഒരു എല്‍.ടി.ടി.ഇ ഒളിത്താവളവുമായി പിന്നീട് മാറിയ അവിടെ എല്‍. ടി. ടി. ഇ സാഹിത്യമാണ് പ്രധാനമായും അച്ചടിച്ചിരുന്നത്. അവയിലെ സന്ദേശങ്ങളെല്ലാം ഒന്നായിരുന്നു.
‘ശ്രീലങ്കയില്‍ IPKF നടത്തിയ കുറ്റകൃത്യങ്ങള്‍ക്കെല്ലാം കാരണം രാജീവ് ഗാന്ധിയാണ്.’ ഇതെല്ലാം വായിച്ച ഭാഗ്യനാഥന്റെ സഹോദരി നളിനി കടുത്ത രാജീവ് വിരോധിയായി. ശുഭാ ന്യൂസ് ഏജന്‍സിയില്‍ സ്ഥിരമായി വന്നിരുന്ന ഫ്രീലാന്‍സ് യുവഫോട്ടോഗ്രാഫറായ ഹരിബാബു എല്‍.ടി.ടി.ഇ. അനുഭാവിയായിരുന്നു. തമിഴ് നാട്ടില്‍ പ്രസ്ഥാനത്തിന് വേണ്ടി ഫോട്ടോകള്‍ എടുത്തിരുന്ന അയാളെയും ശിവരശന്‍ തന്റെ സംഘത്തില്‍ ചേര്‍ത്തു. ശിവരസന്റെ നാട്ടുകാരനായ ജയകുമാരന്‍ എന്ന എല്‍.ടി.ടി.ഇ ക്കാരന്റെ ഭാര്യ സഹോദരനായ അറിവ് എന്ന പേരറിവാളന്‍ പോരൂരില്‍ താമസിച്ചിരുന്നു. കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്ലോമക്കാരനായ ഇയാള്‍ക്ക് ഇലട്രോണിക്‌സില്‍ നല്ല പരിജ്ഞാനമുണ്ടായിരുന്നു. സ്‌ഫോടനത്തിനാവശ്യമായ സഹായം ഇയാളില്‍ നിന്ന് ലഭിക്കാനായി അറിവിനേയും സംഘത്തില്‍ അംഗമാക്കി.
രാജീവ് വധം രണ്ട് പുസ്തകങ്ങൾ
എല്‍.ടി.ടി.ഇയിലെ നിഴല്‍പ്പടയിലെ രണ്ട് പെണ്‍പുലികള്‍ ദൗത്യത്തിനായി ശ്രീലങ്കയില്‍ നിന്ന് മദ്രാസില്‍ എത്തി ശിവരശന്റെ സംഘത്തോട് ചേര്‍ന്നു. ഗായത്രി എന്ന പേരില്‍ അറിയപ്പെടുന്ന തനുവും ശുഭ എന്നറിയപ്പെടുന്ന ശാലിനിയുമായിരുന്നു മനുഷ്യ ബോംബായി പ്രവര്‍ത്തിക്കാനെത്തിയത്. അപ്പോഴും രാജീവിനെ വധിക്കുന്നത് എങ്ങനെയാണെന്ന് ശിവരശന് മാത്രമെ ആ സംഘത്തില്‍ അറിവുണ്ടായിരുന്നുള്ളൂ.
എല്‍. ടി. ടി ഇ യുടെ പ്രവര്‍ത്തന ശൈലിയനുസരിച്ച് സംഭവം വീഡിയോവിലും, ക്യാമറയിലും പകര്‍ത്തണമെന്ന് പ്രഭാകരന്‍ നിര്‍ദ്ദേശിച്ചിരുന്നു. കൂടാതെ പാളിച്ചകള്‍ ഒഴിവാക്കാന്‍ ട്രയല്‍ റണ്‍ നടത്തണമെന്നും പുലിത്തലവന്‍ നിര്‍ദ്ദേശിച്ചു. അതനുസരിച്ച് ഏപ്രില്‍ 18 ന് രാജീവ് ഗാന്ധിയുടെ മദ്രാസിലെ മെറീനാ ബീച്ചില്‍ നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പ് യോഗത്തില്‍ ശിവരശനും തനുവും പങ്കെടുത്തു. പക്ഷേ, രാജീവിന്റെ അടുത്തെത്താന്‍ ശ്രമിച്ചില്ല. ഇതിന്റെ ഫോട്ടോയും വീഡിയോയും പകര്‍ത്തി. രാജീവിന്റെ സുരക്ഷാ സംവിധാനത്തെക്കുറിച്ച് ഏകദേശ ധാരണ ഇതില്‍ നിന്ന് ശിവരശന് ലഭിച്ചു.
‘മെയ് 9 ന് ആര്‍ക്കോണത്ത് തിരുവള്ളൂരില്‍ വി.പി.സിങ്ങും കരുണാനിധിയും പങ്കെടുത്ത തെരഞ്ഞെടുപ്പ് യോഗത്തിലും ഒരു ട്രയല്‍ റണ്‍ ഇവര്‍ നടത്തി. ഇത്തവണ വി.പി. സിങ്ങിന്റെ അടുത്തെത്തി കാലില്‍ തൊട്ട് നമസ്‌ക്കരിക്കാന്‍ തനുവിന് കഴിഞ്ഞു. അവസാനമായി ‘വധത്തിന് ഉപയോഗിക്കേണ്ട ആയുധമായ ബെല്‍റ്റ് ബോംബ് തയ്യാറാക്കപ്പെട്ടു. സ്‌ഫോടക വിദഗ്ധനായ ശിവരശന്റെ മേല്‍നോട്ടത്തില്‍ പേരറിവാളനാണ് ഇത് തയ്യാറാക്കിയതെന്ന് പറയപ്പെടുന്നു (വര്‍ഷങ്ങള്‍ക്ക് ശേഷം കോടതി പേരറിവാളനെ ഈ കേസില്‍ നിന്ന് കുറ്റവിമുക്തനാക്കി). എല്ലാ തരത്തിലും ശിവരശന്‍ നിര്‍ണ്ണായകവും അപകടകരവുമായ ആ ദൗത്യത്തിന് തയ്യാറായി.
നിര്‍ണ്ണായകമായ ദിനം മെയ് 21 സായാഹനമായി. രാത്രി 8 മണിയോടെ ഫോട്ടോഗ്രാഫര്‍ ഹരി ബാബു, നളിനി, ശുഭ, ചാവേറായ തനു, പിന്നെ പത്രപ്രവര്‍ത്തകന്റെ വേഷം ധരിച്ച കുര്‍ത്തധാരിയായ ശിവരശനും യോഗസ്ഥലമായ ശ്രീ പെരുംപുത്തൂരില്‍ എത്തിച്ചേര്‍ന്നു. വി.ഐ.പികള്‍ക്കുള്ള ഇരിപ്പിടത്തിനടുത്ത് നിന്ന ഈ സംഘത്തെ വനിതാ ഇന്‍സ്‌പെക്ടര്‍ അനസൂയകുമാരി ചോദ്യം ചെയ്തു. ഹരിബാബു താന്‍ പ്രസ്സ് ഫോട്ടോഗ്രാഫറാണെന്നും രാജീവ് ഗാന്ധിയെ ഹാരമണിയിക്കുന്ന ചിത്രമെടുക്കാന്‍ വന്നതാണെന്നും അവരോട് പറഞ്ഞു.
10 മണിയോടെ യോഗസ്ഥലത്തെത്തിയ രാജീവ് ഗാന്ധിയെ ഹാരമണിയിക്കാന്‍ ഘാതകിയായ തനു ചന്ദനമാലയുമായി നിന്നപ്പോള്‍ ഇസ്‌പെക്ടര്‍ അനസൂയ അവരെ തടഞ്ഞതാണ്. എല്ലാവര്‍ക്കും അവസരം നല്‍കൂ എന്ന് രാജീവ് ഗാന്ധി പറഞ്ഞതോടെ എല്ലാം കഴിഞ്ഞു. കണ്ണടവെച്ച പച്ച സാല്‍വാര്‍ കമ്മീസ് ധരിച്ച ആ സ്ത്രീ മാലയണിയിച്ച് കാല്‍തൊട്ട് വന്ദിക്കാന്‍ കുനിഞ്ഞപ്പോള്‍ കാതടപ്പിക്കുന്ന ശബ്ദത്തില്‍ ഉഗ്രസ്‌ഫോടനം നടന്നു. 20 അടി പൊക്കത്തില്‍ തീയും പുകയും ഉയര്‍ന്നു. പുകപടലം മാറിയപ്പോള്‍ രാജീവ് ഗാന്ധി നിന്ന സ്ഥലത്ത് ജീവന്റെ ഒരു ലാഞ്ഛന പോലും ഇല്ലായിരുന്നു. പകരം മാംസവും രക്തവും ചിതറിത്തെറിച്ച ഭീകരമായ കാഴ്ച മാത്രം. മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു എന്ന നടക്കുന്ന വാര്‍ത്ത ലോകമറിഞ്ഞു. ഇന്ത്യയെ ഞെട്ടിച്ച, രാജീവ് ഗാന്ധിയടക്കം 15 പേര്‍ കൊല്ലപ്പെട്ട ആ സ്‌ഫോടനം കഴിഞ്ഞപ്പോള്‍ സമയം രാത്രി 10.10 ആയിരുന്നു.
മല്ലിഗെ, SIT യുടെ ചെന്നെയിലെ ആസ്ഥാനം
പിറ്റേന്നാള്‍ തന്നെ രാജീവ് ഗാന്ധി വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ ( Special Investigation Team) തെക്കന്‍ മദ്രാസിലെ ഗ്രീന്‍ വെയ്‌സ് റോഡിലെ ‘മല്ലിഗെ’ യെന്ന ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ഒന്നിച്ചു. അക്കാലത്തെ ഇന്ത്യയിലെ ഏറ്റവും പ്രഗല്‍ഭരായ പോലീസ് മേധാവികളായിരുന്നു അവരില്‍ എല്ലാവരും. ഡി.ആര്‍ കാര്‍ത്തികേയനായിരുന്നു SIT ന്റെ മേധാവി. ഒരേസമയം ഹൈദരാബാദിലെ സി.പി.ആര്‍.എഫ്. ഐ.ജി. സ്ഥാനവും SIT ന്റെ മേധാവിയുമായിരുന്നു അദ്ദേഹം. സി.ബി.ഐ. ഡയറക്ടര്‍ വിജയ് കരണ്‍, അമോദ് കാന്ത്, അമിത്, കെ. രഘോത്തമന്‍ തുടങ്ങിയവരെല്ലാം ഓരോ സമയത്ത് രാജ്യത്തെ പ്രശസ്തമായ കേസുകള്‍ തെളിയിച്ച പോലീസ് മേധാവികളായിരുന്നു. ജമ്മു കശ്മീരില്‍ ഡി.ഐ.ജിയായിരുന്ന മലയാളിയായ രാധാ വിനോദ് രാജുവായിരുന്ന മറ്റൊരു പ്രധാനപ്പെട്ട ഉദ്യോഗസ്ഥന്‍.
അന്വേഷണ സംഘത്തിന് മല്ലിഗെയില്‍ മികച്ച സംവിധാനങ്ങള്‍ തന്നെ ഏര്‍പ്പെടുത്തി, ഒരു വാഹനവ്യൂഹം, പത്ത് ടെലിഫോണ്‍ ലൈനുകള്‍, കൂടാതെ ഫോറന്‍സിക്ക് വിദഗ്ധര്‍, വിരലടയാള വിദഗ്ധര്‍ തുടങ്ങിയവരുടെ 24 മണിക്കൂറും സജ്ജമായ ഒരു സംഘം. ശൂന്യതയില്‍ നിന്നാണ് തങ്ങളുടെ അന്വേഷണം ആരംഭിക്കേണ്ടത് എന്നറിയാവുന്ന SIT മേധാവി കാര്‍ത്തികേയന്‍ മല്ലിഗെയിലെ തന്റെ മുറിയില്‍ മേശക്ക് പിന്നിലെ ഭിത്തിയില്‍ വലിയ അക്ഷരങ്ങളില്‍ എഴുതി വെച്ചു.
‘അസാധ്യമായി ഒന്നും ഇല്ല. അസാധ്യം എന്ന് തോന്നുന്നതിന് കൂടുതല്‍ സമയവും കൂടുതല്‍ സാഹസികതയും വേണം.’ അങ്ങനെ ദൗത്യം ആരംഭിച്ചു.
സ്‌ഫോടനം നടന്ന മെയ് 21 ന് ശ്രീ പെരുംപുത്തൂരില്‍ സംശയാസ്പദമായി ആരെയെങ്കിലും കണ്ടിരുന്നോ എന്നാണ് അന്വേഷണ സംഘം ആദ്യം അന്വേഷിച്ചത്. സ്‌ഫോടനത്തില്‍ പരിക്കേറ്റ സബ് ഇന്‍സ്‌പെക്ടര്‍ അനസൂയ നല്‍കിയ വിവരം ആദ്യ സൂചനകളായി. ഒരു ഫോട്ടോഗ്രാഫറുമായി സംശയം ജനിപ്പിക്കുന്ന ചിലര്‍ അവിടെ ചുറ്റി നടന്നതായി അവര്‍ സംഘത്തോട് പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് കിട്ടിയ ഒരു ക്യാമറയില്‍ നിന്ന് ലഭിച്ച ചിത്രങ്ങളില്‍ നിന്ന്, അനസൂയ മാലയും പിടിച്ച് നില്‍ക്കുന്ന കണ്ണട വെച്ച ആ സ്ത്രീയെ തിരിച്ചറിഞ്ഞു.
ആ അജ്ഞാത യുവതിയുടെ പടം തിരിച്ചറിയാനായി പത്രങ്ങള്‍ക്ക് നല്‍കിയപ്പോള്‍ അവര്‍ക്കിരുവശവും കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ലതാ കണ്ണന്‍ കോകില എന്നിവരുടെ പടം മാത്രമേ ആദ്യം ഉണ്ടായിരുന്നുള്ളൂ. തൊട്ടു, കണ്ണടധരിച്ച, കയ്യില്‍ ഒരു റൈറ്റിങ്ങ് പാഡുമായി നില്‍ക്കുന്ന ഒരു കുര്‍ത്ത ധാരിയായ കുറിയ മനുഷ്യനെ മനപ്പൂര്‍വം ഫോട്ടോവില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഒരു പത്രലേഖകനല്ല അയാള്‍ എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞപ്പോള്‍ അത് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി.
രാജീവ് വധം നീനാ ഗോപാലിൻ്റെ പുസ്തകം
ജാഫ്‌നയില്‍ പുലികള്‍ക്ക് സാധനങ്ങള്‍ എത്തിക്കുന്ന ഒരാള്‍ അത് എല്‍.ടി.ടി. ഇ യുടെ ഒരു പ്രമുഖ പ്രവര്‍ത്തകനാണെന്ന് തിരിച്ചറിഞ്ഞു. അന്വേഷണത്തിലെ ഒരു രജതരേഖയായിരുന്നു അത്. തമിഴ്‌നാട്ടിലെ തീരദേശ പ്രദേശമായ തിരുത്തുറെപൂണ്ടി എന്ന ഗ്രാമത്തില്‍ നിന്ന് ലോക്കല്‍ പോലീസ് അറസ്റ്റ് ചെയ്ത ഒരു കള്ളക്കടത്തുകാരനെ SIT ട്രാക്കിംഗ് സംഘം ഈ കുര്‍ത്തധാരിയുടെ ഫോട്ടോ കാണിച്ചപ്പോള്‍ അയാള്‍ തിരിച്ചറിഞ്ഞു.
അയാള്‍ പറഞ്ഞു. ‘ഇയാള്‍ എല്‍.ടി.ടി.ഇ സേനാംഗമാണ്
പേര് ശിവരശന്‍!
അന്വേഷണ സംഘത്തിന് അതൊരു നിര്‍ണ്ണായക തെളിവായിരുന്നു. കൂടാതെ കൊളംബോയില്‍ അന്വഷണത്തിന് പോയ SIT സംഘത്തിന് ലഭിച്ച വിവരവും ഇത് തന്നെയായിരുന്നു. അത് ഒറ്റക്കണ്ണന്‍ ശിവരശന്‍ തന്നെ.
എല്‍.ടി.ടി.ഇ. വൃത്തങ്ങളില്‍ നിന്ന് വരുന്ന വാര്‍ത്തകളിലൊന്നും അന്നുവരെ കേള്‍ക്കാത്ത ഒരു പേരായിരുന്നു അത്. ഇന്ത്യയിലെ RAW നും ശ്രീലങ്കന്‍ രഹസ്യ അന്വഷണ ഏജന്‍സികള്‍ക്കും അപരിചിതനായ ഒറ്റക്കണ്ണന്‍ കുറുക്കന്‍ എന്ന് പിന്നീട് മാധ്യമങ്ങള്‍ വിളിച്ച ശിവരശന്‍, കൊല്ലാന്‍ വേണ്ടി ജനിച്ച അയാള്‍ അധികം അറിയപ്പെടാത്ത ഒരു പുലിപ്പോരാളിയായിരുന്നു.
പുലിത്തലവന്‍ പ്രഭാകരന്റെ ജന്മസ്ഥലമായ വെല്‍വെറ്റിത്തുറയ്ക്കടുത്ത് ഉടുപിഡിയെന്ന തീരദേശ ഗ്രാമത്തില്‍ ജനിച്ച ശിവരശന്റെ യഥാര്‍ത്ഥ പേര് ചന്ദ്രശേഖരന്‍ പിള്ള പാക്യ ചന്ദ്രന്‍ എന്നായിരുന്നു. ആദ്യം അക്കാലത്തെ മറ്റൊരു ഈഴം പോരാട്ട സംഘടനയായ TELO വില്‍ അയാള്‍ പ്രവര്‍ത്തിച്ചു. 1987 ല്‍ ജാഫ്‌നയിലെ മറ്റുള്ള തമിഴ് ഈഴം സംഘടനകളെയെല്ലാം ഉന്‍മൂലനം ചെയ്ത് LTTE ശ്രീലങ്കന്‍ തമിഴ് ഈഴത്തിന്റെ പ്രതിനിധി എന്ന പ്രഭാകരന്റെ സിദ്ധാന്തം നടപ്പിലാക്കാനായി TELO, PLOTE, EPRLF തുടങ്ങിയ ഈഴം സംഘടനകളിലെ നേതാക്കളെ LTTE കൊലപ്പെടുത്തി. അതോടെ LTTE അനിഷേധ്യരായി ജാഫ്‌ന ഉപദ്വീപ് അടക്കി ഭരിച്ചു. സംഘടന നാമാവശേഷമായപ്പോള്‍ TELO വിലെ അംഗങ്ങള്‍ LTTE ല്‍ ചേരുകയോ അല്ലെങ്കില്‍ ഈഴം പോരാട്ടം ഉപേക്ഷിക്കുകയോ ചെയ്തു. ശിവരശന്‍ അങ്ങനെ LTTE യില്‍ ചേര്‍ന്നു.
TELO വില്‍ ചേര്‍ന്ന കാലത്ത് 1983 ല്‍ രഹസ്യമായി RAW ഇന്ത്യയില്‍ രഹസ്യമായി തമിഴ് പോരാളികള്‍ക്ക് സംഘടിപ്പിച്ച സൈനിക പരിശീലനം നേടിയ ശിവരശന്‍ മലയാളം, കന്നട, തെലുങ്ക് കന്നട, ഹിന്ദി എന്നീ ഭാഷകളില്‍ സംസാരിക്കാന്‍ പഠിച്ചു. ശ്രീലങ്കന്‍ ചുവയില്ലാതെ തമിഴ്‌നാട്ടിലെ സാധാരണക്കാരുടെ തമിഴില്‍ സംസാരിക്കാന്‍ കഴിയുമെന്നതായിരുന്നു അയാളുടെ സവിശേഷത. ഇംഗ്ലീഷിലും അയാള്‍ നന്നായി സംസാരിക്കുമായിരുന്നു.
1987ല്‍ ശ്രീലങ്കന്‍ സൈന്യവും എല്‍.ടി.ടി.യുമായി ജാഫ്‌നയില്‍ നടന്ന ഏറ്റുമുട്ടലില്‍ ശിവരശന് കണ്ണിന് പരിക്കേറ്റു. ഇന്ത്യയിലെത്തി മധുരയിലെ അരവിന്ദ് കണ്ണാശുപത്രിയില്‍ അയാള്‍ ചികിത്സ തേടിയെങ്കിലും ഒരു കണ്ണ് നഷ്ടപ്പെട്ടു. അങ്ങനെ ഒറ്റക്കണ്ണനായി എല്‍.ടി.ടി.ഇ യില്‍ അറിയപ്പെടാന്‍ തുടങ്ങി. എല്‍.ടി.ടി.ഇ യില്‍ രഘുവരന്‍ എന്ന പേര് സ്വീകരിച്ച ഇയാള്‍ പല സമയത്ത് പല പേരുകളില്‍ അറിയപ്പെട്ടു. എല്‍.ടി.ടി.ഇയുടെ ഇന്റലിജന്‍സ് മേധാവിയായ പോട്ടു അമ്മന്റെ കീഴില്‍ പ്രവര്‍ത്തിക്കാനാരംഭിച്ചതോടെയാണ് അയാള്‍ ശിവരശന്‍ എന്ന പേര് സ്വീകരിക്കുന്നത്.
ശിവരശൻ ജാഫ്നയിൽ എൽ.ടി.ടി.ഇ ക്കാരൻ്റെ ശവസംസ്കാരച്ചടങ്ങിൽ
1990 ജൂണ്‍ 19 ന് വൈകീട്ട് ആറര മണിയോടെ മദ്രാസിലെ ചുള മേടിലുള്ള സഖറിയാസ് കോളനിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഇരച്ചുകയറി ശിവരശനും സംഘവും കൈബോബും, AK 47 നും ഉപയോഗിച്ച് മിന്നലാക്രമണം നടത്തി. EPRLF സംഘടനയുടെ തലവനായ കെ.പത്മനാഭയുടെ നേതൃത്വത്തില്‍ അവിടെ ഉന്നത യോഗം നടക്കുകയായിരുന്നു. അപ്രതീക്ഷിതമായ ഈ ആക്രമണത്തില്‍ വെടിയേറ്റും ബോംബ് സ്‌ഫോടനത്തിലും പത്മനാഭയടക്കം 12 പേര്‍ കൊല്ലപ്പെട്ടു. അതോടെ EPRLF നേതൃത്വം ഒന്നാകെ തുടച്ചുനീക്കപ്പെട്ടു.
അവിടെ നിന്ന് കൊലയാളി സംഘം ഒരു കാറില്‍ രക്ഷപ്പെട്ട് തൃശ്ശിനാപ്പള്ളി വഴി കടല്‍ത്തീര ഗ്രാമമായ മല്ലി പട്ടണത്തെത്തി പിറ്റേന്നാള്‍ സ്പീഡ് ബോട്ട് വഴി ജാഫ്‌നയിലേക്ക് രക്ഷപ്പെട്ടു. ഈ ദൗത്യത്തിന്റെ വിജയം പുലിത്തലവന്‍ പ്രഭാകരന്റെ മനസില്‍ ശിവരശന് പ്രത്യേക സ്ഥാനം നേടിക്കൊടുത്തു. പിന്നീട് രാജീവ് ഗാന്ധിയെ ഇല്ലാതാക്കാന്‍ ആരെ നിയോഗിക്കണമെന്ന് വേലുപ്പിള്ള പ്രഭാകരന് ചിന്തിക്കേണ്ടി വന്നില്ല. അങ്ങനെ മറ്റൊരു പ്രധാന ദൗത്യം ശിവരശന് ലഭിച്ചു. രാജീവ് ഗാന്ധിയെ വധിക്കുക.
അന്വേഷണ സംഘം മാര്‍ച്ചില്‍ നടന്ന മദ്രാസിലെ EPRLF കൂട്ടക്കൊലയുമായി ബന്ധപ്പെടുത്തിയപ്പോള്‍ അവിടെ ഉപയോഗിച്ചതും പൊട്ടാതെ പോയതുമായ ഒരു ഗ്രാനൈഡിലെ സ്‌ഫോടക മിശ്രിതവും ലോഹച്ചീളുകളും ശ്രീ പെരുംപുത്തൂരില്‍ നടന്ന സ്‌ഫോടകത്തില്‍ ഉപയോഗിച്ച ബോംബില്‍ ഉള്ളതായി രാസപരിശോധനയില്‍ തെളിഞ്ഞു.
അപ്പോള്‍ മറ്റൊരു അപ്രതീക്ഷിത സംഭവം അന്വേഷണത്തെ മുന്നോട്ട് നയിച്ചു. ശങ്കര്‍ എന്നൊരു ‘എല്‍.ടി.ടി.ഇ ക്കാരനെ തഞ്ചാവൂരില്‍ നിന്ന് പിടികൂടി. ഇയാളുടെ കയ്യില്‍ നിന്ന് ലഭിച്ച കടലാസില്‍ നിന്ന് രണ്ട് ഫോണ്‍ നമ്പര്‍ ലഭിച്ചു. അതിലൂടെ അന്വേഷണ സംഘം നളിനി ജോലി ചെയ്യുന്ന കമ്പനിയിലെത്തിയെങ്കിലും അവര്‍ ജോലി രാജി വെച്ച് സ്ഥലം വിട്ടിരുന്നു.
അനിരുദ്ധ മിത്രയുടെ പുസ്തകം
ഹരിബാബുവിന്റെ ക്യാമറ വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന ശുഭസുന്ദരത്തെക്കുറിച്ച് അന്വേഷണ ഏജന്‍സിക്ക് വിവരം ലഭിച്ചു. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഫോട്ടോഗ്രാഫര്‍ ഹരി ബാബു എല്‍.ടി.ടി.യുമായി ഉറച്ച ബന്ധമുള്ള ആളാണെന്ന് തെളിഞ്ഞതോടെ അയാള്‍ പകര്‍ത്തിയ ചിതങ്ങള്‍ എല്ലാ പത്രങ്ങളിലും പ്രാധാന്യത്തോടെ SIT പ്രസിദ്ധീകരിച്ചു. ടിവിയിലും ഇത് വന്നതോടെ തമിഴ്‌നാട്ടിലെ മൊത്തം ജനങ്ങള്‍ കുറ്റവാളികളെന്ന് സംശയിക്കുന്ന ഇവരെ കണ്ടിരുന്നു എന്ന് അവകാശപ്പെട്ട് ആയിരക്കണക്കിന് ഫോണുകള്‍ മല്ലിഗയിലേക്ക് പ്രവഹിച്ചു.
അന്വേഷണത്തിന്റെ വഴിയേ നളിനി മുരുകന്‍, ഭാഗ്യനാഥന്‍ തുടങ്ങിയ പ്രധാന പ്രതികള്‍ SIT ന്റെ വലയിലായി. സ്‌ഫോടനത്തില്‍ മനുഷ്യ ബോംബായി പ്രവര്‍ത്തിച്ചത് ശ്രീലങ്കയിലെ വാവുന്നിയിലെ എല്‍.ടി.ടി.ഇ അനുഭാവി രാജരത്‌നത്തിന്റെ മകളായ തനുവാണെന്ന് അന്വേഷണത്തില്‍ നിന്ന് മനസിലായി. തനു എല്‍.ടി.ടി.ഇയിലെ വനിതാ ചാവേര്‍പ്പടയിലെ ഒരംഗമായിരുന്നു.
അപ്പോഴും ഒറ്റക്കണ്ണനും, ശുഭയുമടങ്ങുന്ന സംഘം തമിഴ്‌നാട്ടിലെ എല്‍.ടി.ടി.ഇയുടെ ഒളിത്താവളത്തിലായിരുന്നു. പല രഹസ്യ സങ്കേതങ്ങളില്‍ നിന്നും റെയ്ഡില്‍ പിടിച്ചെടുത്തവയില്‍ നിന്ന് വളരെ നിര്‍ണ്ണായകമായി, ശിവരശന്‍ എല്‍.ടി.ടി.ഇ ക്കാരനാണെന്ന് തെളിയിച്ചു. അന്വേഷണ സംഘത്തിന് ലഭിച്ച രേഖകളില്‍ ജാഫ്‌നയില്‍ ശ്രീലങ്കന്‍ നാവിക സേനയുമായി ഏറ്റുമുട്ടി കൊല്ലപ്പെട്ട മുതിര്‍ന്ന എല്‍.ടി.ടി.ഇ. കടല്‍പ്പുലി ക്യാപ്റ്റന്‍ മോറീസിന്റെ മൃതശരീരം പുലികള്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കാന്‍ വച്ച ചടങ്ങിന്റെ ഫോട്ടോവില്‍ ചുമലില്‍ AK 47 തോക്ക് തൂക്കിയിട്ട് ലുങ്കി ധരിച്ച് നില്‍ക്കുന്ന ശിവരശനെ കാണാമായിരുന്നു. അതോടെ രാജീവ് ഗാന്ധിയുടെ വധത്തില്‍ എല്‍.ടി.ടി.ഇ യുടെ പങ്ക് നിസംശയം തെളിയിക്കപ്പെട്ടു.
പിന്നീട് ശിവരശന്റെ വേഷം മാറ്റിയുള്ള ഒരു ഒരു ഡസന്‍ ഫോട്ടോകള്‍ എല്ലായിടങ്ങളിലും പോസ്റ്റര്‍ രൂപത്തില്‍ പ്രചരിച്ചു. രാജീവ് ഗാന്ധിയുടെ വധത്തില്‍ ശീലങ്കന്‍ തമിഴര്‍ക്ക് പങ്കുണ്ടെന്ന വാര്‍ത്ത പരന്നതോടെ ശ്രീലങ്കന്‍ തമിഴരെ ആളുകള്‍ സംശയദൃഷ്ടിയോടെ കാണാന്‍ തുടങ്ങിയത് ശിവരശനും കൂട്ടാളികള്‍ക്കും പുറത്തിറങ്ങാന്‍ പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചു.
ശിവരശൻ പല വേഷങ്ങളിൽ SIT നൽകിയ മുന്നറിയിപ്പ് നോട്ടീസ്
സയനൈഡ് ഗുളികകള്‍ കൈവശമുള്ള ശിവരശനേയും കൂട്ടാളികളേയും ജീവനോടെ പിടിക്കാന്‍ അസാധ്യമായ കാര്യമാണെന്ന് SIT ന് അറിയാമായിരുന്നു. ശിവരശന്‍ ബാഗ്ലൂരിലേക്ക് കടന്നിട്ടുണ്ടെന്ന സൂചനയുടെ പിന്നാലെയായിരുന്നു അന്വേഷണ സംഘം. ഇതിനകം SIT ന്റെ കാമാന്‍ഡോ ഓപ്പറേഷനില്‍ നടത്തിയ രണ്ട് റെയ്ഡുകളില്‍ ഏതാനും എല്‍.ടി.ടി ഇ ക്കാര്‍ പിടി കൊടുക്കാതിരിക്കാന്‍ സയനൈഡ് വിഴുങ്ങി മരണം വരിച്ചിരുന്നു. അതിനാല്‍ ആന്റിസയനൈഡ് കിറ്റുമായാണ് അന്വേഷണ സംഘം ബാഗ്ലൂരില്‍ എത്തിയത്. കൂടെ ദേശീയ സുരക്ഷാ ഭടന്മാരുടെ ഒരു സംഘവും ഉണ്ടായിരുന്നു. (NSG) ക്യാപ്റ്റന്‍ രവീന്ദ്രന്റെ നേതൃത്വത്തിലുള്ള ഈ കരിമ്പൂച്ചകള്‍ അപ്രതീക്ഷിത നീക്കത്തിലൂടെ തീവ്രവാദികളെ കീഴടക്കാന്‍ പ്രാപ്തി നേടിയവരായിരുന്നു.
പക്ഷേ, ബാഗ്ലൂരിലെ ഇന്ദിരാ നഗറില്‍ നടന്ന ഒരു കമാന്‍ഡോ ഓപ്പറേഷനില്‍ രണ്ട് എല്‍.ടി.ടി.ഇ ക്കാര്‍ സയനൈഡ് വിഴുങ്ങി, ആന്റി ഡോട്ട് നല്‍കിയെങ്കിലും അവര്‍ മരണമടഞ്ഞു. അതോടെ ജീവനോടെ ശിവരശനെ പിടിക്കുന്ന കാര്യം അസാധ്യമാണെന്ന് ട്രാക്കിങ് ടീമിന് തോന്നിത്തുടങ്ങി.
ബാഗ്ലൂരില്‍ കുറച്ച് പേര്‍ക്ക് താമസസ്ഥലം ഏര്‍പ്പെടുത്തിയ ഒരാളെ കുറിച്ച് അന്വേഷണ സംഘത്തിന് അറിവ് കിട്ടി. രംഗനാഥന്‍ എന്നായിരുന്നു അയാളുടെ പേര്. അയാളുടെ ഭാര്യയെ ചോദ്യം ചെയ്തപ്പോള്‍ ഒരു കൂട്ടമാളുകള്‍ കൊനാനെകുണ്ടേ എന്ന സ്ഥലത്ത് തങ്ങള്‍ ഏര്‍പ്പാടാക്കിയ വീട്ടില്‍ താമസിക്കുന്നതായി വിവരം ലഭിച്ചു. അവരുടെ വിവരണത്തില്‍ നിന്ന് തങ്ങള്‍ അന്വേഷിക്കുന്ന ശിവരശനും ശുഭയുമടങ്ങുന്ന കുറ്റവാളികള്‍ തന്നെയെന്ന് അന്വേഷണ സംഘത്തിന് മനസിലായി.
ഉടനെ തന്നെ കരിമ്പൂച്ചകളോട് കൊനാനെകുണ്ടെയിലെത്താന്‍ ആവശ്യപ്പെട്ടു. SIT ട്രാക്കിങ് ടീം ഉടനെ ആ വീട് നിരീക്ഷണത്തിലാക്കിയിരുന്നു. ക്യാപ്റ്റന്‍ രവീന്ദ്രന്‍ എല്ലാ അര്‍ത്ഥത്തിലും കമാന്‍ഡോ ഓപ്പറേഷന് തയ്യാറായാണ് തന്റെ സംഘവുമായി എത്തിയത്. അപ്രതീക്ഷിത നീക്കത്തിനുള്ള അവസരം നഷ്ടപ്പെട്ട നിലക്ക്, 50% മാത്രം വിജയ സാധ്യതയുള്ള ഈ ഓപ്പറേഷന്‍ ഉടനടി നടത്തണമെന്ന് ക്യാപ്റ്റന്‍ രവീന്ദ്രന്‍ ഉറപ്പിച്ചു പറഞ്ഞു. സ്ഥലത്ത് ഉണ്ടായിരുന്ന മേധാവി രാധാ വിനോദ് രാജു ഇതിനോട് യോജിച്ചെങ്കിലും SIT മേധാവി കാര്‍ത്തികേയന്റെ അനുവാദമില്ലാതെ ഇത് കഴിയില്ലായിരുന്നു. കാര്‍ത്തികേയനാകട്ടെ ഹൈദ്രാബാദിലായിരുന്നു. ഡല്‍ഹിയിലായിരുന്ന സി.ബി.ഐ ഡയറക്ടര്‍ വരുന്നത് വരെ കാത്തിരിക്കാനാണ് അവര്‍ക്ക് നിര്‍ദേശം കിട്ടിയത്. 25 കരിമ്പൂച്ചകളുമായി അപ്രതീക്ഷ നീക്കം നടത്തി വീടിനുള്ളിലേക്ക് ഇരച്ചുകയറാമെന്ന് ക്യാപ്റ്റന്‍ രവീന്ദ്രന്‍ പറഞ്ഞു. അവിടെയുണ്ടായിരുന്ന ബാംഗ്ലൂര്‍ കമ്മീഷണര്‍ക്കും ഇതേ അഭിപ്രായമായിരുന്നു.
പക്ഷേ, ഒരു ശ്രമം നടത്താന്‍ പോലും അനുവാദം അവര്‍ക്ക് കിട്ടാഞ്ഞതോടെ എല്ലാം അവസാനിച്ചു. പുലികളെ പുറത്ത് ചാടിക്കാന്‍ മറ്റൊരു വഴിയും സംഘത്തിന് മുന്നിലുണ്ടായിരുന്നില്ല. രാത്രി മുഴുവന്‍ നിരീക്ഷണത്തിലിരിക്കുന്ന വീടിന് ചുറ്റും പ്രതിരോധം തീര്‍ത്തതോടെ പോലീസിനെയും വാഹനവ്യൂഹവും കണ്ട് ജനങ്ങള്‍ തടിച്ചുകൂടാന്‍ തുടങ്ങി.
എൽ.ടി.ടി.ഇയിലെ പെൺപുലികൾ ജാഫ്നയിൽ
ഓഗസ്റ്റ് 19 വൈകിട്ട് തീവ്രവാദികളുടെ ഒളിത്താവളമായ വീടിന് മുന്നില്‍ റോഡില്‍ ഒരു ട്രക്ക് കേടായി. ട്രക്കിലുള്ളവര്‍ പുറത്തിറങ്ങി അത് നന്നാക്കുന്നതില്‍ വ്യാപൃതരായി. അപകടം മണത്തറിഞ്ഞ ശിവരശന്‍ അത് ഒരു പോലീസ് നീക്കമെന്ന് കരുതി AK 47 നില്‍ നിന്ന് തുടരെ വെടിയുതിര്‍ത്തു. കമാന്‍ഡോകള്‍ തിരിച്ചും വെടിവെച്ചു. 30 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ ഒരു കമാന്‍ഡോക്കും ഒരു പോലീസ് ഓഫീസര്‍ക്കും പരിക്കേറ്റു.
ഓഗസ്റ്റ് 20 ന് രാവിലെ കാര്‍ത്തികേയനും സി.ബി.ഐ ഡയറക്ടര്‍ വിജയകരണും കൊനാനെകുണ്ടയില്‍ എത്തി. കൂടെ സയനൈഡ് വിഷചികിത്സാ വിദഗ്ധനായ ഡോ. രാമചാരിയും ഉണ്ടായിരുന്നു. പുലികള്‍ സയനൈഡ് കഴിച്ചാല്‍ പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ എല്ലാ സംവിധാനങ്ങളും തയ്യാറാക്കി നിറുത്തി. രാവിലെ 6 മണിക്ക് കരിമ്പൂച്ചകള്‍ ക്യാപ്റ്റന്‍ രവീന്ദ്രന്റെ നേതൃത്വത്തില്‍ പുലിത്താവളത്തിലേക്ക് ഇരച്ച് കയറി. പക്ഷേ, അവര്‍ക്ക് ഒന്നും ചെയ്യേണ്ടി വന്നില്ല. ശിവരശനും ശുഭയുമടക്കം അവിടെയുണ്ടായിരുന്ന 7 പേരും ശവശരീരങ്ങളായി മാറിയിരുന്നു. ശിവരശന്‍ ചെന്നിയില്‍ വെടി വെച്ചും മറ്റുള്ളവര്‍ സയനൈഡ് വിഴുങ്ങിയും ആത്മഹത്യ ചെയ്യുകയായിരുന്നു.
ശിവരശനും കൂട്ടാളികളും ജീവനൊടുക്കിയ നിലയിൽ
പുലിത്തലവന്‍ പ്രഭാകരനെ അഭിവാദനം ചെയ്ത ശിവരശന്‍ എഴുതിയ ഒരു കുറിപ്പ് അവിടെയുണ്ടായിരുന്നു, ‘പ്രഭാകരനേയും പ്രസ്ഥാനത്തെയും പതികയേയും വാഴ്ത്തിക്കൊണ്ടെഴുതിയ ആ കുറിപ്പില്‍ എല്ലാ തമിഴരും നേതാവിന്റെ കരങ്ങള്‍ ശക്തിപ്പെടുത്താന്‍ മുന്നോട്ട് വരണമെന്ന ആഹ്വാനം ഉണ്ടായിരുന്നു. അവസാന നിമിഷം വരെ നേതാവിനോടും പ്രസ്ഥാനത്തിനോടും കൂറ് പുലര്‍ത്തിയ യഥാര്‍ത്ഥ പോരാളിയായിരുന്നു ശിവരശന്‍ എന്ന വണ്‍ ഐ ജാക്കിള്‍ – ‘കൊല്ലാനായ് ജനിച്ചവന്‍ ‘
ഓഗസ്റ്റ് 20 ന് SIT ന്റെ ഏറ്റവും പ്രധാന ദൗത്യം ബാംഗ്ലൂരിലെ കൊനാനെ കുണ്ടയില്‍ അവസാനിക്കുമ്പോള്‍ ശ്രീ പെരുംപുത്തൂരില്‍ രാജീവ് ഗാന്ധി വധിക്കപ്പെട്ടിട്ട് കൃത്യം 90 ദിവസം പിന്നിട്ടിരുന്നു. ഈ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. അന്ന് രാജീവ് ഗാന്ധിയുടെ 47-ാം ജന്മദിനമായിരുന്നു. വിവാദമായ അവസാന ഓപ്പറേഷനെ കുറിച്ച് വിരുദ്ധങ്ങളായ വസ്തുതകളാണ് പിന്നീട് പുറത്തുവന്നത്.
കമാന്‍ഡോ ഓപ്പറേഷന്‍ നടത്തിയ ക്യാപ്റ്റന്‍ എ. കെ. രവീന്ദ്രന്‍ (ഇപ്പോള്‍ അറിയപ്പെടുന്നത് പ്രശസ്തനായ ചലച്ചിത്ര സംവിധായകനും നടനുമായ മേജര്‍ രവി എന്ന പേരില്‍) ഒരു അഭിമുഖത്തില്‍ പറഞ്ഞു:
‘താന്‍ ആവശ്യപ്പെട്ട സമയത്ത് തന്നെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ശിവരശനെ ജീവനോടെ പിടികൂടാനുള്ള സാധ്യത 50% ഉണ്ടായിരുന്നു. മറ്റുള്ളവരെ ജീവനോടെ പിടിക്കാന്‍ 99% സാധ്യതയും. ‘ 30 സെക്കന്റ് കൊണ്ട് ഞങ്ങള്‍ക്ക് അത് ചെയ്യാന്‍ കഴിയും. അവര്‍ സയനൈഡ് വിഴുങ്ങിയാലും 25 സെക്കന്റില്‍ പ്രതൗഷധം കുത്തിവെച്ചാല്‍ മതി. അവരെ ജീവനോടെ കിട്ടിയേനെ. എങ്കില്‍ കേസിന്റെ ഗതി മാറ്റാനായേനെ.’ 36 മണിക്കൂര്‍ കഴിഞ്ഞിട്ടാണ് പ്രവര്‍ത്തിക്കാന്‍ ക്യാപ്റ്റന്‍ രവീന്ദ്രന് അനുവാദം കിട്ടിയത്. അപ്പോഴേക്കും വൈകിയിരുന്നു. കാര്‍ത്തികേയന്റെ അന്നത്തെ തീരുമാനമാണ് ദുരന്തമായത് എന്നതില്‍ ഇപ്പോഴും മേജര്‍ രവി ഉറച്ചു നില്‍ക്കുന്നു. ‘ഈ കേസില്‍ പുനരന്വേഷണം വേണം. സംഭവ സ്ഥലത്ത് ഉന്നതരായ പല കോണ്‍ഗ്രസ് നേതാക്കളും ഉണ്ടായിരുന്നു അവര്‍ക്കൊന്നും യാതൊന്നും സംഭവിച്ചില്ല. രാജീവ് ഗാന്ധിയോടൊപ്പം കൊല്ലപ്പെട്ടത് അദ്ദേഹത്തിന്റെ സുരക്ഷാഭടന്‍മാര്‍ മാത്രമാണ്. ദുരൂഹമാണ് ഇതൊക്കെ. രാജീവ് വധം പകര്‍ത്തിയ എല്‍.ടി.ടി.ഇ. വീഡിയോ എവിടെ?’ മേജര്‍ രവി ചോദിക്കുന്നു..
രാജീവ് ഗാന്ധി വധത്തെ കുറിച്ച് ഏതാണ്ട് ഒരു ഡസന്‍ പുസ്തകങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. SIT മേധാവി കാര്‍ത്തികേയനും മറ്റൊരു മേധാവി രാധാ വിനോദ് രാജുവും ചേര്‍ന്ന് എഴുതിയ Triumph of Truth, The Rajeev Gandhi Assassination, The Investigation തൊട്ട് കേസിലെ പ്രധാന പ്രതിയായ നളിനി മുരുകന്‍ എഴുതിയ രാജീവ് ഗാന്ധി വധം – മറയ്ക്കപ്പെട്ട എന്റെ സത്യങ്ങള്‍ വരെ ഈ കേസിലെ പല വൈരുദ്ധ്യങ്ങളും അതിലെല്ലാം ഉണ്ട്.
ഭാഗ്യനാഥനെ ചോദ്യം ചെയ്തപ്പോള്‍ വിവാദ പുരുഷനായ ചന്ദാ സ്വാമിക്ക് വധത്തില്‍ നിര്‍ണ്ണായക പങ്ക് ഉണ്ട് എന്ന് അയാള്‍ പറഞ്ഞു. പക്ഷേ, അത് SIT തള്ളിക്കളഞ്ഞു. ആ പേര് ഉച്ചരിക്കപോലുമരുത് എന്നാണ് കാര്‍ത്തികേയന്‍ വിരട്ടിയത് എന്ന് ഭാഗ്യനാഥന്‍ പിന്നീട് വെളിപ്പെടുത്തി. ഇതൊന്നും കേസിന്റെ അന്വേഷണ പരിധിയില്‍ വരുകയോ രേഖപ്പെടുത്തുകയോ ഉണ്ടായില്ല.
ഡോ. ഡി.ആർ കാർത്തികേയൻ SIT മേധാവി
ഇതിലൊന്നും വിശദീകരണമില്ലാത്ത, ആരും ചോദിക്കാത്ത ഒന്നുണ്ട്. മെയ് 21 ന് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നു. 7 ദിവസം കഴിഞ്ഞാണ് ഫോട്ടോകള്‍ പ്രസിദ്ധപ്പെടുത്തുന്നത്. ആ ഘട്ടത്തിലും ഫോട്ടോയിലെ വ്യക്തികള്‍ ആരാണെന്ന് അന്വേഷണ സംഘത്തിന് അറിയില്ലായിരുന്നു. അങ്ങനെയെങ്കില്‍ ശിവരശന്‍ എന്തിനാണ് പിന്നീട് ഇന്ത്യയില്‍ തങ്ങിയത്. ഈ ദിവസങ്ങളില്‍ അപകടകരമായ സാഹചര്യത്തില്‍ മദ്രാസില്‍ എന്തിന് അയാള്‍ തങ്ങി? എളുപ്പത്തില്‍ വിമാനത്തില്‍ ഒരു സാധാരണ യാത്രക്കാരനായി അയാള്‍ക്ക് ശ്രീലങ്കയിലേക്ക് പോകാമായിരുന്നു.
EPRLF നെ മദ്രാസില്‍ വെച്ച് കൂട്ടക്കൊല നടത്തിയ ശിവരശന്‍ രണ്ടാം ദിവസം ജാഫ്‌നയില്‍ തിരികെ എത്തിയത് ഓര്‍മ്മിക്കുക. രാജീവ് ഗാന്ധി വധം വിജയിച്ച് കഴിഞ്ഞ അയാള്‍ക്ക് പിന്നെ എന്ത് ദൗത്യമാണ് ഉണ്ടായിരുന്നത്.? സംഭവം നടന്ന് മൂന്ന് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഉത്തരം കിട്ടാത്ത ചോദ്യമാണത്. Rajiv Gandhi’s death in a human bomb blast occurred 34 years ago
Content Summary: Rajiv Gandhi’s death in a human bomb blast occurred 34 years ago