ജൊനാതന്‍ ഗ്ലേസര്‍ (Jonathan Glazer) സിനിമകള്‍ ഒന്നും അത്ര എളുപ്പമല്ല ഡീകോഡ് ചെയ്യാന്‍ എന്ന് തോന്നാറുണ്ട്. അധികം ഒന്നും കണ്ടിട്ടില്ല. കണ്ടവയെക്കുറിച്ച് പറഞ്ഞ് ഫലിപ്പിക്കാന്‍, പശ്ചാത്തലങ്ങള്‍ അറിയണം. പ്രേക്ഷകര്‍ സ്‌ക്രീനില്‍ കാണുന്നത് മറ്റൊരു ലോകമായിരിക്കും. പ്രത്യക്ഷത്തില്‍ മനോഹരമായവ. ചില ശബ്ദങ്ങളോ, ദൃശ്യങ്ങളോ, അപ്രസക്തമായ സംഭാഷണങ്ങളോ പ്ലോട്ടില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നുണ്ടായിരിക്കും നമ്മളറിയാതെ. ലളിതമായി കഥ പറയുന്നവയാണ് നല്ല സിനിമകള്‍ എന്ന് ചിന്തിക്കുന്നവര്‍ക്ക് പല ലോകസിനിമകളും, അവ പറയാതെ പറയുന്ന കറുത്ത ചരിത്രസത്യങ്ങളും, അതിന്റെ രാഷ്ട്രീയവുമൊക്കെ അത്ര സുതാര്യമായ ദൃശ്യാനുഭവം ആയിരിക്കില്ല. ‘ദി സോണ്‍ ഓഫ് ഇന്ററെസ്റ്റ്’ (The Zone of Interest) ഈ കാറ്റഗറിയില്‍ ആണ് പെടുന്നത്.
1943 ആണ് കാലഘട്ടം. നാസി ജര്‍മ്മനിയെയും, ഹോളോകാസ്സ്റ്റിനെയും ഇങ്ങനെ വീക്ഷിക്കാന്‍ ചിലപ്പോള്‍ സംവിധായകന് കാരണങ്ങള്‍ ഉണ്ടായിരിക്കാം. പക്ഷെ ആദ്യ കാഴ്ചയില്‍ പ്രേക്ഷകര്‍ പെടാന്‍ വഴിയുണ്ട്. തുടക്കത്തില്‍ തന്നെ കാണുന്നത് ബ്ലാക്ക് സ്‌ക്രീന്‍ ആണ്. കുറെ അവ്യക്ത ശബ്ദങ്ങളുടെ അകമ്പടിയോടെ അതങ്ങനെ കുറച്ചുനേരം നില്‍ക്കും. പേടിക്കണ്ട. ഊഷ്മളമായ ഒരു കുടുംബകാഴ്ചയിലേക്കാണ് അടുത്ത സീന്‍ നയിക്കുന്നത്. നല്ല വെളിച്ചം. ഒഴുക്ക് കുറഞ്ഞ അരുവി. ഓടിക്കളിക്കുന്ന കുട്ടികള്‍. വലിയ വീട്. മനോഹരമായ പൂന്തോട്ടം. അകം നിറയെ വേലക്കാര്‍. എവിടെയും സമൃദ്ധി. ഓഷ്വിറ്റ്സ് (Auschwitz) കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിന്റെ കമാന്റന്റ് ആയ റുഡോള്‍ഫ് ഹസ്സിന്റെ വീടാണത്. ഭാര്യ ഹെഡ്വിഗ് ആണ് വീടിനെ ഭരിക്കുന്നത്. സ്വയം ‘ഓഷ്വിറ്റ്സിന്റെ രാജ്ഞി’ എന്ന് വിശേഷിപ്പിക്കുന്നു. അതില്‍ അഭിമാനിക്കുന്നു. പോരാത്തതിന് ഗാര്‍ഡനിങ്ങില്‍ നല്ല താല്പര്യം. ഒരു വലിയ മതില്‍ മറയ്ക്കുന്ന കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിനെ മൊത്തത്തില്‍ അവഗണിക്കാന്‍ മുന്തിരിവള്ളികള്‍ പടര്‍ത്തുന്നുണ്ട് ഹെഡ്വിഗ്. വീടിനകത്ത് പണിയെടുക്കുന്ന പെണ്‍കുട്ടികള്‍ ആരും Jews അല്ല. ഹൊസ്സ് ഫാമിലിയുടെ അതിഥികള്‍ എല്ലാം അവരുടെ പാത പിന്തുടരുന്നവര്‍ ആണ്. മറ്റൊര്‍ത്ഥത്തില്‍, ഒരു കോമ്പൗണ്ടിനപ്പുറം ചരിത്രപരമായ ഡിമെന്‍ഷ്യ ബാധിച്ചവര്‍. കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലെ ചിമ്മിനിയിലൂടെ കറുത്ത പുകയായി മാറിയ മനുഷ്യരുടെ വസ്ത്രങ്ങള്‍ അണിഞ്ഞ് ഭംഗി നോക്കുമ്പോള്‍ പോലും അതിശയിപ്പിക്കുന്ന നിസ്സംഗത.
റുഡോള്‍ഫ്, ഹിറ്റ്‌ലറുടെ ആജ്ഞകള്‍ കൃത്യമായി പാലിക്കുമ്പോള്‍ അയാളുടെ സ്ഥാനമാനങ്ങള്‍ വളരുന്നു. ഒരു ദിവസം എത്ര നിസ്സഹായരായ മനുഷ്യരെ ഗ്യാസ്ചേമ്പറില്‍ ഇടാം, ചിമ്മിനിയുടെ പൊസിഷന്‍, കൂടുതല്‍ പ്രവര്‍ത്തനക്ഷമത, ഇതൊക്കെ ചര്‍ച്ച ചെയ്യുന്ന വട്ടമേശ സമ്മേളനങ്ങളില്‍ എല്ലാ സൈന്യമേധാവികളും തികഞ്ഞ ഉത്തരവാദിത്തബോധത്തോടെയാണ് പെരുമാറുന്നത്. എല്ലാ ഷോട്ടുകളിലും വൈറ്റും ബ്ലാക്കും ഉണ്ട്. ഇടയില്‍ interpret ചെയ്യാന്‍ ഗ്രെയും. പക്ഷെ എന്തോ, നമ്മള്‍ കൂടുതലും ഉള്ളിലേക്കെടുക്കുന്നത് അവയുടെ പളപളപ്പ് ആണ്. അതായത് ഫോര്‍ഗ്രൗണ്ടില്‍ എല്ലാം സ്വസ്ഥമാണ്. ഇത്രയും കൊടുംക്രൂരതകള്‍ അപ്പുറത്തു നടക്കുമ്പോള്‍, അതിന് ഓര്‍ഡര്‍ കൊടുക്കുന്നവര്‍ ഒരിഞ്ചു കുറ്റബോധമില്ലാതെ, പാര്‍ട്ടികള്‍ നടത്തുന്നു. അവരുടെ കുടുംബങ്ങള്‍ സമൃദ്ധിയില്‍ കഴിയുന്നു. ജൊനാതന്‍ സ്‌ക്രീനില്‍ കൊണ്ടുവരുന്ന മനുഷ്യരില്‍ നമ്മളുമില്ലേ എന്ന് തോന്നിപ്പിക്കുന്ന ബാക്ക്ഗ്രൗണ്ട് ടെക്നിക്. ഇപ്പോഴും ലോകത്തിന്റെ മറ്റു മൂലകളില്‍ മറ്റൊരു തരത്തില്‍ ചരിത്രങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍, നമുക്ക് വേദനിക്കുന്നുണ്ടോ? ഇസ്രയേലും പലസ്തീനും അവിടെ പൊലിയുന്ന ജീവനുകളും, അവരുടെ ദുരിതജീവിതവും, നിലവിളിക്കുന്ന കുഞ്ഞുങ്ങളും നമ്മുടെ ഉറക്കം കെടുത്താറുണ്ടോ. അത് ബാധിക്കാത്തവരുടെ ദൈനംദിന ജീവിതങ്ങള്‍ സ്വാഭാവികമായി നീങ്ങുന്നില്ലേ? നമ്മളില്‍ ഒരു ‘ഹെഡ്വിഗ്’ ഇല്ലേ?
സിനിമയുടെ തുടക്കം മുതലേ ഉള്ള ശബ്ദങ്ങളിലേക്ക് തിരിച്ചുവരാം. അസ്വസ്ഥമാക്കുന്ന തരത്തില്‍ ലൗഡ് അല്ല അവയൊന്നും പ്രേക്ഷകര്‍ക്ക്. എന്നാല്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിന്റെ മതിലിനപ്പുറത്തെ മകളുടെ ബംഗ്ലാവില്‍ വന്ന ഹെഡ്വിഗ്‌ന്റെ അമ്മയ്ക്ക് ആദ്യം എല്ലാം ഒരു വിസ്മയമായി തോന്നിയെങ്കിലും, വെടിയൊച്ചകളും, നിലവിളികളും, രാത്രികളില്‍ അവരുടെ ഉറക്കം കെടുത്തുന്നു. ശബ്ദങ്ങള്‍ക്ക് പുറകെ കര്‍ട്ടന്‍ നീക്കി നോക്കുമ്പോള്‍ അവര്‍ ഞെട്ടുന്നുണ്ട്. ഒരു ദിവസം രാവിലെ അവര്‍ അപ്രത്യക്ഷമാവുന്നു. റുഡോള്‍ഫിന്റെ മകള്‍ വിചിത്രമായ സ്വപ്നങ്ങള്‍ കണ്ടു ഇറങ്ങി നടക്കുന്നു. അതിലേക്ക് ക്യാമ്പിനുള്ളിലെ മനുഷ്യര്‍ക്ക് രഹസ്യമായി ഭക്ഷണം എത്തിക്കുന്ന പോളിഷ് പെണ്‍കുട്ടിയെ ഇഴചേര്‍ക്കുന്നുണ്ട് ജൊനാതന്‍. ആഴമുള്ള ഫ്രെയിംസ്. മൂത്ത മകന്‍ പെട്ടെന്ന് തന്നെ സാഡിസം പ്രാവര്‍ത്തികമാക്കി തുടങ്ങുന്നു. റുഡോള്‍ഫ് ആകട്ടെ വീടിന് അടുത്തുള്ള അരുവിയില്‍ പൊങ്ങുന്ന എല്ലുകളും, അപകടകരമായ രാസവസ്തുക്കളും പെറുക്കിയെടുത്തു, അത്തരം അശ്രദ്ധകള്‍ക്ക് ശിക്ഷ നിശ്ചയിക്കാനുള്ള പുറപ്പാടിലാണ്. അയാളുടെ ‘നിഷ്‌കളങ്കമായ’ കുടുംബം എന്തിന് ഇതൊക്കെ സഹിക്കണം! നിശബ്ദമായ ഷോട്ടുകളിലൂടെ, നീതി തേടുന്ന ഹോളോകാസ്റ്റ് അവശിഷ്ടങ്ങള്‍. ചരിത്രബോധമുണ്ടെങ്കില്‍ ഇതൊക്കെ തകര്‍ത്തുകളയും നമ്മളെ.
റുഡോള്‍ഫിന്റെ സ്ഥലംമാറ്റത്തെ എതിര്‍ക്കുന്ന ഹെഡ്വിഗ് ഹിറ്റ്‌ലറെ കാണാന്‍ ഓര്‍ഡറിടുന്നുണ്ട് അയാളോട്. ഒടുവില്‍, ബെര്‍ലിനില്‍ നിന്ന് കുടുംബത്തിന്റെ ഊഷ്മളതയിലേക്ക് മടങ്ങിവരാന്‍ വെമ്പുന്ന റുഡോള്‍ഫിന് ഒരു ഫോണ്‍കോളില്‍ ഹെഡ്വിഗിനെ കൃത്യമായി മനസ്സിലാവുന്നുണ്ട്. കയറിപ്പോയ കോണിപ്പടികള്‍ക്കു താഴെ നിറയുന്ന അന്ധകാരത്തിലേക്ക്, അത്തരമൊരു ഇടനാഴിയിലേക്ക് അയാള്‍ എടുത്തെറിയപ്പെടുന്നുണ്ട്. ശ്വാസംകിട്ടാതെ ചുമച്ചു കൊണ്ട്. ഭാവിയില്‍ ലോകം മുഴുവന്‍ കാണാന്‍ വരുന്ന, പ്രായശ്ചിത്തമില്ലാത്ത ഒരു ചേംബര്‍ ഈവിളിലേക്ക്, ഓഷ്വിറ്റ്സ് (Auschwitz) മ്യൂസിയത്തിലേക്ക് തുറക്കുന്ന അടുത്ത ഫ്രെയിം എത്ര അര്‍ത്ഥവത്താണ്. അതാണ് തുടക്കത്തില്‍ സൂചിപ്പിച്ചത്, ചില സിനിമകളിലേക്ക് പ്രേക്ഷകര്‍ ഇറങ്ങി ചെല്ലണം. തികഞ്ഞ ചരിത്രാവബോധത്തോടെ.
ദി സോണ്‍ ഓഫ് ഇന്റെറെസ്റ്റ് ഇംഗ്ലീഷ് നോവലിസ്റ്റ് ആയ മാര്‍ട്ടിന്‍ അമിസിന്റെ നോവലിനെ ആസ്പദമാക്കിയാണ് എടുത്തിട്ടുള്ളത്. മിക്കവാറും ഓഷ്വിറ്റ്‌സ് ചുറ്റുവട്ടത്ത് തന്നെയാണ് ഈ സിനിമ ചിത്രീകരിച്ചിട്ടുള്ളത്. വര്‍ഷങ്ങളുടെ ഗവേഷണം ഉണ്ട് ഇതിന്റെ പുറകില്‍. 1956ല്‍ ഇറങ്ങിയ Alain Rensais ന്റെ നൈറ്റ് ആന്‍ഡ് ഫോഗ് (Night and Fog) എന്ന ഹോളോകാസ്റ്റ് ഡോക്യുമെന്ററി ജൊനാതന്‍ ഗ്ലേസറിനെ സ്വാധീനിച്ചിട്ടുണ്ട്. പക്ഷെ സംവിധാനശൈലി വ്യത്യസ്തമാണ്, വെളിച്ചമുള്ള ഫ്രെയ്മുകളിലൂടെ നമ്മളെ ഇരുട്ടിലേക്ക് നടത്തുന്ന പോലെ.
അഭിനയത്തിന്റെ കാര്യത്തില്‍ ഹെഡ്വിഗിനെ അവതരിപ്പിച്ച, ജര്‍മ്മന്‍ അഭിനേത്രി Sandra Hüller ആണ് മുന്നില്‍. റൂള്‍ഡോള്‍ഫ് ഹൊസ്സ് ആയി Christian Friedel വല്ലാത്തൊരു ഫീല്‍ ആണ് തന്നത്. ആ കാലഘട്ടത്തിലെ, ഹിറ്റ്‌ലറിന്റെ കീഴിലെ ഒരു കമാന്റന്റ് എങ്ങനെ ആയിരിക്കണം എന്നൊരോര്‍മ നിലനിര്‍ത്തുന്ന പോലെ. ഇവര്‍ക്കപ്പുറം ദി സോണ്‍ ഓഫ് ഇന്റെറെസ്റ്റില്‍ മെയിന്‍ റോള്‍ ഉള്ളത് മതിലിനപ്പുറം നിശബ്ദമായി പുകഞ്ഞു കൊണ്ടിരിക്കുന്ന കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിനാണ്.
ഓസ്‌കര്‍ തിരഞ്ഞെടുപ്പുകളില്‍ ‘സിംപ്ലിസിറ്റി’ ക്രൈറ്റീരിയ ആവുമ്പോള്‍, ശരാശരി വാണിജ്യ സിനിമകളുടെ നിലവാരമുള്ളവയ്ക്ക് കിട്ടുന്ന സ്വീകാര്യത അംഗീകരിക്കാന്‍ പറ്റാറില്ല. അതുകൊണ്ട് തന്നെ 2024ല്‍ ദി സോണ്‍ ഓഫ് ഇന്റെറെസ്റ്റ് നേടിയ ഓസ്‌കര്‍ -ദി ബെസ്റ് ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം, ബെസ്‌ററ് സൗണ്ട്, 2023 കാനിലെ ഗ്രാന്‍ഡ് പ്രി അവാര്‍ഡ് തുടങ്ങി, ഈ സിനിമ നേടിയ മറ്റു അന്താരാഷ്ട്ര അവാര്‍ഡുകളെ ബഹുമാനിക്കുന്നു. The zone of interest; Jonathan Glazer’s unforgettable Auschwitz drama
Content Summary: The zone of interest; Jonathan Glazer’s unforgettable Auschwitz drama