സ്ക്രിപ്റ്റ് മുന്‍കൂട്ടി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു; ജോക്കിസ്ഥാന്‍, സവാൽ തോ ഉധേഗാ, മേം കാശ്മീര്‍ ഓര്‍ ആപ്? മേം മണിപ്പുര്‍ എന്നീ നാടകങ്ങള്‍ക്കാണ് അവതരണാനുമതി നിഷേധിക്കപ്പെട്ടത്.
ഡല്‍ഹി സര്‍വകലാശാലയിലെ രാംജാസ് കോളേജില്‍ നടക്കുന്ന വാര്‍ഷിക നാടകോത്സവത്തില്‍ ‘ദേശീയത’ ചര്‍ച്ച ചെയ്യുന്ന നാല് നാടകങ്ങള്‍ അവതരിപ്പിക്കാന്‍ കോളേജ് അധികൃതര്‍ അനുവദിച്ചില്ലെന്ന് ആരോപണം. തീരുമാനത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ വായ്മൂടിക്കെട്ടിയും കറുത്ത ബാഡ്ജുകള്‍ അണിഞ്ഞും പ്രതിഷേധം രേഖപ്പെടുത്തി. രാംജാസിലെ നാടക സംഘമായ ശൂന്യയുടെ നേതൃത്വത്തില്‍ നടക്കുന്ന മുഖാതിബ് എന്ന വാര്‍ഷിക നാടകോത്സവത്തില്‍ ഇത്തവണ വിവിധ കോളേജുകളില്‍ നിന്നുള്ള ഏഴ് നാടകങ്ങള്‍ ഉള്‍പ്പെടുത്താനായിരുന്നു ഉദ്ദേശിച്ചിരുന്നത്.
എന്നാല്‍, വ്യാഴാഴ്ച വൈകിട്ട് രാംജാസ് കോളേജ് പ്രിന്‍സിപ്പാള്‍ പിസി തുള്‍സ്യാന്‍ നാടകങ്ങളുടെ സ്ക്രിപ്റ്റ് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ‘സുരക്ഷ കാരണങ്ങളാല്‍’ ‘ദേശീയതയുമായി’ ബന്ധപ്പെട്ട വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ ആവില്ലെന്ന് അദ്ദേഹം കോളേജിലെ നാടക സൊസൈറ്റിയെ അറിയിക്കുകയായിരുന്നു. എന്നാല്‍ നാടകങ്ങള്‍ ഉപേക്ഷിക്കാനുള്ള തീരുമാനം കൈക്കൊണ്ടത് നാടക സൊസൈറ്റിയാണെന്നാണ് പ്രിന്‍സിപ്പാളിന്റെ ഭാഷ്യം.
ഒരു സെമിനാറില്‍ ജെഎന്‍യു വിദ്യാര്‍ത്ഥികളായ ഉമര്‍ ഖാലിദിനെയും ഷെഹ്ല റഷീദിനെയും പങ്കെടുപ്പിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ തീവ്രഹിന്ദു സംഘങ്ങളുടെ അഴിഞ്ഞാട്ടത്തിന് കഴിഞ്ഞ മാസം വേദിയായതിലൂടെ രാംജാസ് കോളേജ് ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
എസ്ജിടിബി ഖല്‍സ കോളേജിന്റെ ‘ട്രംപ് കാര്‍ഡ്,’ ദയാല്‍ സിംഗ് കോളേജിന്റെ ‘ജോക്കിസ്ഥാന്‍,’ ഗുരു ഗോബിന്ദ് സിംഗ് കോളേജ് ഓഫ് കൊമേഴ്‌സിന്റെ ‘സവാൽ തോ ഉധേഗാ’, ഗാര്‍ഗി കോളേജിന്റെ ‘മേം കാശ്മീര്‍ ഓര്‍ ആപ്? മേം മണിപ്പുര്‍,’ എന്നീ നാടകങ്ങള്‍ക്കാണ് അവതരണാനുമതി നിഷേധിക്കപ്പെട്ടത്.
തീരുമാനത്തില്‍ പ്രതിഷേധിച്ച് ലേഡി ശ്രീറാം കോളേജ് നാടകാവതരണത്തില്‍ നിന്നും പിന്മാറി. കഴിഞ്ഞ ദിവസം പ്രിന്‍സിപ്പള്‍ തങ്ങളെ വിളിച്ചുവരുത്തുന്നത് വരെ കാര്യങ്ങള്‍ സാധാരണ നിലയിലായിരുന്നുവെന്ന് ശൂന്യയുടെ പേര് വെളുപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു പ്രവര്‍ത്തകന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. മുഖാതിബ് എല്ലാവര്‍ഷവും നടത്തുന്നതായതിനാല്‍ അധികാരികള്‍ക്ക് സ്ക്രിപ്റ്റ് സമര്‍പ്പിക്കേണ്ട ഒരാവശ്യവുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ അദ്ദേഹം അത് ആവശ്യപ്പെടുകയും സുരക്ഷ കാരണങ്ങളാല്‍ ദേശീയതയുമായി ബന്ധപ്പെട്ട നാടകങ്ങള്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കാനാവില്ലെന്നും തുള്‍സ്യാന്‍ അറിയിക്കുകയായിരുന്നുവെന്നും ഈ വിദ്യാര്‍ത്ഥി പറയുന്നു. സ്ഥിതിഗതികള്‍ സംഘര്‍ഷഭരിതമായിരുന്നതിനാല്‍ തങ്ങള്‍ പ്രകോപനം സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും എന്നാല്‍ അതിന്റെ പേരില്‍ ആളുകളെ നിശബ്ദരാക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കാന്‍ ആവില്ലെന്നുമാണ് ശൂന്യയുടെ നിലപാട്.
തങ്ങളുടെ നാടകം അവതരിപ്പിക്കാന്‍ അനുമതിയില്ലെന്ന് വ്യാഴാഴ്ച വൈകിട്ട് അറിയിപ്പ് ലഭിച്ചെന്ന് ഗാര്‍ഗി കോളേജ് നാടകസംഘം അറിയിച്ചു. അധികൃതര്‍ അനുമതി നല്‍കുന്നില്ലെന്ന് ശൂന്യ പ്രസിഡന്റ് തങ്ങളെ വിളിച്ച് അറിയിക്കുകയായിരുന്നവെന്നും രാംജാസ് കോളേജ് പ്രിന്‍സിപ്പാളിന് ഇതിന്റെ പേരില്‍ ഭീഷണി കോളുകള്‍ ലഭിക്കുന്നുണ്ടെന്നും അറിയിപ്പ് ലഭിച്ചതായി സംഘം പ്രവര്‍ത്തകര്‍ പറയുന്നു.
അവതരണാനുമതി നിഷേധിക്കപ്പെട്ട നാടകങ്ങളുടെ സംഗ്രഹം ഇങ്ങനെ;
ട്രംപ് കാര്‍ഡ്: വിഗ്രഹാരാധന….’സദ്ഭരണത്തിന്റെയും’ ‘വികസനത്തിന്റെയും’ പീഢത്തില്‍ ഒരു മിശിഹയെ പ്രതിഷ്ഠിക്കുന്നു….എതിര്‍ക്കുന്നവരെല്ലാം ദേശവിരുദ്ധരായി ചിത്രീകരിക്കപ്പെടുന്നു.
ജോക്കിസ്ഥാന്‍: ആളുകള്‍ സന്തോഷത്തോടെ ജീവിക്കുകയും എല്ലാ ദിവസവും തമാശകള്‍ പൊട്ടിക്കുകയും ചെയ്യുന്ന ജോക്കിസ്ഥാനെ പരിചയപ്പെടുത്തിക്കൊണ്ടാണ് നാടകം ആരംഭിക്കുന്നത്. പക്ഷെ പതുക്കെ പതുക്കെ അവരുടെ സന്തോഷം അപ്രത്യക്ഷമാകുന്നു…ഇന്ത്യയുടെ ജോക്കിസ്ഥാനും തമ്മിലുള്ള സാദൃശ്യങ്ങളാണ് നാടകം അന്വേഷിക്കുന്നത്.
സവാൽ തോ ഉധേഗാ: ഇന്ത്യ എത്രത്തോളം അസഹിഷ്ണത നിറഞ്ഞതായിരിക്കുന്നുവെന്ന് 26 അക്ഷരങ്ങളുള്ള ഒരു ഭാഷയ്ക്ക് വിശദീകരിക്കാനാവില്ല. ഉയരേണ്ട സമയങ്ങളില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുക എന്ന വിഷയത്തിലാണ് നാടകം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
മേം കാശ്മീര്‍ ഓര്‍ ആപ്? മേം മണിപ്പൂര്‍: കാശ്മീരിലും മണിപ്പൂരിലും നടന്നുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ക്കാണ് നാടകം ശ്രദ്ധ നല്‍കുന്നത്. കേന്ദ്രവും പ്രാന്തപ്രദേശങ്ങളും തമ്മിലുള്ള അധികാരബന്ധങ്ങള്‍ക്ക് അത് ഊന്നല്‍ നല്‍കുന്നു.