February 14, 2025 |
Share on

ചെറുതായിട്ടൊന്ന് ആള് മാറി; നാണം കെട്ട് കോഹ്‌ലി ആരാധകര്‍

ആറ് റണ്‍സ് എടുത്ത് പുറത്തായതിനെക്കാള്‍ വലിയ നാണക്കേടാണ് ആരാധകര്‍ ഉണ്ടാക്കി വച്ചത്

ടെസ്റ്റ് ക്രിക്കറ്റിലെ തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് പരിഹാരം തേടിയാണ് 13 വര്‍ഷത്തിന് ശേഷം രഞ്ജി കളിക്കാന്‍ ഇറങ്ങിയത്. എല്ലാം ശരിയാക്കാനിറങ്ങിയിട്ട്, കൂടുതല്‍ നാണം കെടേണ്ട അവസ്ഥയാണ് സാക്ഷാല്‍ വിരാട് കോഹ്‌ലിക്ക് ഉണ്ടായത്. ‘രാജാവിന്’ മാത്രമല്ല, അനുയായികള്‍ക്കും മാനം പോയ അവസ്ഥയാണ്.

അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍, റെയില്‍വേസിനെതിരെയാണ് വിരാട് രഞ്ജി മത്സരം കളിക്കാനിറങ്ങിയത്. കോഹ് ലി കളിക്കുന്നതുകൊണ്ട് സ്‌റ്റേഡിയം നിറഞ്ഞ് കാണികളുമുണ്ടായിരുന്നു. ഏകദേശം 5000 പേര്‍ സ്റ്റേഡിയത്തില്‍ എത്തിയെന്നാണ് കണക്ക്. ഓസ്‌ട്രേലിയന്‍ പര്യടനത്തിലെല്ലാം തീര്‍ക്കും നിറം മങ്ങി നില്‍ക്കുന്ന താരത്തെ സംബന്ധിച്ച് ഇന്ത്യന്‍ ജഴ്‌സിയില്‍ കുറച്ചു കാലം കൂടി തുടരണമെങ്കില്‍ ബാറ്റിംഗ് ഫോം വീണ്ടെടുക്കേണ്ടത് അനിവാര്യമാണ്. എത്ര വലിയ താരമായാലും ആഭ്യന്തര മത്സരങ്ങള്‍ കളിച്ചേ മതിയാകൂ എന്ന് ബിസിസിഐയും സ്വരം കടുപ്പിച്ചതോടെയാണ് രോഹിതും വിരാടും അടക്കമുള്ള സീനിയര്‍ താരങ്ങള്‍ രഞ്ജി മത്സരങ്ങള്‍ക്ക് ഇറങ്ങിയത്.

പക്ഷേ, ആഭ്യന്തര തലത്തിലും ഇതിഹാസങ്ങളുടെ ബാറ്റുകള്‍ ദുര്‍ബലമായ ആയുധങ്ങള്‍ തന്നെയായിരുന്നു. കോഹ്‌ലിയുടെ കാര്യത്തിലേക്ക് വന്നാല്‍, ആദ്യ ഇന്നിംഗ്‌സില്‍ 15 പന്തുകളാണ് ആകെ നേരിടാന്‍ കഴിഞ്ഞത്. നേടാനായത് വെറും ആറ് റണ്‍സ്. നേരിട്ട 14 മത്തെ പന്തില്‍ മാത്രമാണ് ഒരു ബൗണ്ടറി നേടാന്‍ വിരാടിന് സാധിച്ചത്. ഗാലറികള്‍ ആര്‍പ്പു വിളിച്ചു. പക്ഷേ! ഹിമാന്‍ഷു സാങ്വാന്റെ അടുത്ത പന്ത് ഡ്രൈവ് ചെയ്യാന്‍ ശ്രമിച്ച വിരാടിന് പിഴച്ചു. എഡ്ജില്‍ തട്ടിയ പന്തി ഓഫ് സ്റ്റമ്പുമായി പറന്നു. അതുവരെ ആര്‍പ്പു വിളികളുമായി മുഖരിതമായിരുന്ന സ്റ്റേഡിയം, പെട്ടെന്ന് നിശബ്ദമായി. ഇതേസമയം ഗ്രൗണ്ടില്‍ തന്നിലെ ഊര്‍ജ്ജം മുഴുവനുമെടുത്ത് ആഘോഷിക്കുകയായിരുന്നു ഹിമാന്‍ഷു സാങ്വാന്‍ എന്ന ബൗളര്‍. സാക്ഷാല്‍ വിരാട് കോഹ് ലിയുടെ സ്റ്റമ്പാണ് താന്‍ പറത്തിയിരക്കുന്നതെന്ന തിരിച്ചറിവ് അയാളുടെ ആക്രോശത്തിലും ആവേശത്തിലും പ്രകടമായിരുന്നു.

കഥ, അവിടെ നിന്നാണ് തിരിയുന്നത്. കോഹ്‌ലി മടങ്ങിയതോടെ, കളി കാണാനെത്തിയവരും സ്‌റ്റേഡിയം വിട്ടു. പക്ഷേ, അവര്‍ വെറുതെയിരുന്നില്ല. തങ്ങളുടെ രാജാവിനെ പുറത്താക്കി ആഘോഷിച്ച ഹിമാന്‍ഷു സാങ്വാനെ അവര്‍ ലക്ഷ്യമിട്ടു. വിരാട് കോഹ്‌ലിയെ പോലൊരു ലെജന്‍ഡിനെതിരേ ഇത്തരത്തില്‍ ആഘോഷിക്കാമോ എന്നതായിരുന്നു ആരാധകരുടെ ചോദ്യം. ഹിമാന്‍ഷുവിനെതിരേ അവരുടെ രോഷം പതഞ്ഞൊഴുതി. സ്വഭാവികമായും ഇപ്പോള്‍ ഒരാളോട് ദേഷ്യം തീര്‍ക്കാന്‍ അയാളുടെ സോഷ്യല്‍ മീഡിയ അകൗണ്ടില്‍ പോയി ചീത്ത വിളിക്കുകയാണല്ലോ പതിവ്. ഹിമാന്‍ഷു സാങ്വാന്റെ ഇന്‍സ്റ്റ പേജ്, കോഹ്‌ലി ആരാധകര്‍ കണ്ടു പിടിച്ചു. പിന്നെ ചീത്ത വിളിയും ഭീഷണിയും വെറുപ്പ് കലര്‍ന്ന ഭാഷയുമൊക്കെയായി ആ അകൗണ്ടില്‍ ആരാധകര്‍ നിരങ്ങി.

പക്ഷേ ചെറിയൊരു അബദ്ധം പറ്റി. ആളു മാറി. ക്രിക്കറ്റര്‍ ഹിമാന്‍ഷു സാങ്വാന് പകരം അവര്‍ മറ്റൊരു ഹിമാന്‍ഷു സാങ്വാന്റെ അകൗണ്ടിലാണ് കയറിയത്. ഇതൊരു പബ്ലിക് അകൗണ്ടായിരുന്നു. അപ്രതീക്ഷിതമായി തന്റെ അകൗണ്ടില്‍ വലിയ തോതില്‍ ട്രാഫിക് വരുന്നത് കണ്ട് ഹിമാന്‍ഷു അന്തം വിട്ടു. കമന്റുകള്‍ വന്നു നിറയുകയാണ്. എല്ലാം ചീത്ത വിളികളാണ്. ആരാധകരുടെ ദേഷ്യം മുഴുവന്‍ തീര്‍ക്കുന്ന കമന്റുകള്‍. സംഭവം പന്തിയല്ലെന്ന് കണ്ട, ഹിമാന്‍ഷ് സാങ്വാന്‍ ഉടന്‍ തന്നെ ഒരു വീഡിയോ പോസ്റ്റ് ചെയ്തു, നിങ്ങള്‍ക്ക് ആള് മാറിയെന്നും, നിങ്ങള്‍ തിരയുന്ന ക്രിക്കറ്റ് കളിക്കാരന്‍ ഹിമാന്‍ഷു സാങ്വാന്‍ ഞാനല്ല, ഞാന്‍ വിരാട് കോഹ്‌ലിയുടെ സ്റ്റമ്പ് തെറിപ്പിച്ചിട്ടില്ലെന്നുമൊക്കെ ആണയിട്ട് പറയേണ്ടി വന്നു.

എന്തായാലും വിരാട് കോഹ്‌ലിയുടെ നാണംകെട്ട പുറത്താകല്‍, കൂടുതല്‍ ആളുകളെ അറിയിക്കാനാണ് ആരാധകരുടെ ഈ ആളുമാറി ആക്രമണം കൊണ്ടുണ്ടായ ഏക പ്രയോജനം.  Ranji trophy dismissal Virat Kohli fans social media attack against bowler Himanshu Sangwan

Content Summary; Ranji trophy dismissal Virat Kohli fans social media attack against bowler Himanshu Sangwan

×