രത്തൻ ടാറ്റയുടെ വിൽപ്പത്രം; സ്വത്ത് വിഹിതത്തിൽ അസ്വാരസ്യങ്ങൾ

വ്യക്തത തേടി മോഹിനി മോഹൻ ദത്ത

അന്തരിച്ച ടാറ്റ ​ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റയുടെ 3800 കോടി മൂല്യമുള്ള സ്വത്തുക്കൾ സംബന്ധിച്ച വിൽപത്രം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. സ്വത്തുക്കളിൽ വലിയൊരു പങ്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോ​ഗിക്കാനാണ് ടാറ്റ നീക്കി വെച്ചിരിക്കുന്നതെന്ന് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. കുടുംബത്തിനും അടുത്ത സുഹൃത്തുക്കള്‍ക്കും സ്റ്റാഫിനും പ്രിയപ്പെട്ട വളർത്തു മൃഗങ്ങള്‍ക്കും വേണ്ടിയും ഒരു ഭാഗം ടാറ്റ മാറ്റിവച്ചിട്ടുണ്ട്.

അതേസമയം, രത്തൻ ടാറ്റയുടെ സ്വത്തുക്കളുടെ വിഹിതത്തിൽ തന്റെ പങ്കിനെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ് ടാറ്റയുടെ ദീർഘകാല അസോസിയേറ്റ് ആയിരുന്ന മോഹിനി മോഹൻ ദത്ത. ടാറ്റയുടെ വിൽപ്പത്രത്തിന്റെ വിവരങ്ങൾ ഏതാനും മാസങ്ങൾക്ക് മുമ്പ് പുറത്തുവന്നിരുന്നു. സ്വത്തിന്റെ മൂന്നിൽ ഒരു ഭാ​ഗം ജംഷഡ്പൂർ സ്വദേശിയായ മോഹിനി മോഹൻ ദത്തക്കാണ് എഴുതിവെച്ചിരിക്കുന്നതെന്ന് അന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. 3800 കോടി വിലമതിക്കുന്ന സ്വത്തിൽ ടാറ്റ സൺസ് ഓഹരിയായ 1,684 കോടിയും ഉൾപ്പെടുന്നു. എന്നാൽ തന്റെ ആസ്തിയില്‍ വലിയൊരു പങ്കും രത്തന്‍ ടാറ്റ എന്‍ഡോവ്‌മെന്റ് ഫൗണ്ടേഷനും രത്തന്‍ ടാറ്റ എന്‍ഡോവ്‌മെന്റ് ട്രസ്റ്റിനും വേണ്ടിയാണ് രത്തന്‍ ടാറ്റ നീക്കിവച്ചിരിക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. രണ്ട് സംഘടനകളും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായാകും പണം ചെലവഴിക്കുക. ഇതാണ് മോഹൻ ദത്തയുടെ സ്വത്തവകാശത്തിൽ അനിശ്ചിതത്വം ഉണ്ടാക്കിയിരിക്കുന്നത്.

അതേസമയം, മോഹൻ ദത്ത വിൽപത്രത്തെ എതിർത്തിട്ടില്ലെന്നും തന്റെ അവകാശത്തെക്കുറിച്ച് വ്യക്തത തേടുക മാത്രമാണ് ചെയ്തതെന്ന് നിയമ വിദഗ്ധർ പറയുന്നു. സ്വത്തവകാശികളുടെ മധ്യസ്ഥത വഹിക്കുന്നതിനുള്ള ചുമതല മുൻ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെക്കാണ്. കഴിഞ്ഞ ആഴ്ച, ടാറ്റയുടെ വിൽപത്രം ബോംബെ ഹൈക്കോടതിയിൽ പ്രൊബേറ്റിനായി സമർപ്പിച്ചിരുന്നു. സ്വത്തിന്റെ വിതരണത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ മോഹൻ ദത്തയുടെ അവകാശവാദത്തിൽ ആശയക്കുഴപ്പം നേരിടുകയാണ്.

ടാറ്റ സണ്‍സിലെ ഷെയറുകള്‍ക്ക് പുറമേ, മറ്റു സ്റ്റോക്കുകളിലും രത്തന്‍ ടാറ്റ നിക്ഷേപം നടത്തിയിരുന്നു. 2022 ഫെബ്രുവരി 23ന് തയ്യാറാക്കിയ വില്‍പത്രത്തില്‍ 4 അനുബന്ധ പത്രങ്ങള്‍ കൂടിയുണ്ട്. വില്‍പത്രത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് അനുമതി നല്‍കുന്നതാണ് ഇവ. ഇതുപ്രകാരം അദ്ദേഹത്തിന്റെ ഷെയറുകളും, നിക്ഷേപങ്ങളും ഈ സന്നദ്ധ സംഘടനകള്‍ക്ക് തന്നെ കൈമാറാനാണ് നിര്‍ദേശം.

വിൽപത്രത്തിന്റെ പ്രധാന ഗുണഭോക്താക്കൾ രത്തൻ ടാറ്റ എൻഡോവ്‌മെന്റ് ഫൗണ്ടേഷനും രത്തൻ ടാറ്റ എൻഡോവ്‌മെന്റ് ട്രസ്റ്റുമാണ്. ഇവർക്കാണ് സമ്പത്തിന്റെ സിംഹഭാഗവും ലഭിക്കുക. ടാറ്റയുടെ ശേഷിക്കുന്ന ആസ്തിയുടെ മൂന്നിലൊന്നായ 800 കോടി അദ്ദേഹത്തിന്റെ സഹോദരിമാരായ ഷിരീൻ ജെജീഭോയ്, ഡീന ജെജീബോയ് എന്നിവർക്ക് ലഭിക്കും.

2024 ഒക്ടോബർ ഒമ്പതിനാണ് രത്തൻ ടാറ്റ മരിച്ചത്. ടാറ്റയുടെ മരണശേഷം സ്വത്തുക്കളുടെ അവകാശികൾ ആരായിരിക്കുമെന്ന് ചർച്ചകളും അഭ്യൂഹങ്ങളും ഉയർന്നിരുന്നു. തുടർന്ന് വിൽപ്പത്രത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടപ്പോൾ ഏറെ ചർച്ചയായ പേരായിരുന്നു മോഹിനി മോഹൻ ദത്തയുടേത്. ടാറ്റയുടെ വിശ്വസ്തനായിരുന്ന ശാന്തനുവിന്റെ പേര് പോലും പിൻതള്ളിക്കൊണ്ടാണ് മോഹിനി മോഹന്‍ ദത്ത എന്ന പേര് കടന്നുവന്നത്. ടാറ്റ കൂടി ഓഹരി ഉടമയായിരുന്ന സ്റ്റാലിയൻ എന്ന കമ്പനിയുടെ സഹ ഉടമകൂടിയായിരുന്ന ദത്തക്ക്, 500 കോടിയോളം രൂപയുടെ ആസ്തിയാണ് ടാറ്റ വിൽപ്പത്രത്തിൽ എഴുതിയിരിക്കുന്നതെന്നാണ് അന്ന് റിപ്പോർട്ടുകൾ വന്നത്.

Content Summary: Ratan Tata’s will; Mohini Mohan Dutta has reportedly requested clarification regarding his share

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment