June 20, 2025 |

ടാറ്റ ട്രസ്റ്റില്‍ പുതിയ അധ്യായമെഴുതാന്‍ നോയല്‍ ടാറ്റ

രത്തന്‍ ടാറ്റയുടെ പിന്‍ഗാമി ആയാണ് നോയല്‍ ടാറ്റ ടാറ്റ ട്രസ്റ്റിന്റെ നേതൃത്വത്തിലേക്ക് എത്തുന്നത്

ടാറ്റ ഗ്രൂപ്പിന്റെ ജീവകാരുണ്യ വിഭാഗമായ ടാറ്റ ട്രസ്റ്റിനെ ഇനി 67 കാരനായ നോയല്‍ ടാറ്റ നയിക്കും. അദ്ദേഹത്തിന്റെ അര്‍ദ്ധസഹോദരന്‍ രത്തന്‍ ടാറ്റയുടെ മരണത്തെ തുടര്‍ന്നാണ് ടാറ്റ ട്രസ്റ്റ് ചെയര്‍മാനായി നോയലിന്റെ നിയമനം. നേവല്‍ എച്ച്. ടാറ്റയുടെയും സിമോണ്‍ എന്‍. ടാറ്റയുടെയും മകനായ നോയലിന് ടാറ്റ പാരമ്പര്യവുമായി ആഴത്തുലൂന്നിയ ബന്ധവും ധാരാളം അനുഭവസമ്പത്തും ഉണ്ട്.

ടാറ്റ ഗ്രൂപ്പിന്റെ ആഗോള റീട്ടെയില്‍ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് നോയല്‍ ടാറ്റ തന്റെ കരിയറിന്റെ ഭൂരിഭാഗവും ചെലവഴിച്ചത്. ടാറ്റ ട്രസ്റ്റിലെ തന്റെ പുതിയ റോളിലേക്ക് ചുവടുവെക്കുന്നതിന് മുമ്പ്, സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റിന്റെയും സര്‍ ഡൊറാബ്ജി ടാറ്റ ട്രസ്റ്റിന്റെയും ട്രസ്റ്റിയായിരുന്നു നോയല്‍. ഈ രണ്ട് ട്രസ്റ്റുകളുമാണ് ടാറ്റ ഗ്രൂപ്പിന്റെ ഹോള്‍ഡിംഗ് കമ്പനിയായ ടാറ്റ സണ്‍സിന്റെ 66% ഓഹരികളും നിയന്ത്രിക്കുന്നത്.

2014 മുതല്‍ ട്രെന്റ് ലിമിറ്റഡിന്റെ ചെയര്‍മാനായി നോയല്‍ ടാറ്റ സേവനമനുഷ്ഠിച്ചു വരുന്നുണ്ട്. കമ്പനിയെ ഇന്ത്യയിലെ ഒരു പ്രമുഖ റീട്ടെയില്‍ സ്ഥാപനമായി രൂപപ്പെടുത്തിയെടുക്കാന്‍ നോയലിന് സാധിച്ചിട്ടുണ്ട്.

ടാറ്റ ഗ്രൂപ്പിനുള്ളിലെ അദ്ദേഹത്തിന്റെ യാത്ര സുപ്രധാനമായ നിയമനങ്ങളുടെ ഒരു പരമ്പരയാണ്. 2019 ല്‍ സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റിന്റെ ബോര്‍ഡില്‍ ചേര്‍ന്ന അദ്ദേഹം 2018 ല്‍ ടൈറ്റന്‍ കമ്പനിയുടെ വൈസ് ചെയര്‍മാനായി. 2022 മാര്‍ച്ചില്‍, ടാറ്റ സ്റ്റീലിന്റെ വൈസ് ചെയര്‍മാനായി അദ്ദേഹത്തെ നിയമിച്ചതോടെ, ഗ്രൂപ്പിനുള്ളിലെ സ്വാധീനവും ഉത്തരവാദിത്തവും കൂടുതല്‍ ഉറപ്പിക്കാന്‍ നോയലിനായി. സുസ്ഥിരവും തന്ത്രപരവുമായ സമീപനമാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിന്റെ സവിശേഷത. അതേസമയം രത്തന്‍ ടാറ്റയുമായി താരതമ്യം ചെയ്താല്‍ പൊതു വ്യക്തിത്വം എന്ന നിലയില്‍ നോയലിന്റെ അടയാളം വ്യത്യസ്തമാണ്.

നോയലിന്റെ പ്രൊഫഷണല്‍ പശ്ചാത്തലം ശ്രദ്ധേയമാണ്. ട്രെന്റില്‍ എത്തുന്നതിനു മുമ്പ്, അദ്ദേഹം 2010 മുതല്‍ 2021 വരെ ടാറ്റ ഇന്റര്‍നാഷണല്‍ ലിമിറ്റഡിനെ നയിച്ചിരുന്നു. ഈ സമയത്ത് കമ്പനിയുടെ വരുമാനം 500 മില്യണ്‍ ഡോളറില്‍ നിന്ന് 3 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ലോഹ വ്യാപാരം, തുകല്‍ ഉല്‍പന്നങ്ങള്‍, കൃഷി തുടങ്ങിയ മേഖലകളില്‍ ഇടപെടുന്ന ടാറ്റ ഗ്രൂപ്പിന്റെ പ്രധാന വ്യാപാര വിഭാഗമാണ് ടാറ്റ ഇന്റര്‍നാഷണല്‍. നോയലിന്റെ മേല്‍നോട്ടത്തിന് കീഴില്‍, ടാറ്റ ഇന്റര്‍നാഷണല്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ അഞ്ച് പ്രധാന മേഖലകളായി വ്യാപിപ്പിക്കുകയും ആഗോളതലത്തില്‍ 10,000-ത്തിലധികം ആളുകള്‍ക്ക് ജോലി നല്‍കുകയും ചെയ്തു.

റീട്ടെയില്‍ മേഖലയില്‍, ട്രെന്റിനെ മുന്‍നിരയിലേക്ക് കൊണ്ടുവരാന്‍ നോയല്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. വെസ്റ്റ്സൈഡ്, സ്റ്റാര്‍ ബസാര്‍, ലാന്‍ഡ്മാര്‍ക്ക് എന്നിവയുള്‍പ്പെടെ 1998-ലെ ഒരൊറ്റ സ്റ്റോര്‍ പ്രവര്‍ത്തനത്തില്‍ നിന്ന് 2014-ഓടെ വിവിധ രൂപങ്ങളിലായി 105-ലധികം സ്റ്റോറുകളിലേക്ക് അദ്ദേഹം കമ്പനിയെ എത്തിച്ചു. ഈ കാലയളവില്‍ ഏകദേശം 400 മില്യണ്‍ ഡോളറിന്റെ ഏകീകൃത വിറ്റുവരവ് നേടാന്‍ അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ട്രെന്റിനെ സഹായിച്ചു.

യുകെയിലെ സസെക്സ് യൂണിവേഴ്സിറ്റിയില്‍ നിന്നു ബിരുദവും, INSEAD ല്‍ നിന്ന് ഇന്റര്‍നാഷണല്‍ എക്സിക്യൂട്ടീവ് പ്രോഗ്രാമും പൂര്‍ത്തീകരിച്ചിട്ടുള്ള നോയലിന്റെ അക്കാദമിക് പശ്ചാത്തലം ആഗോള വിപണിയില്‍ ഫലപ്രദമായ നേതൃത്വത്തിന് ആവശ്യമായ കഴിവുകള്‍ സജ്ജമാക്കാന്‍ അദ്ദേഹത്തെ സഹായിച്ചുണ്ട്.

ടാറ്റ ട്രസ്റ്റിന്റെ ചെയര്‍മാനായി നോയലിനെ നിയമിക്കാനുള്ള തീരുമാനം ഏകകണ്ഠമായിരുന്നു. ട്രസ്റ്റിനെ നയിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിലുള്ള ബോര്‍ഡിന്റെ ആത്മവിശ്വാസമാണ് ഏകകണ്ഠമായ തീരുമാനത്തിലൂടെ പ്രതിഫലിച്ചിരിക്കുന്നത്. 1892ല്‍ മുത്തച്ഛന്‍ ജംഷഡ്ജി ടാറ്റ സ്ഥാപിച്ച ടാറ്റ ട്രസ്റ്റുകള്‍ക്ക്, വിദ്യാഭ്യാസം, ആരോഗ്യം, പാര്‍പ്പിടം തുടങ്ങിയ മേഖലകളെ പിന്തുണയ്ക്കുന്ന, ജീവകാരുണ്യത്തിന്റെതായ ഒരു നീണ്ട ചരിത്രമുണ്ട്. രത്തന്‍ ടാറ്റ ഇട്ട അടിത്തറയില്‍ ട്രസ്റ്റിന്റെ പൈതൃകം പടുത്തുയര്‍ത്താനായിരിക്കും ഇനി നോയലിന്റെ നേതൃത്വത്തില്‍ പരിശ്രമിക്കുക.

ഈ സുപ്രധാന റോളിലേക്ക് നോയല്‍ ടാറ്റ ചുവടുവെക്കുമ്പോള്‍, തന്റെ സഹോദരന്റെ പൈതൃകത്തെ ആദരിക്കുക മാത്രമല്ല, സാമൂഹിക ആവശ്യങ്ങളും സ്വാധീനത്തിനുള്ള അവസരങ്ങളും വളര്‍ത്തിക്കൊണ്ടു വന്ന് ഭാവിയിലേക്ക് ടാറ്റ ട്രസ്റ്റുകളെ നയിക്കുകയെന്ന വെല്ലുവിളിയും ഏറ്റെടുക്കേണ്ടതുണ്ട്. പ്രവര്‍ത്തന മികവിനോടുള്ള പ്രതിബദ്ധതയും, ദീര്‍ഘകാല വളര്‍ച്ചയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അദ്ദേഹത്തിന്റെ നേതൃത്വ ശൈലിയും ഇന്നത്തെ ലോകത്തിലെ ജീവകാരുണ്യത്തിന്റെ സങ്കീര്‍ണ്ണതകളെ നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.

ടാറ്റയുടെ പാരമ്പര്യത്തില്‍ നോയലിന്റെ കുടുംബവും അവിഭാജ്യ പങ്ക് വഹിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മൂന്ന് മക്കളായ നെവില്‍, മായ, ലിയ എന്നിവര്‍ ടാറ്റ കുടുംബവുമായി ബന്ധപ്പെട്ട വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാണ്. ജീവകാരുണ്യത്തോടുള്ള ഈ കുടുംബബന്ധം സാമൂഹിക ഉത്തരവാദിത്തത്തോടുള്ള തലമുറകളുടെ പ്രതിബദ്ധതയെയാണ് അടിവരയിടുന്നത്. ഓട്ടോമൊബൈല്‍ മുതല്‍ സ്റ്റീല്‍ വരെയുള്ള വ്യവസായങ്ങളില്‍ ടാറ്റ ഗ്രൂപ്പ് അതിന്റെ സ്വാധീനം തുടരുന്നതിനാല്‍, ഗ്രൂപ്പിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ശക്തവും പ്രസക്തവുമാണെന്ന് ഉറപ്പാക്കുന്നതില്‍ ടാറ്റ ട്രസ്റ്റുകളിലെ നോയല്‍ ടാറ്റയുടെ നേതൃത്വം നിര്‍ണായകമാകും. തന്ത്രപരമായ ഉള്‍ക്കാഴ്ചയുടെയും സേവനത്തോടുള്ള അര്‍പ്പണബോധത്തിന്റെയും സമന്വയത്തോടെ, ഒരു നൂറ്റാണ്ട് മുമ്പ് ജംഷഡ്ജി ടാറ്റ സ്ഥാപിച്ച മൂല്യങ്ങളോടും തത്വങ്ങളോടും ഉള്ള പ്രതിബദ്ധത ശക്തിപ്പെടുത്തിക്കൊണ്ട് ട്രസ്റ്റുകളെ ഒരു പരിവര്‍ത്തന കാലഘട്ടത്തിലൂടെ നയിക്കാനാണ് നോയല്‍ ടാറ്റ ഒരുങ്ങുന്നത്.

ടാറ്റ ട്രസ്റ്റിന്റെ ചെയര്‍മാനായി നോയല്‍ ടാറ്റയുടെ ആരോഹണം ടാറ്റയുടെ പാരമ്പര്യത്തിലെ ഒരു സുപ്രധാന അദ്ധ്യായത്തെയാണ് അടയാളപ്പെടുത്തുന്നത്. ഗ്രൂപ്പിന്റെ ജീവകാരുണ്യ ദൗത്യത്തോടുള്ള ആഴത്തിലുള്ള പ്രതിബദ്ധതയ്ക്കൊപ്പം അദ്ദേഹത്തിന്റെ അനുഭവവും ടാറ്റയുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാനും സമൂഹത്തിന്റെ ക്ഷേമത്തിന് സംഭാവന നല്‍കാനും നോയലിനെ സഹായിക്കും. അദ്ദേഹം ഈ പുതിയ യാത്ര ആരംഭിക്കുമ്പോള്‍, ടാറ്റ ഗ്രൂപ്പും, പൊതുജനങ്ങളും അദ്ദേഹം ഉണ്ടാക്കാന്‍ പോകുന്ന നല്ല സ്വാധീനത്തിനായി ഉറ്റുനോക്കുന്നുണ്ട്.  Noel Tata: A New Chapter in Tata Trusts Leadership

Content Summary; Noel Tata: A New Chapter in Tata Trusts Leadership

Leave a Reply

Your email address will not be published. Required fields are marked *

×