2020 ല്‍ ഹ്യൂമന്‍സ് ഓഫ് ബോംബെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍, രത്തന്‍ ടാറ്റ തന്റെ ബാല്യകാലത്തെക്കുറിച്ചും മാതാപിതാക്കളുടെ വിവാഹമോചനം ഉണ്ടാക്കിയ ആഘാതവും, എന്തുകൊണ്ട് താന്‍ വിവാഹിതനായില്ല എന്നതിനെക്കുറിച്ചെല്ലാം തുറന്നു പറയുന്നുണ്ട്. അദ്ദേഹം പങ്കുവയ്ക്കുന്നത് ഇങ്ങനെയാണ്, ”സന്തോഷകരമായ ഒരു കുട്ടിക്കാലമായിരുന്നു ഞങ്ങളുടെത്. എന്നാല്‍ ഞാനും എന്റെ സഹോദരനും മുതിര്‍ന്നതോടെ കാര്യങ്ങള്‍ മാറി. ഞങ്ങളുടെ മാതാപിതാക്കളുടെ വിവാഹമോചനമായിരുന്നു അതിന് വഴിവച്ചത്. അക്കാലത്ത് ഞങ്ങള്‍ വ്യക്തിപരമായ പല അസ്വാരസ്യങ്ങളും നേരിട്ടു. വിവാഹമോചനം എന്നത് അക്കാലത്ത് ഇന്നത്തെപ്പോലെ സാധാരണമായ ഒന്നായിരുന്നില്ല.
എന്നാല്‍ മുത്തശ്ശി ഞങ്ങളെ എല്ലാ രീതിയിലും നന്നായി തന്നെ വളര്‍ത്തി. എന്റെ അമ്മ പുനര്‍വിവാഹം കഴിച്ചതിനു പിന്നാലെ സ്‌കൂളില്‍ നിന്ന് സഹപാഠികളുടെ പരിഹാസങ്ങള്‍ കേള്‍ക്കേണ്ടി വന്നു. നിരന്തരം അത്തരം ആക്രമണങ്ങള്‍ക്ക് ഞങ്ങള്‍ വിധേയരായി. എന്നാല്‍ മുത്തശ്ശി ഞങ്ങളെ പഠിപ്പിച്ചത്, എന്തു വില കൊടുത്തും നമ്മുടെ അന്തസ്സ് നിലനിര്‍ത്തണമെന്നായിരുന്നു, ആ മൂല്യം ഇന്നും പിന്തുടരുന്നു”- രത്തന്‍ ടാറ്റയുടെ വാക്കുകള്‍.
വിവാഹത്തിന് അടുത്ത് വരെയെത്തിയ സാഹചര്യങ്ങളെക്കുറിച്ചും ടാറ്റ മനസ് തുറക്കുന്നുണ്ട്. അതിങ്ങനെയായിരുന്നു; കോളേജ് പഠനത്തിന് ശേഷം ലോസ് ആഞ്ചല്‍സില്‍ ഒരു ആര്‍കിടെക്ചര്‍ എന്ന നിലയിലാണ് ഞാന്‍ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. അവിടെ രണ്ടു വര്‍ഷക്കാലം ജോലി ചെയ്തു. അത് വളരെ സന്തോഷം നിറഞ്ഞതും മനോഹരവുമായ കാലമായിരുന്നു. ഞാന്‍ എന്റെ ജോലിയെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു, അന്നെനിക്ക് എന്റെ സ്വന്തം കാറുണ്ടായിരുന്നു. ലോസ് ആഞ്ചല്‍സില്‍ വച്ച് എനിക്കൊരു പ്രണയമുണ്ടായി, അത് വിവാഹത്തിന് അടുത്ത് വരെ എത്തുകയും ചെയ്തു. എന്നാല്‍ അതേസമയത്താണ് എനിക്ക് തിരിച്ച് നാട്ടിലേക്ക് പോകണമെന്ന തീരുമാനം എടുക്കേണ്ടി വന്നത്. എഴ് വര്‍ഷമായി രോഗശയ്യയിലായിരുന്ന എന്റെ മുത്തശ്ശിയുടെ അടുക്കലേക്ക് എനിക്ക് എത്തണമായിരുന്നു. ഞാന്‍ മുത്തശ്ശിയെ കാണാന്‍ പോകുമ്പോള്‍, വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്ന പെണ്‍കുട്ടിയും എനിക്കൊപ്പം ഇന്ത്യയിലേക്ക് വരുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ അക്കാലം-1962- ഇന്ത്യ-ചൈന യുദ്ധം നടക്കുകയാണ്. ആ ഒരു കാരണം കൊണ്ട് അവളെ ഇന്ത്യയിലേക്ക് വിടാന്‍ അവളുടെ മാതാപിതാക്കള്‍ തയ്യാറായില്ല. അതോടെ ആ ബന്ധം അവസാനിക്കുകയായിരുന്നു”.
1962-ല്‍ കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് വാസ്തുവിദ്യയില്‍ ബി.എസ് നേടിയ ശേഷമാണ് രത്തന്‍ ടാറ്റ കുടുംബ ബിസിനസിന്റെ ഭാഗമാകുന്നത്. ഒരു ദശാബ്ദത്തിന് ശേഷം അദ്ദേഹം ടാറ്റ ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനായി. അന്‍പത് വര്‍ഷത്തിലേറെ നീണ്ട സേവനത്തിന് ശേഷം അമ്മാവനായ ജെആര്‍ഡി വിരമിക്കുന്നതോടെയാണ് 1991-ല്‍ ജെആര്‍ഡിയുടെ പിന്‍ഗാമിയായി രത്തന്‍ ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനാകുന്നത്.
ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാനായിരുന്ന രത്തന്‍ ടാറ്റ ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് മുംബൈയിലെ ആശുപത്രിയില്‍ വച്ച് തന്റെ 86 മത്തെ വയസില്‍ മരണത്തിന് കീഴടങ്ങുന്നത്. രണ്ട് പതിറ്റാണ്ടിലേറെയായി, ഉപ്പ് മുതല്‍ സോഫ്റ്റ്വെയര്‍ വരെയുള്ള വ്യവസായ സംരംഭങ്ങള്‍ നയിച്ച ടാറ്റ തിങ്കളാഴ്ച മുതല്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. regarding his near-marriage once ratan tata recounted
Content Summary; regarding his near-marriage once ratan tata recounted