എയർ ഇന്ത്യയുടെ ബോയിങ്ങ് ഡ്രീംലൈനർ വിമാനമാണ് ഇന്ന് അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം തകർന്നുവീണത്. നിലവിലെ അപകടം കഴിഞ്ഞ വർഷം ആഗോള തലത്തിൽ റിപ്പോർട്ട് ചെയ്ത ബോയിങ്ങ് അപകടങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കും വഴിവെച്ചിരിക്കുകയാണ്.
ജെജു എയർ ഫ്ലൈറ്റ് 2216
ദക്ഷിണ കൊറിയയിൽ നടന്ന ഏറ്റവും വലിയ വ്യോമയാന ദുരന്തമാണ് 2024 ഡിസംബർ 29 നുണ്ടായ ജെജു എയർ ഫ്ലൈറ്റ് 2216 അപകടം. മുവാൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തകർന്നുവീണ ജെജു എയർ ബോയിംഗ് 737-800 വിമാനം ഉടൻ തന്നെ തീപിടിക്കുകയായിരുന്നു.വിമാനത്തിലുണ്ടായിരുന്ന 181 പേരിൽ 179 പേരും കൊല്ലപ്പെട്ടിരുന്നു. പക്ഷി ഇടിച്ചതാണ് അപകടത്തിന്റെ കാരണമായി അധികൃതർ അറിയിച്ചത്. വിമാനം രണ്ടാമത്തെ ലാൻഡിംഗ് ശ്രമത്തിനിടെ റൺവേയിൽ നിന്ന് തെന്നിമാറുകയും മതിലിൽ ഇടിച്ച് പൊട്ടിത്തെറിക്കുകയുമായിരുന്നു. രണ്ട് ഫ്ലൈറ്റ് അറ്റൻഡന്റുകൾ മാത്രമാണ് രക്ഷപ്പെട്ടതെന്നാണ് റിപ്പോർട്ട്.
സ്വിഫ്റ്റെയർ ഫ്ലൈറ്റ് 5960
ലിത്വാനിയയിലെ വിൽനിയസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോയിംഗ് 737-400SF കാർഗോ വിമാനം റൺവേയ്ക്ക് തൊട്ടുമുമ്പ് തകർന്നുവീണിരുന്നു. അപകടത്തിൽ പ്രധാന പൈലറ്റ് മരിക്കുകയും സഹപൈലറ്റിനും മറ്റ് രണ്ട് ക്രൂ അംഗങ്ങൾക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു. 2024 നവംബർ 25 നാണ് അപകടമുണ്ടായത്. വിമാനം പൂർണ്ണമായും നശിച്ചിരുന്നു.
LATAM 800 വിമാനാപകടം
2014 മെയ് 11ന് സിഡ്‌നിയിൽ നിന്ന് ഓക്ക്‌ലൻഡിലേക്ക് തിരിച്ച ബോയിംഗ് 787‑9 വിമാനം പെട്ടെന്ന് ഉയരക്കുറവ് അനുഭവപ്പെടുകയും അപകടത്തിൽപ്പെടുകയുമായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 272 പേരിൽ 50 പേർക്ക് സാരമായി പരിക്കേറ്റിരുന്നു.
യുണൈറ്റഡ് എയർലൈൻസ് UA 28
യുണൈറ്റഡ് എയർലൈൻസിന്റെ ബോയിംഗ് 787-9 വിമാനം കഴിഞ്ഞ വർഷം മെയ് 14ന് എഞ്ചിൻ തകരാറിനെ തുടർന്ന് തിരിച്ചിറക്കിയിരുന്നു. സിംഗപ്പൂരിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. എന്നാൽ വിമാനത്തിന്റെ ഇടത് എഞ്ചിനിൽ ഒരു ദ്വാരം കണ്ടെത്തിയതിനെ തുടർന്ന് തിരിച്ചിറക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ട്.
ക്വാണ്ടാസ് QF6
റോമിൽ നിന്ന് പെർത്തിലേക്ക് പോവുകയായിരുന്ന ക്വാണ്ടാസ് ബോയിംഗ് 787-9 ഡ്രീംലൈനർ വിമാനം ലാൻഡ് ചെയ്യുന്ന സമയത്ത് ടയറുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. 2024 ഓഗസ്റ്റ് 24നാണ് സംഭവം നടന്നത്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല.
അമേരിക്കൻ എയർലൈൻസ് AA 168
2024 നവംബർ 15ന് ടോക്കിയോയിൽ നിന്ന് ന്യൂയോർക്കിലേക്ക് പോകുകയായിരുന്ന ബോയിംഗ് 787‑9 വിമാനത്തിൽ തകരാറുകൾ കണ്ടെത്തിയിരുന്നു. വിമാനത്തിന്റെ ഉലച്ചിലിൽ രണ്ട് ക്യാബിൻ ക്രൂ അംഗങ്ങൾക്ക് പരിക്കേറ്റെങ്കിലും വിമാനം ലക്ഷ്യസ്ഥാനത്ത് ഇറക്കാൻ സാധിച്ചിരുന്നു.
ഇത്തിഹാദ് EY461
2025 ജനുവരി 5ന് മെൽബണിൽ നിന്ന് അബുദാബിയിലേക്ക് സർവീസ് നടത്തിയിരുന്ന ഇത്തിഹാദ് എയർവേയ്‌സിന്റെ ബോയിംഗ് 787 ഡ്രീംലൈനർ വിമാനം, ലാൻഡിംഗ് ഗിയറിലെ രണ്ട് ചക്രങ്ങൾ പൊട്ടിത്തെറിച്ചതിനെ തുടർന്ന് ടേക്ക് ഓഫ് നിർത്തിവച്ചിരുന്നു. എന്നാൽ വിമാനത്തിലുണ്ടായിരുന്ന 289 യാത്രക്കാരും സുരക്ഷിതമായി ലാൻഡ് ചെയ്തിരുന്നു. ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
അലാസ്ക എയർലൈൻസ് ഫ്ലൈറ്റ് 1282
2024 ജനുവരി 5ന് അലാസ്ക എയർലൈൻസിന്റെ ബോയിംഗ് 737-9 മാക്സ് വിമാനത്തിന്റെ ഒരു വശത്തെ വാതിൽ പാനൽ വേർപെട്ട് പോവുകയായിരുന്നു. തുടർന്ന് വിമാനം അടിയന്തര ലാൻഡിംഗ് നടത്തുകയായിരുന്നു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ട്രാൻസെയർ (സെനഗൽ)
സെനഗലിൽ നിന്ന് ടേക്ക് ഓഫ് ചെയ്യുന്നതിനിടെ എയർ സെനഗൽ ചാർട്ടേഡ് ചെയ്ത ട്രാൻസ്എയർ ബോയിംഗ് 737-300 വിമാനം റൺവേയിൽ നിന്ന് തെന്നിമാറി അപകടം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ 10 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2024 മെയ് 9നായിരുന്നു അപകടം.
അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 1006
കൊളറാഡോ സ്പ്രിംഗ്സിൽ നിന്ന് ഡാളസ് ഫോർട്ട് വർത്തിലേക്ക് പോയ ബോയിംഗ് 737 – 823 വിമാനം ഞ്ചിൻ വൈബ്രേഷനെ തുടർന്ന് തിരിച്ചിറക്കുകയായിരുന്നു. 2025 മാർച്ച് 13 നാണ് അപകടമുണ്ടായത്. ലാൻഡ് ചെയ്യുന്നതിനിടെ വിമാനത്തിന് തീപിടിക്കുകയും സാരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. വിമാനത്തിൽ 172 യാത്രക്കാരും നാല് ക്യാബിൻ ക്രൂവും രണ്ട് പൈലറ്റുമാരുമാണുണ്ടായിരുന്നത്. നിരവധി പേർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു.
Content Summary: Recent Boeing Accidents; More than ten disasters in a year