2025 ലെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറത്തുവരുമ്പോൾ ശ്രദ്ധേയമായ രാഷ്ട്രീയ മാറ്റത്തിനാണ് രാജ്യതലസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. വർഷങ്ങളായി ആം ആദ്മി പാർട്ടി ആധിപത്യം പുലർത്തിയിരുന്ന പ്രദേശത്ത് ഗണ്യമായ ചുവടുവെയ്പാണ് ഭാരതീയ ജനത പാർട്ടി നടത്തിയിരിക്കുന്നത്. ഡൽഹിയിൽ 27 വർഷം അധികാരത്തിന് പുറത്തുനിന്ന ബിജെപി ഇത്രയും വലിയ വിജയം നേടിയതെങ്ങനെയാണ്? ആം ആദ്മി നേതാക്കൾക്കെതിരായ അഴിമതി ആരോപണങ്ങൾ, യമുന നദിയുടെ ഖേദകരമായ അവസ്ഥ, വിവാദ മദ്യനയം തുടങ്ങി ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, സൂക്ഷമമായി മെനഞ്ഞെടുത്ത രാഷ്ട്രീയ തന്ത്രമാണ് നിലവിലെ വിജയത്തിന്റെ പ്രധാന കാരണം.
ബിജെപിയുടെ പ്രാദേശിക തലത്തിലേക്കുള്ള ഇടപെടൽ, പ്രത്യേകിച്ച് മുസ്ലീം വോട്ടർമാരുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങൾ അവരുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. അതേസമയം, പ്രധാനപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യാൻ ആം ആദ്മി പാർട്ടി പാടുപെടുകയും മധ്യവർഗത്തിന്റെ പിന്തുണ നഷ്ടപ്പെടുകയും ചെയ്തു. ആം ആദ്മിയുടെ പരാജയിത്തിന് വലിയൊരു പരിധി വരെ ഇത് കാരണമായിട്ടുണ്ട്. അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോഡിയ തുടങ്ങിയ മുൻനിര എഎപി നേതാക്കളുടെ പരാജയം ഡൽഹിയിലെ രാഷ്ട്രീയ സമവാക്യത്തിനെ മാറ്റിയെഴുതുന്നതാണ്.
ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രം
ഡൽഹി തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ തന്ത്രം വോട്ടെടുപ്പിന് ഏകദേശം 18 മാസം മുമ്പാണ് ആരംഭിച്ചത്. വർഷങ്ങളായി ഡൽഹിയിൽ ശ്രദ്ധാകേന്ദ്രത്തിൽ നിന്ന് വിട്ടുനിന്ന ശേഷം, വോട്ടർമാർക്ക് പ്രാധാന്യമുള്ള പ്രധാന വിഷയങ്ങൾ അഭിസംബോധന ചെയ്യേണ്ടതുണ്ടെന്ന് ബിജെപി മനസ്സിലാക്കി. അവരുടെ പദ്ധതിയുടെ ഒരു പ്രധാന ഭാഗം ഭരണത്തിലെ എഎപിയുടെ പരാജയങ്ങളിലും അഴിമതി ആരോപണങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതായിരുന്നു. മദ്യ അഴിമതി പോലുള്ള അഴിമതികൾ നേരിട്ട അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോഡിയ തുടങ്ങിയ നേതാക്കളെ ലക്ഷ്യമിട്ട് ഈ വിഷയങ്ങൾ തുറന്നുകാട്ടാനാണ് ബിജെപി ശ്രമിച്ചത്.
ബിജെപിയുടെ ഉദ്ദേശം വ്യക്തമായി നടന്നു എന്ന് വേണം പറയാൻ. കാരണം, നല്ല ഭരണം സംബന്ധിച്ച് നൽകിയ വാഗ്ദാനങ്ങൾ ആം ആദ്മി പാർട്ടി പാലിച്ചില്ല. അഴിമതി, കാര്യക്ഷമതയില്ലായ്മ, ദൈനംദിന പ്രശ്നങ്ങൾ പരിഹരിക്കുന്നതിലെ ആം ആദ്മി പാർട്ടിയുടെ പരാജയം എന്നിവയിൽ ബിജെപി കൂടുതൽ ശ്രദ്ധ നൽകി. മലിനമായ യമുന നദി, മലിനീകരണം, മോശം അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ എഎപി വാക്ക് പാലിച്ചില്ലെന്ന് ബിജെപി ആരോപണങ്ങളുയർത്തി.
ഈ വിഷയങ്ങൾക്ക് പുറമേ ചെറുതും എന്നാൽ സ്വാധീനം ചെലുത്തുന്നതുമായ പ്രാദേശിക പ്രശ്‌നങ്ങളിലും ബിജെപി ശ്രദ്ധ കേന്ദ്രീകരിച്ചു. ഉദാഹരണത്തിന്, ജലക്ഷാമം, ഗതാഗതക്കുരുക്ക്, വൈദ്യുതി വിതരണം തടസപ്പെടുന്നത് തുടങ്ങിയ പരാതികൾ ബിജെപിയുടെ പ്രചാരണങ്ങളിൽ
പലപ്പോഴും ഉയർത്തിക്കാട്ടപ്പെട്ടു. ഈ പ്രകടമായ ദൈനംദിന പ്രശ്നങ്ങൾ ഡൽഹി നിവാസികളെ വളരെയധികം സ്വാധീനിച്ചു. ഈ പ്രദേശങ്ങളിൽ ശാശ്വതമായ മാറ്റം കൊണ്ടുവരാൻ ആം ആദ്മി പാർട്ടിക്ക് കഴിയാത്തതിൽ പലരും നിരാശരായിരുന്നു.
ജനപിന്തുണ നേടുന്നതിൽ ആർഎസ്എസിന്റെ പങ്ക്
ബിജെപിയുടെ പ്രത്യയശാസ്ത്ര രക്ഷിതാവായ രാഷ്ട്രീയ സ്വയംസേവക സംഘം (ആർഎസ്എസ്) ഡൽഹി തിരഞ്ഞെടുപ്പിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഹരിയാന, മഹാരാഷ്ട്ര തുടങ്ങിയ മറ്റ് സംസ്ഥാനങ്ങളിലെന്നപോലെ, പ്രാദേശിക സമൂഹങ്ങളെ ഒത്തുചേർത്ത് കൊണ്ട് പോകാനും അവരുമായി കൃത്യമായി ബന്ധം നിലനിർത്താനുമുള്ള ആർഎസ്‌എസിന്റെ കഴിവ് ബിജെപിയുടെ വിജയത്തിന് സഹായകമായി.
ഡൽഹിയിൽ, വിവിധ പ്രദേശങ്ങളിലായി ആയിരത്തിലധികം മീറ്റിംഗുകളാണ് ആർഎസ്‌എസ് നടത്തിയത്. മുസ്ലീങ്ങൾ ഉൾപ്പെടെ വിവിധ സമുദായങ്ങളിൽ നിന്നുള്ള നേതാക്കളുമായും പ്രവർത്തകരുമായും ബന്ധം സ്ഥാപിക്കുകയും ചെയ്തു. ഒരു പാർട്ടിയോടും വിശ്വസ്തത പുലർത്താത്ത യുവ മുസ്ലീം വോട്ടർമാരിലാണ് അവർ പ്രത്യേകിച്ചും ശ്രദ്ധ കേന്ദ്രീകരിച്ചത്. ഒരു പാർട്ടിയുടെ മാത്രം വോട്ട് ബാങ്കായി തുടരാൻ താൽപര്യമില്ലാത്ത യുവ വോട്ടർമാരിൽ ചിലരെയെങ്കിലും ബിജെപിയുടെ വാഗ്ദാനങ്ങൾ ആകർഷിച്ചിരിക്കണം. പരമ്പരാഗതമായി എതിരാളികളായിരുന്ന ഒരു സമുദാത്തിലേക്ക് എത്തിപ്പെടാൻ ഈ തിരഞ്ഞെടുപ്പിൽ ആർഎസ്എസിന് കഴിഞ്ഞിട്ടുണ്ട്. ആർഎസ്‌എസിന്റെ അടിസ്ഥാനതലത്തിലുള്ള ശ്രമങ്ങൾ, പാർട്ടിയുടെ മൊത്തത്തിലുള്ള രാഷ്ട്രീയ ലക്ഷ്യങ്ങളെ അഭിസംബോധന ചെയ്യുന്നതിനും നിർദ്ദിഷ്ട ഗ്രൂപ്പുകളെ ലക്ഷ്യം വയ്ക്കുന്നതിനും ബിജെപിയെ സഹായിച്ചു.
വിവാദങ്ങളോടുള്ള ബിജെപിയുടെ തന്ത്രപരമായ ഇടപെടൽ
പ്രചാരണ വേളയിൽ ചില ആഭ്യന്തര വെല്ലുവിളികൾ നേരിട്ടിരുന്നെങ്കിലും തങ്ങളുടെ പ്രതിച്ഛായ സംരക്ഷിക്കാൻ ബിജെപി കൃത്യമായ പദ്ധതി ഉണ്ടാക്കിയിരുന്നു. കൽക്കാജിയിലെ ബിജെപി സ്ഥാനാർത്ഥി രമേശ് ബിധൂരിയുടെ സ്ത്രീവിരുദ്ധ പരാമർശങ്ങളെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ ബിജെപി ഭയന്നിരുന്നു. സ്ത്രീകളെ ബഹുമാനിക്കുന്നതിനുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചുകൊണ്ട് പാർട്ടി നേതൃത്വം അദ്ദേഹത്തിന് മുന്നറിയിപ്പ് നൽകുകയും അത്തരം പരാമർശങ്ങൾ അനുവദിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. തങ്ങളുടെ പ്രതിച്ഛായ കാത്തുസൂക്ഷിക്കുന്നതിലുള്ള ബിജെപിയുെട തന്ത്രപമരമായ നീക്കമാണ് ഇതിലൂടെ വെളിവായിരിക്കുന്നത്.
വോട്ടർമാരുടെ വികാരം വെളിപ്പെടുത്തുന്ന കെജ്‌രിവാൾ-സിസോദിയ പരാജയം
മുൻനിര നേതാക്കളായ അരവിന്ദ് കെജ്‌രിവാളിന്റെയും മനീഷ് സിസോഡിയയുടെയും പരാജയം എഎപിയെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. ഒരുകാലത്ത് എഎപിയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ച കെജ്‌രിവാളിനെ ന്യൂഡൽഹി മണ്ഡലത്തിൽ ബിജെപിയുടെ പർവേഷ് വർമ്മ പരാജയപ്പെടുത്തുകയായിരുന്നു. ഈ തോൽവി ഡൽഹി രാഷ്ട്രീയത്തിലെ വലിയ മാറ്റത്തെയാണ് അടയാളപ്പെടുത്തുന്നത്. 2013 ൽ ഷീല ദീക്ഷിത്തിനെ പരാജയപ്പെടുത്താൻ ആം ആദ്മിയെ സഹായിച്ച കെജ്‌രിവാളിന് തന്റെ സീറ്റ് നിലനിർത്താൻ കഴിഞ്ഞില്ല എന്നത് ഡൽഹിയിൽ എഎപിയുടെ ഭാവി എന്താകുമെന്ന സംശയം ദൃഢപ്പെടുത്തുന്നതാണ്.
ഒരുകാലത്ത് ആം ആദ്മി പാർട്ടിയുടെ ഭരണത്തിലെ പ്രധാന വ്യക്തിയായിരുന്ന മനീഷ് സിസോദിയ 600-ലധികം വോട്ടുകൾക്ക് പരാജയപ്പെട്ടു. ഈ തോൽവി പാർട്ടിയോടുള്ള ജനങ്ങളുടെ പിന്തുണയിൽ വന്നിരിക്കുന്ന ഇടിവിനെയാണ് സൂചിപ്പിക്കുന്നത്. 2020 ലെ അദ്ദേഹത്തിന്റെ വിജയത്തിന് ശേഷം 2025 ലുണ്ടായിരിക്കുന്ന തോൽവി അദ്ദേഹത്തിന്റെ ജനപ്രീതി കുറയുന്നതിനെ എടുത്തുകാണിക്കുകയാണ്. തിരഞ്ഞെടുപ്പ് തോൽവിയിൽ ജനങ്ങളുടെ രാഷ്ട്രീയ വികാരത്തിന്റെ മാറ്റം അംഗീകരിച്ച സിസോദിയ ജങ്പുരയുടെ ക്ഷേമത്തിൽ ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
മധ്യവർഗ വോട്ടർമാരുടെ ബിജെപിയിലേക്കുള്ള മാറ്റം
ഒരുകാലത്ത് ആം ആദ്മി പാർട്ടിയോട് വിശ്വസ്തരായിരുന്ന മധ്യവർഗ വോട്ടർമാർ 2025 ലെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. അഴിമതി വിരുദ്ധ പരിഷ്കാരങ്ങൾ, സൗജന്യ വൈദ്യുതി, താങ്ങാനാവുന്ന സേവനങ്ങൾ എന്നിവയുടെ വാഗ്ദാനങ്ങളിലൂടെ ആം ആദ്മി പാർട്ടി അവരുടെ പിന്തുണ നേടിയിരുന്നു. എന്നാൽ, വർദ്ധിച്ചുവരുന്ന ജീവിതച്ചിലവ്, മോശം വായു, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം എന്നിവ ഡൽഹി ജനതക്കിടയിൽ അതൃപ്തിക്ക് കാരണമായി.
2023ൽ, നികുതി ഇളവും മികച്ച സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന മധ്യവർഗ പ്രകടന പത്രികയിലൂടെ ആം ആദ്മി പാർട്ടി അവരെ തിരിച്ചുപിടിക്കാൻ ശ്രമിച്ചു. എന്നാൽ 12 ലക്ഷം രൂപ വരെ നികുതി രഹിത വരുമാനം നൽകുമെന്ന ബിജെപിയുടെ വാഗ്ദാനം നികുതിയുടെ അമിതഭാരം അനുഭവിക്കുന്ന മധ്യവർഗത്തെ കൂടുതൽ ആകർഷിച്ചു. കൂടാതെ, സർക്കാർ ജീവനക്കാർക്കുള്ള എട്ടാം ശമ്പള കമ്മീഷൻ പ്രഖ്യാപിച്ച ബിജെപിയുടെ നടപടി മധ്യവർഗ വോട്ടർമാരെ കൂടുതൽ ആകർഷിച്ചു.
പ്രാദേശിക വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചും മധ്യവർഗ ആശങ്കകൾ പരിഹരിച്ചുമുളള ബിജെപിയുടെ തന്ത്രം ഫലം കണ്ടു എന്നതാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ഡൽഹിയിൽ എഎപിയുടെ അടിത്തറ ഇളകുന്നതിന്റെ സൂചനയാണിത്. ഈ തോൽവിയിൽ നിന്നും എഎപിക്ക് വിജയത്തിലെത്തണമെങ്കിൽ ഒരു പുനർനിർമാണം അത്യാവശമാണ്. അതേസമയം, മധ്യവർഗ പിന്തുണ നിലനിർത്താൻ നൽകിയ
വാഗ്ദാനങ്ങൾ ബിജെപി പാലിക്കുകയും വേണം.
കിഴക്കൻ ഉത്തർപ്രദേശിൽ നിന്നും ബീഹാറിൽ നിന്നുമുള്ള പൂർവാഞ്ചലി വോട്ടർമാർ എഎപിയിൽ നിന്ന് ബിജെപിയിലേക്ക് മാറിയതായിരുന്നു എഎപിയുടെ തോൽവിയുടെ മറ്റൊരു പ്രധാന ഘടകം ചരിത്രപരമായി എഎപിയെ പിന്തുണച്ചിരുന്ന ഈ വോട്ടർമാർ, ക്ഷേമ പരിപാടികൾ, നികുതി ഇളവുകൾ, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ തുടങ്ങിയ ബിജെപിയുടെ വാഗ്ദാനങ്ങളിൽ ആകർഷിക്കപ്പെട്ടു. ഡൽഹിയുടെ മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യത്തിൽ മധ്യവർഗ വോട്ടുകൾ എഎപിയിൽ നിന്ന് ബിജെപിയിലേക്ക് മാറിയത് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വെച്ച് പരിശോധിക്കുകയാണെങ്കിൽ വളരെ നിർണായകമാണ്.
Content Summary: Reflection of delhi’s Voter Sentiment and BJP’s Electoral Strategy, delhi election 2025, that shook AAP’s base
Aam admi party BJP delhi election