June 26, 2026 |
Share on

ഭരണമാറ്റം ഇറാനിലല്ല, വാഷിംഗ്ടണില്‍; ട്രംപിന്റെ വിശ്വസ്തരെല്ലാം പുറത്തേക്ക്

ഇടക്കാല തിരഞ്ഞെടുപ്പിന് മുന്‍പായി ജനവികാരം അനുകൂലമാക്കാനുള്ള തീവ്രശ്രമത്തിലാണ് വൈറ്റ് ഹൗസ്

ഇറാനിലെ വിദേശ ഭരണകൂടത്തെ അട്ടിമറിക്കുമെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ച ട്രംപ് ഭരണകൂടം ഇപ്പോള്‍ സ്വന്തം തട്ടകത്തില്‍ അപ്രതീക്ഷിതമായ ഒരു ഭരണമാറ്റത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഫെബ്രുവരി 28-ന് ഇറാനുമായുള്ള സൈനിക സംഘര്‍ഷം ആരംഭിച്ചതിന് ശേഷം, വിശ്വസ്തരുടെ വലിയൊരു നിരയെത്തന്നെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്താക്കിക്കഴിഞ്ഞു. യുദ്ധമുഖത്തെ തിരിച്ചടികളും 2026 നവംബറില്‍ നടക്കാനിരിക്കുന്ന നിര്‍ണ്ണായകമായ ഇടക്കാല തിരഞ്ഞെടുപ്പുമാണ് വൈറ്റ് ഹൗസിലെ ഈ രാഷ്ട്രീയ വ്യതിചലനത്തിന് പിന്നിലെ പ്രധാന കാരണങ്ങളെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിശ്വസ്തരില്‍ പലരും പുറത്ത്

ഒരുകാലത്ത് ട്രംപിന്റെ വിശ്വസ്ത പോരാളികളായിരുന്ന പലരും ഇന്ന് ഭരണകൂടത്തിന് പുറത്താണ്. കടുത്ത കുടിയേറ്റ നയങ്ങളിലൂടെ ‘ഐസ് ബാര്‍ബി’ എന്ന് വിളിക്കപ്പെട്ട ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി, ക്രിസ്റ്റി നോയിം മാര്‍ച്ച് 5-ന് പുറത്താക്കപ്പെട്ടു. ഐസിഇ ഏജന്റുമാര്‍ അമേരിക്കന്‍ പൗരന്മാരെ വെടിവച്ചുകൊന്നതും, പ്രകൃതിദുരന്തങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ പരാജയവുമാണ് ക്രിസ്റ്റിയുടെ പതനത്തിന് കാരണമായത്.

ഏപ്രില്‍ 2-നാണ് യുഎസ് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി പുറത്താക്കപ്പെട്ടത്. ട്രംപിന്റെ രാഷ്ട്രീയ എതിരാളികളെ പ്രോസിക്യൂട്ട് ചെയ്യുന്നതിലെ പരാജയവും എപ്സ്റ്റീന്‍ ഫയല്‍സ് വിവാദവുമാണ് ബോണ്ടിയുടെ കസേര തെറിപ്പിച്ചത്.

പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെ നേതൃത്വത്തില്‍ യുഎസ് സായുധ സേനയില്‍ വന്‍തോതിലുള്ള അഴിച്ചുപണിയാണ് നടക്കുന്നത്. സൈന്യത്തിനെ കഠിനമായ യോദ്ധാവിന്റെ ധാര്‍മ്മികതയിലേക്ക് കൊണ്ടുവരികയാണ് ഹെഗ്സെത്തിന്റെ ലക്ഷ്യം.

ഇതിന്റെ ഭാഗമായി ഇതിനകം തന്നെ ജോയിന്റ് ചീഫ്‌സ് ചെയര്‍പേഴ്‌സണ്‍ ജനറല്‍ സിക്യു ബ്രൗണ്‍, അഡ്മിറല്‍ ലിസ ഫ്രാഞ്ചെറ്റി എന്നിവരുള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കി. ഏപ്രില്‍ 3 വെള്ളിയാഴ്ച, ആര്‍മി ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ റാണ്ടി ജോര്‍ജ്ജിനെയും സംഘത്തെയും കൂടി പുറത്താക്കിയതോടെ സൈനിക നേതൃത്വത്തില്‍ വലിയ വിടവ് രൂപപ്പെട്ടിരിക്കുകയാണ്. ഹെഗ്സെത്തിന്റെ വ്യക്തിപരമായ പകപോക്കലുകളാണ് ഈ ശുദ്ധീകരണത്തിന് പിന്നിലെന്ന് ‘ദി അറ്റ്ലാന്റിക്’ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലക്ഷ്യം കാണാത്ത യുഎസ് സ്വപ്നങ്ങള്‍

ഇറാനിയന്‍ മിസൈല്‍ ഉത്പാദനം കുറയ്ക്കാനും അവരുടെ നാവികസേനയെ തകര്‍ക്കാനും കഴിഞ്ഞുവെന്ന് അമേരിക്ക അവകാശപ്പെടുമ്പോഴും യുദ്ധലക്ഷ്യങ്ങള്‍ പൂര്‍ണമായും കൈവരിക്കാന്‍ അമേരിക്കയ്ക്ക് സാധിച്ചിട്ടില്ല. ഹോര്‍മുസ് കടലിടുക്കിലെ ഗതാഗതം ഇപ്പോഴും തടസ്സപ്പെട്ട നിലയിലാണ്. ടെഹ്റാനിലെ പ്രോക്സികള്‍ കപ്പലുകളെ ആക്രമിക്കുന്നത് സജീവമായി തുടരുകയാണ്. ഈ പരാജയങ്ങളുടെ ഉത്തരവാദിത്തം ഉദ്യോഗസ്ഥരുടെ മേല്‍ കെട്ടിവയ്ക്കാനാണ് നിലവില്‍ ട്രംപ് ശ്രമിക്കുന്നത്.

അടുത്തത് ആര്?

വൈറ്റ് ഹൗസിലെ ശുദ്ധീകരണം അവസാനിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍, നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുളസി ഗബ്ബാര്‍ഡ്, പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ്, വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് എന്നിവരാണ് അടുത്തതായി പുറത്താക്കപ്പെടാന്‍ സാധ്യതയുള്ളവരുടെ ലിസ്റ്റില്‍ ഉള്ളതെന്നാണ് വിവരം.

ട്രംപിന്റെ അംഗീകാര റേറ്റിംഗ്, നെഗറ്റീവ് 20-23 പോയിന്റിലേക്ക് ഇടിഞ്ഞ സാഹചര്യത്തില്‍, ഇടക്കാല തിരഞ്ഞെടുപ്പിന് മുന്‍പായി ജനവികാരം അനുകൂലമാക്കാനുള്ള തീവ്രശ്രമത്തിലാണ് വൈറ്റ് ഹൗസ്. എന്നാല്‍ സിവിലിയന്‍-സൈനിക തലപ്പത്തെ ഈ തുടര്‍ച്ചയായ മാറ്റങ്ങള്‍ അമേരിക്കന്‍ ഭരണകൂടത്തിന്റെ സ്ഥിരതയെ ബാധിക്കുമോ എന്ന ആശങ്ക അന്താരാഷ്ട്ര സമൂഹം പങ്കുവയ്ക്കുന്നു. ഇറാനിലെ ഭരണമാറ്റം വിദൂരസ്വപ്നമായി അവശേഷിക്കുമ്പോള്‍, വാഷിംഗ്ടണ്‍ ഡിസിയിലെ ഈ ഭരണമാറ്റം അമേരിക്കന്‍ രാഷ്ട്രീയത്തെ പുതിയൊരു പ്രതിസന്ധിയിലേക്ക് നയിക്കുകയാണ്.

Content Summary: Regime change in Washington? inside Trump’s massive cabinet shake-up amid Iran conflict

Leave a Reply

Your email address will not be published. Required fields are marked *

×