തനതുകല എന്നാല്‍ ജാതിക്കല എന്നു തന്നെയാണ് അര്‍ത്ഥം. കലാപാരമ്പര്യം, പാരമ്പര്യകല എന്നിവയൊന്നും ഒട്ടും പുരോഗമനപരമായ വാക്കുകളല്ല.
കേരളത്തിലെ കലാപാരമ്പര്യങ്ങളെല്ലാം ജാതിയെ ഇളക്കമില്ലാതെ നിലനിര്‍ത്തുന്നതിനുള്ള ബലതന്ത്രങ്ങള്‍ തന്നെയാണ്.
വടക്കന്‍ കേരളത്തിലെ ഓരോ തെയ്യങ്ങളും ഓരോ ജാതിയെയും അതിന്റെ മേലായ്മ കീഴായ്മകളെയുമാണ് അടയാളപ്പെടുത്തുന്നത്. ഇക്കാര്യം ഡോ.കെ.എന്‍ പണിക്കര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ നിരീക്ഷിച്ചിട്ടുണ്ട്. പാരമ്പര്യ തൊഴിലുകളാണ് ജാതിയെ ഇളക്കമില്ലാതെ നിലനിര്‍ത്തുന്നത്. പാരമ്പര്യ തൊഴിലുകള്‍ ഉപേക്ഷിച്ചപ്പോഴാണ് കേരളത്തിലെ പല സമുദായങ്ങളും ബഹുസ്വരമായത്. നഗരവല്‍ക്കരണവും യന്ത്രവല്‍ക്കരണവും പാരമ്പര്യ തൊഴിലുകളില്‍ ഇളക്കമുണ്ടാക്കി.
ചക്രംചവിട്ടി വെള്ളം തിരിക്കുന്നത് അവസാനിക്കുന്ന ഘട്ടത്തില്‍ ചക്രപാട്ടും അവസാനിക്കുന്നു. ചക്രത്തിന്റെ സ്ഥാനത്തെല്ലാം പമ്പുസെറ്റുകള്‍ വന്നു.
പുലയരുടെ ഇടയില്‍ ഉണ്ടായ കാളകളിയും കുതിരകളിയുമെല്ലാം മിക്കവാറും അഭിജാത കുടുംബങ്ങളില്‍ നെല്ലുവിളവ് വര്‍ദ്ധിക്കുന്നതിന് ഐശ്വര്യത്തിനായി അവരുടെ വീട്ടുപടിക്കല്‍ ചെന്ന് പാടുന്നതുമായിരുന്നു.
‘അമ്പാട്ടെ പടിക്കലെ കളംനിറയട്ടെ.
അമ്പാട്ട് പടിക്കലെ ഏഴകള്‍ ഞങ്ങള്‍’ ഇത്തരം അടിമ പ്രഖ്യാപന പാട്ടുകളും നാടന്‍പാട്ടിന്റെ ഭാഗമാണ്. ഇങ്ങനെയെല്ലാം പാടിയാല്‍ പാരിതോഷികമായി ഒന്നോ രണ്ടോ ഇടങ്ങഴി നെല്ല് പാട്ടുകാര്‍ക്ക് കിട്ടുമായിരുന്നു.
ആ ‘ഭിക്ഷാടനകല’ വേണ്ടെന്നുവെക്കാന്‍ ദളിതര്‍ക്ക് കഴിഞ്ഞപ്പോള്‍
രണ്ടു കലകള്‍ ഇല്ലാതായി. അതുകൊണ്ടുതന്നെ ആ കലാഹനനം വിപ്ലവപ്രവര്‍ത്തനമാണ്. ജാതി നിരപേക്ഷമോ മതനിരപേക്ഷമോ ആയ പാരമ്പര്യകലാരൂപങ്ങളൊന്നും കേരളത്തിലില്ല.
കൂത്തിന് ചാക്യാര്‍,
ചെണ്ടയ്ക്ക് മാരാര്‍
സര്‍പ്പം പാട്ടിനു പുള്ളുവന്‍,
നന്തുണി പാട്ടിന് പാണന്‍,
വടിതല്ലിനും കന്നിപ്പാട്ടിനും
പറയടിച്ചു പാടാനും പറയന്‍,
കളമെഴുത്തിന് വേലന്‍,
പൊറാട്ട് നാടകത്തിന് മണ്ണാന്‍,
കാക്കാരിശി നാടകത്തിന് കാക്കാലന്‍,
തുടികൊട്ടിനും മുടിയാട്ടം കളിക്കും പുലയര്‍
ഓരോ തെയ്യം കെട്ടാനും ഓരോ ജാതിക്കാരന്‍
മാപ്പിളപ്പാട്ടിന് ഇസ്ലാം,
മാര്‍ഗംകളിക്ക് ക്രിസ്ത്യാനി
ഇത്തരത്തില്‍ ജാതി /മത ബന്ധമാണ് പാരമ്പര്യ കലകളിലെല്ലാം നിലനില്‍ക്കുന്നത്’
കഴകം ജോലിക്ക് വാരിയര്‍ ജാതിതന്നെ വേണമെന്ന ജാതിബദ്ധമായ നിര്‍ബന്ധംതന്നെയാണ് ദളിതര്‍ നാടന്‍പാട്ട് മാത്രം പാടിയാല്‍ മതി എന്നിടത്തും ത്രസിച്ചു നില്‍ക്കുന്നത്. ഹീനമായ പാരമ്പര്യ തൊഴിലുകള്‍ ഉപേക്ഷിക്കണമെന്ന് ഡോ. ബി ആര്‍ അംബേദ്കര്‍ ദളിതരെ ഉപദേശിക്കുന്നുണ്ട്. സമാനമായി ജാതി അടയാളമായ പാരമ്പര്യ കലാരൂപങ്ങള്‍ ഉപേക്ഷിച്ച് ഇന്റര്‍നാഷണലായ കലകളെ സ്വീകരിക്കുന്നതും പുരോഗമന പ്രവര്‍ത്തനം തന്നെയാണ്.
നാടന്‍പാട്ടിന് ഭജനയായി പല്ലും നഖവും പൊഴിക്കാന്‍ ചില വഴികള്‍ തുറന്നു കിടക്കുന്നുണ്ട്. എന്നാല്‍ ആഗോള കീഴാളതയുടെ പ്രതിരോധ സ്വരമായ റാപ്പ് മ്യൂസിക്കിന് അത്തരം സാധ്യതയില്ല. അതിനെ വെടക്കാക്കി തനിക്കാക്കാന്‍ കഴിയില്ല എന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന അസ്വസ്ഥതയുടെ മുഖ്യ കാരണം.
സിനിമ, മിമിക്‌സ് പരേഡ്, ബ്രേക്ക് ഡാന്‍സ്, ഗാനമേള, റാപ്പ്മ്യൂസിക് തുടങ്ങിയവ കേരളത്തിലെ പാരമ്പര്യ കലകളുടെ രീതിശാസ്ത്രങ്ങളെ നിരാകരിച്ചിട്ടുണ്ട്. ബ്രേക്ക് ഡാന്‍സും ഗാനമേളയും ഒക്കെ ഇതര സമൂഹങ്ങള്‍ നടത്തിയപ്പോള്‍ അവര്‍ അതുവഴി വന്‍തുക സര്‍ക്കാരില്‍ നിന്നും ഇതര ഏജന്‍സികളില്‍ നിന്നും വാങ്ങിയപ്പോള്‍ ഒന്നും അവര്‍ അവരുടെ പാരമ്പര്യ കലയായ തിരുവാതിരയും കൂടിയാട്ടവും ഓട്ടന്‍തുള്ളലും അഷ്ടപതിയും ഒക്കെ നടത്തിയാല്‍ മതിയെന്ന് ആരും വാദിച്ചു കണ്ടിട്ടില്ല. ദളിതര്‍ക്ക് സ്വയം നിര്‍ണയാവകാശം പാടില്ല എന്നതാണ് ജാതി പ്രഖ്യാപനത്തിന്റെ ഒന്നാമത്തെ രീതിശാസ്ത്രം.
പാരമ്പര്യം ദളിതര്‍ക്ക് തരുന്നത് അധികമായ ഭാരമാണ്. അത് പൊളിച്ചു കളയുക തന്നെ ചെയ്യും. എന്ത് പാടണം എന്തു പാടേണ്ട എന്നത് അവര്‍ സ്വയം തീരുമാനിക്കും. ഇത് ഒരു ജനാധിപത്യ രാജ്യമാണ് അംബേദ്കര്‍ മുന്നോട്ടുവെച്ച ഭരണഘടനയാല്‍ മേല്‍ക്കൂര തീര്‍ത്ത ബഹുസ്വര ജനാധിപത്യ രാജ്യം. rejecting traditional art is also an anti caste act
Content Summary: rejecting traditional art is also an anti caste act