ആഴത്തിലൊരു കുഴിയില്‍ എല്ലാക്കാലത്തേയ്ക്കും എന്ന മട്ടില്‍ ആണ്ടുപോയ ഒരു ശരീരം. സര്‍വ്വതും ദ്രവിച്ച് അസ്ഥികൂടമായി അതിനിടയില്‍ കിടന്ന് കിടന്ന് കാലം പോയപ്പോള്‍ ഒരു നാള്‍ അത് വെളിയില്‍ വന്നു. ആ അസ്ഥികൂടം അതിന്റെ ചരിത്രം അന്വേഷിച്ച് യാത്ര ചെയ്തു. തന്റെ രേഖകളും രേഖാചിത്രവും തേടി.
ജോഫിന്‍.ടി. ചാക്കോ സംവിധാനം ചെയ്യുന്ന രാമു സുനിലും ജോണ്‍ മന്ത്രിക്കലും ചേര്‍ന്ന് എഴുതിയിട്ടുള്ള അപ്പു പ്രഭാകര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ‘രേഖാചിത്രം’ സ്ലോബേണിങ് പോലീസ് പ്രൊസീജ്യറല്‍ സിനിമയാണ്. ത്രില്ലര്‍ അംശങ്ങളല്ല, ഇന്‍വെസ്റ്റിഗേഷനാണ് സിനിമയുടെ താത്പര്യം. പക്ഷേ മറ്റ് സിനിമകളില്‍ നിന്ന് ഈ അന്വേഷണത്തെ വ്യത്യസ്തമാക്കുന്നത് അതിനുള്ളിലെ അതിമനോഹരമായ സിനിമയാണ്. അപ്പോള്‍ നാം ക്രൈമിന്റെ കാലത്തിനെ മലയാള സിനിമയുടെ ഗൃഹാതുരതയുടെ കാലമായി കൂട്ടിക്കെട്ടുന്നു. അതില്‍ നാം യഥാര്‍ത്ഥ്യത്തിനും കഥയ്ക്കുമിടയില്‍ പെട്ടുപോകുന്നു. ഹാരിപോട്ടര്‍ കഥകളില്‍ പെന്‍സീവ് എന്നൊരു ആശയമുണ്ട്. മനുഷ്യരുടെ ഓര്‍മ്മകളിലൂടെ നാം ആ സംഭവ സ്ഥലത്ത് എത്തുന്നു. അങ്ങനെ നാം മറ്റൊരാളുടെ ഓര്‍മ്മകള്‍ക്കുള്ളില്‍ നിസഹായനായി നില്‍ക്കുന്നു. അവിടെ നാം പലരേയും കാണുന്നു. പരിചിതരായവര്‍, നമുക്ക് പ്രിയപ്പെട്ടവര്‍.
അങ്ങനെ അസ്ഥികൂടത്തിന് പുറകെ പോകുന്ന നാം പോലീസ് പ്രൊസീജ്യറില്‍ പെട്ട് ഒന്നില്‍ നിന്ന് ഒന്നിലേയ്ക്ക് ചാടി ചാടി കാതോട് കാതോരം എന്ന സിനിമയുടെ ലൊക്കേഷനില്‍ എത്തുന്നു. ദേവദൂതര്‍ പാടി എന്ന പാട്ടിന്റെ ചിത്രീകരണം, ഭരതന്‍, ഔസേപ്പച്ചന്‍, ജോണ്‍പോള്‍, കമല്‍, യേശുദാസ്, സരിത, ലിസി എന്നിങ്ങനെ പെട്ടന്ന് നമ്മുടെ മുന്നിലേയ്ക്ക് മലയാള സിനിമയുടെ ഒരു കാലം വന്ന് നില്‍ക്കുന്നു. സെവന്‍ ആര്‍ട്സ്, നാന, ചിത്രഭൂമി, സിനിമ ജേണലിസ്റ്റുകള്‍ എന്നിങ്ങനെ ഒരു പാട് ഗൃഹാതുരതകള്‍. അതിലെല്ലാം അപ്പുറത്ത് മമ്മൂട്ടി. മമ്മൂട്ടി ചേട്ടന്‍ എന്ന് എന്ന് വിളിച്ച് മമ്മൂട്ടിക്ക് കത്തെഴുതുന്ന ആരാധിക. വെള്ളിക്കൊലുസിട്ട കന്യാസ്ത്രീയെന്ന ജോണ്‍പോളിന്റെ ഓര്‍മ്മ.
ഇതെല്ലാം സത്യമല്ലേ? മമ്മൂട്ടിയും കാതോട് കാതോരവും ഭരതനും ‘ദേവദൂതര്‍ പാടി’യും നമ്മളുടെ ഉള്ളിലുള്ളതല്ലേ? അവിടെ എങ്ങനെ ഒരു ക്രൈം ഉണ്ടായി? അവിടെ ഒരു അസ്ഥികൂടത്തിന് എന്ത് കാര്യം?
മലയാള സിനിമ ലോക സിനിമയ്ക്കും ഒ.ടി.ടി സീരീസുകള്‍ക്കുമൊപ്പം കുറ്റാന്വേഷണം നടത്തിക്കൊണ്ടിരിക്കുന്ന കാലമാണ്. ധാരാളം ക്രൈം സീരീസുകളും സിനിമകളും കണ്ട പ്രേക്ഷകരുടെ മുന്നിലേയ്ക്ക് ഉള്ളുറപ്പില്ലാത്ത, മുഷിപ്പിക്കുന്ന, ആവര്‍ത്തന വിരസമായ ഒരു രംഗമെത്തിയാല്‍ മതി, അക്ഷമരായ കാണികള്‍ തീയേറ്ററുകള്‍ ഉപേക്ഷിക്കുകയും സോഷ്യല്‍ മീഡിയയിലൂടെ ആ ചിത്രത്തെ നിരാകരിക്കുകയും ചെയ്യും. അക്കാലത്താണ് അന്വേഷണങ്ങളിലൂടെ സൂചികോര്‍ത്ത് കോര്‍ത്ത് കോര്‍ത്ത്, ധൃതി പിടിക്കാതെ എന്നാലൊട്ടും മുഷിപ്പിക്കാതെ ഒരു രേഖാചിത്രം നമുക്ക് മുന്നില്‍ സംവിധായകനും എഴുത്തുകാരും കൂട്ടരും തുന്നിത്തരുന്നത്.
ആദ്യത്തെ രംഗത്തിലുണ്ട് സിനിമ. ഏറ്റവും ഒരു മലയോരത്തിലൂടെ നടന്ന് സ്‌ക്കൂളില്‍ പോകുന്ന രണ്ട് പയ്യന്മാരില്‍ ഒരാള്‍ തന്റെ അപ്പനിന്നലെ രാത്രി സിനിമയില്‍ അഭിനയിച്ചുവെന്ന് പറയുമ്പോള്‍ നമുക്ക് മുന്നില്‍ പായയില്‍ പൊതിഞ്ഞ് കൊണ്ട് പോകുന്ന ഒരു മൃതദേഹമുണ്ട്. അപ്പോള്‍ നാം അറിയണം. ഇത് നാം പരിചയിച്ച കള്ളനും പോലീസും കളിയല്ല. സിനിമയാണ്, മലയാള സിനിമയോടുള്ള ഒടുങ്ങാത്ത ഗൃതാതുരതയാണ് ഈ സിനിമയ്ക്ക് പിന്നില്‍. അതില്‍ തന്നെ കാതോട് കാതോരത്തോട്, ദേവദൂതര്‍ പാട്ടിനോട്. അതിനെല്ലാം അപ്പുറത്ത് മമ്മൂട്ടി എന്ന മഹാനടനോടുള്ള അസാമാന്യമായ ആരാധന.
അപ്പു പ്രഭാറിന്റെ ക്യാമറ ഇരുകാലത്തെ, വിവിധ ദേശങ്ങളെ അതിസുന്ദരമായി പകര്‍ത്തുന്നുണ്ട്. മലയ്ക്കപ്പാറയ്ക്കും കൊച്ചിക്കും ആലപ്പുഴയ്ക്കും കോഴിക്കോടിനും കന്യാകുമാരിക്കും ഒക്കെ ഇടയിലൂടെ ദേശങ്ങളേയും കാലങ്ങളേയും അടയാളപ്പെടുത്തി വേണം ക്യാമറയ്ക്ക് സഞ്ചരിക്കാന്‍. രാത്രിയും മഴയും സിനിമക്കുള്ളിലെ സിനിമയും എല്ലാം ചേര്‍ന്ന സങ്കീര്‍ണമായ രംഗങ്ങള്‍. എന്നാല്‍ അതിലൂടെ നമുക്കൊപ്പം നീങ്ങുന്ന ക്യാമറയും രംഗങ്ങളും. വിവേക് ഗോപിനാഥ് എന്ന സി.ഐ മലയ്ക്കപാറ എസ്.എച്ച്.ഒ ആയി എത്തുന്നതിനൊപ്പം കോഴിക്കോട് നിന്ന് കരള്‍ രോഗിയായ രാജേന്ദ്രന്‍ എന്നയാള്‍ മലയ്ക്കപാറയിലെത്തി കാട്ടിനുള്ളില്‍ നിന്ന് ഒരു ഫേസ്ബുക്ക് ലൈവ് ചെയ്തതിന് ശേഷം ആത്മഹത്യ ചെയ്യുന്നു. ഇന്റര്‍ കട്ടുകളിലൂടെ ആദ്യത്തെ അഞ്ച്, ആറ് മിനുട്ടുകള്‍ക്കുള്ളില്‍ നമുക്കിത്രയും കഥയറിയാം. രാജേന്ദ്രന്റെ ഫേസ്ബുക്ക് ലൈവില്‍ മരിക്കുന്ന സ്ഥലത്ത് താന്‍ ഫ്രാന്‍സിസ്, വിന്‍സെന്റ് എന്നവര്‍ക്കൊപ്പം കുഴിച്ചിട്ട ഒരു പെണ്‍കുട്ടിയുടെ മൃതദേഹത്തെ കുറിച്ചാണ് പറയുന്നത്.
അവിടെ നിന്ന് അന്വേഷണം ആരംഭിക്കുന്നു.
കുറച്ച് കാലമായി ആസിഫ് അലി തുടച്ചയായി സഞ്ചരിക്കുന്ന വിജയപാതയിലൂടെയാണ് ‘രേഖാചിത്ര’ത്തിലും മുന്നോട്ട് പോകുന്നത്. പ്രൊസീജ്യുറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആസിഫിന് പരിചിതമായ വിധം അനായാസമാണ് യൂണിഫോമിനകത്തും പുറത്തുമുള്ള ആസിഫിന്റെ പോലീസ് സഞ്ചാരം. ആകാംക്ഷയും ആവേശവുമുണ്ട്. നിശ്ചയദാര്‍ഢ്യമുണ്ട്, ഇടയ്ക്ക് നിരാശയുണ്ട്, തളര്‍ച്ചയുണ്ട്. പക്ഷേ മടുപ്പില്ലാത്ത തുടര്‍ച്ചയുണ്ട്. അതുകൊണ്ട് തന്നെ ആസിഫ് അലിയുടെ മറ്റൊരു വിജയചിത്രമെന്നാകും രേഖാചിത്രത്തെ കുറിച്ചിനി പറയുക. സിനിമയിലെ മനോഹര സാന്നിധ്യം അനശ്വര രാജന്റെ രേഖ തന്നെയാണ്. നായികയാകാന്‍ കൊതിക്കുന്ന എക്സ്ട്രാ നടിയായി, ഒരു കാലഘട്ടത്തിന്റെ സൗന്ദര്യമായി, നമുക്ക് സംശയിക്കാനും അത്ഭുതപ്പെടാനും സ്നേഹം തോന്നാനുമൊക്കെ പോന്ന ഒരുവള്‍.
ഈ രണ്ട് കഥാപാത്രങ്ങള്‍ക്കപ്പുറത്ത് ഒട്ടേറെ പേരുണ്ട് സിനിമയില്‍. സിദ്ധിഖ്, സായികുമാര്‍, മനോജ്. കെ. ജയന്‍, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, മേഘ തോമസ്, സരിന്‍ ഷിഹാബ് തുടങ്ങിയവര്‍ക്കെല്ലാം നിര്‍ണായകമായ റോളുകളുണ്ട്. സീനിയര്‍ സി.ഐ വേഷത്തില്‍ നിശാന്ത് സാഗറും ഫോറന്‍സിക് ഓഫീസറായി ശ്രീകാന്ത് മുരളിയും സംവിധായകന്‍ ഭരതന്റെ വേഷത്തില്‍ കെ.ബി. വേണുവിനേയും നമുക്ക് കാണാം. സംവിധായകന്‍ കമല്‍, സെവന്‍ ആര്‍ട്സ് മോഹന്‍, നടന്‍ ജഗദീഷ് എന്നിവര്‍ അവരവര്‍ തന്നെയായി സിനിമയിലുണ്ട്. സിനിമയ്ക്കുള്ളിലെ സ്‌ക്രീനില്‍ നാം ജോണ്‍പോള്‍ മുതല്‍ നടന്‍ മുകേഷ് വരെയുള്ളവരെ കാണുന്നുണ്ട്.
നടീ നടന്മാരുടെ തികച്ചും ഒതുക്കത്തോടെയുള്ള പ്രകടനങ്ങളും ഉറപ്പുള്ള തിരക്കഥയുമാണ് രേഖാചിത്രത്തിന്റെ കരുത്ത്. ഒരു പോലീസ് പ്രൊസീജ്യര്‍ സിനിമയെ ഗംഭീരമായി നിലനിര്‍ത്തുന്ന രണ്ട് ഘടകങ്ങള്‍ അത് തന്നെ. മുജീബിന്റെ മ്യൂസിക്, ഷമീറിന്റെ എഡിറ്റിങ് എന്നിവയും ചിത്രത്തിന്റെ താളവും വേഗതയും നിര്‍ണയിക്കുന്നതില്‍ വലിയ ഘടകങ്ങളായി നിലകൊള്ളുന്നു.
ചിത്ര രചന പോലെയാണിത്. പല കുത്തുകളും അക്കങ്ങളും പരസ്പരം യോജിപ്പിച്ച് നാം കണ്ടെത്തുന്ന ഒരു രേഖാചിത്രം. അല്ലെങ്കില്‍ ഒരു അസ്ഥികൂടത്തിന് മേല്‍ മജ്ജയും മാംസവും പിടിപ്പിച്ച് ജീവന്‍ നല്‍കി നല്ല വസ്ത്രമുടുപ്പിച്ച് മനുഷ്യരൂപത്തിലെത്തിക്കുന്ന കഥകളിലെ മാജിക്. അതിനൊപ്പം സിനിമയെ സിനിമയാക്കിയ ഒരു കാലത്തിലേയ്ക്കിലേയ്ക്കുള്ള പിന്‍മടക്കം. പഴയ സെറ്റ് പഴയ ഭക്ഷണം പഴയ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്, പഴയ എക്സട്രാ ആര്‍ട്ടിസ്റ്റ് സപ്ലയേഴ്സ്, പഴയ ക്യാമറകള്‍, പഴയ ശബ്ദഗ്രാഹികള്‍. അവിടെ നിന്ന് നാം വീണ്ടെടുക്കുന്ന പുതിയ സത്യങ്ങള്‍. Rekhachithram, Asif Ali, Malayalam movie review
Content Summary; Rekhachithram, Asif Ali, Malayalam movie review