June 13, 2026 |
Share on

എപ്സ്റ്റീന്‍ ഫയല്‍:’ സുഹൃത്തായി വന്നു വഞ്ചിക്കുകയായിരുന്നു: ഖേദം പ്രകടിപ്പിച്ച് ചോംസ്‌കിയുടെ ഭാര്യ

ശിക്ഷിക്കപ്പെട്ട ശേഷവും എപ്സ്റ്റീനുമായി സൗഹൃദം പുലര്‍ത്തിയ പ്രമുഖരില്‍ ഒരാളാണ് ചോംസ്‌കി

ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തില്‍ ഖേദം പ്രകടിപ്പിച്ച് പ്രമുഖ ഭാഷാശാസ്ത്രജ്ഞനും ചിന്തകനുമായ നോം ചോംസ്‌കിയും ഭാര്യ വലേറിയയും. എപ്സ്റ്റീന്റെ പശ്ചാത്തലം വിശദമായി അന്വേഷിക്കാത്തത് തങ്ങള്‍ വരുത്തിയ ഗുരുതരമായ തെറ്റും, അശ്രദ്ധയുമാണെന്ന് വലേറിയ ചോംസ്‌കി ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ സമ്മതിച്ചു. എപ്സ്റ്റീന്‍ തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

97 കാരനായ ചോംസ്‌കിയും എപ്സ്റ്റീനും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അമേരിക്കന്‍ നീതിന്യായ വകുപ്പ് പുറത്തുവിട്ട രേഖകളിലൂടെയാണ് വെളിച്ചത്തുവന്നത്. 2019-ല്‍ ലൈംഗികക്കടത്ത് ആരോപണങ്ങളില്‍ അന്വേഷണം നേരിടുമ്പോള്‍, മാധ്യമങ്ങളെയും പൊതുജനങ്ങളെയും എങ്ങനെ നേരിടണം എന്നതിനെക്കുറിച്ച് എപ്സ്റ്റീന്‍ ചോംസ്‌കിയോട് ഉപദേശം തേടിയിരുന്നു. മാധ്യമങ്ങള്‍ അദ്ദേഹത്തെ വേട്ടയാടുകയാണെന്നും അത് അവഗണിക്കുന്നതാണ് നല്ലതെന്നും ‘നോം’ എന്ന് ഒപ്പിട്ട സന്ദേശത്തില്‍ ചോംസ്‌കി മറുപടി നല്‍കി. സ്ത്രീപീഡനങ്ങളെക്കുറിച്ചുള്ള അമിതമായ ചര്‍ച്ചകള്‍ ഒരു ആരോപണത്തെ ചോദ്യം ചെയ്യുന്നത് പോലും കൊലപാതകത്തേക്കാള്‍ വലിയ കുറ്റമായി കാണുന്ന രീതിയിലേക്ക് മാറിയെന്നും അന്ന് ചോംസ്‌കി എഴുതിയിരുന്നു.

2008-ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ശേഷവും എപ്സ്റ്റീനുമായി സൗഹൃദം പുലര്‍ത്തിയ പ്രമുഖരില്‍ ഒരാളാണ് ചോംസ്‌കി. എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് 2018-ല്‍ മിയാമി ഹെറാള്‍ഡ് റിപ്പോര്‍ട്ട് പുറത്തുവിട്ടപ്പോള്‍ അത് വായിച്ചിരുന്നുവെങ്കിലും, 2019-ല്‍ അദ്ദേഹം രണ്ടാമത് അറസ്റ്റിലാകുന്നത് വരെ കുറ്റകൃത്യങ്ങളുടെ വ്യാപ്തി മനസ്സിലാക്കിയിരുന്നില്ലെന്ന് വലേറിയ പറഞ്ഞു. 2023-ല്‍ പക്ഷാഘാതം സംഭവിക്കുന്നതിന് മുന്‍പ് ചോംസ്‌കിയും ഈ ബന്ധത്തില്‍ ഖേദം പ്രകടിപ്പിച്ചിരുന്നതായി അവര്‍ വ്യക്തമാക്കി. സഹായമനസ്‌കനായ സുഹൃത്തായി അഭിനയിച്ച് എപ്സ്റ്റീന്‍ തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് അവര്‍ പറയുന്നു.

തന്റെ സല്‍പ്പേര് വീണ്ടെടുക്കാന്‍ ചോംസ്‌കിയെപ്പോലുള്ള ഒരാളുടെ സ്വാധീനം എപ്സ്റ്റീന്‍ ബുദ്ധിപൂര്‍വ്വം ഉപയോഗിക്കുകയായിരുന്നുവെന്ന് വലേറിയ ചൂണ്ടിക്കാട്ടി. ‘ക്യാന്‍സല്‍ കള്‍ച്ചര്‍’ എന്ന ആശയത്തോടുള്ള ചോംസ്‌കിയുടെ വിയോജിപ്പിനെ എപ്സ്റ്റീന്‍ തനിക്ക് അനുകൂലമായി വളച്ചൊടിച്ചു. ചോംസ്‌കി എന്നും സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി നിലകൊണ്ടിട്ടുള്ള വ്യക്തിയാണെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു. ന്യൂയോര്‍ക്കിലെയും പാരീസിലെയും എപ്സ്റ്റീന്റെ വസതികളില്‍ താമസിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ വിവാദമായ കരീബിയന്‍ ദ്വീപില്‍ ഒരിക്കലും പോയിട്ടില്ലെന്നും അവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിവില്ലായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.

സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിശദീകരണവും വലേറിയ നല്‍കി. ഭാഷാശാസ്ത്രപരമായ ഒരു വെല്ലുവിളിയുടെ ഭാഗമായി 20,000 ഡോളര്‍ എപ്സ്റ്റീന്‍ ചോംസ്‌കിക്ക് നല്‍കിയിരുന്നു. കൂടാതെ, ചോംസ്‌കിയുടെ വിരമിക്കല്‍ ഫണ്ടിലുണ്ടായ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എപ്സ്റ്റീന്‍ സാമ്പത്തിക ഉപദേശകനായി പ്രവര്‍ത്തിച്ച് 2,70,000 ഡോളര്‍ വീണ്ടെടുക്കാന്‍ സഹായിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എപ്സ്റ്റീന് പ്രവേശനമുണ്ടായിരുന്നില്ലെന്നും അദ്ദേഹത്തിന്റെ സ്ഥാപനങ്ങളില്‍ നിക്ഷേപങ്ങളില്ലെന്നും വലേറിയ വ്യക്തമാക്കി. ശാസ്ത്രത്തില്‍ താല്പര്യമുള്ള ജീവകാരുണ്യ പ്രവര്‍ത്തകനെന്ന നിലയിലാണ് എപ്സ്റ്റീന്‍ തങ്ങളിലേക്ക് എത്തിയതെന്നും അത് ഒരു ‘ട്രോജന്‍ കുതിരയെ’ പോലെ തങ്ങളുടെ ജീവിതത്തിലേക്ക് കടന്നുകയറാനുള്ള തന്ത്രമായിരുന്നുവെന്നും വലേറിയ പ്രസ്താവനയില്‍ പറഞ്ഞു.

Content Summary; Relationship between Noam Chomsky and Jeffrey Epstein; Noam Chomsky and his wife, Valeria apologizes for their ties with Epstein

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×