January 21, 2025 |

വര്‍ധിച്ചുവരുന്ന റോഡപകടങ്ങളും നോക്കുകുത്തിയാകുന്ന നിയമ വ്യവസ്ഥയും

മറ്റ് വാഹനങ്ങളുടെ കുറവിന് പുറമെ രാത്രി പരിശോധന ഇല്ലാത്തത് വലിയ വാഹനങ്ങള്‍ നല്ലൊരു അവസരമായാണ് കാണുന്നത്. മദ്യപിച്ച് വാഹനം ഓടിക്കാനും, അമിതമായി ലോഡ് കയറ്റാനും, ഓവര്‍ സ്പീഡില്‍ പോകാനും ഇത് കാരണമാകുന്നു

തൃശൂര്‍ നാട്ടികയില്‍ ലോറി പാഞ്ഞുകയറി അഞ്ചുപേര്‍ ചതഞ്ഞരഞ്ഞ വാര്‍ത്ത കേട്ടും ദൃശ്യങ്ങള്‍ കണ്ടും വിറങ്ങലിച്ച് നില്‍ക്കവേയാണ് പാലക്കാടും, പത്തനംതിട്ടയിലും സമാന സംഭവങ്ങള്‍ ഉണ്ടായിരിക്കുന്നത്. മദ്യപിച്ചും ലൈസന്‍സില്ലാതെ വാഹനം ഓടിക്കരുതെന്നുമുള്ള നിര്‍ദേശങ്ങളെല്ലാം പുല്ലുപോലെ തള്ളിക്കളഞ്ഞാണ് പല ഡ്രൈവര്‍മാരും മദ്യലഹരിയില്‍ വാഹനങ്ങളുമായി ചീറിപ്പായുന്നത്. ഇത് വരുത്തിവയ്ക്കുന്നതോ ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ്. നിലവില്‍ മോട്ടോര്‍ വാഹന നിയമങ്ങളെയെല്ലാം കടലാസില്‍ മാത്രം ഒതുക്കി തീര്‍ക്കുന്നവരുടെ നാടായി കേരളം മാറിക്കഴിഞ്ഞു.rising road accidents and the laxity of law enforcement

നിയമം ലംഘിച്ച് വാഹനം ഓടിക്കുന്നവര്‍ക്ക് കനത്ത ശിക്ഷാനടപടികള്‍ ഉണ്ടെങ്കിലും ഇവയെല്ലാം കാറ്റില്‍ പറത്തിയാണ് വാഹനങ്ങളുടെ സഞ്ചാരം. മദ്യപിച്ച് വാഹനം ഓടിച്ചാല്‍ 10,000 രൂപ വരെ പിഴയും ആറ് മാസം വരെ തടവുമുണ്ട്. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ 15,000 രൂപയാണ്. രണ്ടുവര്‍ഷത്തെ തടവുമാണ് ശിക്ഷ. ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചാലാകട്ടെ 5,000 രൂപയാണ് പിഴ. ഇതൊക്കെയാണെങ്കിലും ഗതാഗത നിയമങ്ങള്‍ ലംഘിക്കപ്പെടുക സര്‍വസാധാരണമായി മാറി. നിയമലംഘകരെ പിടികൂടുന്നതിനായി കോടിക്കണക്കിന് രൂപ ചിലവഴിച്ച് സംസ്ഥാനത്ത് വ്യാപകമായി എഐ ക്യാമറകള്‍ സ്ഥാപിച്ചെങ്കിലും അതും ഫലം കണ്ടില്ലെന്നതാണ് അടിക്കിടെ ഉണ്ടാകുന്ന റോഡപകടങ്ങളും നിയമലംഘനങ്ങളും തെളിയിക്കുന്നത്.

Trissur accident

Nattika accident 

നവംബര്‍ 26 ന് പുലര്‍ച്ചെ തൃശൂര്‍ നാട്ടിക ജെകെ തിയേറ്ററിനടുത്ത് രണ്ട് കുട്ടികള്‍ അടക്കം 5 പേരുടെ ജീവനെടുത്ത സംഭവവും റോഡ് നിയമലംഘനത്തിന്റെ അടയാളമാണ്. കണ്ണൂരില്‍ നിന്ന് പെരുമ്പാവൂരിലേക്ക് തടി കയറ്റി പോയ ലോറിയാണ് റോഡരികില്‍ ഉറങ്ങിക്കിടന്ന ആളുകള്‍ക്കിടയിലേക്ക് പാഞ്ഞുകയറിയത്. സംഭവം നടക്കവെ ഡ്രൈവറും ക്ലീനറും മദ്യലഹരിയിലായിരുന്നുവെന്നും വാഹനം ഓടിച്ചിരുന്നത് ലൈസന്‍സ് ഇല്ലാത്ത ക്ലീനര്‍ ആയിരുന്നുവെന്നും തെളിഞ്ഞു. റോഡ് പണി നടക്കുന്നതിനാല്‍ ബ്ലോക്ക് ചെയ്ത് വച്ചിരുന്ന ബോര്‍ഡും മറികടന്നായിരുന്നു മരണപ്പാച്ചില്‍. കടുത്ത മോട്ടോര്‍ വാഹന നിയമങ്ങള്‍ നിലനില്‍ക്കെ തന്നെ ഇത്തരത്തില്‍ മനസാക്ഷിയെ നടുക്കുന്ന അപകടങ്ങള്‍ ഉണ്ടാകുന്നത് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയാണ് തുറന്നുകാട്ടുന്നത്.

മാഹിയില്‍ നിന്നും തൃശൂര്‍ വരെ 180 കിലോമീറ്ററോളം മദ്യപിച്ച് വാഹനമോടിച്ചിട്ടും ഒരിടത്ത് പോലും പരിശോധന ഉണ്ടായില്ലെന്നതും ഏറെ വിചിത്രമാണ്. സര്‍ക്കാരും മോട്ടോര്‍ വാഹന വകുപ്പും ഇക്കാര്യത്തില്‍ ഇനിയെങ്കിലും ജനോപകാരപ്രദമായ തീരുമാനം കൈക്കൊള്ളേണ്ടതാണ്. രാത്രി കാലങ്ങളില്‍ വാഹനപരിശോധന നടക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ട് തന്നെയാണ് മദ്യലഹരിയില്‍ ലോഡുമായി ഇതുപോലെ കൊലയാളി വാഹനങ്ങള്‍ പായുന്നത്. ഈ സംഭവത്തില്‍ നിന്ന് നാം മുക്തരാകുന്നതിന് മുമ്പേയാണ് സമാനമായ സംഭവം പാലക്കാടും സംഭവിച്ചത്. ഇറച്ചിക്കോഴികളുമായി വന്ന ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി, ഉറങ്ങിക്കിടക്കുകയായിരുന്ന സ്ത്രീയുടെ ജീവന്‍ അപഹരിക്കുകയായിരുന്നു. ഇവരുടെ ഒപ്പമുണ്ടായിരുന്ന മൂന്നുപേര്‍ പരുക്കുകളോടെ രക്ഷപ്പെട്ടു.

പരിശോധനകള്‍ നടക്കില്ലെന്ന് ഉറപ്പുള്ളതിനാല്‍ രാത്രികാലങ്ങളില്‍ അമിതലോഡുമായി പായുമ്പോള്‍ അപകടങ്ങളും വര്‍ധിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ റോഡ് സുരക്ഷാ സംവിധാനങ്ങള്‍ വേണ്ടത്ര ഫലപ്രദമല്ലെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. റോഡ് അപകടങ്ങളില്‍ രാജ്യത്ത് മൂന്നാം സ്ഥാനത്താണ് കേരളം. 2022 ല്‍ സംസ്ഥാനത്ത് 43,910 റോഡപകടങ്ങളാണ് ഉണ്ടായതെങ്കില്‍ 2023 ല്‍ അത് 48,141 ആയി ഉയര്‍ന്നു.

Post Thumbnail
ലോകത്ത് ഏറ്റവും കൂടുതല്‍ തവണ കുളിക്കുന്നവരുടെ രാജ്യം!വായിക്കുക

signal

ഡ്രൈവറുടെ സീറ്റിന്റെ ഉയരത്തില്‍ മാത്രമേ ലോഡ് കയറ്റാവൂ എന്ന് നിയമമുണ്ടെങ്കിലും അതെല്ലാം അവഗണിച്ചാണ് പല ചരക്ക് വാഹനങ്ങളും രാത്രി കാലങ്ങളില്‍ സര്‍വീസ് നടത്തുന്നത്. അമിത ലോഡ് കയറ്റി വരുന്ന വാഹനങ്ങള്‍ നിയന്ത്രണം വിട്ട് മറിയാനുള്ള സാധ്യതയും വളരെ കൂടുതലാണ്. അത്തരത്തില്‍ ഒരു സംഭവമാണ് നവംബര്‍ 30 ന് പുലര്‍ച്ചെ പത്തനംതിട്ടയില്‍ ഉണ്ടായത്. ഭാരം കയറ്റിവന്ന ലോറി നിയന്ത്രണം തെറ്റി വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. സംഭവത്തില്‍ നാലുപേര്‍ക്ക് പരുക്കേറ്റു.

വേണ്ടത് കര്‍ശന പരിശോധന

മറ്റ് വാഹനങ്ങളുടെ കുറവിന് പുറമെ രാത്രി പരിശോധന ഇല്ലാത്തത് വലിയ വാഹനങ്ങള്‍ നല്ലൊരു അവസരമായാണ് കാണുന്നത്. മദ്യപിച്ച് വാഹനം ഓടിക്കാനും, അമിതമായി ലോഡ് കയറ്റാനും, ഓവര്‍ സ്പീഡില്‍ പോകാനും ഇത് കാരണമാകുന്നു. എന്നാല്‍ ദീര്‍ഘദൂരങ്ങളില്‍ നിന്നും ലോഡുമായി ഈ സമയങ്ങളില്‍ വാഹനം ഓടിക്കുന്നവര്‍ ഉറങ്ങിപ്പോകാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് തന്നെ രാത്രി 12 മണി മുതല്‍ വെളുപ്പിനെ മൂന്നുമണി വരെയെങ്കിലും നിര്‍ബന്ധമായും ഡ്രൈവര്‍മാര്‍ക്ക് ഉറങ്ങാനുള്ള സാഹചര്യങ്ങള്‍ ഒരുക്കുകയാണ് സര്‍ക്കാരും മോട്ടോര്‍ വാഹന വകുപ്പും ചെയ്യേണ്ടത്. 10 മണിക്ക് ശേഷം ഓടുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ മദ്യപിച്ചിട്ടുണ്ടോ എന്നതിലും കര്‍ശന പരിശോധനകള്‍ നടത്തേണ്ടതാണ്.

‘മോട്ടോര്‍വാഹന നിയമം 115 പ്രകാരം റോഡില്‍ നിശ്ചിത സമയത്ത് ട്രാഫിക് നിയന്ത്രണത്തിന് സംസ്ഥാന സര്‍ക്കാരിനും ജില്ലാ കളക്ടര്‍മാര്‍ക്കും അധികാരമുണ്ട്. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്തിന്റെ പല സ്ഥലങ്ങളിലും ടിപ്പര്‍ ലോറികള്‍ക്ക് ഉള്‍പ്പെടെ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ആ നിയമപ്രകാരം ചരക്ക് വാഹനങ്ങള്‍ക്ക് രാത്രിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താമെങ്കിലും അത് നടപ്പിലാക്കുക പ്രയാസമാണ്. പൊതുവെ വലിയ വാഹനങ്ങള്‍ക്ക് ഗതാഗത തടസം ഒഴിവാക്കി സുഗമമായി സഞ്ചരിക്കാന്‍ പറ്റിയ സമയമായാണ് രാത്രികാലങ്ങളെ കണക്കാക്കുന്നത്. എന്നാല്‍ അപകടം ഒഴിവാക്കാന്‍ വ്യാപകമായ പരിശോധനയിലൂടെയേ സാധിക്കൂ. പരിശോധനകള്‍ക്ക് തങ്ങള്‍ വിധേയരാകുമെന്ന് ഡ്രൈവര്‍മാര്‍ക്കും ഉറപ്പുണ്ടാകണം. മറ്റൊന്ന് എംസി റോഡിലോ മറ്റോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് ഉറങ്ങാനുള്ള സൗകര്യങ്ങള്‍ ഉണ്ടാക്കണം. അതല്ലെങ്കില്‍ നിശ്ചിത മണിക്കൂറുകള്‍ക്കിടയില്‍ വാഹനം നിര്‍ത്തിയെന്നോ ചായയോ, വെള്ളമോ കുടിച്ചൂവെന്നും ഉറപ്പാക്കാനുള്ള സൗകര്യങ്ങളും ഒരുക്കേണ്ടതായുണ്ടെന്ന്’ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ സ്വാതി ജോര്‍ജ് അഴിമുഖത്തേക്ക് പറഞ്ഞു.

swathy george

Swathi George 

‘വിദേശരാജ്യങ്ങളില്‍ ഒക്കെ ഇത്തരത്തില്‍ ഉള്ള സൗകര്യങ്ങള്‍ ഉണ്ട്. തുടര്‍ച്ചയായ ഡ്രൈവിങ് അവിടെ അനുവദനീയമല്ല. നമ്മുടെ ഇവിടെ നിലവില്‍ പരിശോധന നടത്തുന്നത് ട്രാഫിക് എന്‍ഫോഴ്സ്മെന്റാണ്. ഇവര്‍ക്ക് 24 മണിക്കൂറും സേവനം ഉറപ്പാക്കാനുള്ള ആള്‍ബലം നിലവില്‍ ഇല്ല. അതുകൊണ്ട് തന്നെ രാത്രി പരിശോധന പലപ്പോഴും നടക്കാറില്ലെന്നും’ സ്വാതി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

തലചായ്ക്കാനൊരിടം വേണ്ടത് തന്നെ

അന്യസംസ്ഥാനങ്ങളില്‍ നിന്നും കുടുംബവുമായി വന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെത്തി പലവിധ ജോലികള്‍ ചെയ്യുന്നവര്‍ നിരവധിയാണ്. ഈ രീതിയില്‍ പതിനായിരക്കണക്കിന് ഭവനരഹിതര്‍ കടത്തിണ്ണകളിലും മറ്റുമായി അന്തിയുറങ്ങുന്നുണ്ട്. തെരുവില്‍ ഉറങ്ങുന്നവര്‍ക്കായി ഒന്നുകില്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കുകയോ മറ്റോ വേണം. കൈക്കുഞ്ഞുങ്ങളും പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളും വരെ ഇത്തരത്തില്‍ തെരുവുകളില്‍ അന്തിയുറങ്ങുന്നുണ്ട്. തെരുവില്‍ ഉറങ്ങുന്ന കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെ പല തവണ അതിക്രമങ്ങളും പീഡനശ്രമങ്ങളും നടന്നിട്ടുണ്ട്. അന്യദേശങ്ങളില്‍ നിന്നും വരുന്ന ഇവര്‍ക്കായി പ്രത്യേകം ഷെല്‍ട്ടര്‍ ഹോമുകളോ താല്കാലിക ഷെഡുകളോ ഒരുക്കി പുനരധിവസിപ്പിക്കുകയോ റോഡരികിലെ താമസം കര്‍ശനമായി നിരോധിക്കേണ്ടതോ ആണ്. സുരക്ഷിതമായി അന്തിയുറങ്ങാനുള്ള സംവിധാനം ഒരുക്കാന്‍ ഭരണസംവിധാനങ്ങള്‍ മുന്നോട്ടുവരേണ്ടതാണ്.rising road accidents and the laxity of law enforcement

Post Thumbnail
ഗ്രൗണ്ടില്‍ നിതീഷിന്റെ പുഷ്പ സ്റ്റൈല്‍വായിക്കുക

Content Summary: rising road accidents and the laxity of law enforcement

×