സിഡ്നി ടെസ്റ്റിലെ ഒഴിവാകല്‍, വിരമിക്കല്‍ പ്രഖ്യാപനമായി വ്യാഖ്യാനിച്ചവര്‍ക്കുള്ള വ്യക്തമായ മറുപടിയാണ് രോഹിത് ശര്‍മ നല്‍കുന്നത്. ഒരു മത്സരത്തില്‍ നിന്ന് മാറി നില്‍ക്കാനുള്ള തീരുമാനം എല്ലാം അവസാനിപ്പിച്ചു എന്നര്‍ത്ഥത്തില്‍ കാണേണ്ടതില്ലെന്നാണ് ശര്‍മ ഓര്‍മിപ്പിക്കുന്നത്. തന്റെ വിമര്‍ശകര്‍ക്കുള്ള മറുപടി കൂടി രോഹിതിന്റെ വാക്കുകളില്‍ മറഞ്ഞിരിക്കുന്നുണ്ട്. സിഡ്നി ടെസ്റ്റില്‍ നിന്ന് പുറത്തിരിക്കാനുള്ള തീരുമാനം വിരമിക്കല്‍ തീരുമാനമായി തെറ്റിദ്ധരിക്കരുതെന്നാണ് അദ്ദേഹം പറഞ്ഞത്. ‘കാര്യങ്ങള്‍ മാറും’ എന്നാണ് രോഹിത് ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ‘മൈക്കോ പേനയോ ലാപ്ടോപ്പോ ഉള്ളവര്‍ക്ക് ഞങ്ങള്‍ എപ്പോള്‍ വിരമിക്കണമെന്ന് തീരുമാനിക്കാന്‍ കഴിയില്ല’ എന്നു കൂടി ശര്‍മ ഓര്‍മിപ്പിക്കുകയാണ്. അഞ്ചാം ടെസ്റ്റില്‍ നിന്ന് രോഹിത് മാറിയത്, അദ്ദേഹത്തിന്റെ ടെസ്റ്റ് കരിയറിന്റെ അവസാനമായാണ് കമന്റേറ്റര്‍മാരായ സുനില്‍ ഗവാസ്‌കറും രവി ശാസ്ത്രിയും എടുത്തു പറഞ്ഞത്. രോഹിത് മാറിക്കൊടുക്കേണ്ട സമയമായെന്നും പുതിയ താരങ്ങള്‍ അവസരം കാത്തു പുറത്തു നില്‍ക്കുകയാണെന്നും ഇരുവരും തുറന്നടിച്ചിരുന്നു.
മെല്‍ബണ്‍ ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ മാധ്യമങ്ങള്‍ രോഹിതിന്റെ വിരമിക്കലിനെ കുറിച്ചായിരുന്നു പ്രധാനമായും ചര്‍ച്ച നടത്തിയത്. സിഡ്‌നി ടെസ്റ്റിലെ ക്യാപ്റ്റന്റെ അസാന്നിധ്യം, തങ്ങളുടെ ഊഹങ്ങള്‍ ശരിവയ്ക്കും വിധം കാര്യങ്ങളെത്തിക്കുന്നുവെന്ന് മാധ്യമങ്ങള്‍ എഴുതി. ഇത്തരം ഊഹാപോഹങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമുള്ള മറുപടി കൂടിയായിട്ടാണ് രോഹിത് ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്. സിഡ്‌നി ടെസ്റ്റിന്റെ രണ്ടാം ദിനം ഉച്ചഭക്ഷണ സമയത്ത്, സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് സംസാരിക്കുമ്പോഴായിരുന്നു, രോഹിത് കാര്യങ്ങള്‍ വ്യക്തമാക്കിയത്. ‘ ഈ തീരുമാനം വിരമിക്കാനുള്ള തീരുമാനമല്ല. വിരമിക്കാന്‍ തീരുമാനിച്ചിട്ടുമില്ല” എന്നുമാണ് രോഹിത് വ്യക്തമാക്കിയത്. ഫോമില്‍ അല്ലാത്തതുകൊണ്ടാണ് മാറി നില്‍ക്കാന്‍ തീരുമാനിച്ചതെന്നാണ് ശര്‍മ വ്യക്തമാക്കിയത്. ‘ എനിക്ക് സ്‌കോര്‍ ചെയ്യാന്‍ കഴിയുന്നില്ലെന്ന് മനസിലാക്കിയിട്ട് തന്നെയാണ് മാറി നിന്നത്. അടുത്ത രണ്ടോ അഞ്ചോ മാസങ്ങള്‍ക്കൊണ്ട് കാര്യങ്ങള്‍ മാറിയേക്കാം. ക്രിക്കറ്റിലെ ജീവിതം ഓരോ സെക്കന്‍ഡിലും മിനിട്ടിലും ദിവസത്തിലും മാറി മറിയുന്നത് ഞാന്‍ ഒരുപാട് കണ്ടിട്ടുണ്ട്” അദ്ദേഹം പറയുന്നു.
‘കാര്യങ്ങള്‍ മാറി വരുമെന്നതില്‍ എനിക്ക് ആത്മവിശ്വാസമുണ്ട്, അതേസമയം തന്നെ സഹാചര്യങ്ങളെ ഞാന്‍ മനസിലാക്കേണ്ടതുമുണ്ട്. ആരെങ്കിലും പേനയോ മൈക്കോ ലാപ് ടോപ്പോ കൊണ്ട് എഴുതിയാലും പറഞ്ഞാലും ജീവിതം മാറാന്‍ പോകുന്നില്ല. എപ്പോള്‍ വിരമിക്കണം, പുറത്തിരിക്കണം, ക്യാപ്റ്റനാകണം എന്നൊന്നും അവരല്ല തീരുമാനിക്കേണ്ടത്. എനിക്ക് ചിന്തിക്കാനുള്ള പക്വതയുണ്ട്, രണ്ട് കുഞ്ഞുങ്ങളുടെ അച്ഛനാണ് ഞാന്‍. അതുകൊണ്ട് എനിക്കറിയാം ജീവിതത്തില്‍ എന്താണ് ചെയ്യേണ്ടതെന്ന്’ രോഹിത് നടത്തുന്ന വൈകാരിക പ്രതികരണമാണിത്.
‘ഇവിടെ (സിഡ്നിയില്‍) വന്നതിന് ശേഷമാണ് ഞാന്‍ ഈ തീരുമാനമെടുത്തത്, മത്സരത്തിന് മുമ്പായി രണ്ട് ദിവസമേ ഉണ്ടായിരുന്നുള്ളൂ. പുതുവര്‍ഷത്തില്‍, സെലക്ടറുമായും പരിശീലകനുമായും ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. പരമാവധി ശ്രമിച്ചിട്ടും റണ്‍സ് കിട്ടുന്നില്ലെന്ന ചിന്തയായിരുന്നു മനസ്സില്‍. അക്കാര്യം അംഗീകരിച്ച് മാറി നില്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചു” രോഹിതിന്റെ വാക്കുകള്‍. സ്വാര്‍ത്ഥമായൊരു തീരുമാനം എടുക്കാന്‍ താന്‍ ആഗ്രഹിച്ചില്ലെന്നാണ് രോഹിത് പറയുന്നത്. കോച്ചിനോടും സിലക്ടര്‍മാരോടും ഇക്കാര്യം വളരെ ലളിതമായാണ് ഞാന്‍ പങ്കുവച്ചത്. എന്റെ ബാറ്റ് റണ്‍സ് കണ്ടെത്തുന്നില്ല. ഞാന്‍ ഫോമിലല്ല. ഈ കളി നമ്മളെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്. ഫോമിലുള്ള കളിക്കാരെയാണ് നമുക്ക് വേണ്ടത്. അല്ലാത്തവര്‍ മാറി നില്‍ക്കേണ്ടത് ടീമിന് ഗുണം ചെയ്യും” രോഹിത് തന്റെ തീരുമാനത്തെ കുറിച്ച് പറയുന്നതിങ്ങനെയാണ്.
തന്റെ തീരുമാനത്തെ പൂര്‍ണമായി പിന്തുണയ്ക്കുകയായിരുന്നു കോച്ചും സിലക്ടര്‍മാരും എന്നും രോഹിത് പറയുന്നു. ഒരുപാട് കാലത്തെ അനുഭവ പരിചയമുള്ളയാളാണ് നിങ്ങള്‍, നിങ്ങള്‍ക്ക് സ്വയം വിലയിരുത്താനുള്ള കഴിവുണ്ട് എന്നായിരുന്നു അവര്‍ പറഞ്ഞതെന്നും രോഹിത് സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് പറഞ്ഞു.
ഇത് എനിക്ക് ബുദ്ധിമുട്ടുള്ള ഒരു തീരുമാനമായിരുന്നു, പക്ഷേ അധികം ചിന്താക്കാതിരിക്കുകയാണെങ്കില്‍, ഇത് വിവേകപൂര്‍ണ്ണമായ തീരുമാനമായും കാണാം. ഞാന്‍ അധികം ചിന്തിക്കുന്നില്ല. ഇപ്പോള്‍, ടീമിന് എന്താണ് വേണ്ടത്? അതു മാത്രമാണ് ആലോചിച്ചത്. മറ്റൊന്നുമല്ല.’- ക്യാപ്റ്റന്റെ വാക്കുകള്‍. Rohit Sharma puts retirement speculation to rest
Content Summary; Rohit Sharma puts retirement speculation to rest