February 19, 2025 |

റിജിത്ത് വധക്കേസ്; 9 ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി

19 വർഷങ്ങൾക്ക് മുൻപ് നടന്ന കൊലപാതകത്തിൽ ചൊവ്വാഴ്ച്ച ശിക്ഷ വിധിക്കും.

കണ്ണൂർ കണ്ണപുരത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകൻ റിജിത്തിനെ കൊലപ്പെടുത്തിയ കേസിൽ 9 ബിജെപി-ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയത്. കണ്ണപുരം ചുണ്ടയിലെ സിപിഎം പ്രവർത്തകനായിരുന്നു റിജിത്ത്. 19 വർഷങ്ങൾക്ക് മുൻപ് നടന്ന കൊലപാതകത്തിൽ ചൊവ്വാഴ്ച്ച ശിക്ഷ വിധിക്കും.

ചുണ്ടയിലും പരിസരത്തുമുള്ള ആർ.എസ്.എസ്.-ബി.ജെ.പി. പ്രവർത്തകരായ ഹൈവേ അനിൽ, പുതിയപുരയിൽ അജീന്ദ്രൻ, തെക്കേവീട്ടിൽ ഭാസ്കരൻ, ശ്രീജിത്ത്, ശ്രീകാന്ത്, രാജേഷ്, അജേഷ്, ജയേഷ്, രഞ്ജിത്ത് എന്നിവരാണ് പ്രതികൾ. മൂന്നാംപ്രതി അജേഷ് സംഭവശേഷം വാഹനാപകടത്തിൽ മരിച്ചു. ഇവർ എല്ലാവരും കുറ്റക്കാരാണെന്നാണ് കോടതി ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട 28 സാക്ഷികളെ കോടതി വിസ്തരിച്ചു. 59 രേഖകളും 50 തൊണ്ടിമുതലും പ്രോസിക്യൂഷൻ കോടതിക്ക് മുന്നിൽ ഹാജരാക്കി.

2005 ഒക്ടോബർ മൂന്നിന് ആയിരുന്നു കേസിനാസ്‌പദമായ സംഭവം. രാത്രി ഒമ്പതിന് സുഹൃത്തുക്കളായ നികേഷ്, വിമൽ, വികാസ്, സജീവൻ എന്നിവർക്കൊപ്പം വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് സംഭവം. ചുണ്ട തച്ചങ്കണ്ടിയാലിനടുത്ത പഞ്ചായത്ത് കിണറിന് സമീപംവെച്ച് പത്തംഗ സംഘം ആക്രമിക്കുകയായിരുന്നു. സമീപത്തെ ക്ഷേത്രത്തിൽ ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

വിധിയിൽ ആശ്വാസവും സന്തോഷവുമുണ്ടെന്ന് റിജിത്തിന്റെ അമ്മ പറയുന്നു. ‘ഈ വിധിക്കായിയാണ് കഴിഞ്ഞ 19 വർഷമായി കാത്തിരിക്കുന്നത്, പ്രതികളെ ശിക്ഷിക്കുന്നത് കാണാൻ 17 കൊല്ലം കാത്തിരുന്നിട്ടാണ് അച്ഛൻ പോയത്. ഇപ്പോൾ ഞാൻ ഒറ്റയ്ക്കായി..’ അമ്മ പറഞ്ഞു.

content summary; rss and bjp workers convicted in reejith murder case

×