March 27, 2025 |
Share on

‘മര്‍ഡോക് സ്ത്രീവിരുദ്ധന്‍, ഫോക്‌സ് ന്യൂസ് ജനാധിപത്യ വിരുദ്ധം’; പിതാവിനെതിരേ പൊട്ടിത്തെറിച്ച് ജയിംസ് മര്‍ഡോക്‌

അറ്റ്ലാന്റികിന് നൽകിയ അഭിമുഖത്തിലാണ് ജെയിംസ് മ‍ർഡോകിൻ്റെ പരാമർശം

ഫോക്‌സ് ന്യൂസ് ചാനലും വാള്‍സ്ട്രീറ്റ് ജേര്‍ണലും ഉള്‍പ്പെടെയുള്ള മാധ്യമ സാമ്രാജ്യത്തിന്റെ ഉടമസ്ഥരായ ഫോക്സ് കോർപ്പറേഷൻ മുൻ ചെയർമാൻ റൂപേർട്ട് മ‍ർഡോകിനെ സ്ത്രീ വിരുദ്ധനെന്ന് കുറ്റപ്പെടുത്തി മകൻ ജെയിംസ് മ‍ർഡോക്. ഫോക്സ് ന്യൂസ്, യു.എസിലെ ജനാധിപത്യത്തിന് ഭീഷണിയാണെന്നും ജെയിംസ് മ‍ർഡോക് ആരോപിച്ചു. യുഎസ് മാ​ഗസിനായ അറ്റ്ലാന്റികിന് നൽകിയ അഭിമുഖത്തിലാണ് ജെയിംസ് മ‍ർഡോകിൻ്റെ പരാമർശം.

മർഡോക്ക് കുടുംബത്തിനുള്ളിൽ നടക്കുന്ന അധികാര പോരാട്ടങ്ങളെക്കുറിച്ചാണ് മാക്ക് കോപ്പിൻസ് എന്ന പത്രപ്രവർത്തകൻ തന്റെ ലേഖനത്തിൽ വെളിപ്പെടുത്തുന്നത്. റൂപർട്ട് മർഡോക്കിന്റെ മക്കളായ ജെയിംസിനെയും ലാച്‌ലനെയും പരസ്പരം എതിരാളികളായി നിർത്താനും, പെൺമക്കളായ പ്രൂഡൻസിനെയും എലിസബത്തിനെയും പിന്തുടർച്ചാവകാശ പോരാട്ടത്തിൽ നിന്ന് ഒഴിവാക്കാനുമുള്ള തീരുമാനത്തെക്കുറിച്ചും ലേഖനം ചർച്ച ചെയ്യുന്നു. കാലാവസ്ഥാ പ്രതിസന്ധിയെക്കുറിച്ചുള്ള ന്യൂസ് കോർപ്പിന്റെ കവറേജിനെക്കുറിച്ചും ഫോക്സ് ന്യൂസിന്റെ വലതുപക്ഷ പക്ഷപാതങ്ങളെക്കുറിച്ചും ആശങ്കയുണ്ടായിരുന്ന ജെയിംസ് തന്റെ പിതാവിനെ സ്ത്രീവിരുദ്ധൻ എന്ന് വിളിച്ചതായി ലേഖനത്തിൽ പറയുന്നു.

പ്രേക്ഷകരോട് കള്ളം പറഞ്ഞാണ് ഫോക്സ് പണം സമ്പാദിക്കുന്നതെന്നും അത് ശരിയായ രീതിയല്ലെന്നും ജെയിംസ് പറഞ്ഞു. ജെയിംസും അദ്ദേഹത്തിന്റെ പിതാവ് റൂപർട്ടും തമ്മിലുള്ള ബന്ധം വഷളാകുന്നതിലാണ് കോപ്പിൻസിന്റെ അഭിമുഖം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കോടതിയിൽ കേസ് നടക്കുന്ന സമയങ്ങളിൽ വർഷങ്ങളായി അവർ പരസ്പരം സംസാരിച്ചിരുന്നില്ലെന്ന് അഭിമുഖത്തിൽ വ്യക്തമാക്കുന്നു. റൂപേർട്ട് മ‍‍ർഡോക്ക് പലപ്പോഴും തന്റെ സന്ദേശങ്ങളെ അവ​ഗണിക്കുന്നുവെന്ന് ജെയിംസ് പറഞ്ഞു.

2024ൽ വിചാരണ അവസാനിച്ച ശേഷം ജെയിംസും സഹോദരിമാരും അവരുടെ പിതാവ് റൂപർട്ടിന് ഒരു കത്തെഴുതുകയും അദ്ദേഹത്തെ അവർ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്നും അറിയിക്കുകയും ചെയ്തു. കുടുംബം സുഖം പ്രാപിക്കാനും വീണ്ടും അടുക്കാനും നിയമപോരാട്ടങ്ങൾ അവസാനിപ്പിക്കണമെന്ന് അവർ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. എന്നാൽ സംസാരിക്കണമെങ്കിൽ തന്റെ അഭിഭാഷകരെ ബന്ധപ്പെടാൻ പറഞ്ഞുകൊണ്ട് റൂപർട്ട് മറുപടി നൽകുകയായിരുന്നുവെന്ന് ജെയിംസ് പറഞ്ഞതായി ദ ​ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

തന്റെ മരണശേഷം മാധ്യമ സാമ്രാജ്യത്തിന്റെ നിയന്ത്രണം നാല് മക്കളിൽ മുതിർ മകനായ ലാച്‌ലനു നൽകാൻ റൂപേർട്ട് മ‍ർഡോക് തീരുമാനിച്ചത് മുതൽ മ‍ർഡോക് കുടുംബം വാർത്തകളിൽ നിറയുകയാണ്.

ലാച്ലനെയാണ് തന്റെ അധികാരങ്ങൾ ഏൽപ്പിക്കുന്നതെന്ന് റൂപർട്ട് മക്കളായ ജെയിംസിനോടും, പ്രൂഡൻസിനോടും, എലിസബത്തിനോടും പറഞ്ഞിരുന്നു. തുടർന്ന് തങ്ങളുടെ അവകാശങ്ങളെ പൂർണമായും ഇല്ലാതാക്കാൻ റൂപർട്ട് ശ്രമം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി മൂവരും കോടതിയെ സമീപിക്കുകയുമായിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ ലാച്ലന് നിയന്ത്രണം കൈമാറാനുള്ള റൂപർട്ടിന്റെ തീരുമാനം യുഎസിലെ നൊവാഡ കോടതി തടഞ്ഞു. ഫോക്‌സ് ന്യൂസും ന്യൂസ് കോര്‍പ്പറേഷനും ഉള്‍പ്പെടുന്ന മര്‍ഡോക്കിന്റെ സാമ്രാജ്യത്തിന്‍മേല്‍ നാല് കുട്ടികള്‍ക്കും തുല്യമായ അധികാരം നല്‍കണമെന്നായിരുന്നു കോടതിയുടെ വിധി.

2020 ല്‍ ന്യൂസ് കോര്‍പ്പറേഷന്റെ സീനിയര്‍ എക്‌സിക്യൂട്ടീവായ ജെയിംസ് പദവിയില്‍ നിന്ന് രാജി വെച്ചിരുന്നു. തുടർന്ന് 2023 ല്‍ ന്യൂസ് കോര്‍പ്പറേഷന്റെ ചെയര്‍മാനായി ലാച്‌ലൻ  ചുമതലയേൽക്കുകയായിരുന്നു.

Content Summary: ‘Rupert Murdoch is misogynistic and Fox News is anti-democratic’ ;James Murdoch lashed out at his father
Rupert Murdoch James Murdoch Fox News

×