റഷ്യന്‍ പ്രതിപക്ഷ നേതാവിനെ കൊന്നത് തവള വിഷം ഉപയോഗിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട്

പുടിന്‍ കൊലയാളിയാണെന്നും ശിക്ഷിക്കപ്പെടണനെന്നും അലക്‌സി നവാല്‍നിയുടെ ഭാര്യ

alexei navalny

റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയെ രണ്ട് വര്‍ഷം മുമ്പ് റഷ്യന്‍ ഭരണകൂടം വിഷം നല്‍കി കൊലപ്പെടുത്തിയതാണെന്ന വെളിപ്പെടുത്തലുമായി അഞ്ച് രാജ്യങ്ങളുടെ സംയുക്ത അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നു. ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, സ്വീഡന്‍, നെതര്‍ലന്‍ഡ്‌സ് എന്നീ രാജ്യങ്ങളുടെ ഇന്റലിജന്‍സ് ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തിലാണ് ദക്ഷിണ അമേരിക്കന്‍ കാടുകളില്‍ കാണപ്പെടുന്ന ‘ഡാര്‍ട്ട് ഫ്രോഗ്’ എന്നയിനം തവളകളില്‍ നിന്നുള്ള വിഷം ഉപയോഗിച്ചാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയത്. ആര്‍ട്ടിക് മേഖലയിലെ അതീവ സുരക്ഷാ ജയിലില്‍ 19 വര്‍ഷത്തെ ശിക്ഷ അനുഭവിക്കവെയായിരുന്നു നവാല്‍നിയുടെ അന്ത്യം.

ശവസംസ്‌കാരത്തിന് മുമ്പ് നവാല്‍നിയുടെ ശരീരത്തില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ രണ്ട് രാജ്യങ്ങളിലെ ലാബുകളില്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഈ പരിശോധനയിലാണ് എപ്പിബാറ്റിഡിന്‍ എന്ന മാരകമായ ടോക്‌സിന്റെ സാന്നിധ്യം കണ്ടെത്തിയത്. സ്വാഭാവികമായും റഷ്യയില്‍ കാണപ്പെടാത്ത ഈ വിഷം ലബോറട്ടറിയില്‍ നിര്‍മ്മിക്കാനോ അല്ലെങ്കില്‍ ഇറക്കുമതി ചെയ്യാനോ റഷ്യന്‍ ഭരണകൂടത്തിന് മാത്രമേ സാധിക്കൂ എന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഈ നടപടി രാസായുധ നിരോധന കരാറിന്റെ ലംഘനമാണെന്നും ഇത് ഓര്‍ഗനൈസേഷന്‍ ഫോര്‍ ദി പ്രോഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സിന് റിപ്പോര്‍ട്ട് ചെയ്യുമെന്നും ബ്രിട്ടന്‍ അറിയിച്ചു.

തന്റെ ഭര്‍ത്താവിനെ വ്ളാഡിമിര്‍ പുടിന്‍ ഒരു രാസായുധം ഉപയോഗിച്ച് കൊലപ്പെടുത്തിയെന്നതിന് ഇപ്പോള്‍ വ്യക്തമായ തെളിവ് ലഭിച്ചിരിക്കുകയാണെന്ന് നവാല്‍നിയുടെ ഭാര്യ യൂലിയ നവാല്‍നയ പ്രതികരിച്ചു. ശ്വാസതടസ്സവും പക്ഷാഘാതവും ഉണ്ടാക്കി അതിവേദനയോടെ മരണം സംഭവിക്കാന്‍ കാരണമാകുന്നതാണ് ഈ വിഷമെന്നും, സത്യം പുറത്തുകൊണ്ടുവന്ന യൂറോപ്യന്‍ രാജ്യങ്ങളോട് നന്ദിയുണ്ടെന്നും അവര്‍ എക്‌സില്‍ കുറിച്ചു. വ്ളാഡിമിര്‍ പുടിന്‍ ഒരു കൊലയാളിയാണെന്നും അദ്ദേഹം ചെയ്ത കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെടണമെന്നും അവര്‍ ആവശ്യപ്പെട്ടു.

മ്യൂണിക് സുരക്ഷാ സമ്മേളനത്തിനിടെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത് എന്നത് ശ്രദ്ധേയമാണ്. രണ്ട് വര്‍ഷം മുമ്പ് ഇതേ സമ്മേളനം നടക്കുമ്പോഴാണ് നവാല്‍നിയുടെ മരണം റഷ്യ പ്രഖ്യാപിച്ചത്. അന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത യൂലിയ, തന്റെ കുടുംബത്തോടും രാജ്യത്തോടും ചെയ്ത ക്രൂരതയ്ക്ക് പുടിനും കൂട്ടാളികളും ശിക്ഷിക്കപ്പെടുമെന്ന് വ്യക്തമാക്കിയിരുന്നു.

റഷ്യന്‍ ഭരണകൂടം തങ്ങളുടെ എതിരാളികളെ ഇല്ലാതാക്കാന്‍ വിഷം പ്രയോഗിക്കുന്നത് ഇതാദ്യമല്ലെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി വൈവെറ്റ് കൂപ്പര്‍ പറഞ്ഞു. 2006-ല്‍ ലണ്ടനില്‍ വെച്ച് അലക്‌സാണ്ടര്‍ ലിറ്റ്വിനെങ്കോയെ റേഡിയോ ആക്ടീവ് പൊളോണിയം ഉപയോഗിച്ച് കൊലപ്പെടുത്തിയതും, 2018-ല്‍ സെര്‍ജി സ്‌ക്രിപാലിനെതിരെ സാലിസ്ബറിയില്‍ വെച്ച് നോവിചോക്ക് എന്ന നാഡീവിഷം പ്രയോഗിച്ചതും ഈ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. രാഷ്ട്രീയ എതിരാളികളെ നിശബ്ദമാക്കാന്‍ ക്രൂരമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്ന റഷ്യന്‍ നടപടിയെ അന്താരാഷ്ട്ര സമൂഹം ശക്തമായി അപലപിച്ചു.

Content Summary; Russia killed opposition leader Alexei Navalny with frog toxin, UK and four European allies investigation report says

This post was last modified on February 16, 2026 7:25 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment