ഓരോ കായികതാരവും അവരുടെ ഫോമില്‍ തിരിച്ചടി നേടുന്നൊരു കാലത്തെ അഭിമുഖീകരിക്കേണ്ടി വരും; അതുവരെ പുലര്‍ത്തിയിരുന്ന അജയ്യതയുടെ പ്രഭാവലയം അവരില്‍ നിന്നൊഴിയും. അവര്‍ പുലര്‍ത്തിയിരുന്ന ആധിപത്യത്തിന്റെതായ യുഗം ഓര്‍മ്മയിലേക്ക് വഴുതി വീണു പോകും. വിരാട് കോഹ്ലി തന്റെ മുന്‍ഗാമികളായിരുന്ന പല മഹാന്മാരേയും പോലെ, ആ ഒരു കാലത്താണ് ഇപ്പോഴുള്ളത്. പ്രായം 36ലേക്ക് അടുക്കുമ്പോള്‍, കോഹ്ലി തന്റെ കരിയറിന്റെ സുപ്രധാന വഴിത്തിരിവിലാണ്. അയാളുടെ പ്രതാപകാലം കടന്നു പോയിരിക്കുന്നു, എങ്കിലും ‘രാജാവ്’ തലകുനിക്കാന്‍ തയ്യാറായിട്ടില്ല. കോഹ്‌ലിയുടെ ബാറ്റില്‍ നിന്നുള്ള റണ്‍ ഒഴുക്കിന്റെ വേഗത കുറഞ്ഞിരിക്കുന്നു, പലപ്പോഴും അയാളുടെ ബാറ്റ് നിശബ്ദമാകുന്നു. ഒരിക്കല്‍ ആരാധകര്‍ ആസ്വദിച്ചിരുന്ന ആ ബാറ്റിംഗ് ചൂട് നഷ്ടപ്പെട്ടിരിക്കുന്നു. കളത്തില്‍ തുടരുന്നുണ്ടെങ്കിലും പഴയ ഫോം തിരിച്ചുപിടിക്കാന്‍ കോഹ്‌ലി പാടുപെടുകയാണ്. പല മത്സരങ്ങളിലും കോഹ്‌ലിക്ക് ഇങ്ങനെ സംഭവിക്കുമോ എന്ന് അത്ഭുതപ്പെടുത്തുന്ന തരത്തില്‍ അയാള്‍ പുറത്താകുന്നു. ഒരു മത്സരം ഒറ്റയ്ക്ക് ജയിപ്പിച്ചിരുന്ന മികവില്‍ നിന്ന് ഇന്ന് അത്തരം പ്രകടനങ്ങള്‍ അത്യപൂര്‍വ്വമായി തിര്‍ന്നിരിക്കുന്നു. ഈ വര്‍ഷം, കേപ്ടൗണില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടിയ 76 റണ്‍സും, ടി20 ലോകകപ്പ് ഫൈനലില്‍ കളിച്ചതുമായ രണ്ട് ഇന്നിംഗ്സുകള്‍ മാത്രമാണ് എടുത്തു പറയാനുള്ളത്. 23 ഇന്നിംഗ്സുകള്‍ ബാറ്റ് ചെയ്തതില്‍ രണ്ട് അര്‍ധസെഞ്ചുറികള്‍ മാത്രമാണുള്ളത്, കോഹ്‌ലിക്ക് ഉണ്ടായ മാറ്റത്തിന്റെ പ്രധാന തെളിവുകളാണവ.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ അംബാസിഡറായിരുന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുമായി താരതമ്യപ്പെടുത്താവുന്നതാണ് കോഹ്ലിയുടെ ഇപ്പോഴത്തെ തകര്‍ച്ച. ഇരുവരും നേരിട്ട പ്രതിസന്ധികള്‍ തുലനപ്പെടുത്തിയുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. വ്യത്യസ്ത സമയങ്ങളിലെ ഐക്കണുകളായിരുന്ന രണ്ട് സൂപ്പര്‍താരങ്ങളും വര്‍ഷങ്ങളോളം അവരുടെ ആധിപത്യം ആസ്വദിച്ചിരുന്നവരാണ്. ചെറിയ മങ്ങലുകള്‍ ഉണ്ടായിരുന്നുവെങ്കിലും അവരുടെ സമയത്ത് കോഹ്ലിയും സച്ചിനും ഏതാണ്ട് അമാനുഷികമായി തോന്നുന്ന പ്രകടനങ്ങളായിരുന്നു നടത്തിയിരുന്നത്. എന്നാല്‍ പ്രായം, ഈ രണ്ട് ഐതിഹാസിക കരിയറുകളിലും മാറ്റങ്ങള്‍ കൊണ്ടുവന്നു. ഏത് പന്തിനെയും നേരിടാന്‍ തക്ക ആത്മവിശ്വാസമുണ്ടായിരുന്നവര്‍, പതറാന്‍ തുടങ്ങി, അവരുടെ ചടുലത മന്ദീഭവിക്കുകയും, അവര്‍ പ്രതിരോധത്തിലേക്ക് കൂടുതലായി മാറുന്നതായും കാണാന്‍ തുടങ്ങി. അവരുടെ പുറത്താകല്‍, വിക്കറ്റ് നഷ്ടമായതിന് ശേഷമുള്ള നിരാശ, മൈതാനങ്ങളുടെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി മനസില്‍ ഉദ്ദേശിച്ച ഷോട്ടുകള്‍ക്ക് ശരീരം വഴങ്ങാതെ പോകുന്ന അവസ്ഥയുമൊക്കെ സാധാരണമായി.
ഒരു ബാറ്റര്‍ എന്ന നിലയിലുള്ള സച്ചിന്റെ 24 വര്‍ഷത്തെ കരിയര്‍ രണ്ട് വ്യത്യസ്ത കാലഘട്ടങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. ആദ്യത്തേത് 2005-നും 2007-ന്റെ തുടക്കത്തിനും ഇടയിലത്തേതാണ്. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റര്‍മാരെപ്പോലും വേട്ടയാടിയിരുന്ന ” 33 ന്റെ ശാപ’ത്തിന് സച്ചിനും ഇരയായി. കരിയറിന് തന്നെ ഭീഷണിയായ ടെന്നീസ് എല്‍ബോ അദ്ദേഹത്തെ വലച്ചു, സച്ചിന്‍ തന്റെ താളം വീണ്ടെടുക്കാന്‍ സമയമേറെയെടുത്തു. ഈ കാലത്ത് അദ്ദേഹത്തിന്റെ ബാറ്റിംഗ് പ്രകടനം വളരെ താഴ്ന്നു. ടെസ്റ്റിലെ ബാറ്റിംഗ് ശരാശരി രണ്ടുതവണ 50-ല്‍ താഴെയായി. 2005-06-ല്‍ 27.91-ലും 2006-07-ല്‍ 33.16-ഉം ആയി. സച്ചിനെ സംബന്ധിച്ച് അത് കഠിനമായ ഘട്ടമായിരുന്നു. പിച്ചില്‍ പലപ്പോഴും അമിത ജാഗ്രതയോടെ നില്‍ക്കുന്ന സച്ചിനെയാണ് മൈതാനങ്ങള്‍ കണ്ടത്. 2011 ലോകകപ്പ് വിജയത്തിന് ശേഷമുള്ള കാലഘട്ടമായിരുന്നു രണ്ടാമത്തേത്. ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും കണ്ട കളികള്‍ സച്ചിന്‍ എന്ന മഹാപ്രതിഭയുടെ കരിയറിന്റെ അന്ത്യനിമിഷങ്ങളായിരുന്നു.
കരിയറിലെ ഏറ്റവും മോശം ഫോമില്‍ നില്‍ക്കുമ്പോഴും സച്ചിന്റെ പ്രകടനം കോഹ്‌ലിയുടെ നിലവിലെ അവസ്ഥയെക്കാള്‍ ഭേദമായിരുന്നു. 2011 നും 2019 നും ഇടയില്‍, 84 ടെസ്റ്റുകളില്‍ നിന്ന് 7,202 റണ്‍സ് നേടിയ കോഹ്ലി ടീമിന്റെ പവര്‍ഹൗസായിരുന്നു. എന്നാല്‍ 2020 മുതലുള്ള കണക്കുകള്‍ തിരിച്ചിറക്കത്തിന്റെതായിരുന്നു. ആകെ 33 മത്സരങ്ങളില്‍ നിന്ന് 1,833 റണ്‍സ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. തന്റെ കരിയറില്‍ ഉടനീളം വിജയം വരിച്ച സാങ്കേതികത, തന്ത്രങ്ങള്‍, സമീപനങ്ങള്‍ എന്നിവയില്‍ കോഹ്‌ലി ഉറച്ചു നില്‍ക്കുകയായിരുന്നു. പിന്തുടരുന്ന ശൈലിയില്‍ നിന്ന് തന്ത്രങ്ങളില്‍ അധികം മാറ്റമൊന്നും വരുത്താന്‍ അദ്ദേഹം തയ്യാറായില്ല. നേരെമറിച്ച്, സച്ചിന്‍ തന്റെ തന്ത്രങ്ങള്‍ പുതുക്കിക്കൊണ്ടിരുന്നു. പുതിയ ശൈലികള്‍ കൊണ്ട് എതിരാളികളെ അത്ഭുതപ്പെടുത്തി. 1999ല്‍ നടുവേദന പിടികൂടിയപ്പോള്‍, അദ്ദേഹം ഭാരം കുറഞ്ഞ ബാറ്റിലേക്ക് മാറുകയും, പാഡില്‍ സ്വീപ്പ് ഉപയോഗിക്കുകയും ചെയ്തു. പിന്നീട്, തന്റെ ഷോട്ടുകള്‍ക്കിടയിലേക്ക് ഒരു വിശ്വസനീയമായ ആയുധം ചേര്‍ത്തുകൊണ്ട് അപ്പര്‍-കട്ടില്‍ പ്രാവീണ്യവും നേടി.
2002ലും 2003-04 സീസണിലും നടന്ന പരമ്പരകളില്‍ സച്ചിന്‍ റണ്‍സെടുക്കാന്‍ വളരെ പാടുപ്പെട്ടിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍, മൂന്നു തവണ റണ്‍സ് ഒന്നും എടുക്കാതെ പുറത്തായി. എന്നാല്‍ അതേ പരമ്പരയില്‍ തന്നെ 79, 117, 86 എന്നീ സ്‌കോറുകളും ആ ബാറ്റില്‍ നിന്നും പിറന്നു. രണ്ട് വര്‍ഷത്തിനുശേഷം ഓസ്ട്രേലിയയില്‍ നടന്ന പരമ്പരയില്‍, ആദ്യത്തെ അഞ്ച് ഇന്നിംഗ്സുകളില്‍ വെറും 82 റണ്‍സ് ആണ് നേടാനായതെങ്കിലും ഒടുവില്‍ എട്ട് ഇന്നിംഗ്‌സുകള്‍ പൂര്‍ത്തിയാക്കുമ്പോള്‍ 383 റണ്‍സ് അദ്ദേഹം നേടിയിരുന്നു. 2004ലെ സിഡ്നി ടെസ്റ്റിലെ മാസ്റ്റര്‍ ക്ലാസ് ഇന്നിംഗ്‌സ് ആര്‍ക്കാണ് മറക്കാന്‍ കഴിയുക? അന്ന് പുറത്താകാതെ 241 റണ്‍സ് ആണ് അടിച്ചെടുത്തത്. എന്നാല്‍ കോഹ്‌ലിയുടെ സമീപനം സച്ചിനില്‍ നിന്നും വ്യത്യസ്തമാണ്. ആദ്യകാലത്ത് ആ രീതികള്‍ ഫലപ്രദമായിരുന്നുവെങ്കിലും ഇപ്പോളത് വര്‍ക്ക് ചെയ്യുന്നില്ലെന്നത് വ്യക്തമാണ്, അതുകൊണ്ട് കോഹ്‌ലി മാറി ചിന്തിക്കേണ്ടത് അനിവാര്യമാണ്.
കോഹ്ലിയും സച്ചിനും തമ്മിലുള്ള മറ്റൊരു ശ്രദ്ധേയമായ സാമ്യം അവരുടെ കരിയര്‍ പുരോഗമിക്കുന്നതിനനുസരിച്ച്, വലിയ ഷോട്ടുകള്‍ കളിക്കുന്നത് അവര്‍ പരിമിതപ്പെടുത്തി എന്നതാണ്. 2007 മുതല്‍ 2011 വരെ കാലത്ത്, തന്റെ 30-കളുടെ മധ്യത്തില്‍ എത്തിയ സമയത്ത് (കോഹ്ലി ഇപ്പോള്‍ അതേ ഘട്ടത്തിലാണ്) സച്ചിന്‍ ടീമിലെ പ്രധാന ശക്തിയായിരുന്നു. ആ കാലത്താണ് ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ കളിക്കാരനായി അദ്ദേഹം മാറുന്നത്. വെല്ലുവിളി നിറഞ്ഞ വിദേശ സാഹചര്യങ്ങളില്‍ ഒന്നിലധികം സെഞ്ചുറികളും ഇക്കാലത്ത് അദ്ദേഹം നേടി. 2007 മുതല്‍ 2013 വരെ 34 മത്സരങ്ങളില്‍ നിന്ന് ആറ് സെഞ്ചുറികളും 13 അര്‍ധസെഞ്ചുറികളും ഉള്‍പ്പെടെ 47.89 ശരാശരിയില്‍ 2,299 റണ്‍സാണ് സച്ചിന്‍ നേടിയത്. ഇതിനു വിപരീതമായി, 2020 മുതല്‍ കോഹ്ലിയുടെ ഹോം റെക്കോര്‍ഡ് 15 ടെസ്റ്റുകളില്‍ നിന്ന് 32.3 ശരാശരിയില്‍ 773 റണ്‍സ് മാത്രമാണ്. 2018-ലായിരുന്നു ടോപ്പ് റാങ്കില്‍ നില്‍ക്കുന്ന ഒരു രാജ്യത്തിനെതിരേ അദ്ദേഹം അവസാനമായി സെഞ്ച്വറി നേടുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ രണ്ട് ടെസ്റ്റ് സെഞ്ച്വറികള്‍ മാത്രമാണ് കോഹ്‌ലിക്കുള്ളത്.
തന്റെ വഴിയില്‍ വന്ന തടസങ്ങള്‍ തകര്‍ക്കാനുള്ള വഴികള്‍ സച്ചിന്‍ നിരന്തരം തേടിയിരുന്നു. അമ്പരപ്പിക്കുന്നകാര്യമെന്തെന്നാല്‍, കോഹ്ലി അതിന് ശ്രമിക്കുന്നില്ല. നാല് വര്‍ഷം മുമ്പ് അവന്റെ ആവനാഴിയില്‍ ഉണ്ടായിരുന്ന അതേ അസ്ത്രങ്ങള്‍ തന്നെയാണ് ഇന്നുമുള്ളത്. വിദേശ പിച്ചുകളില്‍ പേസര്‍മാര്‍ കോഹ്‌ലിയെ പ്രത്യേകമായി ലക്ഷ്യമിടുമ്പോള്‍, ഇന്ത്യന്‍ പിച്ചുകളില്‍ സ്പിന്നര്‍മാരോടാണ് അയാള്‍ പരാജയപ്പെടുന്നത്. ടെസ്റ്റില്‍ 69 തവണ കോലിയെ സ്പിന്നര്‍മാര്‍ പുറത്താക്കിയിട്ടുണ്ട്. എന്നാല്‍ 200 മത്സരങ്ങള്‍ കളിച്ച സച്ചിനെ 62 തവണ മാത്രമാണ് സ്പിന്നര്‍മാര്‍ക്ക് വീഴ്ത്താനായത്. കോഹ്ലിയും സച്ചിനും തമ്മിലുള്ള താരതമ്യത്തിന്റെ മറ്റൊരു വശം, അവര്‍ എങ്ങനെയാണ് ബൗളര്‍മാരാല്‍ കീഴടക്കപ്പെടുന്നത് എന്നിടത്താണ്. ആ പരാജയം അവരുടെ മുഖഭാവങ്ങളില്‍ നിന്നു ദൃശ്യമാണ്. മിച്ചല്‍ സാന്റ്നറിനു മുന്നില്‍ കീഴടങ്ങുമ്പോള്‍ കോഹ്ലിയുടെ മുഖത്ത് കാണാനാകുന്നത് നിസ്സഹായതയുടെ ഭാവമായിരുന്നു. മുമ്പ് അപ്രതീക്ഷിതമായി താഴ്ന്നു വരുന്ന പന്തുകളെയും അല്ലെങ്കില്‍ ഷോയിബ് അക്തറിന്റെ വേഗതയേയും അഭിമുഖീകരിക്കുമ്പോള്‍ സച്ചിന്റെ മുഖത്തും സമാനഭാവങ്ങള്‍ കാണാമായിരുന്നു.
വൈറ്റ് ബോളുകളില്‍ കോഹ്ലി വളരെ മികച്ചൊരു ബാറ്ററാണ്. ഹോബാര്‍ട്ട്, അഡ്ലെയ്ഡ്, ധാക്ക, മൊഹാലി തുടങ്ങിയ പിച്ചുകളില്‍ അദ്ദേഹം കളിച്ച ചില ഇന്നിംഗ്സുകള്‍ സ്മരണീയമാണ്. മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, കാഗിസോ റബാഡ, ട്രെന്റ് ബോള്‍ട്ട്, ആദം സാമ്പ, നഥാന്‍ ലിയോണ്‍ തുടങ്ങിയവര്‍, സച്ചിന്‍ തന്റെ കാലത്ത് നേരിട്ട അതികായന്മാരോട് തുല്യം നില്‍ക്കുന്നവരാണ്. 2023 ല്‍ 50 ഏകദിന സെഞ്ചുറികള്‍ നേടിയെന്നത് കോഹ്ലിയുടെ ശ്രദ്ധേയമായ നേട്ടമാണ്.
ലോക ക്രിക്കറ്റില്‍ സച്ചിനോട് താരതമ്യം ചെയ്യാന്‍ കഴിയുന്ന ഒരു കളിക്കാരന്‍ ബ്രയാന്‍ ലാറയായിരുന്നു. സച്ചിന്‍ എക്കാലത്തെയും മികച്ച ബാറ്ററാണെന്ന് കോഹ്ലി പോലും സമ്മതിച്ചിട്ടുള്ള കാര്യമാണ്.
പ്രായം 36-ലേക്ക് അടുക്കുമ്പോള്‍, തന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകള്‍ കളിക്കുകയായിരുന്നു സച്ചിന്‍. ചെന്നൈയില്‍ നടന്ന ടെസ്റ്റില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 387 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടരാന്‍ ഇന്ത്യയെ സഹായിച്ചത് സച്ചിന്‍ നേടിയ 103 റണ്‍സ് ആയിരുന്നു. അതുപോലെ ഹാമില്‍ട്ടണില്‍ നേടിയ 160 റണ്‍സ് നേടി, 33 വര്‍ഷത്തിന് ശേഷം ന്യൂസിലന്‍ഡില്‍ ഇന്ത്യയ്ക്ക് ആദ്യ ടെസ്റ്റ് വിജയം നേടിക്കൊടുത്തു. അടുത്ത പത്ത് മാസത്തിനുള്ളില്‍ ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലുമായി ഇന്ത്യ സുപ്രധാന ടെസ്റ്റ് പരമ്പരകള്‍ കളിക്കുന്നുണ്ട്. അവിടെ കോഹ്‌ലിക്ക് ഇപ്പോഴത്തെ വീഴ്ച്ചയില്‍ നിന്ന് എഴുന്നേറ്റേ മതിയാകൂ, അതിന് അദ്ദേഹം തന്നെ വിചാരിക്കുകയും വേണം.