July 12, 2025 |
Share on

അക്രമിയെ ആദ്യം കണ്ടത് ഏലിയാമ്മ, ആവശ്യപ്പെട്ടത് ഒരു കോടി

സെയ്ഫ്-കരീനമാരുടെ ഇളയ കുട്ടിയുടെ ആയ ഏലിയാമ്മ ഫിലിപ്പിന്റെ മൊഴി വിവരങ്ങള്‍

ഏകദേശം അരമണിക്കൂറോളം നീണ്ടു നിന്നിരുന്നു ആ ഭയാനകത. രാജ്യത്തെ ഏറ്റവും സുരക്ഷിതമായ ഇടങ്ങളിലൊന്ന് എന്ന് കരുതപ്പെട്ടിരുന്ന ബാന്ദ്രയിലെ, ഒരു സൂപ്പര്‍ താരത്തിന്റെ വസതിക്കുള്ളില്‍ കയറിക്കൂടിയ മോഷ്ടാവിന്, അത്രയും നേരം ആ സെലിബ്രിറ്റി കുടുംബത്തെ ഭീതിയിലാഴ്ത്താന്‍ കഴിഞ്ഞു.

പുലര്‍ച്ചെ രണ്ട് മണിക്കാണ് മോഷ്ടാവ് സെയ്ഫ്-കരീനമാരുടെ വീട്ടില്‍ കടന്നു കയറിയത്. അയാള്‍ ആദ്യം ചെല്ലുന്നത്, താരദമ്പതിമാരുടെ ഇളയ കുട്ടിയുടെ മുറിയിലേക്കാണ്. കുട്ടിയുടെ ആയയാണ് മോഷ്ടാവിനെ ആദ്യം കാണുന്നത്. അവരെ ഭയപ്പെടുത്തിയ മോഷ്ടാവ്, തനിക്കായി ആവശ്യപ്പെട്ടത് ഒരു കോടി രൂപയായിരുന്നു. സെയ്ഫിന്റെ നാല് വയസുകാരന്‍ മകന്‍ ജഹാംഗീറിന്റെ ആയയായ 56 കാരിയ ഏലിയാമ്മ ഫിലിപ്പിന്റെ മൊഴി പ്രകാരം എഫ് ഐ ആറില്‍ ചേര്‍ത്തിരിക്കുന്ന വിവരങ്ങളാണിത്.

സെയ്ഫിനും കൂട്ടര്‍ക്കും അക്രമിയെ ഒരു മുറിയില്‍ അകപ്പെടുത്താന്‍ കഴിഞ്ഞെങ്കിലും, അയാള്‍ അവിടെ നിന്നും രക്ഷപ്പെട്ടു. ആറാം നിലയിലെ ഫയര്‍ എക്‌സിറ്റ് ഗോവണിയില്‍ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയില്‍ 2.30 ഓടെ മോഷ്ടാവ് രക്ഷപ്പെട്ടു പോകുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഇതിനിടയില്‍ സെയ്ഫിനെയും ഒരു ജോലിക്കാരിയെയും അക്രമി കുത്തി പരിക്കേല്‍പ്പിച്ചിരുന്നു.

ഫ്‌ളാറ്റിന്റെ 11,12 നിലകളിലായാണ് ഖാന്‍ കുടുംബം താമസിച്ചിരുന്നത്. ഇതില്‍ 11 മത്തെ നിലയിലായിരുന്നു സംഭവങ്ങള്‍ നടന്നത്. ഇവിടെ മൊത്തം മൂന്നു മുറികളാണ്. ഇതിലൊന്ന് സെയ്ഫും കരീനയും ഉപയോഗിക്കുന്നു. മറ്റൊന്നില്‍ അവരുടെ എട്ടു വയസുകാരന്‍ മകന്‍ തിമൂറും, ആയ ഗീതയും, അടുത്ത മുറിയില്‍ ഇളയ മകന്‍ ജഹാംഗീറും, ഏലിയാമ്മ ഫിലിപ്പും മറ്റൊരു ആയയായ ജുനുവും. 11 മണിയോടെയാണ് ജഹാംഗീറിനെ ഉറക്കിയശേഷം താനും ജുനുവും അതേ മുറിയില്‍ തന്നെയാണ് ഉറങ്ങാന്‍ കിടന്നതെന്നു ഏലിയാമ്മയുടെ മൊഴിയില്‍ പറയുന്നുണ്ട്.

പുലര്‍ച്ചെ രണ്ട് മണിയോടെ എന്തോ ശബ്ദം കേട്ട് താന്‍ ഉണരുകയായിരുന്നുവെന്ന് ഏലിയാമ്മ പറയുന്നു. ഉണര്‍ന്നു നോക്കുമ്പോള്‍ കാണുന്നത്, മുറിയുടെ വാതില്‍ തുറന്നു കിടക്കുന്നു. ശുചി മുറിയില്‍ ലൈറ്റും തെളിഞ്ഞു കിടക്കുന്നു. കുഞ്ഞിനെ നോക്കാന്‍ കരീന വന്നതായിരിക്കാം എന്നാണ് ഏലിയാമ്മ ആദ്യം കരുതിയത്. പക്ഷേ, ഒരു സംശയം മനസില്‍ കയറിയതോടെ ഏലിയാമ്മ എഴുന്നേറ്റ് കട്ടിലില്‍ ഇരുന്നു. പെട്ടെന്നാണ് തലയില്‍ തൊപ്പി ധരിച്ചിട്ടുള്ളൊരു മനുഷ്യന്റെ നിഴല്‍ എലിയാമ്മയുടെ കണ്ണില്‍പ്പെട്ടത്. ‘ ഒരാള്‍ ശുചിമുറിയില്‍ നിന്നും നേരെ ജയ്ബാബയുടെ(ജഹാംഗീര്‍) ബെഡ്ഡിനു നേര്‍ക്കു നടന്നു വരുന്നു” എലിയാമ്മയുടെ മൊഴിയില്‍ പറയുന്നു.

‘ ഞാന്‍ പെട്ടെന്നു തന്നെ കുഞ്ഞിന്റെ അരികിലേക്ക് എത്തി. എന്നെ അയാള്‍ കണ്ടതോടെ, നിശബ്ദയാകാന്‍ ആംഗ്യം കാണിച്ചുകൊണ്ട്, ‘ മിണ്ടിപ്പോകരുത്’ എന്ന് പറഞ്ഞു. ജുനുവും എഴുന്നേറ്റു. അയാള്‍ ഞങ്ങളെ രണ്ടു പേരെയും ഭീഷണിപ്പെടുത്തി. ഒച്ചവച്ചാല്‍ ആരും ഈ മുറിയില്‍ നിന്നു പുറത്തു പോകില്ല, അയാള്‍ പറഞ്ഞു.

നിനക്കെന്താ വേണ്ടത്? ഞാന്‍ അയാളോട് ചോദിച്ചു. കാശ് വേണം, അതായിരുന്നു മറുപടി. എത്ര വേണം? ഒരു കോടി, അയാള്‍ പറഞ്ഞു.- ഏലിയാമ്മയുടെ മൊഴി.

ഈ സംഭാഷണത്തിന് ശേഷം, ഏലിയാമ്മ കുഞ്ഞിനെ എടുക്കാനായി ശ്രമിച്ചപ്പോള്‍, മോഷ്ടാവ് അവരുടെ അടുത്തേക്ക് വന്നു. ‘ അവന്‍ എന്റെ നേര്‍ക്കു വന്നു. അവന്റെ ഇടതു കൈയില്‍ ഒരു വടിയും വലതു കൈയില്‍ ഹെക്‌സ ബ്ലേഡ് പോലെ മൂര്‍ച്ഛയേറിയൊരു ആയുധവും ഉണ്ടായിരുന്നു. അവന്‍ എന്നെ ചീത്ത പറഞ്ഞുകൊണ്ട് ആക്രമിച്ചു. ഞാന്‍ അവനെ പ്രതിരോധിക്കാന്‍ ശ്രമിച്ചു. രണ്ടു കൈകളിലേയും വിരലുകള്‍ക്കും വലതു കൈത്തണ്ടയിലും എനിക്ക് മുറിവേറ്റു” ഏലിയാമ്മ പറയുന്നു.

ഇതിനിടയില്‍ അലാറം മുഴക്കിക്കൊണ്ട് ജുനു മുറിയില്‍ നിന്നും ഓടി രക്ഷപ്പെട്ടു. ഉടന്‍ തന്നെ സെയ്ഫും കരീനയും ഓടിയെത്തി. ‘ സെയ്ഫ് സാര്‍ മുറിയിലേക്ക് എത്തിയപ്പോള്‍, അയാള്‍ ഹെക്‌സ ബ്ലേഡ് ഉപയോഗിച്ച് കുത്തി. അതിനിടയില്‍ ബഹളം കേട്ട് ഗീതയും(തിമൂറിന്റെ ആയ) അവിടേയ്ക്ക് എത്തിയിരുന്നു. തടയാന്‍ ശ്രമിച്ചപ്പോള്‍ അക്രമി അവളെയും കുത്തി’.

സെയ്ഫും ഗീതയും ഒരുവിധത്തില്‍ അക്രമിയെ പ്രതിരോധിച്ചു. അക്രമിയെ ആ മുറിയില്‍ അകപ്പെടുത്തിയശേഷം, ബാക്കിയെല്ലാവരും മുറിക്കു പുറത്തു കടന്നു. പുറത്തു നിന്നും പൂട്ടിയ ശേഷം ഫ്‌ളാറ്റിന്റെ മുകളിലത്തെ നിലയിലേക്ക് എല്ലാവരും രക്ഷപ്പെട്ടു. ഈ സമയം കൊണ്ട് അവിടെയുണ്ടായിരുന്ന നാല് ജോലിക്കാര്‍ കൂടി ശബ്ദം കേട്ട് ഉണര്‍ന്നു. അവര്‍ അക്രമിയെ പൂട്ടിയിട്ടിരുന്ന മുറിയില്‍ എത്തുമ്പോഴേക്കും വാതില്‍ തുറന്നു കിടക്കുകയായിരുന്നു. അക്രമി അതിനകം രക്ഷപ്പെട്ടിരുന്നു’ ഏലിയാമ്മയുടെ മൊഴി ഉദ്ധരിക്കുന്ന എഫ് ഐ ആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇതിനുശേഷമാണ് സെയ്ഫിനും ഗീതയ്ക്കും ഏറ്റിരിക്കുന്ന മുറിവുകളെക്കുറിച്ച് എല്ലാവരും ശ്രദ്ധിക്കുന്നത്. സെയ്ഫിന്റെ കഴുത്തിലും, പുറത്തും കൈയിലും കുത്തേറ്റിരുന്നു. ഗീതയുടെ മുഖത്തും കൈത്തണ്ടയിലുമാണ് പരിക്ക്.

30-35 നും ഇടയില്‍ പ്രായം വരുന്ന, കറുത്ത പാന്റും, ഷര്‍ട്ടും തൊപ്പിയും ധരിച്ചിരുന്നൊരാളായിരുന്നു മോഷ്ടാവ് എന്ന് ഏലിയാമ്മ മൊഴി നല്‍കിയിരുന്നു. അക്രമിയെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ പിടികൂടാനുള്ള തീവ്രശ്രമത്തിലാണ്.

അതേസമയം, ഖാന്റെ ബാന്ദ്രയിലെ വസതിയിലെ ഒരു വീട്ടുജോലിക്കാരിയുമായി അക്രമിക്കു മുന്‍പരിചയമുണ്ടായിരുന്നുവെന്ന സംശയത്തിലാണ് പൊലീസ്. ഇവരെ ചോദ്യം ചെയ്യുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. മോഷ്ടാവിന് അകത്തു കയറാന്‍ ജോലിക്കാരി സഹായം ചെയ്തിരിക്കാമെന്നാണ് അന്വേഷണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞത്. പിന്നീട് നടന്ന കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥന്‍ പറയുന്നു. ‘ജോലിക്കാരിയാകാം അവനെ അകത്ത് കടക്കാന്‍ സഹായിച്ചത്. പിന്നീട് ചില കാരണങ്ങളാല്‍ ഒരു വഴക്ക് അവര്‍ക്കിടയില്‍ നടന്നതായും ഞങ്ങള്‍ സംശയിക്കുന്നു. പ്രതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ ലോക്കല്‍ പോലീസ് അവളെ ചോദ്യം ചെയ്തുവരികയാണ്. പ്രതിയെ കണ്ടെത്താന്‍ പൊലീസ് ഏഴ് സംഘങ്ങളായി തിരിഞ്ഞ് പ്രവര്‍ത്തിക്കുകയാണ്” ഉദ്യോഗസ്ഥന്‍ പറയുന്നു.  Saif Ali Khan stabbed case fir details 

Content Summary; Saif Ali Khan stabbed case fir details

Leave a Reply

Your email address will not be published. Required fields are marked *

×