ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് വീടിനുള്ളില്‍ വച്ച് കുത്തേറ്റു. സെയഫിന്റെയും കരീനയുടെയും മുംബൈയിലെ ബാന്ദ്ര വെസ്റ്റിലുള്ള വസതിയില്‍ വച്ചാണ് ആക്രമിക്കപ്പെട്ടത്. മോഷണശ്രമത്തിനിടയിലാണ് സെയ്ഫിനെ കുത്തിയതെന്നാണ് വിവരം.
വ്യാഴാഴ്ച്ച പുലര്‍ച്ചെ 2.30 ഓടെയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. താരവും കുടുംബാംഗങ്ങളും ഉറക്കത്തിലായിരുന്നു. മോഷ്ടാക്കള്‍ സെയ്ഫിനെ ആക്രമിച്ചശേഷം രക്ഷപ്പെട്ടു. അവരെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ബാന്ദ്ര പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിവിധ ടീമുകളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
സെയ്ഫ് അലിഖാനെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. അദ്ദേഹം ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. മോഷ്ടാക്കളുമായുള്ള സംഘര്‍ഷത്തില്‍ കുത്തേറ്റതാണോ, അതോ പരിക്കേറ്റതാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഇക്കാര്യത്തില്‍ തങ്ങളുടെ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. മുംബൈ ക്രൈംബ്രാഞ്ചും കേസില്‍ സമാന്തര അന്വേഷണം നടത്തുന്നുണ്ട്.
പുലര്‍ച്ചെ മൂന്നരയോടെയാണ് സെയ്ഫിനെ ആശുപത്രിയില്‍ എത്തിച്ചതെന്നാണ് ലീലാവതി ഹോസ്പിറ്റല്‍ സിഒഒ ഡോ. നീരജ് ഉത്തമാനി മാധ്യമങ്ങളോട് പ്രതികരിച്ചത്. ആറ് കുത്തുകളേറ്റിട്ടുണ്ട്, അതില്‍ രണ്ടെണ്ണം ആഴത്തിലുള്ളതാണെന്നും ഡോക്ടര്‍ പറയുന്നു. ന്യൂറോസര്‍ജന്‍ ഡോ. നിതിന്‍ ഡാംഗേയുടെ നേതൃത്വത്തില്‍ സെയ്ഫിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കോസ്മറ്റിക് സര്‍ജന്‍ ലീന ജെയ്ന്‍, അനസ്‌ത്യേഷ വിദഗ്ധ നിഷ ഗാന്ധി എന്നിവരും ശസ്ത്രക്രിയ്‌ക്കൊപ്പം ഉണ്ടായിരുന്നു. പരിക്കിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് പിന്നീടെ വിശദീകരിക്കാന്‍ കഴിയൂ എന്നാണ് ഡോ. നീരജ് പറയുന്നത്. സെയ്ഫിന്റെ കഴുത്തിലും പരിക്കേറ്റിട്ടുണ്ടെന്നു ഡോ. നീരജ് പറഞ്ഞു. പുലര്‍ച്ചെ അഞ്ചരയ്ക്കാണ് ശസ്ത്രിക്രിയ ആരംഭിച്ചത്. സെയ്ഫിന്റെ കുടുംബാംഗങ്ങള്‍ എല്ലാവരും ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. Bollywood actor Saif Ali Khan was injured after a robber barged in his Mumbai Bandra house.
Content Summary; Bollywood actor Saif Ali Khan was injured after a robber barged in his Bandra house.