June 04, 2026 |
Share on

മുന്‍കൂര്‍ നികുതി അടയ്ക്കുന്നവരുടെ ബോളിവുഡ് പട്ടികയില്‍ ഇക്കൊല്ലവും സല്‍മാന്‍ ഖാന്‍ ഒന്നാമത്; അടച്ചത് 44.5 കോടി

നൂറു കോടിയില്‍ തിളങ്ങി നില്‍ക്കുന്ന മലയാള സിനിമയിലെ താരങ്ങള്‍ എന്നാണ് ഇത്തരം പട്ടികളില്‍ ഇടംപിടിക്കുക?

മുന്‍കൂര്‍ നികുതി അടയ്ക്കുന്ന ബോളിവുഡ് പ്രശസ്തരുടെ പട്ടികയില്‍ ഇക്കൊല്ലവും സല്‍മാന്‍ ഖാന്‍ ഒന്നാം സ്ഥാനം നിലനിറുത്തി. 2016-17 സാമ്പത്തികവര്‍ഷത്തിലേക്കുള്ള നികുതി മുന്‍കൂട്ടി അടച്ച ആദ്യത്തെ പത്തുപേരില്‍ ഹാസ്യതാരം കപില്‍ ശര്‍മ്മ, നിര്‍മ്മാതാവും സംവിധായകനുമായ കരണ്‍ ജോഹര്‍, നടി ആലിയ ഭട്ട് എന്നിവര്‍ പുതുതായി ഇടംപിടിച്ചു. 44.5 കോടി രൂപയാണ് സല്‍മാന്‍ ഖാന്‍ നികുതിയായി അടച്ചത്.

കഴിഞ്ഞ വര്‍ഷം 32 കോടി രൂപ നികുതി അടച്ച് സല്‍മാന്‍ മാതൃകയായിരുന്നു. കഴിഞ്ഞ വര്‍ഷം പ്രദര്‍ശനത്തിനെത്തിയ അദ്ദേഹത്തിന്റെ സുല്‍ത്താന്‍ എന്ന സിനിമ ബോളിവുഡിലെ എക്കാലത്തേയും വലിയ ഹിറ്റുകളില്‍ ഒന്നായാണ്  വിശേഷിപ്പിക്കപ്പെടുന്നത്. ആഗോളതലത്തില്‍ 500 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്.  29.5 കോടി രൂപ നികുതി അടച്ച അക്ഷയ് കുമാറാണ് ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം അക്ഷയ് കുമാര്‍ 30 കോടി രൂപ നികുതി അടച്ചിരുന്നു.

കപില്‍ ശര്‍മ്മ 23.9 കോടി രൂപയും കരണ്‍ ജോഹര്‍ 11.7 കോടി രൂപയും മുന്‍കൂറായി നികുതി അടച്ചു. ഒരു സാമ്പത്തികവര്‍ഷത്തില്‍ നികുതി ബാധ്യത 10,000 ത്തില്‍ കൂടുതല്‍ വരുമെന്ന് കണക്കാക്കപ്പെടുന്ന വ്യക്തികള്‍ അടയ്ക്കുന്ന നികുതിക്കാണ് മുന്‍കൂര്‍ നികുതി എന്ന് പറയുന്നത്. സ്രോതസ്സില്‍ ഈടാക്കപ്പെടുന്ന നികുതി ഒഴിവാക്കിക്കൊണ്ടുള്ള വരുമാനത്തില്‍ നിന്നാണ് ഇത് കണക്കാക്കുന്നത്. ലഭിക്കുമെന്ന് ഉറപ്പുള്ള വരുമാനത്തിനുമേലുള്ള നികുതിയുടെ 30 ശതമാനം സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലും അടുത്ത രണ്ടു പാദങ്ങളിലായി യഥാക്രമം മുപ്പതും നാല്‍പ്പതും ശതമാനവും അടയ്ക്കണമെന്നാണ് ആദായനികുതി ചട്ടം അനുശാസിക്കുന്നത്.

മറ്റ് പ്രമുഖ നടന്മാരില്‍ ഹൃത്വിക് റോഷന്‍ 25.5 കോടിയും രണ്‍ബീര്‍ കപൂര്‍ 16.5 കോടിയും മുന്‍കൂര്‍ നികുതിയായി അടച്ചിട്ടുണ്ട്. നടിമാരില്‍ ദീപിക പദുക്കോണ്‍ 10.25 കോടിയും ആലിയ ഭട്ട് 4.33 കോടിയും കരീന കപൂര്‍ 3.9 കോടിയും മുന്‍കൂര്‍ നികുതിയായി ഒടുക്കിയിട്ടുണ്ട്. നൂറു കോടിയില്‍ തിളങ്ങി നില്‍ക്കുന്ന മലയാള സിനിമയിലെ താരങ്ങള്‍ എന്നാണ് ഇത്തരം പട്ടികളില്‍ ഇടംപിടിക്കുന്നത് എന്നതാണ് കൗതുകരമായ ചോദ്യം.

Leave a Reply

Your email address will not be published. Required fields are marked *

×