മോഹന്‍ലാല്‍ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ റിലീസായി മണിക്കൂറുകള്‍ക്കകം തന്നെ വര്‍ഗീയ പ്രചാരണവുമായി സംഘപരിവാര്‍ രംഗത്ത്. സിനിമയുടെ പ്രമേയത്തില്‍ കടന്നുവന്ന ഗുജറാത്ത് കലാപമാണ് സംഘപരിവാര്‍ ഗ്രൂപ്പുകളെ ചൊടിപ്പിച്ചിരിക്കുന്നത്.
ഗോധ്ര കലാപവും സംഘപരിവാര്‍ രാഷ്ട്രീയവും വ്യക്തമാക്കിയ ചിത്രത്തിനെതിരെ സംഘപരിവാര്‍ അനുകൂല നേതാക്കളും രംഗത്ത് വന്നു കഴിഞ്ഞു. ‘വാരിയംകുന്നനായി എമ്പുരാന്‍ – ഉപമയോ ഉല്‍പ്രേക്ഷയോ’ എന്നാണ് ആര്‍എസ്എസിന്റെ മുതിര്‍ന്ന നേതാവ് ജെ നന്ദകുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്. ഇതിന് താഴെയായി സെന്‍സര്‍ ബോര്‍ഡില്‍ ബിജെപി പ്രവര്‍ത്തകരാരും ഇല്ലേയെന്നാണ് സംഘപരിവാര്‍ അനുഭാവികള്‍ ചോദിക്കുന്നത്. ബിജെപി പ്രവര്‍ത്തക ലസിത പാലയ്ക്കലാകട്ടെ പൃഥ്വിരാജിനെതിരെ കടുത്തഭാഷയിലാണ് പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിനെതിരെ സംഘപരിവാറിന്റെ നേതൃത്വത്തില്‍ വ്യാപകമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.
ചിത്രം തിയേറ്ററുകളില്‍ എത്തിയതിന് പിന്നാലെ ‘താങ്ക്യൂ ഓള്‍’ എന്ന പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് സൈബര്‍ ആക്രമണം ശക്തമായിരിക്കുന്നത്. “എന്തിനാ താങ്ക്യൂ? ലൂസിഫറിന്റെ വില കളഞ്ഞു. വില കുറഞ്ഞ രാഷ്ട്രീയം പറയണമെങ്കില്‍ ഫേസ്ബുക്കില്‍ എഴുതി ഒരു പോസ്റ്റ് ഇട്ടാല്‍ പോരായിരുന്നോ? എന്തിനാണ് ആന്റണിയുടെയും ലൈക്കയുടെയും ഗോകുലത്തിന്റെയും കാശ് നശിപ്പിച്ചത്?” എന്നും വിമര്‍ശിക്കുന്നവരുമുണ്ട്. കൂടാതെ ഓണ്‍ലൈന്‍ ബുക്ക് ചെയ്തവര്‍ അസത്യപ്രചരണങ്ങള്‍ക്ക് എതിരെ എന്നുപറഞ്ഞ് ഷോ ക്യാന്‍സല്‍ ചെയ്യുന്നുമുണ്ട്.
എന്നാല്‍ പൃഥിരാജിന് കൈയടികളുമായും ആരാധകര്‍ പോസ്റ്റിന് താഴെ നിറഞ്ഞിട്ടുണ്ട്. “സംഘപരിവാര്‍ മതവര്‍ഗീയ രാഷ്ട്രീയത്തെ തുറന്ന് കാണിക്കുന്ന ഒരു സിനിമയെടുക്കാന്‍ ധൈര്യം കാണിച്ച പൃഥ്വിരാജിനും ആന്റണി പെരുമ്പാവൂരിനും മതനിരപേക്ഷ കേരളത്തിന്റെ ആശംസകള്‍…”
2002 ല്‍ ഇന്ത്യയെ പിടിച്ചുകുലുക്കിയ മുസ്ലീം വംശഹത്യയെയും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും സിനിമ വ്യക്തമായി കാണിച്ചുതരുന്നു. ഫാസിസം കുഴിച്ചുമൂടാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് സിനിമ മറനീക്കി കൊണ്ടുവരുന്നതെന്നും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പുകളില്‍ പറയുന്നു.
ഹിന്ദുത്വ ഭീകരതയും, അതിലൂടെ വളര്‍ന്നുവരുന്ന ദേശീയപാര്‍ട്ടിയും, കേരളത്തിലേക്ക് കടന്നുകയറാന്‍ അവര്‍ നടത്തുന്ന ശ്രമങ്ങളും, എതിര്‍ക്കുന്നവര്‍ക്ക് നേരെ പ്രയോഗിക്കുന്ന ഫാസിസ്റ്റ് നീക്കങ്ങളുമെല്ലാം ഇന്നത്തെ ഇന്ത്യയുടെ സ്ഥിതിയെ ഓര്‍മിപ്പിക്കുന്നുവെന്നാണ് പലരും കമന്റിലൂടെ ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം, വിവാദങ്ങള്‍ ഉടലെടുക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പേ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മോഹന്‍ലാല്‍-പൃഥ്വിരാജ് ടീമിന് ആശംസകള്‍ നേര്‍ന്നതിനോടൊപ്പം വരും ദിവസങ്ങളില്‍ എമ്പുരാന്‍ കാണുമെന്നും ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. എന്നാല്‍ ഈ പോസ്റ്റിന് താഴെയും സംഘപരിവാര്‍ അനുകൂലികള്‍ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്
എന്നാല്‍, ചിത്രം ഇറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വ്യാജപതിപ്പും പ്രചരിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഫില്‍മിസില്ല, മൂവിരുലെസ്, തമിഴ് റോക്കേഴ്‌സ് എന്നിവയുടെ വെബ്‌സൈറ്റുകളിലും ടെലഗ്രാമിലും സിനിമ ലഭ്യമായതായാണ് വിവരം. എന്നാല്‍ വ്യാജപതിപ്പുകള്‍ പ്രചരിക്കുന്നത് തടയാന്‍ നിയമനടപടികള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.
ശ്രീ ഗോകുലം മൂവീസ്, ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ഗോകുലം ഗോപാലന്‍, ആന്റണി പെരുമ്പാവൂര്‍, സുഭാസ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്‌ലിന്‍, ബൈജു , സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ ഇയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി മേനോന്‍, ശിവദ, അലക്‌സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ്മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് എന്നിവരാണ് മറ്റു താരങ്ങള്‍.
അഡ്വാന്‍സ് ബുക്കിങ്ങിലൂടെ ആദ്യ ദിനം തന്നെ ‘എമ്പുരാന്‍’ 50 കോടി ക്ലബിലെത്തിയിരുന്നു. ഇതാദ്യമായാണ് ഒരു മലയാള ചിത്രം ഈ നേട്ടം സ്വന്തമാക്കുന്നത്. 2019ല്‍ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. മൂന്നാം ഭാഗത്തിന്റെ സൂചന നല്‍കി കൊണ്ടാണ് ചിത്രം അവസാനിക്കുന്നത്. sangh parivar against social media on empuran movie
Content Summary: sangh parivar against social media on empuraan movie