June 05, 2026 |
Share on

നിരോധിക്കപ്പെട്ട ഗാന്ധി

‘ഗാന്ധി’ വൈകാനുള്ള പ്രധാന കാരണം ‘നയന്‍ ഹവേഴ്‌സ് ടു രാമ’ എന്ന ചിത്രവുമായി സര്‍ക്കാരിനുണ്ടായ പ്രശ്‌നങ്ങളാണ്

ഗാന്ധിവധ ഗൂഢാലോചനയില്‍ പ്രതിയായ ഡോക്ടര്‍ പാര്‍ച്ചുറെ ജയില്‍ മോചിതനായി പുറത്തുവന്നപ്പോള്‍, പ്രശസ്ത പത്രപ്രവര്‍ത്തകനായ ഇയാന്‍ ജാക്കിന് നല്‍കിയ അഭിമുഖത്തില്‍ ഗോഡ്‌സെയെ മഹാത്മാവായാണ് ചിത്രീകരിക്കുന്നത്. ഗാന്ധിയല്ല, ഗാന്ധിയെ കൊന്ന ഗോഡ്‌സെയാണ് മഹാത്മാവ് എന്ന് ഡോ : പാര്‍ച്ചുറെ പറയുന്നു. പ്രസ്തുത അഭിമുഖത്തിന് ഇയാന്‍ ജാക്ക് നല്‍കിയ ടൈറ്റില്‍ പാര്‍ച്ചുറെ ഗോഡ്സെയെ വിശേഷിപ്പിച്ച വാചകമാണ്. ‘എ മഹാത്മ ഹൂ കില്‍ഡ് ഗാന്ധി’ sangh parivar glorifies Gandhi’s assassination

കൊലയാളിയെ വെള്ളപൂശാന്‍ വധത്തിന് കൂട്ടുനിന്നവര്‍ മാത്രമല്ല, ഫാസിസത്തിന് എന്നും വെള്ളവും വളവും നല്‍കിയ മൂലധന ശക്തികളും ശ്രമിച്ചിട്ടുണ്ട്. ഗോഡ്‌സെയെ മഹത്വവല്‍ക്കരിക്കുന്ന സിനിമകള്‍ ഉണ്ടായതങ്ങനെയാണ്. നയന്‍ അവേഴ്‌സ് ടു രാമ എന്ന ചലച്ചിത്രം അതിനുദാഹരണമാണ്. ഗാന്ധിയെ വെടിവെച്ചതിനുശേഷം പശ്ചാത്താപത്താല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്ന ഗോഡ്‌സെയെ ഈ ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ കാണാം. പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തതിന് ശേഷം നെഹ്‌റു, ഹോളിവുഡ് ഡയറക്ടര്‍ മാര്‍ക്ക് റോബ്‌സണ്‍ സംവിധാനം ചെയ്ത ഈ ചിത്രം ഇന്ത്യയില്‍ നിരോധിച്ചു. ഗാന്ധിവധത്തെ അപനിര്‍മ്മിച്ച ഈ ചിത്രം 1963 ലാണ് പുറത്തിറങ്ങിയത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ‘ഇന്ത്യയുടെ വെളിച്ചം കെടുത്തിയ’ ഒരു ചരിത്ര സന്ദര്‍ഭത്തെ കുറ്റകരമാംവിധം വക്രീകരിക്കുന്നത് ബോധമലിനീകരണം അല്ലാതെ മറ്റൊന്നുമായിരുന്നില്ല. ചരിത്രത്തെ വളച്ചൊടിക്കുന്ന പ്രവണതയാണ് ഫാസിസ്റ്റുകള്‍ ഇന്ത്യയില്‍ ഇന്നും ചെയ്തുകൊണ്ടിരിക്കുന്നത്.

Nine hours to rama book

ഒരുവശത്ത് ഗാന്ധിയുടെ ലഗസിയെ ഹൈജാക്ക് ചെയ്യുമ്പോള്‍ മറുവശത്ത് ഗാന്ധിയെ കരിപൂശാന്‍ ഉള്ള സോഷ്യല്‍ എന്‍ജിനീയറിങ്ങില്‍ ഏര്‍പ്പെടുന്നു. വലതുപക്ഷ വാദികള്‍ക്ക് എപ്പോഴും സമൂഹത്തില്‍ പാപബോധം നിലനിര്‍ത്താനുള്ള ത്വര ഉണ്ടാവും. മിനിമം ദൈവത്തെയെങ്കിലും പേടിക്കുന്നവര്‍ ഉണ്ടെങ്കിലേ അവരുടെ പ്രത്യയശാസ്ത്ര വളര്‍ച്ചയ്ക്ക് അത് ആക്കം കൂട്ടുകയുള്ളൂ എന്നവര്‍ക്ക് നന്നായി അറിയാം. അതിനാല്‍ പാപബോധമുള്ള മനുഷ്യരെ സൃഷ്ടിക്കല്‍ അവരുടെ അജണ്ടയാണ്. എല്‍ജിബിടിക്യു വിഭാഗത്തില്‍ പെട്ടവര്‍ മനുഷ്യരല്ല എന്ന സങ്കല്പം ഇക്കൂട്ടരുടെ ഇടയില്‍ പ്രബലമാണ്. ഈ ആശയം ഉള്ളിലുള്ളത് കൊണ്ടാവണം, ഗാന്ധിക്കൊപ്പം നിന്ന് ടോള്‍സ്റ്റോയ് ഫാം യാഥാര്‍ത്ഥ്യമാക്കിയ ഹെര്‍മന്‍ കല്ലന്‍ബാഷ്, ഗാന്ധിയുടെ സ്വവര്‍ഗ പങ്കാളി ആയിരുന്നു എന്ന് വാട്‌സപ്പ് യൂണിവേഴ്‌സിറ്റി വഴി പ്രചരിപ്പിക്കുന്നത്… ന്യൂയോര്‍ക്ക് ടൈംസ്’ എന്ന ഇംഗ്ലീഷ് ദിനപത്രത്തിന്റെ മുന്‍ എക്സിക്യൂട്ടീവ് എഡിറ്ററും പുലിറ്റ്സര്‍ സമ്മാനജേതാവുമായ ജോസഫ് ലെലിവെല്‍ഡ് (joseph Lelyveld) രചിച്ച ‘ഗ്രേറ്റ് സോള്‍: മഹാത്മാഗാന്ധി ആന്‍ഡ് ഹിസ് സ്ട്രഗിള്‍ വിത്ത് ഇന്ത്യ’ എന്ന പുസ്തകത്തില്‍ ഈ കാര്യം വിശദീകരിച്ചിട്ടുണ്ടെന്ന മട്ടിലാണ് പ്രചാരണം. ഈ പുസ്തകം നിലവില്‍ ഇന്ത്യയില്‍ ലഭ്യമല്ല. ഗാന്ധിവധം പ്രമേയമാക്കി സ്റ്റാന്‍ലി വോള്‍പര്‍ട് ( Stanley Wolpert) എഴുതിയ നോവലാണ് നയന്‍ അവേഴ്‌സ് ടു രാമ. ഗാന്ധി കൊല്ലപ്പെടുന്നതിനു മുമ്പുള്ള ഒമ്പതുമണിക്കൂറാണ് നോവലിന്റെ പ്രമേയം. ഗോഡ്‌സെയുടെ സങ്കല്‍പ്പിക കുട്ടിക്കാലവും ഫ്‌ലാഷ് ബാക്കില്‍ വരുന്നുണ്ട്. ഗോഡ്‌സെയും കൂട്ടാളിയായ നാരായണ്‍ ആപ്‌തെയുമാണ് പ്രധാന കഥാപാത്രങ്ങളായി വരുന്നത്. ഗാന്ധിവധത്തില്‍ പങ്കാളികളായ മറ്റു പ്രതികളെ സാങ്കല്പിക കഥാപാത്രങ്ങളായാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ചരിത്രകാരന്‍ കൂടിയായ നോവലിസ്റ്റ് ഇന്ത്യ കണ്ട ഏറ്റവും ഭീകരമായ ഒരു കൊലപാതകത്തെനിസ്സാരവല്‍ക്കരിച്ച് കൊണ്ടാണ് ഈ നോവല്‍ സൃഷ്ടിച്ചത്. ലണ്ടനില്‍ പുറത്തിറങ്ങി ഏതാനും മാസങ്ങള്‍ക്കകം തന്നെ ഈ പുസ്തകം ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധിച്ചു. കൈവശം വയ്ക്കുന്നതും വാങ്ങുന്നതും ഇറക്കുമതി ചെയ്തു വില്‍ക്കുന്നതും നിരോധിച്ചിരുന്നു. നോവലില്‍ ഗോഡ്‌സെയെ മഹത്വവല്‍ക്കരിച്ചു കൊണ്ടാണ് ചിത്രീകരിച്ചിരുന്നത്. മാത്രമല്ല ചില വിഭാഗങ്ങളുടെ വികാരങ്ങള്‍ വ്രണപ്പെടുത്തുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ നോവലില്‍ ഉണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു. പുസ്തകത്തിന്റെ നിരോധനത്തെ കുറിച്ചുള്ള വാര്‍ത്ത ടൈംസ് ഓഫ് ഇന്ത്യ വലിയ പ്രാമുഖ്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്. (Novel Banned, TOI, Sep.7 1962, p.5)

ഗാന്ധിവധത്തിന്റെ പേരില്‍ തൂക്കിലേറ്റപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദികളെ വെള്ള പൂശുന്ന പ്രതിചരിത്രം ആയിരുന്നു ഈ നോവല്‍. ഗോഡ്‌സെയുടെ ജീവിതത്തിന്റെ ഒമ്പതുമണിക്കൂറാണ്, ഗാന്ധിയുടെ ജീവിതത്തിലെ ഒമ്പത് മണിക്കൂറായി ചിത്രീകരിച്ചത്. ഗാന്ധി എന്തിനാണ് നിലകൊണ്ടത് എന്നതുപോലും കണക്കിലെടുക്കാതെ എഴുതിയ കൃതി. ഈ പുസ്തകത്തിന്റെ നിരോധനത്തിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ചരിത്രത്തിന്റെ നൈതികത ഇല്ലാത്ത ഒന്നിനെ മൂല്യബോധമുള്ള സമൂഹവും രാഷ്ട്രീയ ജാഗ്രതയുള്ള ഭരണകര്‍ത്താക്കളും അംഗീകരിച്ചു കൊടുക്കുകയില്ല. ബോധമലിനീകരണം സ്റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് പരിപാടിയായി മാറിയ ഇന്ത്യയില്‍, ഈ പുസ്തകം നിലവില്‍ ഉണ്ടായിരുന്നുവെങ്കില്‍ അത് എത്തരത്തില്‍ ആവും പ്രചരിപ്പിക്കപ്പെടുക എന്നുള്ളത് ഊഹിക്കാവുന്നതേയുള്ളൂ. നുണകളെ ചരിത്രമായി പ്രതിഷ്ഠിക്കുന്നവര്‍ ഈ പുസ്തകത്തിലെ ഭാവനയെ / പ്രതിചരിത്രത്തെ വധത്തിന്റെ എഫ്‌ഐആര്‍ പോലെ പ്രചരിപ്പിച്ചേനെ. നെഹ്‌റൂവിയന്‍ കാലഘട്ടം ഫാസിസത്തിന്റെ വരവ് മുന്‍കൂട്ടി കണ്ടുകൊണ്ടാണ് ഇത്തരം സാംസ്‌കാരിക ഇടപെടല്‍ നടത്തിയത്. സര്‍ഗാത്മക ഇടപെടല്‍ പോലും ഇന്ത്യയില്‍ രാഷ്ട്രീയ ജാഗ്രതയോടെ ചെയ്യേണ്ട ഒരു സംഗതിയായി മാറിയിട്ടുണ്ട്. ഭാവനയെ നുണകളാക്കി മാറ്റാനും നുണകളെ ചരിത്രമായി പ്രതിഷ്ഠിക്കാനും ഫാസിസം വെമ്പല്‍ കൊള്ളുന്ന ഒരു സത്യാനന്തരകാലത്ത് ‘നയന്‍ അവേഴ്‌സ് ടു രാമ’ വായിക്കപ്പെടേണ്ട ഒന്നല്ല. ഈ കെട്ടകാലത്ത് എന്തു വായിക്കണം എന്നുള്ളതും വളരെ പ്രധാനമാണ്. ഈ അറിവുള്ള എഴുത്തുകാരും വായനക്കാരും ആണ് ചരിത്രത്തെ മുന്നോട്ടു നയിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നത്. കേശവദേവ് അങ്ങനെ ഒരു ആളായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം തലശ്ശേരിയില്‍ രാമായണം കത്തിച്ചത്. ചിലത് ചാരമാകുമ്പോഴാണ് ചരിത്രമാകുന്നത്.

ഫാസിസത്തിന്റെ ഫോസിലുകള്‍ പോലും ഭാവിയെ ഇരുട്ടില്‍ ആക്കും. ഈ അറിവുള്ളവര്‍ പ്രതിലോമകരമായ സര്‍ഗാവിഷ്‌കാരങ്ങളെ നിരോധിക്കുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല. അത് ചരിത്രം ആവശ്യപ്പെടുന്ന ഒരു പ്രവര്‍ത്തിയാണ്. വിഷം കലക്കുന്നതിനേയും വിഷത്തെയും ഇല്ലാതാക്കുന്ന ഒരു സാമൂഹ്യ പ്രവര്‍ത്തി. സാഹിത്യം ഭാവിയെ നിര്‍മ്മിക്കാനുള്ള ഒരു പദ്ധതിയാണെന്ന് വിശ്വസിക്കുന്ന ഒരു സമൂഹത്തിനും ജനകീയഭരണകൂടത്തിനും ഇങ്ങനെയല്ലാതെ പ്രവര്‍ത്തിക്കാന്‍ പറ്റില്ല. നിരോധനത്തിന് ജനാധിപത്യ മര്യാദ കൈവരുന്നത് യുക്തി പ്രവര്‍ത്തിക്കുമ്പോഴാണ്. നെഹ്‌റൂവിയന്‍ കാലഘട്ടത്തില്‍ അത്തരം യുക്തികള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ‘നയന്‍ ഹവേഴ്സ് ടു രാമ’ നിരോധിക്കാന്‍ ഇടയാക്കിയത് അത്തരം ഒരു യുക്തിയാണ്.

ഹോളിവുഡിലെ സംവിധായകനായ മാര്‍ക്ക് റോബ്‌സണ്‍ ( Mark Robson ) എഴുത്തുകാരന്‍ ഈ പുസ്തകം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ റൈറ്റ്‌സ് മുഴുവന്‍ വാങ്ങിയിരുന്നു. പുസ്തകത്തിന്റെ അവസാന ഭാഗം പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ളപ്പോഴാണ് കരാറില്‍ ഏര്‍പ്പെട്ടത്. ആ സമയത്ത് പുസ്തകത്തിന് പേരിടാന്‍ ഉദ്ദേശിച്ചിരുന്നത് ഡേ ഓഫ് ഡാര്‍ക്ക്‌നസ് എന്നായിരുന്നു. പുസ്തകം ഇന്ത്യയില്‍ നിരോധിക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്ന് സംവിധായകന്‍ തിരക്കഥയുടെ 50 പേജ് സമര്‍പ്പിച്ച് ഇന്ത്യയില്‍ ചിത്രീകരിക്കാന്‍ അനുവാദം നേടിയിരുന്നു. പക്ഷേ സര്‍ക്കാരിന് സമര്‍പ്പിച്ച സ്‌ക്രിപ്റ്റില്‍ ഉള്ളതല്ല സിനിമയില്‍ വന്നത്. (Last Nine Hours of Gandhiji, P. G. Krishnayya, TOI, Oct 28 1962, p.10). തിരക്കഥയില്‍ നിന്ന് ഉള്ള വ്യതിചലനം ചരിത്രത്തില്‍ നിന്നുള്ള വ്യതിചലനമായി. സത്യത്തില്‍ നിന്ന് നുണയിലേക്കുള്ള ഷിഫ്റ്റ് എന്നും പറയാം. സംവിധായകന്‍ ധാരണ തെറ്റിച്ചു. കമ്പോള കലയ്ക്ക് മുന്‍തൂക്കം കൊടുക്കുന്ന ഹോളിവുഡ് നിര്‍മ്മാതാക്കള്‍ക്ക് യഥാര്‍ത്ഥ ചരിത്ര മൂല്യത്തെ തിരിച്ചറിയാനായില്ല. പ്രസിഡന്റ് എസ് രാധാകൃഷ്ണന്‍ മുമ്പേ സിനിമ കണ്ട് പ്രദര്‍ശനയോഗ്യമല്ല എന്ന് അഭിപ്രായപ്പെട്ടിരുന്നു. ഊതിപ്പെരുപ്പിച്ച ദേശീയ അഹംബോധമോ വ്യാജ ദേശീയതയോ രാഷ്ട്രീയ അപക്വതയോ അല്ല, ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള വിലക്ക് എന്ന് തോന്നാവുന്ന ഈ നിരോധനത്തെ കാണേണ്ടത്. നമ്മുടെ രാജ്യം അനുഭവിച്ച മുറിവിന്റെ വേദനയെ, നാം ഒഴുക്കിയ രക്തത്തെ, അന്യരുടെ സംഗീതമാക്കാന്‍ അനുവദിക്കുന്നത് നാം നമ്മുടെ ദേശീയതയോട് ചെയ്യുന്ന അനീതിയാണ്. ഈ തിരിച്ചറിവ് നിരോധനമായി മാറി എന്നേയുള്ളൂ. ഭാവി ചരിത്രം ഈ തീരുമാനത്തെ ശരിവെക്കുന്നു. കാവ്യനീതി പ്രവര്‍ത്തിച്ചതു കൊണ്ടാവണം ലോകം മുഴുവനും ഈ സിനിമ എട്ട് നിലയില്‍ പൊട്ടിയത്. റിലീസ് ചെയ്ത ഇടങ്ങളില്‍ ഒക്കെ ബോക്‌സ് ഓഫീസില്‍ കൂപ്പുകുത്തി.

nine hours to rama film

പ്രശസ്ത ഗാനരചയിതാവ് ജമുനാ സ്വരൂപ് കശ്യബു ( jamuna swaroop kashyap) ആണ് ഗാന്ധിയായി വേഷമിട്ടത്. ഡല്‍ഹി ബോംബെ പൂഞ്ഞാര്‍ ലഖ്‌നൗ എന്നിവിടങ്ങളില്‍ ആയിരുന്നു ചിത്രീകരണം. ഗോഡ്‌സെയുടെ സാങ്കല്പിക ആത്മകഥ (fictional biopic) ആയിട്ടാണ് ചിത്രം പുറത്തുവന്നത്. കൊലപാതകത്തിന് ശേഷം ഗോഡ്‌സെയും കൂട്ടാളിയും വേശ്യാലയത്തില്‍ പോയി ഒളിക്കുന്ന രംഗമൊക്കെ ഇതിലുണ്ട്. ഗാന്ധി എന്ന സമര ശരീരത്തെ ഒരിക്കലും കണക്കിലെടുക്കാതെയുള്ള തിരക്കഥയായിരുന്നു ഇതിന്റെ ഏറ്റവും വലിയ ന്യൂനത. ലോകം കണ്ട ഏറ്റവും വലിയ രക്തസാക്ഷിത്വത്തെ നിരുത്തരവാദപരമായി സാങ്കല്‍പിക ആത്മകഥയായി അവതരിപ്പിച്ച ക്രൈം ആണ് സംവിധായകനുംനിര്‍മ്മാതാക്കളും എഴുത്തുകാരനും ചെയ്തത്. ദൂരവ്യാപക ഫലമാണിത് ഉണ്ടാക്കിയത്. ‘ഗാന്ധി’ സിനിമ ചെയ്യാനായി ആറ്റന്‍ബറോ സ്‌ക്രിപ്റ്റ് സര്‍ക്കാരിന് നല്‍കിയെങ്കിലും പൂര്‍ണ്ണ അനുമതിക്കായി വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവന്നു. മുന്‍ അനുഭവം സര്‍ക്കാറിനെ മാറ്റി ചിന്തിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. ഗാന്ധിജിയുടെ ജീവിതം ഇനി ചിത്രീകരിക്കുന്നുണ്ടെങ്കില്‍ അത് സര്‍ക്കാര്‍ പങ്കാളിത്തത്തോടുകൂടി ആവണമെന്ന ചിന്ത അന്ന് സര്‍ക്കാര്‍ കൈകൊണ്ടിരുന്നു. അനേകം അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ആറ്റന്‍ബറോയുടെ ‘ഗാന്ധി’ എന്ന സിനിമ അതിനാല്‍ തന്നെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നാഷണല്‍ ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ പങ്കാളിത്തത്തോടു കൂടിയാണ് നിര്‍മ്മിച്ചത്. തന്റെ ‘ഗാന്ധി’ വൈകാനുള്ള പ്രധാന കാരണം ‘നയന്‍ ഹവേഴ്‌സ് ടു രാമ’ എന്ന ചിത്രവുമായി സര്‍ക്കാറിനുണ്ടായ പ്രശ്‌നങ്ങളാണെന്ന് പിന്നീട് ആറ്റന്‍ബറോ പറയുകയുണ്ടായി. 1965 ല്‍ തന്നെ നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചിരുന്ന സിനിമ, സര്‍ക്കാറിന്റെ നിര്‍ദ്ദേശാനുസരണം ഒരുപാട് തവണ അദ്ദേഹത്തിന് സ്‌ക്രിപ്റ്റ് തിരുത്തേണ്ടിയും വന്നു. ചുവപ്പുനാടയുടെയും മറ്റ് എതിര്‍പ്പുകളെയും മറികടന്ന് 15 വര്‍ഷങ്ങള്‍ വേണ്ടിവന്നു സിനിമ റിലീസ് ആവാന്‍. കാത്തിരിപ്പ് ചരിത്രമായി. സ്‌ക്രീനുകളില്‍ മാത്രമല്ല ജനഹൃദങ്ങളിലും ഗാന്ധി ഇന്നും നിലയ്ക്കാതെ ഓടിക്കൊണ്ടിരിക്കുന്നു. sangh parivar glorifies Gandhi’s assassination 

Content Summary: sangh parivar glorifies Gandhi’s assassination

Leave a Reply

Your email address will not be published. Required fields are marked *

×