June 13, 2026 |
Share on

തിരുപ്പറന്‍കുണ്ഡ്രം കുന്നിറങ്ങി വരുമോ സംഘപരിവാറിന്റെ വിഭജന രാഷ്ട്രീയം?

തിരുപ്പറന്‍കുണ്ഡ്രം കുന്നിനെ വര്‍ഗീയ വിഷയമാക്കി മാറ്റാനുള്ള സംഘപരിവാര്‍ ശ്രമത്തെ ഡിഎംകെ അടക്കമുള്ള ഭരണപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ എതിര്‍ത്തിരുന്നു

തമിഴ്‌നാട് മധുരൈക്ക് സമീപം സ്ഥിതി ചെയ്യുന്ന തിരുപ്പറന്‍കുണ്ഡ്രം മുരുകന്‍ ക്ഷേത്രം കുറച്ച് നാളുകളായി വര്‍ഗീയ സംഘര്‍ഷത്തിന്റെ കേന്ദ്രമായി തുടരുകയാണ്. തിരുപ്പറന്‍കുണ്ഡ്രം കുന്നിനെ വര്‍ഗീയ വിഷയമാക്കി മാറ്റാനുള്ള സംഘപരിവാര്‍ ശ്രമത്തെ ഡിഎംകെ അടക്കമുള്ള ഭരണപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ എതിര്‍ത്തിരുന്നു. ജനങ്ങളെ മതപരമായി വിഭജിക്കാനുള്ള ബിജെപിയുടെ പദ്ധതി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രാവര്‍ത്തികമായേക്കാമെങ്കിലും തമിഴ്‌നാട്ടില്‍ അത് അനുവദിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് സര്‍ക്കാരെന്ന് ദി വയര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

എട്ടാം നൂറ്റാണ്ടില്‍ പാണ്ഡ്യരുടെ ഭരണകാലത്താണ് സുബ്രഹ്‌മണ്യ ക്ഷേത്രം നിര്‍മിച്ചത്. അതേസമയം, അവസാനത്തെ മധുരൈ സുല്‍ത്താനായിരുന്ന സിക്കന്തര്‍ ഷായുടെ ഓര്‍മക്കായാണ് 17ാം നൂറ്റാണ്ടില്‍ തിരുപ്പറന്‍കുണ്ഡ്രം കുന്നില്‍ മുരുകന്‍ ക്ഷേത്രത്തിന് സമീപം ദര്‍ഗ സ്ഥാപിച്ചത്. ഇരു സമുദായങ്ങളിലെയും ജനങ്ങള്‍ തിരുപ്പറന്‍കുണ്ഡ്രം കുന്നില്‍ ഒരുമയോടെ ആരാധന നടത്തിയിരുന്നു.

എന്നാല്‍ 2024 ഡിസംബര്‍ 25ല്‍ നടന്ന സംഭവം പിന്നീട് വര്‍ഗീയ സംഘര്‍ഷത്തിലേക്ക് വഴിമാറുകയായിരുന്നു. ദര്‍ഗയില്‍ മുസ്ലീം സമുദായക്കാര്‍ മൃഗബലി നടത്തിയിരുന്നു. ഇതിനായി കോഴിയെയും ആടിനെയും കൊണ്ട് പോകുന്നതിനിടെ ചിലരെ പോലീസുകാര്‍ തടയുകയും പ്രവേശനം നിഷേധിക്കുകയും ചെയ്തു.

തുടര്‍ന്ന് തിരുപ്പറന്‍കുണ്ഡ്രം കുന്ന് മുസ്ലീങ്ങള്‍ തട്ടിയെടുത്തു എന്നാരോപിച്ച് വലതുപക്ഷ സംഘടനകള്‍ രംഗത്തെത്തി. എന്നാല്‍ സംഘപരിവാറിന്റെ വാദം തെറ്റാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. സംഘടനകള്‍ക്കെതിരെ വിമര്‍ശനവുമായി രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തുവന്നു. ശേഷം ജനുവരി 27 ന് പ്രദേശവാസികളുടെ ദീര്‍ഘകാല സാമുദായിക ഐക്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് തിരുപ്പറന്‍കുണ്ഡ്രം നിവാസികള്‍, ദ്രാവിഡ മുന്നേട്ര കഴകം (ഡിഎംകെ), മരുമലര്‍ച്ചി ദ്രാവിഡ മുന്നേട്ര കഴകം (എംഡിഎംകെ), ദേശിയ മുര്‍പോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ), കോണ്‍ഗ്രസ് എന്നിവയുള്‍പ്പെടെ നിരവധി രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ജില്ലാ കളക്ടര്‍ക്ക് ഒരു നിവേദനം സമര്‍പ്പിച്ചു .

സമാധാനപരമായ പ്രതിഷേധത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് വലതുപക്ഷ ഗ്രൂപ്പുകള്‍ മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ചിനെ സമീപിക്കുകയും അനുമതി നേടുകയും ചെയ്തു. വിഷയം മതപരമായ രീതിയില്‍ വളച്ചൊടിക്കാനാണ് തുടക്കം മുതല്‍ ബിജെപി ശ്രമിച്ചുകൊണ്ടിരുന്നത്. അയോധ്യയിലെ സ്ഥിതിഗതികളുമായി താരതമ്യപ്പെടുത്തി ദര്‍ഗ മാറ്റി സ്ഥാപിക്കണമെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജ ആഹ്വാനം ചെയ്തതോടെ പ്രശ്‌നം കൂടുതല്‍ വഷളായിരിക്കുകയാണ്. മതപരമായ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചതിന് എച്ച്. രാജക്കെതിരെ കേസെടുക്കുകയും ചെയ്തു.

തിരുപ്പറന്‍കുണ്ഡ്രന്‍ കുന്നിന്റെ മുഴുവന്‍ ഉടമസ്ഥാവകാശവും ഹിന്ദുക്കള്‍ക്കുള്ളതാണെന്നാണ് സംഘപരിവാര്‍ അവകാശപ്പെടുന്നത്. രാജസ്ഥാനിലെ അജ്മീര്‍ ഷെരീഫ് ദര്‍ഗ, ഉത്തര്‍പ്രദേശിലെ ഷാഹി ജുമാ മസ്ജിദ്, വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദ് എന്നിവിടങ്ങളിലും സംഘര്‍ഷം സൃഷ്ടിക്കാന്‍ സമാനമായ തന്ത്രങ്ങളാണ് സംഘപരിവാര്‍ പ്രയോഗിക്കുന്നത്.

Content summary: Sangh Parivar’s Divisive Politics in Thiruparankundram Hill Issue
Thiruparankundram Hill Sangh Parivar DMK 

Leave a Reply

Your email address will not be published. Required fields are marked *

×